sections
MORE

സമരത്തോട് സഹകരിച്ച് കേരളവും

gandhiji-2
SHARE

നിസ്സഹകരണ, ഖിലാഫത്ത് പ്രസ്ഥാനങ്ങളോടു കേരളത്തെ സഹകരിപ്പിക്കാൻ, അതിന്റെ രാഷ്ട്രീയശരികൾ ബോധ്യപ്പെടുത്താൻ ഗാന്ധിജി നേരിട്ടുവന്നു. 1920 ഓഗസ്റ്റ് 18ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്തെത്തുമ്പോൾ ഒപ്പം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നായകരിലൊരാള‍ായ മൗലാന ഷൗക്കത്തലിയുമുണ്ടായിരുന്നു. അണികൾ അലകടലായെത്തിയ ദിവസം. പ്രസംഗത്തിലൂടെയും വ്യക്തികളുമായുള്ള കൂടിക്കാഴ്ചകളിലൂടെയും ഗാന്ധിജി പ്രസ്ഥാനത്തിന് ആളും അർഥവുമുണ്ടാക്കി. നിസ്സഹകരണ പ്രസ്ഥാനത്തോടെ കേരളത്തിലും ഖാദി ദേശീയതയുടെ ഉടുപ്പായി, ചർക്ക രാഷ്ട്രീയായുധമായി. അറസ്റ്റിലായവർ കോടതിയുടെ ചോദ്യങ്ങളോടു നിസ്സഹകരിച്ചു.

കോൺഗ്രസ് ആദ്യകാലത്തു സജീവമായിരുന്നതു മലബാറിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും അതിനത്ര വേരോട്ടമുണ്ടായിരുന്നില്ല. ഇതിനു മാറ്റമുണ്ടായതു നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്താണ്. കോൺഗ്രസ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഭാവന ചെയ്തതോടെ ഐക്യകേരളമെന്ന സങ്കൽപത്തിനു രാഷ്ട്രീയസാധുത ലഭിച്ചു. തിരുവിതാംകൂർ, കൊച്ചി, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നീ അഞ്ചു ജില്ലകളായി കോൺഗ്രസ് കേരളത്തെ അടയാളപ്പെടുത്തി.

ഖിലാഫത്തിന്റെ പ്രചാരണാർഥം കോഴിക്കോട്ടെത്തിയ യാക്കൂബ് ഹസനെ കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നതറിഞ്ഞ് ബ്രിട്ടിഷുകാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിക്കാൻ പോകുകയാണെന്നു കാണിച്ച് കെപിസിസി സെക്രട്ടറി കെ.മാധവൻ നായർ അസോഷ്യേറ്റഡ് പ്രസിനു സന്ദേശമയച്ചു. ഇതറിഞ്ഞ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അങ്കലാപ്പിലായി. യാക്കൂബ് ഹസനും മാധവൻ നായരുമടക്കം 4 പേരെ അറസ്റ്റ് ചെയ്ത് 6 മാസം കഠിനതടവിനു വിധിച്ചു. ഈ അനീതിക്കെതിരെ ജനരോഷമിരമ്പി.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സത്ത ഉൾക്കൊണ്ട് കെ.പി.കേശവമേനോൻ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകനായി. ജയിലിലായ മാധവൻ നായർക്കു പകരം അദ്ദേഹം സെക്രട്ടറിയായി. മുഹമ്മദ് അബ്ദുറഹ്മാൻ, എ.കെ.പിള്ള, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ.കേളപ്പൻ തുടങ്ങി ഒട്ടേറെപ്പേർ പഠനവും ജോലിയുമുപേക്ഷിച്ച് മുഴുവൻ സമയ പ്രവർത്തകരായി.

1920 ഏപ്രിൽ 28, 29 തീയതികളിൽ മഞ്ചേരിയിൽ നടന്ന മലബാർ കോൺഗ്രസ് സമ്മേളനം നിസ്സഹകരണ പ്രസ്ഥാനത്തിനു സംസ്ഥാനത്ത് അടിത്തറയിട്ടു. കേശവമേനോനെയും കെ. മാധവൻ നായരെയും പോലുള്ളവർ അഹിംസാത്മകമായ നിസ്സഹകരണത്തിന് അനുകൂല നിലപാടെടുത്തപ്പോൾ ആനി ബസന്റ്, മഞ്ചേരി രാമയ്യർ തുടങ്ങിയവർ എതിർ നിലപാടു സ്വീകരിച്ച് ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കായി വാദിക്കുകയായിരുന്നു. എതിർപ്പുകൾക്കിടയിലും നിസ്സഹകരണ പ്രസ്ഥാനത്തെ പിന്താങ്ങുന്ന പ്രമേയം നിറഞ്ഞ കയ്യടികളോടെ പാസാക്കപ്പെട്ടു.

1921 ഏപ്രിലിൽ ഒറ്റപ്പാലത്തു ചേർന്ന ആദ്യ അഖിലകേരള കോൺഗ്രസ് സമ്മേളനം നിസ്സഹകരണ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. ദേശീയ വിദ്യാലയങ്ങൾ ആരംഭിക്കാനും സ്വദേശി ഉൽപന്നങ്ങളും ആയുർവേദവും പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു. സമ്മേളനം കലക്കാനായി പൊലീസുകാർ പ്രവർത്തകരെ പിടികൂടുകയും അകാരണമായി മർദിക്കുകയും ചെയ്തു. സമരങ്ങൾക്കു മലബാറിൽ വഴിതെറ്റിയതു ഗാന്ധിജിയെ ദുഃഖിതനാക്കി.  

വെയിൽസ് രാജകുമാരന്റെ സന്ദർശനത്തെത്തുടർന്ന് തിരുവിതാംകൂറിൽ ഹർത്താലുണ്ടായി. ഒരു വർഷത്തോളം നിരോധനാജ്ഞ നിലനിന്ന കൊച്ചിയിൽ നിസ്സഹകരണ പ്രസ്ഥാനത്തിനു വലിയ ചലനങ്ങളുണ്ടാക്കാനായില്ല.

English Summary: Noncooperation Movement in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA