sections
MORE

ഇവരാണ് നമ്മുടെ ജീവന് കാവൽ; കാണുക, പോരാളികളിൽ ചിലരെ..

doctors..
നാം കാണാൻ കൊതിച്ചവർ: കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞവർ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും, ചികിത്സിച്ച ഡോക്ടറുടെയും ശുശ്രൂഷിച്ച നഴ്സിന്റെയും പരിചരിക്കാനെത്തിയ മറ്റുള്ളവരുടെയുമൊക്കെ മുഖമൊന്നു കണ്ടെങ്കിലെന്ന്... പിപിഇ കിറ്റിലും മാസ്കിലുമൊക്കെ മറഞ്ഞിരുന്ന ആ മുഖങ്ങളിൽ, വിരലിലെണ്ണാവുന്ന ചിലതു മാത്രമാണിത്.
SHARE

കോവിഡിനെതിരെ കേരളം യുദ്ധം തുടങ്ങിയിട്ട് ഇന്ന് 6 മാസം തികയുന്നു. നമ്മുടെ മുന്നണിപ്പോരാളികൾ അരലക്ഷത്തിലേറെ വരുന്ന ആരോഗ്യ പ്രവർത്തകരാണ്. അവരിൽ ഇന്നലെ വരെ കോവിഡ് പോസിറ്റീവായത് 498 പേർ. നമ്മുടെ സങ്കൽപങ്ങൾക്കും അപ്പുറമുള്ള കഠിന വഴികളിലൂടെയാണ് അവരുടെ യാത്ര. ആ അരലക്ഷം പോരാളികളുടെ പ്രതിനിധികളായ ചിലർ ഇതാ...

ഈ ജോലി ഭാരമല്ല, മധുരമാണ്

കോവിഡ് ഈ ഡോക്ടറെ ഒരു പാഠം പഠിപ്പിച്ചു: ഒരുപെട്ടി മിഠായി പോലും സ്നേഹക്കരുതലിൽ എത്ര വിലപ്പെട്ടതാണെന്ന്! കായംകുളത്തെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യുമ്പോൾ കായംകുളം താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. ടി.ജി.ശ്രീപ്രസാദ് അവിചാരിതമായാണ് ആ മിഠായിപ്പൊതി കാണുന്നത്.

റൗണ്ട്സിനിടെ, ഡോക്ടർക്കു മുൻപിൽ അതു തുറന്നുകാണിക്കുമ്പോൾ ആ വ്യക്തിയുടെ മനസ്സ് ഇടറി. വിദേശത്തു നിന്നെത്തിയ ആളാണ്. നേരെ ക്വാറന്റീനിൽ, അവിടെ വച്ചു കോവിഡ് സ്ഥിരീകരിച്ചു. അങ്ങനെ സെന്ററിൽ എത്തി. കോവിഡിനെപ്പറ്റിയുള്ള പേടിയും ഭാവിയെക്കുറിച്ചോർത്ത് ആശങ്കയുമെല്ലാമുണ്ട്.

‘‘നാലു വയസ്സുള്ള മകളുണ്ട്. അവൾക്കു വേണ്ടി വാങ്ങാൻ കഴിഞ്ഞത് ഇതു മാത്രം. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മിഠായി. പക്ഷേ ഇനിയിതു കൊടുക്കാൻ പറ്റില്ല. ഞാൻ കോവിഡുകാരനല്ലേ. ആ ആഗ്രഹം പോലും സാധിച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ’’– ഏറെ വിഷമിച്ച് ആ പ്രവാസി പറഞ്ഞു. അദ്ദേഹത്തിന്റെ വിവരങ്ങളെല്ലാം അന്വേഷിച്ചറിഞ്ഞു, ആശ്വസിപ്പിച്ചു.

