sections
MORE

അടിമത്തത്തിനെതിരെ ജ്വലിച്ച സമരാഗ്നി

HIGHLIGHTS
  • നിസ്സഹകരണ പ്രസ്ഥാനത്തിന് ഇന്ന് 100 വയസ്സ്
gandhiji
SHARE

പതിനഞ്ചു നാൾ കൂടി കഴിഞ്ഞാൽ വിദേശഭരണത്തിൽനിന്നു നാം സ്വാതന്ത്ര്യം നേടിയിട്ട് 73 വർഷമാകും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പൊരുതിനേടിയ സ്വാതന്ത്ര്യം. മതം, ജാതി, ലിംഗം എന്നിവയുടെ പേരിൽ ഒരു വിവേചനവും വച്ചുപൊറുപ്പിക്കാത്ത ജനക്ഷേമ, ജനാധിപത്യ, മതനിരപേക്ഷ രാഷ്ട്രനിർമിതിക്കായുള്ള ദേശീയബോധമാണു നമ്മുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഊർജം പകർന്നത്. 1950ൽ നാം സ്വീകരിച്ച ഭരണഘടന, ഈ ആദർശങ്ങൾ ഉൾക്കൊള്ളുന്നതും അഭിപ്രായസ്വാതന്ത്ര്യം, ന്യൂനപക്ഷ സംരക്ഷണം, ദുർബലവിഭാഗ സംവരണം തുടങ്ങി ഒട്ടേറെ പൗരാവകാശങ്ങൾ ഉറപ്പുനൽകുന്നതുമാണ്. സ്വാതന്ത്ര്യാനന്തര വർഷങ്ങളിലേറെയും, ഒട്ടൊക്കെ അപൂർണമായിട്ടെങ്കിലും ഈ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നാം വിജയം നേടിയിരുന്നു. കോളനിഭരണത്തിൽനിന്നു മോചനം നേടിയ മറ്റു പല രാജ്യങ്ങളുടെയും അവസ്ഥ മറിച്ചായിരുന്നുവെന്നും നാം ഓർക്കണം.

എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി, മുൻപൊരിക്കലും സംഭവിക്കാത്തവിധം വ്യാപകമായി ഈ ആദർശങ്ങൾ ഉപേക്ഷിക്കപ്പെടുന്നതിനു നാം സാക്ഷികളാവുന്നു. നമ്മുടെ രാഷ്ട്രീയ, സാമൂഹിക സംവിധാനത്തിന്റെ അടിസ്ഥാനശിലകൾ ഓരോന്നായി കൃത്യമായി ഇളക്കിമാറ്റപ്പെടുന്നു. പൗരാവകാശങ്ങളുടെയും മതനിരപേക്ഷതയുടെയും മേഖലയിലാണ് ഈ ജീർണതകളിലേറെയും സംഭവിക്കുന്നത്. ക്രമസമാധാനപാലന സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥയുടെയും സ്വയംഭരണമടക്കം, ഭരണനിർവഹണ സംവിധാനങ്ങളിലെ തകർച്ച രൂക്ഷമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം ദുർബലമായതോടെ പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തിലും കൈകടത്തലുകളുണ്ടായി.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത നമ്മുടെ പൂർവികരുടെ ഒട്ടേറെ ത്യാഗങ്ങളെപ്പറ്റി നാം നമ്മെത്തന്നെ ഓർമപ്പെടുത്തേണ്ട കാലമാണിത്. സ്വാതന്ത്ര്യസമരഭടന്മാരുടെ ആദർശങ്ങളോടു നാം നീതി പുലർത്തിയോ? അവരുടെ അധ്വാനം നിഷ്ഫലമാകുന്നതു കൈകെട്ടി നോക്കിനിൽക്കുന്നവരായിട്ടുണ്ടോ നാം?

നിസ്സഹകരണമെന്ന ആയുധം

കോളനിവാഴ്ചയ്ക്കെതിരായ നമ്മുടെ ആദ്യ അഖിലേന്ത്യാ ജനകീയ പ്രക്ഷോഭത്തിന്റെ ശതാബ്ദി നാമിന്ന് ആഘോഷിക്കുമ്പോൾ, അതു നമ്മുടെ ഭരണഘടനാമൂല്യങ്ങളുടെ പ്രതിരോധത്തിനായി നാം ഉണർന്നെണീറ്റ് നിലകൊള്ളേണ്ടതിന്റെ അനിവാര്യതയിലേക്കു കൂടി വിരൽ ചൂണ്ടുന്നു. 1920 ഓഗസ്റ്റ് ഒന്നിനാണ് മഹാത്മാ ഗാന്ധി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. ആ മഹാസമരത്തിന്റെ ആശയാദർശങ്ങൾ എന്തായിരുന്നുവെന്ന് നാം ഓർത്തെടുക്കണം. അവ ഏറ്റെടുക്കുമെന്നു പ്രതിജ്ഞയെടുക്കുകയും വേണം.

INDIA GANDHI
ജവഹർലാൽ നെഹ്‌റുവും ഗാന്ധിജിയും

നൂറു വർഷം മുൻപ് ഇതേ ദിവസം ബ്രിട്ടിഷുകാർക്കെതിരെ പ്രക്ഷോഭത്തിനു തുടക്കമിടാൻ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. ഒന്നാം ലോകയുദ്ധാവസാനത്തിനു ശേഷം സർക്കാരിനെതിരായ ജനവികാരം ശക്തമായിരുന്നു. യുദ്ധഫണ്ട് നൽകിയും സൈനികരായി സേവനം ചെയ്തും ബ്രിട്ടിഷ് പക്ഷത്തുനിന്നതിനു പ്രത്യുപകാരം ഉണ്ടാകുമെന്ന് ഇന്ത്യൻ ജനത പ്രതീക്ഷിച്ചു. എന്നാൽ, ഇന്ത്യയ്ക്കു ലഭിച്ചത് പൗരാവകാശങ്ങൾ അടിച്ചമർത്തുന്ന റൗലറ്റ് ആക്ട് അടക്കമുള്ള കരിനിയമങ്ങളായിരുന്നു. സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ നിർദയം അടിച്ചമർത്തപ്പെട്ടു. 1919ൽ ഇതു ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിലേക്കു നയിച്ചു. തുടർന്ന് പഞ്ചാബിൽ പട്ടാളനിയമം പ്രഖ്യാപിച്ചു.

യുദ്ധാനന്തരം തുർക്കിയോട് അനുഭാവപൂർണമായ നിലപാടെടുക്കുമെന്ന വാഗ്ദാനം ബ്രിട്ടിഷുകാർ കാറ്റിൽ പറത്തിയതോടെ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ മുസ്‌ലിംകൾക്കു തങ്ങൾ വഞ്ചിക്കപ്പെട്ടതായി ബോധ്യമായി. തുർക്കി ഖലീഫയ്ക്കു മുസ്‌ലിംകൾ ആത്മീയനേതാവിന്റെ ആദരം നൽകിയിരുന്നു. എന്നാൽ, യുദ്ധാനന്തരം തുർക്കിക്കു വിശുദ്ധനാടുകളുടെ പരിപാലനച്ചുമതല തിരിച്ചുകിട്ടാതെ വന്നത് ആഗോള മുസ്‌ലിം സമൂഹത്തിൽ കടുത്ത രോഷത്തിനിടയാക്കി. ബ്രിട്ടിഷുകാർ വിശ്വാസവഞ്ചന കാട്ടിയെന്ന മുസ്‌ലിംകളുടെ വികാരത്തോട് അനുകൂല നിലപാടെടുത്ത ഗാന്ധിജിയാണ് ഖിലാഫത്ത് കമ്മിറ്റിയോട് അഹിംസാമാർഗത്തിൽ സർക്കാരിനെതിരായ നിസ്സഹകരണ പ്രസ്ഥാനത്തിൽ അണിചേരാൻ ആദ്യം നിർദേശിച്ചത്. 1920 ജൂൺ 9ന് അഹമ്മദാബാദിൽ ചേർന്ന ഖിലാഫത്ത് കമ്മിറ്റി, ഗാന്ധിജി നയിക്കുന്ന നിസ്സഹകരണ സമരത്തിൽ പങ്കെടുക്കാൻ ഏകകണ്ഠമായി തീരുമാനിച്ചു. സെപ്റ്റംബറിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനവും നിസ്സഹകരണ പ്രസ്ഥാനത്തെ അംഗീകരിച്ചു.

