ADVERTISEMENT

ബലിപെരുന്നാൾ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അനശ്വരമായ ഓർമപ്പെടുത്തലാണ്. പ്രവാചകരായിരുന്ന ഇബ്‌റാഹീം നബിയുടെയും ഭാര്യ ഹാജറ ബീവിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ജീവിതനിമിഷങ്ങൾ പൂർണമായും ഭക്തിയിലും സ്രഷ്ടാവ് കൽപിച്ച പ്രകാരവും ആയിരുന്നു. ഒട്ടേറെ പ്രയാസങ്ങൾ നൽകി, അവരുടെ വിശ്വാസത്തിന്റെ ദൃഢതയെ പരീക്ഷിക്കുമ്പോഴെല്ലാം, അവർ സർവതും നാഥനിൽ സമർപ്പിച്ചു. ഈ ലോകത്തെ ജീവിതം പ്രകാശമാനമാകുന്നത്, അല്ലാഹു അരുളിയ പ്രകാരം ജീവിതത്തെ മനോഹരമാക്കുമ്പോഴാണ് - അവിടെ വിശ്വാസിക്ക് ത്യാഗങ്ങൾ ആസ്വാദ്യമാണ്, വേദനാജനകമല്ല. കാരണം, നാഥൻ നിശ്ചയിച്ച പ്രകാരമാണ്, നമ്മുടെ ജീവിതമെന്നും ഹൃദയവിശുദ്ധിയോടെ ജീവിച്ചാൽ സ്വർഗപ്രാപ്‌തി ലഭ്യമാകുമെന്നും വിശ്വാസികൾ മനസ്സിലാക്കുന്നു.

ഈ ബലിപെരുന്നാളിൽ നാമെല്ലാം കടന്നുപോകുന്നത് വിഷമകരമായ ഘട്ടത്തിലൂടെയാണ്. കോവിഡ് നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ആഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പ്രാർഥനയും സൂക്ഷ്മമായ പ്രതിരോധ പ്രവർത്തനങ്ങളും ഏറ്റവും പ്രധാനമായി മാറുന്ന കാലമാണിത്. മഹാമാരിയുടെ കാലത്തൊക്കെ ഈ രണ്ടു ഗുണങ്ങളും വിശ്വാസികളിൽ ഉണ്ടാകണമെന്നാണ് പ്രവാചകൻ മുഹമ്മദ് നബി പഠിപ്പിച്ചത്. അതിനാൽ, ഇന്നത്തെ ദിവസം നമ്മുടെ ആഘോഷങ്ങൾ കരുതലോടു കൂടിയാകണം. സാമൂഹിക അകലം വേണം, പ്രാർഥനയും ഉണ്ടാകണം. പെരുന്നാൾ നമസ്കാരവും മറ്റു കർമങ്ങളുമെല്ലാം സർക്കാർ നിർദേശിച്ച കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചാകണം. കരുതലും ജാഗ്രതയും വേണം.

എന്റെ ജീവിതത്തിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി തുടർച്ചയായി ഹജ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അസാധാരണമായ അനുഭവമായിരുന്നു ഓരോ ഹജ്ജും. വർണവും ഭാഷയും വേഷവും ഒന്നും നമ്മെ വേർതിരിക്കുന്ന ഘടകങ്ങൾ അല്ലെന്നും, വിശ്വാസികളെല്ലാം നാഥനു മുന്നിൽ സമന്മാരാണ് എന്നുമുള്ള മഹാസന്ദേശത്തിന്റെ വിളംബരമായിരുന്നു ഹജ്. കോവിഡ് നിയന്ത്രണം കാരണം ഇത്തവണ ഹജ് കർമം പതിനായിരം പേരിലേക്ക് ലഘൂകരിച്ചുവെങ്കിലും, ഹജ്ജിന്റെ ആത്മീയമായ മൂല്യങ്ങൾ നമ്മളിലെല്ലാവരിലും ആഴത്തിൽ സന്നിവേശിക്കപ്പെടണം. ലാളിത്യവും ഹൃദയവിശുദ്ധിയും അഹങ്കാരത്തിൽനിന്നുള്ള മാറിനിൽക്കലും എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സും ആണത്. നമ്മുടെ സാമൂഹിക ജീവിതത്തിൽ പണക്കാർക്കും പാവപ്പെട്ടവർക്കും ഇടയിൽ അന്തരം കാണുന്നത്, പണവും കുലവും എല്ലാം മനുഷ്യരെ അഹന്തയിലേക്കു നയിക്കുന്നതുകൊണ്ടാണ്. മുഹമ്മദ് നബി (സ്വ) പറഞ്ഞല്ലോ: ‘അല്ലാഹു നോക്കുന്നത് ഒരാളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല, മറിച്ചു ഹൃദയത്തിലേക്കാണ്’. 

അതിനാൽ ഹൃദയം വിശുദ്ധമാകണം. നമ്മുടെ ആഘോഷങ്ങളെല്ലാം നിർമല ഹൃദയത്തോടെയാവണം. നാം മറ്റുള്ളവർക്കു സഹായങ്ങൾ ചെയ്യേണ്ടത് വളരെയധികം സാത്വികമായി വേണം. ഇടതുകൈകൊണ്ടു കൊടുക്കുമ്പോൾ വലതുകൈ അറിയാത്ത വിധം സൂക്ഷ്മമായിട്ടും രഹസ്യമായിട്ടും സ്വദഖ (ദാനം) നൽകുന്നവന് പരലോകത്തു തണൽ കിട്ടുമെന്നാണു പ്രവാചകൻ പഠിപ്പിച്ചത്. സാമൂഹിക പ്രവർത്തനം പ്രദർശനമായി മാറുന്ന കാലത്ത്, അതിന്റെ സത്ത അകലുന്നത്, ആത്യന്തികമായി പ്രയോജനരഹിതമായി അതു ഭവിക്കാൻ നിമിത്തമായേക്കും.

നമുക്കു ചുറ്റും പ്രയാസപ്പെടുന്നവർ ഏറെയുള്ള സമയമാണ്. പലർക്കും 4 മാസത്തിലധികമായി തൊഴിലില്ല. വിദേശത്തും ജോലി നഷ്ടപ്പെട്ടവർ അനേകായിരങ്ങളാണ്. അവരെയൊക്കെ കണ്ടെത്തി സഹായിക്കാൻ വിശ്വാസികൾ ശ്രമിക്കണം. ഒരാളും വിഷമമനുഭവിക്കാത്ത പെരുന്നാളായി ഇതു മാറണം. സാങ്കേതികവിദ്യ വളരെ പുരോഗമിച്ച ഇക്കാലത്തു കഷ്ടപ്പെടുന്നവരിലേക്ക്, ശാരീരിക സമ്പർക്കങ്ങൾ ഇല്ലാതെ തന്നെ സഹായമെത്തിക്കൽ പ്രയാസകരമല്ല. ക്വാറന്റീനിൽ കഴിയുന്ന ആയിരക്കണക്കിനു പേരുണ്ട്. സദാ നമ്മുടെ ശ്രദ്ധ അവരിലേക്ക് ഉണ്ടാകണം. ക്വാറന്റീനിൽ വിശ്രമിക്കുന്നതിനിടെ, കഴിഞ്ഞ ദിവസം ഒരാൾ മരിച്ചു ഗന്ധം പുറത്തേക്കു വന്നപ്പോഴാണ് അറിഞ്ഞതെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. അത്തരം സംഭവങ്ങൾ ഉണ്ടായിക്കൂടാ. പെരുന്നാൾ ദിനത്തിൽ ചുറ്റുമുള്ളവരിലെല്ലാം നമ്മുടെ ശ്രദ്ധ പതിയണം. സമാശ്വാസം പകരണം.

കോവിഡ് തീർത്ത പ്രതിസന്ധിയിൽനിന്നുള്ള അതിജീവനത്തിനു ദൃഢമായി നാം മുന്നോട്ടിറങ്ങണം. ജീവിതശൈലികൾ കൂടി മാറേണ്ട ഘട്ടമാണല്ലോ കടന്നുവന്നത്. ഈ ഈദിന്റെ ഭാഗമായി, വൈവിധ്യമുള്ള ഒരു സംസ്കാരമായി, നമ്മുടെ പുരയിടത്തിലും പരിസരത്തും കൃഷി ചെയ്യാൻ എല്ലാവരും തയാറായാൽ അതു വലിയ മാറ്റമുണ്ടാക്കും. സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പാകും അത്. കാർഷിക പാരമ്പര്യമുള്ള നമ്മുടെ നാട്ടിൽ നിന്ന് അത്തരം രീതികൾ മാറിപ്പോയി. നമുക്കു കഴിക്കാനുള്ള ആഹാരപദാർഥങ്ങളിൽ ഒരെണ്ണമെങ്കിലും സ്വന്തമായി ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ അതു വലിയ സന്തോഷകരമല്ലേ? കൃഷിയെ, പ്രകൃതിയെ പച്ചപ്പുള്ളതാക്കി മാറ്റുന്നതിനെ, ഇസ്‌ലാം വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ.

English Summary: Feast of care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com