sections
MORE

ചരിത്രസമരവും പ്രിയസ്മൃതികളും

HIGHLIGHTS
  • ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനു ശതാബ്ദി
gandhiji-1
SHARE

ഇന്നേക്കു പതിനഞ്ചാം നാൾ ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ ദിവസം സ്വാതന്ത്ര്യലബ്ധിയുടെ ത്രിവർണസ്മരണകളുമായി പുലരുകയാണ്. മഹാത്മാ ഗാന്ധി പരീക്ഷിച്ചു വിജയിപ്പിച്ച സത്യഗ്രഹം, അസമത്വത്തിനും വിവേചനത്തിനും പാരതന്ത്യ്രത്തിനുമെതിരെ ലോകം ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും സഫലമായ സമരമാർഗമായി മാറിയതിന്റെ ദീപ്തസ്മൃതി കൂടിയാണത്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമർപ്പിതപോരാട്ടത്തിന്റെ ഭാഗമായി, ബ്രിട്ടിഷുകാർക്കെതിരെ നമ്മുടെ രാഷ്ട്രപിതാവ് നേതൃത്വം നൽകി വിജയിപ്പിച്ച ഏറ്റവും ഉജ്വല സമരവഴിയായ നിസ്സഹകരണ പ്രസ്ഥാനം ആവേശസ്മരണകളുണർത്തി ഇന്നു നൂറാണ്ടിലെത്തുകയുമാണ്. ഇന്ത്യ കണ്ട ആദ്യത്തെ ജനകീയ മുന്നേറ്റമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം.

മഹാത്മാ ഗാന്ധിയുടെ ജീവിതവും മരണവുമാണ് ആത്മബലത്തിലേക്കും സഹനപാഠങ്ങളിലേക്കും നമ്മുടെ രാജ്യത്തെ കൊണ്ടുപോയത്. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സത്തയെയും ദർശനത്തെയും നമുക്കുണ്ടാവേണ്ട ബഹുസ്വരതയെയും സഹിഷ്ണുതയെയും സഹജാവബോധത്തെയും നിർവചിച്ചതും ആ മഹദ്ജീവിതംതന്നെ. ഇന്ത്യയിലെ ജനങ്ങളെ മുഴുവൻ സ്വാതന്ത്യ്രസമരത്തിൽ പങ്കാളികളാക്കാൻ കഴിഞ്ഞുവെന്നതായിരുന്നു ഗാന്ധിജിയുടെ ഏറ്റവും വലിയ വിജയം.

ഭാരതത്തിന്റെ മോചനത്തിനായി അദ്ദേഹം ആവിഷ്കരിച്ച തന്ത്രങ്ങൾ ഒരിടത്തും പരീക്ഷിച്ചു വിജയസാധ്യത നിർണയിച്ചവയായിരുന്നില്ല. സ്വാതന്ത്ര്യത്തിനായി നിസ്സഹകരണ പ്രസ്ഥാനം പോലൊരു വേറിട്ട സമരമാർഗം ആവിഷ്കരിക്കാൻ മഹാത്മാ ഗാന്ധിയെപ്പോലൊരു പ്രകാശഗോപുരത്തിനു മാത്രമേ കഴിയൂ എന്നതു തീർച്ച. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ആരംഭിച്ച നിസ്സഹകരണ സമരം 1920 മുതൽ 22 വരെയുള്ള കാലയളവിൽ രാജ്യത്തെയാകെ പ്രകമ്പനം കൊള്ളിച്ചു; ബ്രിട്ടിഷുകാരെ പരിഭ്രാന്തരാക്കി; സ്വാതന്ത്ര്യകാംക്ഷികൾക്കാകെ ആത്മവിശ്വാസം നൽകി.

കൃത്യം നൂറു വർഷം മുൻപ്, ഇതേ ദിവസം 1920 ഓഗസ്റ്റ് ഒന്നിനാണു ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. സ്വരാജ് തന്റെ ജന്മാവകാശമാണെന്നും അതു നേടുമെന്നും പ്രഖ്യാപിക്കുകയും അതിനായി പോരാടുകയും ചെയ്ത ലോകമാന്യ ബാലഗംഗാധര തിലകിന്റെ നിര്യാണവും ഇതേ ദിവസമായിരുന്നു. ഗാന്ധിജി തുടക്കം കുറിച്ചതിനെത്തുടർന്ന് പ്രവർത്തനമാരംഭിച്ചിരുന്നുവെങ്കിലും 1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽ നടന്ന പ്രത്യേക സമ്മേളനത്തിലും ഡിസംബറിലെ നാഗ്പുർ സമ്മേളനത്തിലുമുണ്ടായ വിശദ ചർച്ചകളിലൂടെയാണ് നിസ്സഹകരണ പ്രസ്ഥാനത്തിനു കോൺഗ്രസ് പൂർണ അംഗീകാരം നൽകിയത്.

നിസ്സഹകരണ സമരത്തിനു ക്രിയാത്മകവും നിഷേധാത്മകവുമായ രണ്ടു വശങ്ങൾ ഉണ്ടായിരുന്നു. സ്വദേശനിർമിത വസ്തുക്കളുടെ പ്രോത്സാഹനം, നൂൽനൂൽപിന്റെയും നെയ്ത്തിന്റെയും പുനരുദ്ധാരണം, അയിത്തോച്ചാടനം, സമുദായ മൈത്രി, മദ്യനിരോധനം തുടങ്ങിയ ക്രിയാത്മക നടപടികൾക്കൊപ്പം സർക്കാർ സ്കൂളുകളും കോടതികളും ബഹിഷ്കരിക്കുക, ബ്രിട്ടിഷുകാർ നൽകിയ പദവികൾ ഉപേക്ഷിക്കുക, വിദേശനിർമിത വസ്തുക്കൾ വേണ്ടെന്നു വയ്ക്കുക, നിയമനിർമാണ സഭകൾ ബഹിഷ്കരിക്കുക, നികുതിരഹിത സമരം നടത്തുക എന്നിവയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സമരമാർഗങ്ങളിൽ ഇഴചേർന്നു. സ്വരാജ് നേടിയെടുക്കുക തന്നെയായിരുന്നു രാജ്യചരിത്രം സുവർണലിപികളിൽ കുറിച്ചിട്ട ഈ അനന്യ സമരദൗത്യത്തിന്റെ മുഖ്യലക്ഷ്യം.

കേരളത്തിലെ സ്വാതന്ത്ര്യസമര നേതാക്കളിലൊരാളും മാതൃഭൂമി സ്ഥാപക പത്രാധിപരുമായ കെ.പി.കേശവമേനോൻ കെപിസിസി സെക്രട്ടറിയായിരുന്ന വേളയിലാണ് കേരളത്തിൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ശക്തമായ അലയൊലികൾ ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിൽ ആ വീറുറ്റ കാലത്തിന്റെ ആവേശോജ്വലമായ ചിത്രങ്ങളുണ്ട്. നിസ്സഹകരണ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയവരിലൊരാളായ കെ.മാധവൻ നായർ ജയിലിലായപ്പോഴാണ് അഅഅ്അ അദ്ദേഹത്തെത്തുടർന്ന് കേശവമേനോൻ കെപിസിസി സെക്രട്ടറിയായത്. ഗാന്ധിജി ഇന്ത്യക്കുവേണ്ടി കണ്ട സ്വാ‌തന്ത്ര്യസ്വപ്നത്തിലേക്കു കേരളവും പങ്കുചേർന്നതിൽ തീർച്ചയായും നമുക്ക് അഭിമാനിക്കാം.

ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മാത്രം മുഴക്കി മഹാത്മജി ആ യുദ്ധം ജയിച്ചതിലുള്ളത്ര വലിയ പാഠം നാം കേട്ടിട്ടില്ല; ഇനി കേൾക്കാനും പോകുന്നില്ല. അഹിംസയും ഉപവാസവും പോർമുനകളാക്കിയ സമരമുഖങ്ങളിൽ മഹാത്മാ ഗാന്ധിയോളം മികച്ച മറ്റൊരു മാതൃക ലോകത്തിനുതന്നെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടാണ്, ഇവിടെ ഇങ്ങനെയൊരു മനുഷ്യൻ ജീവിച്ചിരുന്നുവോ എന്നു വരുംതലമുറ അദ്ഭുതപ്പെടുമെന്ന് ആൽബർട്ട് ഐൻസ്റ്റൈൻ പ്രഖ്യാപിച്ചത്.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഈ ശതാബ്ദിവേള ആദരണീയമായ ഗാന്ധിസ്മൃതിയുടെയും സ്വാതന്ത്ര്യസ്മൃതിയുടെയും ധന്യപൂരകമാകുന്നു.

English Summary: Centenary Of Mahatma Gandhi’s Noncooperation Movement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA