sections
MORE

കോവിഡും വേറിട്ട കേരളവും

Covid-kerala
ചിത്രം: മലയാള മനോരമ
SHARE

കോവിഡ് നമ്മുടെ അയൽപക്കത്തും അടുത്തുള്ളവരിലും എത്തി. ഇന്ത്യയിലും വിദേശത്തുമായി പല പരിചയക്കാർക്കും ചില ബന്ധുക്കൾക്കും രോഗം പിടിപെട്ടു. സർക്കാർ കണക്കുകൾക്കും മാധ്യമവാർത്തകൾക്കും അപ്പുറം, രോഗത്തെക്കുറിച്ചു കൂടുതൽ വ്യക്തിപരവും സത്യസന്ധവുമായ ചിത്രങ്ങൾ തെളിഞ്ഞു. രോഗം തുടങ്ങിയ നാളുകളിൽത്തന്നെ, എനിക്കറിയാവുന്ന ഒരാളുടെ മരണം സംഭവിച്ചു – പ്രസിദ്ധ ചരിത്രകാരനായ, പാലക്കാട് ജില്ലയിൽ വേരുകളുള്ള ഹരിശങ്കർ വാസുദേവൻ (68) കൊൽക്കത്തയിൽ മേയ് 10നു നിര്യാതനായി. ഈ മരണത്തിലൂടെയാണ് കോവിഡിന്റെ ഭീകരമുഖം ഞാൻ ആദ്യമായി അടുത്തുകണ്ടത്.

അടുത്തതായി രോഗം ബാധിച്ചുവെന്നറിഞ്ഞ സുഹൃത്ത്, പ്രസിദ്ധ നോവലിസ്റ്റും കോളമെഴുത്തുകാരനും ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെ അധ്യാപകനുമായിരുന്ന മുകുൽ കേശവൻ ആയിരുന്നു. മാർച്ച് മുതലേ രണ്ടര മാസം അദ്ദേഹവും കുടുംബവും ക്വാറന്റീനിൽ ഇരുന്നു. പുറത്തുനിന്നു കൊണ്ടുവന്നിരുന്ന സാധനങ്ങൾ അണുവിമുക്തമാക്കിയ ശേഷമേ കൈകൊണ്ടു തൊട്ടിരുന്നുള്ളൂ. എന്നിട്ടും ജൂൺ 6ന് അദ്ദേഹത്തിനു രോഗം സ്ഥിരീകരിച്ചു. ഇങ്ങനെ ശക്തമായ അച്ചടക്കത്തോടെ ജീവിച്ച ആൾക്ക് എങ്ങനെ കോവിഡ് പിടിച്ചു? ഈ ദീർഘകാല അവധിക്കിടെ അദ്ദേഹം ആകെ പുറത്തുപോയത് നാലു തവണ – മൂന്നു തവണ ബാങ്കിലേക്കും ഒരിക്കൽ കണ്ണടക്കടയിലേക്കും – മാത്രമായിരുന്നു. മുകുൽ കേശവന്റെ രോഗം, ഇപ്പോഴും ഡൽഹി സർക്കാർ അംഗീകരിക്കാൻ തയാറാകാത്ത, സമൂഹവ്യാപനം കൊണ്ടാകാനാണു സാധ്യത.

മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിൽ താമസിച്ചിരുന്ന സുഹൃത്തുക്കളും ബന്ധുക്കളുമായ കുറച്ചു പരിചയക്കാർ വൈറസ് ബാധയെത്തുടർന്നു ചികിത്സ തേടിയത് സ്വകാര്യ ആശുപത്രികളിലായിരുന്നു. ഇതിൽ മുംബൈ ഒഴികെയുള്ള സ്ഥലങ്ങളിലുള്ളവർക്ക് സംസ്ഥാന സർക്കാരുകളിൽ വിശ്വാസമില്ലായിരുന്നു. മുംബൈയിലാകട്ടെ, വൈറസ് ബാധിതരുടെ ആധിക്യം കാരണം സർക്കാരിന്റെ നിസ്സഹായതയെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നു. ബിഹാറിൽനിന്ന് അതിഭീകരമായ കഥകളാണു കേട്ടത്. അടുത്ത കാലം വരെ അവിടെ ചികിത്സയ്ക്കോ, മൃതദേഹം മറവു ചെയ്യുന്നതിനോ പ്രോട്ടോക്കോൾ പോലും തയാറായിരുന്നില്ല.

ആരോഗ്യപ്രവർത്തകരും പൊലീസും തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശാ വർക്കർമാരും കുടുംബശ്രീ പ്രവർത്തകരും അധ്യാപകരുമായി ഒരു വലിയ സൈന്യം കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവർ അക്ഷീണരായി, ഇപ്പോഴും മനോവീര്യത്തിന് ഒരു കോട്ടവും തട്ടാതെ പ്രവർത്തിക്കുന്നു.

പല ദേശങ്ങളിലെ കഥകൾ കേട്ടതിനു ശേഷം, ജാഗ്രതയുടെയും ശുശ്രൂഷയുടെയും കാര്യത്തിൽ കേരളം ഇന്ത്യയിലെന്നല്ല, ലോകത്തിൽത്തന്നെ മുൻപന്തിയിലാണെന്നു തോന്നിപ്പിക്കുന്നു. മേൽത്തട്ടിൽ കോവിഡിനെ രാഷ്ട്രീയവൽക്കരിക്കാൻ വൻ ശ്രമങ്ങൾ നടക്കുമ്പോൾത്തന്നെ തദ്ദേശസ്ഥാപനങ്ങളിൽ, അത് ഏതു പാർട്ടി ഭരിക്കുന്നതായാലും, പ്രവർത്തനങ്ങൾ മിക്കവാറും ഒത്തൊരുമയോടു കൂടിയാണു നടക്കുന്നത് എന്നതാണ് രസകരമായ കാര്യം. അതായത്, എല്ലാവർക്കും അവരവരുടെ ഉത്തരവാദിത്തം അറിയാം എന്നർഥം.

എന്നാൽ, കേരളകഥ പൂർണമായും ഹൃദ്യമല്ല. ഇവിടത്തെ ഒരു ശരാശരി കോവിഡ് അനുഭവം ഏതാണ്ട് ഇപ്രകാരമാണ്: പുറത്തുനിന്ന് എത്തിയാലും ക്വാറന്റീനിൽ ആയാലും ആദ്യം വിളിവരുന്നതു പൊലീസിന്റേതാണ്. ഏറ്റവും മര്യാദയോടെ അവർ വേണ്ട നിർദേശങ്ങൾ നൽകും. പിന്നെ ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ, വാർഡ് മെംബർ തുടങ്ങി പലരും ദിനംപ്രതി അന്വേഷിക്കുന്നു. അദ്ഭുതപ്പെടുത്തുന്ന രീതിയിലുള്ള കെയർ ആണിത്. ചിത്രം മങ്ങാൻ തുടങ്ങുന്നത് സ്രവപരിശോധനയ്ക്ക് ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസ് എത്തുമ്പോഴാണ്. പലയിടത്തും ആശുപത്രിയിലെ തിക്കും തിരക്കും നിരീക്ഷണത്തിൽ കഴിയുന്നവരെ അസ്വസ്ഥരാക്കുന്നു. ക്വാറന്റീനിൽ നിന്നു റിലീസ് ചെയ്തിട്ടു ദിവസങ്ങൾക്കു ശേഷമാകും ഇടിത്തീ പോലെ, ഫലം പോസിറ്റീവാണെന്ന ഫോൺ വരുന്നത്.

കവി സച്ചിദാനന്ദന് ഇതിനു സമാനമായ അനുഭവമുണ്ടായി. ക്വാറന്റീൻ കഴിഞ്ഞു ദിവസങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന്റെ പത്നിക്കു കോവിഡ് പോസിറ്റീവാണെന്നുള്ള ഫോൺ വരുന്നത്. സ്രവ പരിശോധനയ്ക്കും അതിന്റെ ഫലം വാങ്ങാനുമായി, കോവിഡ് ബാധിതർ നിറഞ്ഞ ആശുപത്രികളിലേക്കുള്ള പല തവണയുള്ള യാത്രകൾ ഒഴിവാക്കിക്കൂടെ? റിലീസ് സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പോസിറ്റീവാകുന്നതെങ്ങനെ? പരിശോധനയ്ക്കു ശേഷം ഫലം ലാബിൽനിന്ന് ആശുപത്രിയിലെത്താൻ ഇത്ര സമയം എന്തിന്? കവി ചോദിക്കുന്നു. അദ്ദേഹം തന്റെ അനുഭവത്തെപ്പറ്റി എഴുതിയത് അധികൃതർ വായിച്ചിരിക്കേണ്ടതാണ്.

ചുരുക്കത്തിൽ, കോവിഡ് പ്രതിരോധത്തിൽ കേരളത്തെ മുൻപന്തിയിൽ നിർത്തുന്നത് അതിന്റെ സമൂഹമൂലധനമാണ്. വ്യവസ്ഥ ഇനിയും നന്നാവേണ്ടിയിരിക്കുന്നു. അതുകൊണ്ട്, എല്ലാ കാര്യങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ നടക്കേണ്ട കോവിഡ്കാലത്തെ ഒരു അവസരമായിക്കണ്ട് പ്രക്രിയകൾ ദൃഢപ്പെടുത്തുകയും ക്ഷമത വർധിപ്പിക്കുകയും ചെയ്യണം.

ഇന്ത്യൻ വിവാഹങ്ങൾ അന്നും ഇന്നും

വിവാഹം എന്ന പദം കൊണ്ട് ഇന്ത്യയിൽ അർഥമാക്കുന്നത് ‘അറേഞ്ച്ഡ് വിവാഹം’ എന്നാണ്. കണക്കനുസരിച്ച് ഇന്ത്യയിലെ 90% വിവാഹങ്ങളും ഈ വകുപ്പിൽപെടുന്നു. മറ്റു തരത്തിലുള്ള വിവാഹത്തെ പ്രേമവിവാഹം എന്നു പ്രത്യേകിച്ച് എടുത്തു പറയുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളടക്കം അപൂർവം ഇടങ്ങളിലേ അറേഞ്ച്ഡ് വിവാഹങ്ങളുള്ളൂ. അതുകൊണ്ട് നെറ്റ്ഫ്ലിക്സ് ഈയിടെ ‘ഇന്ത്യൻ മാച്ച്മേക്കിങ്’ എന്നൊരു സീരീസ് തുടങ്ങിയപ്പോൾ അതിനു രാജ്യത്തും പുറത്തും വലിയ സ്വീകരണമാണു ലഭിച്ചത്. പരസ്പരം പറഞ്ഞുറപ്പിക്കുന്ന വിവാഹങ്ങളിൽ അടുത്തകാലത്തു വന്ന ഒരു മാറ്റത്തെക്കുറിച്ചാണു പ്രധാനമായും കഥ.

നൂറ്റാണ്ടുകളായി ഇന്ത്യയിൽ വിവാഹം നടന്നിരുന്നത് ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹാലോചനയുമായി എത്തുമ്പോഴാണ്. കേരളം പോലെയുള്ള ഇടങ്ങളിൽ വിവാഹ ദല്ലാളുമാരുമുണ്ട്. പിന്നെ പത്രങ്ങളിൽ വിവാഹ പരസ്യങ്ങളെത്തി; ഇന്റർനെറ്റിൽ മാട്രിമോണിയൽ സൈറ്റുകളും ആപ്പുകളും എത്തി. ഇപ്പോൾ പ്രഫഷനൽ മാച്ച്മേക്കഴ്സും വന്നിരിക്കുന്നു. ഇന്ത്യയിലെയും യുഎസിലെയും ധനിക ഇന്ത്യൻ കുടുംബങ്ങൾക്കു വേണ്ടി ജോടിയെ കണ്ടെത്തുന്ന, സിമ തപരിയ എന്ന പ്രഫഷനൽ മാച്ച്മേക്കറുടെ കഥയാണു നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നത്.

പഴയ കാലത്തിൽനിന്നു വ്യത്യസ്തമായി, ആധുനിക കാലത്തെ പറഞ്ഞുറപ്പിക്കുന്ന കല്യാണങ്ങളിൽ ഒരു മാറ്റം വന്നിട്ടുണ്ട് – മിക്ക കുടുംബങ്ങളിലും വരനും വധുവിനും ഇണയെ സ്വീകരിക്കാനോ നിരാകരിക്കാനോ ഉള്ള അവകാശമുണ്ട്. ഇക്കാര്യം ഈ സീരീസിൽ സുവ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതൊഴിച്ചാൽ, ഇതിൽ ആശയ്ക്കു വക നൽകുന്ന വളരെക്കുറച്ചു കാര്യങ്ങളേയുള്ളൂ. നിറം, ജാതി, വിവാഹത്തിനു ശേഷം സ്ത്രീ പൂർണമായും ഭർതൃകുടുംബത്തിന്റെ ഇംഗിതത്തിനൊത്തു ജീവിക്കുക തുടങ്ങി ഇന്ത്യയിലെ സങ്കൽപങ്ങളെല്ലാം ഈ സീരീസ് വേരിട്ടുറപ്പിക്കുന്നു. 

അതിൽ പരാമർശിച്ചിട്ടില്ലാത്ത പ്രധാനപ്പെട്ട ഒരു കാര്യം, സ്ത്രീധനത്തിന്റേതാണ്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2011ൽ രാജ്യത്തു പ്രതിദിനം 23 സ്ത്രീധന കൊലപാതകങ്ങളാണു നടന്നത്. ഈ സീരീസിന്റെ വമ്പിച്ച ജനപ്രിയതയുടെ കാരണം ഒരുപക്ഷേ, സ്ത്രീകളുടെ കാര്യത്തിൽ നമ്മുടെ സമൂഹത്തിൽ മുന്നിട്ടു നിൽക്കുന്ന യാഥാസ്ഥിതികത്വം തന്നെ ആയിരിക്കാം.

സ്കോർപ്പിയൺ കിക്ക്: എം.ശിവശങ്കറിനെ എൻഐഎ 25 മണിക്കൂർ ചോദ്യം ചെയ്തു.

ചില ചോദ്യങ്ങൾ സ്വയം ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഇത് ഒഴിവാക്കാമായിരുന്നു!

English Summary: Covid and Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA