ADVERTISEMENT

വിശ്വാസം വെറും ആലങ്കാരിക ഭാവമല്ല; സൗഹൃദത്തിലായാലും ഈശ്വരനിലായാലും. കണ്ണുമടച്ചു വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പുലർത്തുന്ന സംശയത്തിന്റെ നേർത്ത ഇഴകൾ എല്ലാ ബന്ധങ്ങളിലും വിടവുകൾ സൃഷ്ടിക്കും. എത്ര വലിയ ആത്മബന്ധത്തിനിടയിലും ഓരോരുത്തരും അവനവന്റെ സ്വാർഥതയ്ക്കുള്ളിൽ നിന്നു കണ്ടെത്തുന്ന ചില സ്വയം ന്യായീകരണങ്ങളുണ്ട്.

വിശ്വസിച്ചവരെക്കുറിച്ചുള്ള കുറ്റങ്ങളും സ്വയം നീതീകരണങ്ങളുമാകും അവയെല്ലാം. പുറമേ, കാണിച്ച വിശ്വാസ പ്രദർശനങ്ങൾക്കിടയിലും ഉള്ളിന്റെയുള്ളിൽ അവിശ്വാസത്തിന്റെ കണികകൾ ഉണ്ടായിരുന്നുവെന്ന് വിശ്വാസം പരീക്ഷിക്കപ്പെടുന്ന സമയത്തു മാത്രമേ മനസ്സിലാകൂ.

വർഷങ്ങൾകൊണ്ടു കെട്ടിപ്പൊക്കിയ വിശ്വാസം നിമിഷങ്ങൾകൊണ്ടു തകർന്നടിയുന്നത് ആ ഒരു നിമിഷത്തെ വൈകാരികത കൊണ്ടല്ല; ആദ്യം മുതലേ ഉണ്ടായിരുന്നതും ഒളിപ്പിച്ചുവച്ചിരുന്നതുമായ അവിശ്വാസം കൊണ്ടാണ്. അതു പുറത്തുവരുന്നത് ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലാണെന്നു മാത്രം.

ഒരാളെ നൂറുശതമാനം വിശ്വസിക്കുമ്പോൾ അയാളുടെ വൈദഗ്ധ്യത്തെയും കഴിവുകളെയും മാത്രമല്ല, പോരായ്മകളെയും കഴിവുകേടുകളെയും കൂടിയാണു വിശ്വസിക്കുന്നത്. താൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തനിക്കിഷ്ടപ്പെടുന്ന രീതിയിൽ ചെയ്യണമെന്നു വാശിപിടിക്കുകയല്ല, അവർക്ക് അറിയാവുന്ന കാര്യങ്ങൾ അവരുടെ മികച്ച രീതിയിൽ ചെയ്യാൻ അനുവദിക്കുകയാണ് പരസ്പരവിശ്വാസത്തിലെ മാന്യത.

പരാതികളും നിബന്ധനകളുമില്ലാതെ പുലർത്തുന്ന ബന്ധങ്ങളിൽനിന്നു മാത്രമേ, സംശയാതീത വിശ്വാസം ഉടലെടുക്കൂ. ഉപാധികളില്ലാതെ ആരെങ്കിലും കൂടെ നിൽക്കുന്നുണ്ടെങ്കിൽ അവരെ അവിശ്വസിച്ച് അവഹേളിക്കരുത്. കൂടെ നിൽക്കാൻ ഒരാളുണ്ടാവുക എന്നതിനെക്കാൾ പ്രധാനമായി മറ്റെന്താണുള്ളത്?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com