ADVERTISEMENT

പൂന്തോട്ടനിർമാണത്തിൽ താൽപര്യമുണ്ടായിരുന്ന അയാൾ ധാരാളം ചെടികൾ വാങ്ങി നട്ടു. ശ്രദ്ധയോടെ അവയെ പരിപാലിച്ചു. കുറച്ചുനാൾ കഴിഞ്ഞ് റോസാച്ചെടിയിൽ നോക്കുമ്പോൾ, അതിൽ നിറയെ മുള്ളുകൾ. ഇത്രയും മുള്ളുകളുള്ള ചെടിയിൽനിന്ന് എങ്ങനെയാണു പൂവ് വിരിയുക? – അയാൾ സ്വയം ചോദിച്ചു. അന്നുമുതൽ ആ ചെടിക്കു വെള്ളമൊഴിക്കാതായി. കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ അത് ഉണങ്ങിക്കരിഞ്ഞു.

മറ്റുള്ളവരെക്കുറിച്ചു പുലർത്തുന്ന അബദ്ധധാരണകളും അവരിൽ അർപ്പിക്കുന്ന അനാവശ്യ പ്രതീക്ഷകളും അവർ അർഹിക്കുന്ന ജീവിതം അവർക്കു നിഷേധിക്കും. വളർത്തുക എന്നതിനെക്കാൾ, വളരാൻ അനുവദിക്കുക എന്നതാകും വളർച്ചയുടെ സ്വാഭാവികതയ്ക്കും വളർത്തുന്നവരുടെ മനഃസമാധാനത്തിനും നല്ലത്. വളർത്തുന്നവരുടെ ഇഷ്ടങ്ങൾക്കും പ്രതീക്ഷകൾക്കും മാത്രമനുസരിച്ചു രൂപപ്പെടുക എന്നതല്ല വളരുന്നവരുടെ ദൗത്യം. ഓരോ വിത്തിനും തനിമയുണ്ട്. അതു നിഷേധിക്കാത്തവരാണ് യഥാർഥ രക്ഷാകർത്താക്കൾ.

താൻ ഉദ്ദേശിച്ച രീതിയിൽത്തന്നെ വളർത്തിയെടുത്തു എന്ന് അഹങ്കരിക്കുന്നവരോട് – തനിച്ചു വളരാനുള്ള തന്റേടം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണം. വളരുന്ന സമയത്തെ നിസ്സഹായതയും ബലഹീനതയും ചൂഷണം ചെയ്തു ചങ്ങലയ്ക്കിടുന്നത് വളർത്തുന്നവരുടെ അപക്വതയാണ്. അവഗണനകളെയും അവസരനിഷേധത്തെയും അതിജീവിച്ചു വളർന്നവർ, വളർത്തിയവർക്കു മുന്നിൽ ചോദ്യചിഹ്നമായിത്തന്നെ നിലകൊള്ളും. ഒരാളുടെ വളർച്ച നിഷേധിക്കാൻ മറ്റൊരാൾക്ക് എന്തവകാശം?

എല്ലാം ഒരുപോലെ വളരില്ല. എന്തിനും അതിന്റേതായ ഘടനയും പ്രകൃതവുമുണ്ടാകും. എല്ലാറ്റിനെയും ഒരുപോലെ കണ്ടു വളർത്താൻ ശ്രമിക്കുന്നവർ നല്ല പരിപാലകരാകില്ല. എങ്ങനെ വളർത്തണം എന്നറിയാത്തവർ, ആരും കാണാതെ മുളയിലേ നുള്ളും. തങ്ങൾക്കു പരിചയമില്ലാത്ത സവിശേഷതകളും പ്രത്യേകതകളും വൈകല്യങ്ങളായി വ്യാഖ്യാനിച്ചു മാറ്റിനിർത്തുന്നതാണ് പരിചരണത്തിന്റെ പോരായ്മ. താരതമ്യം ആരെയും വളരാനോ വളർത്താനോ ഉപകരിക്കില്ല. സ്വന്തം വഴികളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവർക്കു വഴിവിളക്കാകുക എന്നതാണ് പരിപാലകരുടെ ദൗത്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com