കഥ അവിടെ തീർന്നില്ല. ഡോക്ടർ പറയുന്നു: കോവിഡ് ഡ്യൂട്ടിയും ക്വാറന്റീനും കഴിഞ്ഞു ഞാൻ വീട്ടിലെത്തി. എനിക്കൊരു മകളാണ്. എ​ന്നെക്കണ്ടതും അവൾ ഓടിവന്നു. അപ്പോൾ, ആശുപത്രിയിലെ ആ അച്ഛനെ ഓർമ വന്നു. നേരെ നഗരത്തിലെ ഡ്യൂട്ടി ഫ്രീ കടയിൽ പോയി അതേ ബ്രാൻഡ് ചോക്ലേറ്റ് വാങ്ങി നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി. മോൾക്കു തരാൻ അച്ഛൻ ഡോക്ടറങ്കിളിന്റെ കയ്യിൽ തന്നുവിട്ടതാണെന്നു പറഞ്ഞ് അത് അവൾക്കു കൊടുത്തു. കുഞ്ഞ് സന്തോഷത്താൽ തുള്ളിച്ചാടി; അതു കണ്ട് എ​ന്റെ മനസ്സും.
അവളുടെ അച്ഛൻ കോവിഡിൽനിന്നു മുക്തി നേടി. കഴി‍ഞ്ഞ ദിവസം അദ്ദേഹം എന്നെ വിളിച്ചു: ‘‘അവൾ ഇപ്പോഴും വിശ്വസിക്കുന്നത് ആ മിഠായി ഞാൻ കൊടുത്തുവിട്ടതാണെന്നാണ്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ’’.

നിലപാട് പോസിറ്റീവ്

ഇതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നു ചോദിച്ചവരുണ്ട്. പോസിറ്റീവിൽനിന്നു കോവിഡ് നെഗറ്റീവ് ആയെങ്കിലും മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോ. വി. എം.മുഹമ്മദ് ഷാഫി നിലപാടിൽ ഇനിയും പോസിറ്റീവ് ആയിരിക്കും. പരപ്പനങ്ങാടിയിൽനിന്നു ട്രോമാ വൊളന്റിയർമാരാണ് വഴിയരികിൽ വീണുകിടന്ന നാടോടി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. അതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ സൗദയെ വിളിക്കാൻ അതുവഴി എത്തിയതാണ് അന്നു നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ഡോ.ഷാഫി. ഡ്യൂട്ടി സമയം അല്ലെങ്കിലും അവരെ പരിശോധിക്കാൻ അദ്ദേഹം തയാറായി. രോഗിയുടെ കയ്യൊടിഞ്ഞിരുന്നു. പ്ലാസ്റ്ററിട്ട ശേഷം പറഞ്ഞുവിടാമെന്നു കരുതിയെങ്കിലും കൂടെയാരും ഇല്ലാത്തതിനാൽ അഡ്മിറ്റ് ചെയ്തു. കോവിഡ് ലക്ഷണമില്ലായിരുന്നെങ്കിലും അതും പരിശോധിക്കാൻ പറഞ്ഞു. ഫലം വന്നപ്പോൾ പോസിറ്റീവ്.

തുടർന്നു ഡോക്ടർ ക്വാറന്റീനിൽ പോയി. സ്രവപരിശോധന നടത്തിയപ്പോൾ അദ്ദേഹത്തിനും കോവിഡ്. വല്ല കാര്യവുമുണ്ടായിരുന്നോ എ​ന്നു ചോദിച്ചവരോട്, കോവിഡ് എന്നാൽ മനുഷ്യത്വമില്ലായ്മ എന്നല്ല അർഥമെന്നു ഡോ.ഷാഫി ചിരിയോടെ പറഞ്ഞുറപ്പിച്ചു.

നാം ഇതും കടന്നുപോകും

ജനുവരി 30ന് രാജ്യത്തെ ആദ്യ കോവിഡ് കേസ് തൃശൂരിൽ. കേരളം മുഴുവൻ ഞെട്ടി. പക്ഷേ, തൃശൂർ ഡിഎംഒ ഡോ. കെ.ജെ.റീന ആ ഞെട്ടൽ നേരിടാൻ നേരത്തേ തയാറെടുത്തിരുന്നു. കേരളം കോവിഡിനെ അറിയുന്നതിനു 10 ദിവസം മുൻപുതന്നെ അവിടെയൊരു ടീം റെഡിയായിരുന്നു.

ദിവസമേത്, രാവേത്, പകലേത് എന്നറിയാതെ ജോലിയെടുക്കുന്ന ടീം ആണ് തങ്ങളുടെ കരുത്തെന്നു ഡോ.റീന പറയുന്നു. 150 ദിവസം ഓഫോ അവധിയോ ഇല്ലാതെ പണിയെടുത്തവരുണ്ട്. ആദ്യ പോസിറ്റീവ് കേസ് കൈകാര്യം ചെയ്ത അതേ ഗൗരവത്തോടെയും ജാഗ്രതയോടെയും ഈ ടീം ഇപ്പോൾ അൻപതിലേറെ പോസിറ്റീവ് കേസുകൾ നേരിടുന്നു.

‘ആശങ്കയോടെ ഓടിവരുന്നവരോട് ഞങ്ങൾ പറയും, സാരമില്ല. എങ്ങനെ ഇതു പറയാൻ കഴിയുന്നു എന്നു ചില ജനപ്രതിനിധികൾ ചോദിച്ചിട്ടുണ്ട്. സ്ഥിതി സാരമുള്ളതു തന്നെയാണ്. പക്ഷേ, ഇതു ഞങ്ങളുടെ ഉറപ്പാണ് – നാം ഇതും കടന്നുപോകും’ – ഡോ.റീന

വിശ്രമമില്ലാത്ത പോരാട്ടം

പനി ബാധിച്ചു മുന്നിലിരിക്കുന്ന ദമ്പതികൾക്കു ലക്ഷണങ്ങൾ കോവിഡിന്റേത്. പക്ഷേ ഇരുവരും വിദേശയാത്രയെന്നല്ല, ജില്ല വിട്ടുള്ള യാത്ര പോലും ചെയ്തിട്ടില്ല. പിന്നെങ്ങനെ? റാന്നി താലൂക്ക് ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ. എസ്.ആനന്ദ് ഉള്ളിൽ തോന്നിയ സംശയം വിട്ടുകളഞ്ഞില്ല. വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് തൊട്ടടുത്ത കുടുംബവീട്ടിൽ ഇറ്റലിയിൽനിന്നു സഹോദരനും കുടുംബവുമെത്തിയ കാര്യം പറഞ്ഞത്. കേരളത്തിനകത്തു സമ്പർക്കം വഴിയുള്ള ആദ്യ കോവിഡ് കേസിന്റെ സ്ഥിരീകരണത്തിലേക്കുള്ള ചോദ്യവും ഉത്തരവുമായി അത്.

ആശുപത്രി സൂപ്രണ്ട് ഡോ. എം. എസ്.ശംഭുവിനെ വിവരമറിയിച്ചു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. നാളിതുവരെ കണ്ടിട്ടില്ലാത്ത ചികിത്സയുടെയും അന്വേഷണങ്ങളുടെയും ജാഗ്രതയുടെയും വഴികൾ. വിജയകരമായി രോഗത്തെ പിടിച്ചുകെട്ടി. ആരോഗ്യപ്രവർത്തകന് ഉണ്ടാകേണ്ട ജാഗ്രതയുടെ മുഖമായി ഡോ.ആനന്ദ്.

doctors
ഡോ. നസ്‌‌ലിൻ എ.സലാം, ഡോ. ശരത് തോമസ് റോയ്, ഡോ. ടി.ആർ.ജയശ്രീ

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോ. ശരത് തോമസ് റോയ്, ഡോ. നസ്‌‌ലിൻ എ.സലാം, ഡോ. ടി.ആർ.ജയശ്രീ – ഇവർ നടപ്പാക്കിയതാകട്ടെ, തീർത്തും അപരിചിതമായ ഒരു വൈറസിനെ നേരിടാനുള്ള പ്രോട്ടോക്കോൾ. ചങ്കൂറ്റത്തോടെ അവർ ഈ പോരാട്ടം ഏറ്റെടുത്തു. തങ്ങൾക്കു പിന്നാലെ വന്ന ആരോഗ്യ പ്രവർത്തകർക്കു മാതൃകയുടെ വഴി തുറന്നിട്ടു. തുടർച്ചയായി ഒരു മാസം നീണ്ട ചികിത്സ. ഓഫോ അവധിയോ എടുത്തില്ല. സ്വന്തം സുരക്ഷയെക്കുറിച്ചു വേവലാതിപ്പെട്ടില്ല. ആരോഗ്യമന്ത്രിയും കലക്ടറും മെഡിക്കൽ ഓഫിസർമാരും സദാ വിളിച്ചു പിന്തുണ അറിയിച്ചു.

കോവിഡ് വാർഡിലെ ഭക്ഷണക്രമീകരണം ശരിയാകുന്നതു വരെ ഡോക്ടർമാർ സ്വന്തം പണംമുടക്കി ഭക്ഷണം നൽകി. പതിയെ ആശുപത്രി ജീവനക്കാരും കോവിഡ് പോസിറ്റീവ് ആയവരും ചേർന്ന് ഒരു കുടുംബമായി. പ്രായത്തിന്റെയും പലവിധ രോഗങ്ങളുടെയും സങ്കീർണതകളെല്ലാം മറികടന്ന്, നെഗറ്റീവ് ആയി അവർ ആശുപത്രി വിട്ടപ്പോൾ കേരളം കയ്യടിച്ചു.

മടിച്ചു നിൽക്കാൻ ഞങ്ങൾക്കാവില്ല

അഴുകിത്തുടങ്ങിയ ഒരു മൃതദേഹം. എറണാകുളം നോർത്ത് കളമശേരിയിലെ ലോഡ്ജ് മുറിയിൽ കാലുകുത്താൻ പോലും ആരും അറച്ചു. കോവിഡ് ആശങ്കയും ഭീതിയും വേറെ. എന്തുവേണം? – പൊലീസിന്റെ സന്ദേശമെത്തുമ്പോൾ കളമശേരി നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.വി.അനിൽകുമാർ ശ്മശാനത്തിലായിരുന്നു. കോവിഡ് ബാധിച്ചു മരിച്ച തൃപ്പൂണിത്തുറ സ്വദേശിനിയുടെ സംസ്കാരം നടക്കുന്നു.

അവിടെനിന്നു നേരെ ലോഡ്ജിലേക്ക്. തല തരിച്ചുപോകുന്ന ദുർഗന്ധം മുഖാവരണങ്ങൾ മറികടന്നു മൂക്കിലേക്ക് അടിച്ചുകയറി. മണിക്കൂറുകളോളം പിപിഇ കിറ്റിനുള്ളിൽ ഉരുകുകയായിരുന്ന ശരീരം പിന്നെയും വെട്ടിവിയർത്തു. ഡ്രൈവർ ടി.കെ.ഷിബുവിനൊപ്പം അനിൽ കുമാർ ആ മൃതദേഹം വാരിയെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാഗിലാക്കി പാക്ക് ചെയ്തു. പിന്നെ, ലോഡ്ജിലെ മുകൾ നിലയിൽനിന്ന് അതു ചുമന്ന് കിതച്ചും ശ്വാസംമുട്ടിയും താഴെയെത്തിച്ചു. ഈ കോവിഡ് കാലത്ത് ഇങ്ങനെ എത്രയോ സംഭവങ്ങൾ!

നിർത്താതെയുള്ള ഓട്ടമാണിത്

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക ആംബുലൻസ് ഡ്രൈവർ ജി.അനിൽകുമാർ സ്വന്തം വീട്ടിൽ കിടന്നുറങ്ങിയിട്ട് 6 മാസമാകുന്നു; മൂന്നര വയസ്സുള്ള മകളെ അടുത്തു കണ്ടിട്ടും. കോവിഡ് പോസിറ്റീവായ എത്രയോ പേരെ ആംബുലൻസിൽ നിത്യേന ആശുപത്രിയിലെത്തിച്ചുകൊണ്ടിരിക്കുന്ന അനിൽ, ആ ഗർഭിണിയുടെ മുഖം പക്ഷേ ഒരിക്കലും മറക്കില്ല.

കോവിഡ് സ്ഥിരീകരിച്ച യുവതിയെ കൂട്ടിക്കൊണ്ടുപോകാനാണ് ആ വീട്ടിലേക്കു ചെല്ലുന്നത്. വീടിനു പുറത്ത് അവർ നിൽക്കുന്നുണ്ടായിരുന്നു. ഗർഭിണിയാണ്, തീരെ അവശയും. കോവിഡ് സ്ഥിരീകരിച്ചതിന്റെ പരിഭ്രമം മൂലം തളർന്നു വിറയ്ക്കുന്നു. അവരുടെ ബാഗുകളും മറ്റും റോഡിൽ എടുത്തു വച്ചിട്ടുണ്ട്. കോവിഡ് ഭീതിമൂലം ബന്ധുക്കളാരും അടുത്തുവരുന്നില്ല. ഞാൻ ആ ബാഗുകളെല്ലാമെടുത്തു വച്ചു. യുവതിയെ ആംബുലൻസിൽ പിടിച്ചു കയറ്റി. നിങ്ങൾക്കു പേടിയില്ലേ എന്ന് അവരുടെ നിറഞ്ഞ കണ്ണുകൾ നിശ്ശബ്ദം ചോദിക്കുന്നപോലെ. ഇല്ല, പേടിയില്ല. ഇനി അഥവാ, പേടിയുണ്ടെങ്കിലും ഞാനിതു ചെയ്യും. അനിലിനുമില്ലേ, സ്വാർഥനാകാൻ സ്വന്തമൊരു ജീവിതം? ആംബുലൻസുമായി വല്ലപ്പോഴും സ്വന്തം വീടിനരികിലൂടെ പോകുമ്പോൾ മാത്രമാണു ഭാര്യയെയും മകളെയും ഒന്നു കാണുന്നത്.

കുടുംബത്തെ റോഡിനപ്പുറത്തു നിന്നു കണ്ടു മടങ്ങാൻ വിധിക്കപ്പെട്ട ആംബുലൻസ് ഡ്രൈവർമാർ ഇതുപോലെ എത്രയോ പേർ – 4 മാസമായി വീടു വിട്ടുനിൽക്കുന്ന പാലക്കാട് കടമ്പഴിപ്പുറത്തെ ആർ.രാജേഷ്, രണ്ടരമാസം മുൻപു പിറന്ന കുഞ്ഞിനെ കാണാൻ കഴിയാതെ ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയായ പാലക്കാട്ടെ ആംബുലൻസ് ഡ്രൈവർ എസ്.സാജിദ്, 20 ദിവസം മുൻപു പിറന്ന കുഞ്ഞിനെ കാണാനാകാതെ മലപ്പുറം അരീക്കോട്ടെ സുമേഷ്, കല്യാണം കഴിഞ്ഞ് രണ്ടാം ദിവസം മുതൽ ആംബുലൻസിനൊപ്പം ജീവിക്കുന്ന മലപ്പുറം ചോക്കാട് സ്വദേശി ടി.ജുനൈസ്...

ഇവർക്കുമില്ലേ, കുടുംബം?

കേരളത്തിൽ സമൂഹവ്യാപനം ആദ്യമായി സ്ഥിരീകരിച്ച തിരുവനന്തപുരത്തെ പുല്ലുവിള ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിലെ 33 ആശാ വർക്കർമാരിൽ ഒരാളാണു ബെനാൻസി ഷിബു. 15 പേർക്കു കോവിഡ് സ്ഥിരീകരിച്ച ഉരിയരിക്കുന്ന്‌ വാർഡിലാണു ബെനാൻസിയുടെ പ്രവർത്തനം. ഭർത്താവും 2 കുഞ്ഞുങ്ങളും വയോധികരായ മാതാപിതാക്കളും വീട്ടിലുണ്ട്. തനിക്കുണ്ടായേക്കാവുന്ന വൈറസ് ബാധയെക്കാൾ, വീട്ടിലുള്ളവരുടെ സുരക്ഷയെക്കുറിച്ചോർത്തുള്ള വേവലാതി ബെനാൻസിക്കുമുണ്ട്. കാരണം, ദിനംപ്രതി കോവിഡ് കേസുകൾ കൂടി വരുന്നു, ക്ലസ്റ്ററിനു പുറത്തേക്കു വ്യാപിക്കുന്നു. പക്ഷേ, ഹൈ റിസ്ക് വിഭാഗത്തിലെ ഗർഭിണികൾ, കുട്ടികൾ, വയോധികർ എന്നിവരെ കണ്ടെത്തി കോവിഡ് പരിശോധനയ്ക്കായി എത്തിക്കുന്ന വലിയ ദൗത്യത്തിലാണു ബെനാൻസി. ബെനാൻസിയെപ്പോലുള്ള ആരോഗ്യപ്രവർത്തകരെ കാണുമ്പോൾ ആശ്വാസത്തോടെ സ്വീകരിക്കുന്നവരും കതകു കൊട്ടിയടയ്ക്കുന്നവരുമുണ്ട്. പക്ഷേ, അവർ തങ്ങളുടെ ദൗത്യവുമായി നടന്നുകൊണ്ടേയിരിക്കുന്നു.

മാലാഖയെന്നു വിളിച്ചാൽ പോരാ, മറക്കരുത് ഈ ത്യാഗം

akhila
അഖില, ഭർത്താവ് സുധീഷ്, മകൾ മാധുരി

∙ രണ്ടര വയസ്സുകാരി മാധുരി അച്ഛൻ സുധീഷിനോട് ഇടയ്ക്കിടെ ചോദിക്കും, അമ്മ എവിടെയെന്ന്. തുടർച്ചയായി ഇത്രയും നാൾ അവൾ അമ്മയെ പിരിഞ്ഞുനിന്നിട്ടേയില്ല. കോവി‍ഡിനെപ്പറ്റി കുഞ്ഞിന് എന്തറിയാം? ഫോണിൽ അമ്മ പ്രത്യക്ഷപ്പെടാൻ അവൾ കാത്തിരിക്കുകയാണ്.
കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് മലപ്പുറം വള്ളിക്കുന്നിലെ പി.അഖിലയുടെ മകളാണു മാധുരി. കഴിഞ്ഞ 3 മാസത്തിനിടെ അഖില മകളെ നേരിട്ടുകണ്ടത് ഒരേയൊരു തവണ; അതും അകലെനിന്ന്. കോവിഡ് വാർഡിലെ ഡ്യൂട്ടിക്കു ശേഷം നേരെ ഓടും, വിഡിയോ കോൾ ചെയ്തു കുഞ്ഞിനെ കാണാൻ. പിപിഇ കിറ്റിനുള്ളിൽ നാം കാണാതെ പോകുന്നു അഖിലയെപ്പോലുള്ള അമ്മമാരെ. ഉള്ളുരുക്കങ്ങളെല്ലാം ഒളിപ്പിച്ച് അവർ നമുക്കായി, നമുക്കൊപ്പം പോരാടുകയാണ്.

dinu
ദിനു എസ്.കൃഷ്ണൻ മകൾ ദിയയ്ക്കൊപ്പം

∙ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസികളെ ക്വാറന്റീൻ കേന്ദ്രത്തിലാക്കി വരുന്നവഴി ചായ കുടിക്കാൻ കയറിയപ്പോൾ കടക്കാരൻ കൈമലർത്തി. പെരുമ്പാവൂർ താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ചുള്ള 108 ആംബുലൻസിലെ നഴ്സ് കാഞ്ഞിരപ്പള്ളി മുല്ലക്കര ദിനു എസ്.കൃഷ്ണൻ ഒന്നും പറഞ്ഞില്ല. ചായ ഇല്ലാഞ്ഞിട്ടല്ല, തരാത്തതാണ് എന്നറിയാം. കോവിഡിനെ ചിലർ ‘പൊരുതിത്തോൽപിക്കുന്നത്’ ഇങ്ങനെയാണ്. അവർ അറിയാൻ: ഈ ചെറുപ്പക്കാരൻ സ്വന്തം വീട്ടിൽനിന്നു ചായ കുടിച്ചിട്ട് 5 മാസമാകുന്നു. മകളുടെ ഒന്നാം പിറന്നാളിനുപോലും നേരിട്ടുപോയി കാണാൻ പറ്റിയില്ല. അവർ ഇങ്ങനെയാണു കോവിഡുമായി പൊരുതുന്നത്.

∙ ഇടുക്കി നെടുങ്കണ്ടത്ത് കോവിഡ് പ്രഥമ ചികിത്സാകേന്ദ്രം തുടങ്ങിയത് ഒരു മാസം മുൻപ്; ഇവിടത്തെ 4 നഴ്സുമാർ തങ്ങളുടെ കുട്ടികളെ കണ്ടിട്ടും അത്ര തന്നെ നാളുകൾ. 14 ദിവസം ജോലി ചെയ്യുന്നവർ 10 ദിവസം ക്വാറന്റീനിൽ എന്നായിരുന്നു വ്യവസ്ഥ. രോഗികൾ കൂടിയതിനാൽ വീട്ടിൽ പോകാതെ വീണ്ടും ഡ്യൂട്ടിക്കു കയറണം. സ്റ്റാഫ് നഴ്സ് കെ.ആർ.രേഖയ്ക്കു രണ്ടും ആറും വയസ്സുള്ള കുട്ടികൾ, അനുമോൾക്കും ജോയ്സിനും 3 വയസ്സുള്ള കുട്ടികൾ, ശ്രീകലയുടെ കുഞ്ഞിനു 2 വയസ്സ്. അമ്മമനസ്സുകൾ ഒരേ വേദന പങ്കിട്ട് ഇവിടെ ഡ്യൂട്ടിയിൽ.

∙ കോവിഡ് വാർഡിൽ ഡ്യൂട്ടിയായതോടെ മക്കളുടെ ഓൺലൈൻ ക്ലാസ് മുടങ്ങിയ കാര്യം പറയും, കൊല്ലം ഓച്ചിറ സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് എച്ച്.ഷീബ. അമ്മയുടെ ഫോണാണ് മക്കൾ പഠനത്തിന് ഉപയോഗിച്ചിരുന്നത്. കുട്ടികൾക്കായി ടീച്ചർ അയച്ചുകൊടുക്കുന്ന നോട്സ് ബന്ധുവിന്റെ ഫോണിലേക്കു കൈമാറാൻപോലും നേരമില്ല. മക്കളുടെ പഠനത്തിനൊപ്പം, വയോധികരും രോഗികളുമായ മാതാപിതാക്കളുടെ ചികിത്സയും അവതാളത്തിലായെന്നു കൂട്ടിച്ചേർക്കുന്നു, കൊല്ലം മയ്യനാട് സിഎച്ച്സിയിലെ സ്റ്റാഫ് നഴ്സ് ലുബിന. ഇങ്ങനെ എത്രയോ പേർ...

സുരക്ഷയാണ്, പക്ഷേ....

∙ കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്ക് പിപിഇ കിറ്റിനുള്ളിൽ 6 മണിക്കൂറോളമാണ് ഇപ്പോൾ തുടരേണ്ടിവരുന്നത്. അതിന്റേതായ ശാരീരിക ബുദ്ധിമുട്ടുകളേറെ. മാസ്ക് ധരിച്ചതിനു ശേഷം കണ്ണിന്റെ സുരക്ഷയ്ക്കായി കണ്ണടകൾ (ഗോഗിൾസ്) ധരിക്കണം. ശ്വാസമെടുക്കുമ്പോൾ അതു കണ്ണടച്ചില്ലിൽ തട്ടി കാഴ്ച മങ്ങും. അത് ഒഴിവാക്കാൻ വലിയ ടേപ്് ഉപയോഗിച്ചു മാസ്ക് മുഖത്തു ശക്തിയായി ഒട്ടിക്കും. മണിക്കൂറുകൾക്കു ശേഷം പിപിഇ കിറ്റ് അഴിക്കുമ്പോഴാണ് ഈ ടേപ്പും ഇളക്കുന്നത്. അപ്പോഴേക്കും കവിൾത്തടങ്ങളും കണ്ണിന്റെ താഴ്ഭാഗവുമൊക്കെ ചുവക്കും. നല്ല നീറ്റലുമുണ്ടാകും. ദിവസങ്ങളോളം ഇതു തുടരുമ്പോൾ തൊലിയിളകിപ്പോകാം.
∙ 3 ഗ്ലൗസുകളാണു കയ്യിൽ ധരിക്കേണ്ടത്. ചിലർക്കിത് അലർജിയുണ്ടാക്കും. കൈകൾ ചുട്ടുപൊള്ളും.
∙ നന്നായി ശ്വാസമെടുക്കാൻ പോലും കഴിയില്ല പിപിഇ കിറ്റിനുള്ളിൽ. മാസ്ക് ധരിച്ചു ശ്വസിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു കൂടും. പിപിഇ കിറ്റ് അഴിച്ചുമാറ്റി കുറെ നേരത്തേക്കു പലർക്കും തലവേദനയുണ്ടാകാറുണ്ട്.
∙ നിർജലീകരണമാണു മറ്റൊരു പ്രശ്നം. പിപിഇ കിറ്റ് ഇട്ടുകഴിഞ്ഞാൽ വെള്ളം കുടിക്കാനും മറ്റും ഇടയ്ക്കിടെ അത് ഊരുന്നതു പ്രായോഗികമല്ല. ഊരിയാൽ അതു പിന്നീട് ഉപയോഗിക്കാൻ കഴിയില്ല.

റിപ്പോർട്ടുകൾ: മനോജ് കടമ്പാട്, അരുൺ എഴുത്തച്ഛൻ, മിന്റു പി.ജേക്കബ്, വിനോദ് ഗോപി, എം.എ.അനൂജ്, പ്രതീഷ് ജി.നായർ, നസീബ് കാരാട്ടിൽ, ഷെല്ലി മാത്യു, നിഥിൻ സാമുവൽ, സായൂജ്യ സെബാസ്റ്റ്യൻ, ഐറിൻ എൽസ ജേക്കബ്, ആൽബിൻ രാജ്.
സങ്കലനം: വിനീത ഗോപി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA