ADVERTISEMENT

കോവിഡ് പരിശോധനയ്ക്കിടെ സമാന്തരമായി മറ്റൊരു പരിശോധന കൂടി കേരളത്തിൽ നടക്കുന്ന കാര്യം രാജ്യാന്തര മാധ്യമങ്ങൾ അറിഞ്ഞ മട്ടില്ല. രാഷ്ട്രീയനേതാക്കളുടെ ജനിതക പരിശോധനയുടെ കാര്യമാണു പറഞ്ഞുവരുന്നത്. ഇക്കാര്യം രാജ്യാന്തര മാധ്യമങ്ങൾക്കു ചോർന്നു കിട്ടിയിരുന്നെങ്കിൽ കേരളത്തിന്റെ കീർത്തി ഏഴാം കടലും കടന്നേനെ.

നേതാക്കളുടെ ഡിഎൻഎ പരിശോധനയ്ക്കു തുടക്കമിട്ടതു കോടിയേരി സഖാവല്ലാതെ മറ്റാരുമല്ല. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജിയിലും പരിശോധിച്ച ശേഷമാണു കോടിയേരി സഖാവ്, രമേശ് ചെന്നിത്തലയുടെ ജനിതകഘടന പുറത്തുവിട്ടത്. ജനിതകശാസ്ത്രത്തിൽ വാട്സൻ ആൻഡ് ക്രിക് കണ്ടുപിടിച്ച ഡബിൾ ഹെലിക്സ് സിദ്ധാന്തത്തിനു ശേഷം ഇത്രയും സ്ഫോടനാത്മകമായ ഒരു കണ്ടുപിടിത്തം മറ്റാരും നടത്തിയിട്ടില്ല.

രമേശിന്റെ പിതാവ് ആർഎസ്എസ് അനുഭാവിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ രമേശ് കോൺഗ്രസിലെ സർസംഘചാലക് ആണെന്നും കോടിയേരി സഖാവു കണ്ടെത്തിയത് ഏറെക്കാലം നീണ്ട പഠനമനനങ്ങൾക്കു ശേഷമാണ്. അതിനുവേണ്ടി അദ്ദേഹം എകെജി സെന്ററിലെ ലാബിൽ ജനിതകശാസ്ത്രത്തിനായി പ്രത്യേക വിഭാഗംതന്നെ സ്ഥാപിച്ചിരുന്നു. അവിടത്തെ പരിശോധനയിലാണു ചെന്നിത്തലയുടെ ജനിതകത്തിൽനിന്നു കാവിനിറം വേർതിരിച്ചെടുത്തത്. കൂടുതൽ വിശ്വാസ്യതയ്ക്കു വേണ്ടിയാണ് അതു രാജീവ് ഗാന്ധി സെന്ററിലേക്കും ഹൈദരാബാദിലേക്കുമെല്ലാം അയച്ചത്.

പാവം രമേശ് എന്തു ചെയ്യും? അദ്ദേഹം ഭൂമിയിൽ പിറന്നുവീണ ദിവസം തന്നെ ‘ക്വിറ്റ് ഇന്ത്യ, ക്വിറ്റ് ഇന്ത്യ’ എന്നു പറഞ്ഞിരുന്നുവെന്നാണു ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഒന്നാം പിറന്നാൾ ദിനത്തിൽ ‘ഡൂ ഓർ ഡൈ’ എന്നാണത്രെ അദ്ദേഹം ആഹ്വാനം ചെയ്തത്. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ അദ്ദേഹം വീടുവിട്ടിറങ്ങിയതാണ് (ഇതെല്ലാം ചെയ്യണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ജനിച്ചത് അൽപം വൈകിയായതു കൊണ്ടു മാത്രമാണ് അതു നടക്കാതിരുന്നത്). ഇത്തരത്തിലുള്ള ഒരു കറകളഞ്ഞ ദേശീയവാദിയെയാണു കോടിയേരി സഖാവ് ഒറ്റയടിക്കു കോൺഗ്രസിലെ സർസംഘചാലക് ആയി അവരോധിച്ചത്.

രമേശ്ജിയുടെ അച്ഛനല്ലെങ്കിൽ അപ്പൂപ്പൻ, അതുമല്ലെങ്കിൽ അപ്പൂപ്പന്റെ അപ്പൂപ്പൻ ഫാഷിസ്റ്റ് ആയിരുന്നുവെന്നു തെളിയിക്കാനുള്ള ഗവേഷണ വസ്തുതകൾ കോടിയേരി സഖാവിന്റെ കൈവശമുണ്ട്. അഞ്ചോ ആറോ തലമുറ മുൻപുള്ള ഒരു സ്വഭാവവിശേഷം പുതിയ തലമുറയിൽ എങ്ങുനിന്നില്ലാതെ പൊട്ടിവീഴുന്നതിനെ ജനിതക ശാസ്ത്രജ്ഞർ വിളിക്കുന്നത് ‘അറ്റാവിസം’ എന്നാണ്. അതിന്റെ ചുവടുപിടിച്ചാണെങ്കിലും രമേശിനെ സർസംഘചാലക് ആക്കാൻ കോടിയേരി സഖാവിനു കഴിയും.

ജനിതക പരിശോധന വ്യാപകമാക്കിയാൽ അതു മറ്റു പല നേതാക്കൾക്കും പ്രശ്നമുണ്ടാക്കുമെന്ന് മറ്റാരു മറന്നാലും കോടിയേരി സഖാവ് മറക്കാൻ പാടില്ലായിരുന്നു. ചക്കിനു വച്ചതു കൊക്കിനു കൊണ്ട പോലെയായി കാര്യങ്ങൾ. അടിച്ചതു കോടിയേരി സഖാവാണെങ്കിലും തിരിച്ചടി കിട്ടിയത് പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയ്ക്കാണ്. അദ്ദേഹം ചെറുപ്പത്തിൽ നിക്കർധാരിയായിരുന്നുവെന്നു വെളിപ്പെടുത്തിയതു ജന്മഭൂമിയാണ്. അതു വീക്ഷണം ഏറ്റുപിടിക്കുക കൂടി ചെയ്തതോടെ എസ്ആർപി സത്യം തുറന്നുപറഞ്ഞു.

തന്റെ ഡിഎൻഎ പരിശോധന നടത്താൻ വെല്ലുവിളിക്കാനൊന്നും അദ്ദേഹം പോയില്ല. 15 വയസ്സുവരെ താൻ ശാഖയിൽ പോയിട്ടുണ്ടെന്നും ധ്വജവന്ദനം നടത്തിയിട്ടുണ്ടെന്നുമെല്ലാം അദ്ദേഹം സമ്മതിച്ചു. സംഘത്തിലെ ഭാരവാഹിത്വം എന്തായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 15 വയസ്സു കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു സാർവദേശീയതയുടെ ഉൾവിളിയുണ്ടായി. 2–3 കൊല്ലം അതു കേട്ടില്ലെന്നു നടിച്ചു. എന്നാൽ, സഹിക്കാൻ വയ്യാതെ കമ്യൂണിസ്റ്റായി. അതൊരു തെറ്റാണോ? ‘ചതിപെട്ടാൽ പുനരെന്തരുതാത്തതു/ഗതികെട്ടാൽ പുലി പുല്ലു തിന്നും’ എന്നല്ലേ കാര്യവിവരമുള്ളവർ പറഞ്ഞിരിക്കുന്നത്?

ജനിതക പരിശോധന വ്യാപകമാക്കിയാൽ രമേശ്ജിയും എസ്ആർപിയും മാത്രമല്ല പരിശോധിക്കപ്പെടുക. മറ്റു പല നേതാക്കളുടെയും പൂർവാശ്രമം ചികഞ്ഞാൽ സംഗതി ആകപ്പാടെ നാറ്റക്കേസാവാൻ സാധ്യതയുണ്ട്. അതുകൊണ്ടു ഡിഎൻഎ ടെസ്റ്റ് നിർത്തിവച്ച് കോവിഡ് കണ്ടെത്താനുള്ള ട്രൂനാറ്റ് ടെസ്റ്റ്, ആന്റിജൻ ടെസ്റ്റ് എന്നിവയുമായി മുന്നോട്ടു പോകുന്നതാവും തൽക്കാലം നല്ലത്.

 കളി കേരളത്തോടോ? 

അയർലൻഡിൽ റവല്യൂഷനറി സ്പിരിറ്റ് എന്നൊരു ജിൻ ഇറങ്ങിയ വാർത്ത മാധ്യമങ്ങൾ ആഘോഷിച്ചതു കണ്ടപ്പോൾ ഇതിലെന്താണ് ഇത്ര ആശ്ചര്യം എന്നു തോന്നിപ്പോയി. സംരംഭത്തിനു പിന്നിൽ ഒരു മലയാളി വനിതയാണെന്നു കേട്ടതോടെ ആശ്ചര്യം തരിമ്പും ഇല്ലാതായി. സ്പിരിറ്റിൽ റവല്യൂഷനോ റവല്യൂഷനിൽ സ്പിരിറ്റോ ചേർക്കുന്ന വിദ്യയുടെ പേറ്റന്റ് കേരളത്തിനാണെന്ന് ആർക്കും സംശയമുണ്ടാകുമെന്നു തോന്നുന്നില്ല. നമ്മുടെ സ്വന്തം വിപ്ലവാരിഷ്ടത്തിന്റെ ഒരു അകന്ന കസിൻ മാത്രമായിട്ടേ അയർലൻഡിലെ വിപ്ലവാരിഷ്ടം വരൂ – വിപ്ലവത്തിന്റെ കാര്യത്തിലായാലും വീര്യത്തിന്റെ കാര്യത്തിലായാലും.

റവല്യൂഷനറി സ്പിരിറ്റ് എന്നു കുപ്പിക്കു പുറത്ത് എഴുതിവച്ചിട്ടുണ്ടെങ്കിലും ജിന്നിന്റെ യഥാർഥ പേർ ‘മഹാറാണി’യെന്നാണെന്ന് അറിയുമ്പോൾത്തന്നെ സംഗതിയുടെ പൂച്ച് പുറത്തു വരും. റവല്യൂഷനും മഹാറാണിയും തമ്മിലെന്താണു ചേർച്ച? അയർലൻഡിലെ വിപ്ലവ സ്പിരിറ്റ് കുടിച്ച് ആരും മഹാരാജാക്കന്മാരെയോ മഹാറാണിമാരെയോ സ്ഥാനഭ്രഷ്ടരാക്കാൻ വിപ്ലവം നടത്തിയിട്ടില്ല. എന്നാൽ, നമ്മളുടെ വിപ്ലവാരിഷ്ടത്തിന്റെ കാര്യം അങ്ങനെയാണോ? അരിഷ്ടം കുടിച്ച് എത്രയെത്ര ചെഗവാരമാരും കാസ്ട്രോമാരുമാണു കൊച്ചുകേരളത്തിൽ ഉണ്ടായിട്ടുള്ളത്.

ജിന്നോ ചെകുത്താനോ എന്തുമായിക്കൊള്ളട്ടെ, വിപ്ലവ സ്പിരിറ്റിന്റെ പേരുപറഞ്ഞു മലയാളിയെ വിരട്ടാൻ വന്നാൽ വിപ്ലവാരിഷ്ടം കാലങ്ങൾക്കു മുൻപേ ശീലമാക്കിയ മലയാളി പറയും: വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്!

കോവിഡ്കാലത്തെ വിഐപി

എല്ലാ കോവിഡ് ആശുപത്രികളിലൂം മൂന്നു വിഐപി മുറികൾ സജ്ജീകരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശം എന്തുകൊണ്ടും നന്നായി. ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാകുന്നു വിഐപികൾ. എല്ലാവരും ഒരുപോലെയാകുന്ന മാവേലിക്കാലമല്ല ജനാധിപത്യം. അതിൽ എല്ലാ മൃഗങ്ങളും തുല്യരാണെങ്കിലും ചില മൃഗങ്ങൾ കൂടുതൽ തുല്യരാണെന്നു പ്രത്യേകം പറയേണ്ടതില്ല. അവരെയാണു നാട്ടുമുറ പ്രകാരം വിഐപികളെന്നു വിളിക്കുക.

വിഐപികളെ തിരിച്ചറിയാനുള്ള കഴിവൊന്നും കൊറോണ വൈറസിന് ഇല്ലാത്തതിനാൽ വിഐപി/നോൺ വിഐപി ഭേദമില്ലാതെ എല്ലാവരെയും അത് ആക്രമിക്കുന്നുണ്ട്. വൈറസിനു വകതിരിവില്ലെങ്കിലും സർക്കാരിന് അങ്ങനെയാകാൻ പറ്റുമോ? ബിപിഎൽകാരനായ നോൺ വിഐപിക്കു കോവിഡ് വന്നാൽ കിടത്തിച്ചികിത്സിക്കാൻ ഏതെങ്കിലും കല്യാണമണ്ഡപത്തിലോ സ്റ്റേഡിയത്തിലോ ഒരു കട്ടിലും കിടക്കയും ഇട്ടാൽ മതി. എന്നാൽ, വിഐപികൾക്ക് അതു പോരെന്നു നോൺവിഐപികളും തലകുലുക്കി സമ്മതിക്കും. അതുകൊണ്ടു കോവിഡ് ആശുപത്രികളിൽ വിഐപി മുറികൾ സജ്ജമാക്കാൻ ഒരു നിമിഷം പോലും വൈകിക്കൂടാ. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്നു പറയുന്നതിൽ അൽപം കഴമ്പൊക്കെയുണ്ട്.

സ്റ്റോപ് പ്രസ്: സർക്കാരിന്റെ കോവിഡ് പ്രതിരോധം പാളിയെന്നു പ്രതിപക്ഷം.

ചെലോൽതു റെഡിയാകും ചെലോൽതു റെഡിയാവൂല! 

English Summary: Aazhchakurippukal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com