പിന്തുണയുമായി ജനമൊന്നാകെ

സർക്കാർ പദവികളും പുരസ്കാരങ്ങളും ഉപേക്ഷിക്കുക, സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോടതികൾ, വിദേശവസ്ത്രങ്ങൾ എന്നിവ ബഹിഷ്കരിക്കുക, ഹിന്ദു – മുസ്‌ലിം ഐക്യം ഊട്ടിയുറപ്പിക്കുക, അയിത്തോച്ചാടനം, ചർക്കയും ഖാദിയും സ്വീകരിക്കുക തുടങ്ങിയവയായിരുന്നു സമരലക്ഷ്യങ്ങൾ.

ബഹിഷ്കരണങ്ങളിലായിരുന്നു സമരം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആദ്യമാസം തന്നെ ആയിരക്കണക്കിനു വിദ്യാർഥികൾ (90,000 വിദ്യാർഥികൾ എന്ന് ഒരു കണക്ക്) സ്കൂളുകളും കോളജുകളും ഉപേക്ഷിച്ചിറങ്ങി. കോടതി ബഹിഷ്കരണം വിദ്യാഭ്യാസ ബഹിഷ്കരണം പോലെ വിജയകരമായില്ലെങ്കിലും അതുണ്ടാക്കിയ സ്വാധീനം വിപുലമായിരുന്നു. സി. ആർ.ദാസ്, മോട്ടിലാൽ നെഹ്റു, എം.ആർ.ജയകർ, സൈഫുദ്ദീൻ കിച്‌ലു, വല്ലഭ് ഭായ് പട്ടേൽ, സി.രാജഗോപാലാചാരി, ടി.പ്രകാശൻ, അസഫ് അലി തുടങ്ങിയ രാജ്യത്തെ പ്രമുഖ അഭിഭാഷകർ അവരുടെ ആകർഷകമായ വരുമാനമുള്ള ജോലി ഉപേക്ഷിച്ചു തെരുവിലിറങ്ങി. ഈ ത്യാഗം ഒട്ടേറെപ്പേർക്കു പ്രചോദനമായി.

Mridula-Mukherjee
പ്രഫ. മൃദുല മുഖർജി

നിസ്സഹകരണത്തിൽ ഏറ്റവും വിജയകരമായതു വിദേശവസ്ത്ര ബഹിഷ്കരണമായിരുന്നു. വിദേശത്തുണി കൊണ്ടു നിർമിച്ച വസ്ത്രങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ച സമരഭടന്മാർ അവ പിന്നീടു ജനമധ്യത്തിൽ കൂട്ടിയിട്ടു തീ കൊളുത്തി.

വിദേശവസ്തുക്കൾ വിൽക്കുന്ന കടകൾ ഉപരോധിക്കലായിരുന്നു മറ്റൊന്ന്. വിദേശവസ്ത്രങ്ങളുടെ ഇറക്കുമതി മൂല്യം 1920–21ൽ 102 കോടി രൂപയായിരുന്നത്, 1921–22ൽ 57 കോടിയായി ഇടിഞ്ഞു. നിസ്സഹകരണ സമരം പലതലത്തിലാണ് അനുരണനങ്ങളുണ്ടാക്കിയത്. 1918 മുതൽ യുപിയിലെ അവധ് മേഖലയിൽ കിസാൻസഭകളും കർഷക മുന്നേറ്റങ്ങളും ശക്തി സംഭരിച്ചുവരികയായിരുന്നു. ജവാഹർലാൽ നെഹ്റു അടക്കമുള്ളവർ ഏറ്റെടുത്ത നിസ്സഹകരണ ആശയ പ്രചാരണം കർഷകസമരങ്ങൾക്കു പൊടുന്നനെ അഗ്നി പകർന്നു. താമസിയാതെ നിസ്സഹകരണ പ്രസ്ഥാന റാലികളും കർഷകറാലികളും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തവിധം പ്രവാഹമായി മാറി.

മലബാറിൽ നിസ്സഹകരണവും ഖിലാഫത്ത് ആശയങ്ങളും കൂടിക്കലർന്നു കുടിയാന്മാരെ ഭൂവുടമകൾക്കെതിരെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ചു. സമരത്തിനെതിരെ സർക്കാർ ഉരുക്കുമുഷ്ടി പ്രയോഗിച്ചതോടെ ദൗർഭാഗ്യവശാൽ മലബാർ സമരത്തിന്റെ ചില ഘട്ടത്തിൽ വർഗീയനിറം കലർന്നു. അസമിൽ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ സമരം പ്രഖ്യാപിച്ചു. തൊഴിലാളികൾക്കു നേരെ ബ്രിട്ടിഷ് പൊലീസ് വെടിവച്ചതോടെ ബോട്ട് സർവീസിലെയും അസം–ബംഗാൾ റെയിൽവേയിലും ജീവനക്കാർ പണിമുടക്കി പിന്തുണ പ്രഖ്യാപിച്ചു.

പിൻവലിച്ചിട്ടും...

1921 ഡിസംബർ ആകുമ്പോഴേക്കും രാജ്യമെങ്ങും സമരക്കാർക്കെതിരെ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത അടിച്ചമർത്തൽ നടപടികൾ വ്യാപകമാക്കി. കൂട്ട അറസ്റ്റുകൾ, പിഴയീടാക്കൽ, ലാത്തിച്ചാർജ്, ജനക്കൂട്ടത്തിനുനേരെ വെടിവയ്പ് എന്നിവ സാധാരണമായി മാറി. ഗാന്ധിജി ഒഴികെ മറ്റെല്ലാ നേതാക്കളും ജയിലിലായി. ഗാന്ധിജി ഈ സമയം സൂററ്റ് ജില്ലയിലെ ബർദോളി താലൂക്കിൽ നിയമലംഘന സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ, 1922 ഫെബ്രുവരി 22നു യുപിയിലെ ചൗരി ചൗരായിൽ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം അക്രമാസക്തരായി പൊലീസ് സ്റ്റേഷനു തീയിട്ടു. 22 പൊലീസുകാർ വെന്തുമരിച്ചു. അഹിംസാ തത്വത്തിലൂന്നിയ സമരത്തിന് അപ്രതീക്ഷിതമായി സംഭവിച്ച ഈ ഗതിമാറ്റം ഗാന്ധിജിയെ ഞെട്ടിച്ചു. അദ്ദേഹം നിസ്സഹകരണ, നിയമലംഘന സമരങ്ങൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.

നിസ്സഹകരണ പ്രസ്ഥാനം നേടിയ വിജയങ്ങൾ പല തലത്തിലായിരുന്നു. ദേശവ്യാപകമായ മുന്നേറ്റമായിരുന്നു അത്. ഇന്ത്യൻ ജനതയുടെ, ദേശീയതയോടുള്ള പിന്തുണയും അനുഭാവവും അതു പുറത്തുകൊണ്ടുവന്നു. സമുദായിക ഐക്യവും മുസ്‌ലിംകളുടെ ശക്തമായ പങ്കാളിത്തവും ചെറിയ നേട്ടമായിരുന്നില്ല. രാജ്യത്തിന്റെ പല ഭാഗത്തും നിസ്സഹകരണ സമരത്തിനു ജനകീയ സ്വഭാവം നൽകിയത് മുസ്‌ലിം സമൂഹത്തിന്റെ പങ്കാളിത്തമായിരുന്നു. പലയിടത്തും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മൂന്നിൽ രണ്ടു സമരഭടന്മാരും മുസ്‌ലിംകളായിരുന്നു.

1922 ഫെബ്രുവരി 12നു സമരം നിർത്തുമ്പോൾ, ആ പിന്മാറ്റം താൽക്കാലികമായിരുന്നു. സമരം നിർത്തി, പക്ഷേ യുദ്ധം തുടരുകയായിരുന്നു. 1922 ഫെബ്രുവരി 23നു ‘യങ് ഇന്ത്യ’യിൽ ഗാന്ധിജി എഴുതി: ‘1920ൽ ആരംഭിച്ച സമരം ലക്ഷ്യം നേടുംവരെ തുടരാനുള്ളതാണെന്ന് ബ്രിട്ടിഷുകാർ ഇനിയെങ്കിലും മനസ്സിലാക്കണം. മാസങ്ങളോ ചിലപ്പോൾ പല വർഷങ്ങളോ എടുത്താൽ പോലും, ഭരണക്കാർ ഇരട്ടിശക്തിയോടെ അടിച്ചമർത്താൻ നോക്കിയാലും ഈ സമരം അവസാനം വരെ പോകും.’

(ചരിത്രകാരിയും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ അധ്യാപികയുമാണ് ലേഖിക)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA