ADVERTISEMENT

ഒരു ഘട്ടത്തിൽ കോവിഡിൽ ഡൽഹിയാകെ വിറങ്ങലിച്ചു പോയിരുന്നു.  പ്രതിരോധം പാളിയെന്ന് സുപ്രീംകോടതി വരെ  ഡൽഹി സർക്കാരിനെ വിമർശിച്ചു.  പക്ഷേ, ഡൽഹി ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്.  ഈ മാറ്റം സാധ്യമായത് എങ്ങനെ? കോവിഡ് പ്രതിരോധത്തെയും ദേശീയ രാഷ്ട്രീയത്തെയും കുറിച്ച് ഡൽഹി മുഖ്യമന്ത്രി  അരവിന്ദ് കേജ്‌രിവാൾ ‌മനോരമയോട്....

∙ കോവിഡ് വരിഞ്ഞുമുറുക്കിയ നഗരത്തിൽനിന്ന് കോവിഡ് ചികിത്സയിൽ മാതൃകയായ നഗരത്തിലേക്ക് – ഡൽഹിയുടെ ഈ മാറ്റം സാധ്യമായത് എങ്ങനെ. 

മേയ് അവസാനം വരെ ഡൽഹിയിലെ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. ഡൽഹിയിൽ ലോക്ഡൗൺ തുടങ്ങുന്ന സമയംതന്നെ, കോവിഡ് കേസുകൾ പെരുകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ വ്യാപനം ഞങ്ങൾ പ്രതീക്ഷിച്ചതിനുമപ്പുറമായിരുന്നു. രണ്ടു മാസം പിന്നിട്ടപ്പോൾ  സ്ഥിതി മാറിമറിഞ്ഞു. ഇപ്പോൾ ഡൽഹിയിൽ 10,000 പോസിറ്റീവ് കേസുകളാണുള്ളതാണ്–രാജ്യത്ത് ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പതിനാലാമത്; ഏറ്റവും കൂടുതൽ രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനം എന്ന നിലയിൽനിന്നാണ് ഈ മാറ്റം. ഡൽഹിയുടെ രോഗമുക്തി നിരക്ക് 90% ആണ്, രാജ്യത്തെ ഏറ്റവും ഉയർന്ന തോത്. നിലവിൽ സംസ്ഥാനത്തെ 80% ആശുപത്രിക്കിടക്കകളും ഒഴിഞ്ഞുകിടക്കുന്നു. കോവിഡ് ചികിത്സാകേന്ദ്രങ്ങളായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഹോട്ടലുകൾ ഈയാഴ്ച വിട്ടുകൊടുക്കുകയും ചെയ്തു.

ഡൽഹി മാതൃകയുടെ മൂന്നു പ്രധാന തത്വങ്ങളാണ് ഇതു സാധ്യമാക്കിയത്. ആദ്യത്തേത്, ഡൽഹി മാതൃകയുടെ അടിത്തറയായ കൂട്ടായ പ്രവർത്തനം. ഒരു വ്യക്തിക്കോ സർക്കാരിനോ തനിച്ച് കൊറോണ വൈറസിനെ തോൽപിക്കാനാവില്ലെന്ന ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു. അതുകൊണ്ട് ഓരോരുത്തരുടെയും അടുക്കൽ ഞങ്ങൾ സഹായം തേടിച്ചെന്നു. അതിൽ കേന്ദ്രസർക്കാരുണ്ട്, മതസംഘടനകളുണ്ട്, സാമൂഹിക പ്രസ്ഥാനങ്ങളുണ്ട്, നിശ്ചയമായും ഡൽഹിയിലെ രണ്ടു കോടി ജനങ്ങളും. വൈറസിനെതിരെ എല്ലാവരും ഒരുമിച്ചു നിന്നു പൊരുതി.

ക്രിയാത്മകമായ വിമർശനങ്ങളെ അംഗീകരിക്കുകയും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരനടപടികൾ സ്വീകരിക്കുകയുമാണു  ഡൽഹിമോഡൽ സാധ്യമാക്കിയ രണ്ടാമത്തെ ഘടകം. ഉദാഹരണത്തിന്, ജൂൺ ആദ്യം ലോക് നായക് ആശുപത്രിക്കെതിരെ ഒട്ടേറെ പരാതികൾ ഞങ്ങൾക്കു ലഭിച്ചു. രണ്ടായിരം കിടക്കകളുള്ള ഡൽഹിസർക്കാരിന്റെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയാണത്. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയവരുമായി വഴക്കിനു പോകാതെ, ഞങ്ങൾ അവ മനസ്സിലാക്കി ഓരോന്നായി പരിഹരിച്ചു. ഇക്കാര്യത്തിൽ സുപ്രധാന പങ്ക് വഹിച്ച മാധ്യമങ്ങളോടു നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു.

മൂന്നാമത്തെ തത്വം, സ്ഥിതി എത്ര മോശമായിത്തീർന്നാലും സർക്കാരിന് തോറ്റുകൊടുക്കാൻ പാടില്ല. അടുത്തിടെ, കർണാടക ആരോഗ്യമന്ത്രി പറഞ്ഞു: ‘ഇനി ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കാനാവൂ.’മന്ത്രിയുടെ ഉത്കണ്ഠയും നൈരാശ്യവും എനിക്കു മനസിലാക്കാനാവും. പക്ഷേ ഒരു സർക്കാരാവുമ്പോൾ നിങ്ങൾക്കു മുട്ടുമടക്കാനാവില്ല–കാരണം, നിങ്ങൾ കയ്യൊഴിഞ്ഞാൽ എത്ര മരണങ്ങളിലേക്കാവും അത് നിങ്ങളെ കൊണ്ടുപോകുകയെന്ന് സങ്കൽപിക്കാനാവില്ല.

ഇപ്പറഞ്ഞവയ്ക്കു പുറമേ ഡൽഹി മാതൃകയ്ക്കു നാലു വിശിഷ്ടമായ തൂണുകളുണ്ട്. ഡൽഹി മാതൃകയുടെ ഏറ്റവും ശക്തമായ തൂണ്  വീട്ടിലെ ഐസലേഷൻ പദ്ധതിയാണ്. നേരിയ ലക്ഷണങ്ങൾ മാത്രമേയുള്ളു എങ്കിൽ വീടിനുള്ളിൽ ഐസലേഷനിൽ കഴിഞ്ഞു സുഖം പ്രാപിക്കാനാവുമെന്ന ആത്മവിശ്വാസം  പകരാനുളള സംവിധാനം ഏർപ്പെടുത്താൻ സർക്കാരിനായി. കോവിഡ് ബാധിതരിൽ 90 ശതമാനവും നേരിയ ലക്ഷണങ്ങൾ മാത്രം ഉള്ളവരാണെന്നതും ഓർക്കുക.

ഡോക്ടർമാർ എല്ലാ ദിവസവും ഹോം ഐസലേഷനിൽ ഉള്ളവരെ വിളിക്കും, ആവശ്യമായ മാർഗനിർദേശങ്ങൾ നൽകും.  ഹോം ഐസലേഷനിലുള്ള എല്ലാവർക്കും സർക്കാർ ഓക്സിമീറ്റർ സൗജന്യമായി നൽകി. ആരോഗ്യനില സ്വയം പരിശോധിക്കാൻ ഇത് അവസരം നൽകി. ലക്ഷണങ്ങൾ ഗുരുതരമായാൽ എത്രയും നേരത്തേ സഹായമെത്തിക്കാനും ഇതു സഹായിച്ചു.  മറുവശത്ത് ഈ സംവിധാനം,  ഗുരുതരാവസ്ഥയിലുളളവരുടെ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഡോക്ടർമാരെയും ആശുപത്രികളെയും സഹായിക്കുകയും ചെയ്തു.

രണ്ടാമതായി, ഏതു ഘട്ടത്തിലും  വേണ്ടത്ര ആശുപത്രിക്കിടക്കകൾ ഞങ്ങൾ ഉറപ്പുവരുത്തി. വിപുലമായ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ സജ്ജീകരിച്ചു. എല്ലാ ആശുപത്രികളിലും ഐസിയു, ഓക്സിജൻ കിടക്കകൾ എന്നിവയുടെ എണ്ണം കൂട്ടി. ഓരോ ഘട്ടത്തിലും ഡൽഹിയിലെ ഓരോ സർക്കാർ, സ്വകാര്യ ആശുപത്രിയിലെയും ഐസിയു, കിടക്ക എന്നിവയുടെ ലഭ്യത ഡൽഹി കൊറോണ ആപ് വഴി കൃത്യമായി നൽകി. മൂന്നാമതായി, കോവിഡ് പരിശോധന എല്ലാവർക്കും ലഭ്യമാക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കി. ദ്രുത പരിശോധനയ്ക്കായി നഗരത്തിലെങ്ങും ഒട്ടേറെ ക്യാംപുകൾ തുറന്നു.  ഇതു മൂലം കേസുകൾ നേരത്തേ കണ്ടെത്താനും സമ്പർക്കവിലക്ക് ഏർപ്പെടുത്താനും സാധിച്ചു. ഓരോ പത്തു ലക്ഷത്തിനും 50,000 പേർ എന്ന നിലയിൽ  മറ്റേതു സംസ്ഥാനത്തേക്കാളും കൂടുതൽ പരിശോധനകളാണു ഡൽഹി നടത്തിക്കൊണ്ടിരിക്കുന്നത്.

നാലാമതായി, ഗുരുതരാവസ്ഥയിലുള്ളവർക്കു കോൺവലസന്റ് പ്ലാസ്മ തെറപി പരീക്ഷിച്ചത് ആദ്യമായി ഡൽഹി ആശുപത്രികളിലാണ്. ഞങ്ങൾ രാജ്യത്തെ ആദ്യ കോവിഡ് പ്ലാസ്മ ബാങ് ആരംഭിച്ചു. കോവിഡ് മുക്തരായവരുടെ പ്ലാസ്മ ശേഖരിച്ചു നടത്തുന്ന പ്ലാസ്മ തെറപി സംബന്ധിച്ചു വിപുലമായ ബോധവൽക്കരണം ജനങ്ങൾക്കിടയിൽ നടത്തിയതോടെ , കോവിഡ് മുക്തരായ ഒട്ടേറെപ്പേരാണു പ്ലാസ്മ ദാനം ചെയ്യാൻ മുന്നോട്ടുവന്നത്. ഇതോടെ ഗുരുതരാവസ്ഥയിലുള്ളവർക്കു പ്ലാസ്മ സൗജന്യമായും തടസ്സങ്ങളില്ലാതെയും ലഭ്യമാക്കാൻ കഴിഞ്ഞു. കാര്യങ്ങൾ ഇപ്പോൾ  മെച്ചപ്പെട്ടുവെങ്കിലും അലംഭാവത്തോടെയിരിക്കാനാവില്ല. വീണ്ടും വ്യാപനം ഉണ്ടായാൽ അതു നേരിടാൻ ഞങ്ങൾ തയാറെടുത്തിട്ടുണ്ട്. കോവിഡ് മൂലം തകർന്ന സമ്പദ്ഘടന യെ ഉത്തേജിപ്പിക്കാനുള്ള നടപടികളിലും സർക്കാർ ശ്രദ്ധിക്കുന്നു.

∙ കോവിഡ് വ്യാപനം കുറയുന്നതു സംബന്ധിച്ച് സർക്കാർ വിലയിരുത്തൽ എന്താണ് ? എപ്പോഴാണു ഡൽഹി കോവിഡ്മുക്തമാകുക?

പുതുതായി ആർക്കും അസുഖം ഇല്ല എന്ന സ്ഥിതി വരും വരെ ഡൽഹി കോവിഡ്മുക്തമായി എന്നു നമുക്കു പറയാനാവില്ല. ദൗർഭാഗ്യവശാൽ വൈറസ് തീർത്തും പ്രവചനാതീതമായതിനാൽ, കോവിഡ്മുക്ത അവസ്ഥ എന്നു സംഭവിക്കുമെന്നും ആർക്കും പറയാനാവില്ല. പക്ഷേ, പ്രതിദിന കേസുകളുടെയും മരണങ്ങളുടെയും കണക്കെടുത്താൽ കോവിഡ് വ്യാപനം വലിയതോതിൽ പിടിച്ചുനിർത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഡൽഹിയുടെ കോവിഡ്‌മുക്തി നിരക്ക് ഇപ്പോൾ 90% അടുത്തു. പ്രതിദിനം 120ലേറെ മരണം സംഭവിച്ചിരുന്നിടത്ത് ജൂൺ പകുതിയായപ്പോഴേക്കും  പ്രതിദിന മരണം 25–30 ആയി കുറയ്ക്കാൻ കഴിഞ്ഞു. ഓരോ ജീവനും രക്ഷിക്കുന്നതിലാണു ഞങ്ങളുടെ ശ്രദ്ധ. കഴിഞ്ഞ 2 മാസത്തിനിടെ ഐസിയു കിടക്കകളുടെ എണ്ണം നാലിരട്ടിയായി  വർധിപ്പിക്കാൻ കഴിഞ്ഞു. കോവിഡ് മരണനിരക്ക് ഉയർന്നുനിൽക്കുന്ന 11 ആശുപത്രികളിൽ എങ്ങനെ മരണസംഖ്യ പരമാവധി കുറയ്ക്കാനാകുമെന്നു പഠിക്കാനായി ഡോക്ടർമാരുടെ നാലു സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഓരോ വ്യക്തിയുടെയും നില ഞാൻ നേരിട്ടു നിരീക്ഷിക്കുന്നു. കോവിഡ് മരണം പൂർണമായും തടയാൻ കഴിഞ്ഞാൽ, പിന്തെന്തിനു കൊറോണ വൈറസിനെ ഭയപ്പെടണം? അതു മറ്റേതു പനിയും പോലെ, വന്നുപോകും.

∙ ഒരു ഘട്ടത്തിൽ കോവിഡ് ചികിത്സ, മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നത്, ഡോക്ടർമാർക്കെതിരായ നടപടി തുടങ്ങിയ വിഷയങ്ങളിൽ ഡൽഹി സർക്കാരിനെ സുപ്രീം കോടതി വരെ വിമർശിച്ചു. ആ പ്രശ്നങ്ങളെ എങ്ങനെയാണു നേരിട്ടത് ?

ഞങ്ങൾ വിമർശനങ്ങളോടു നിഷേധസമീപനം സ്വീകരിച്ചില്ല. ഓരോ വിമർശനവും സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരമാക്കി മാറ്റി. കോവിഡിനു മുന്നിൽ ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളുടെ ആരോഗ്യസംവിധാനങ്ങൾ വരെ തകർന്നടിയുന്നതു നാം കണ്ടതാണ്. ദേശീയ തലസ്ഥാനമായ ഡൽഹിയിലാണു രാജ്യത്ത് ഏറ്റവുമധികം വിദേശികൾ വന്നിറങ്ങുന്നത്. അതിനാൽ ഏറ്റവും അപകടാവസ്ഥയിലായതും ഡൽഹിയാണ്. ജൂൺ ആദ്യം ഡൽഹിയിലെ കോവിഡ് ബാധിതർ പെരുകിയതോടെ ഞങ്ങളുടെ സംവിധാനങ്ങളും സമ്മർദത്തിലായി. കോടതികളും മാധ്യമങ്ങളും ഞങ്ങളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി. പൗരന്മാരും അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഞങ്ങൾ എല്ലാ പിഴവുകളും അംഗീകരിച്ചു, അവ ഓരോന്നും രേഖപ്പെടുത്തി, പടിപടിയായി പരിഹരിക്കാൻ നടപടിയെടുത്തു. എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും 24 മണിക്കൂർ നിരീക്ഷണത്തിനായി  മുഖ്യമന്ത്രിയുടെ പ്രതിനിധികളെ ഞാൻ നിയോഗിച്ചു. ഇന്ന് വിമർശിച്ച അതേ കോടതികൾ ഞങ്ങളുടെ പരിശ്രമങ്ങളെ പ്രശംസിക്കുന്നു. ആംബുലൻസുകളുടെ എണ്ണം കൂട്ടുക, ഹെൽപ്‌ലൈനുകളുടെ ശേഷി വർധിപ്പിക്കുക, പരിശോധനസൗകര്യങ്ങൾ വിപുലമാക്കുക, പ്ലാസ്മ ബാങ്കുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഡൽഹി സർക്കാർ ഫലപ്രദമായ നടപടികളെടുത്തു എന്ന് കഴിഞ്ഞയാഴ്ചയാണു ഡൽഹിഹൈക്കോടതി നിരീക്ഷിച്ചത്.

∙ കേന്ദ്രസർക്കാർ, പ്രത്യേകിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടശേഷമാണു ഡൽഹിയുടെ സ്ഥിതിയിൽ മാറ്റം വന്നതെന്ന് ചിലർ പറയുന്നു.  എന്തുകൊണ്ടാണു കേന്ദ്രസഹായം തേടാൻ വൈകിയത്?

നേട്ടങ്ങൾക്ക് അവകാശവാദം ഉന്നയിക്കാനുള്ള സമയമാണ് ഇതെന്ന് എനിക്കു തോന്നുന്നില്ല. ഞാൻ ഇക്കാര്യം മുൻപും പറഞ്ഞിട്ടുണ്ട്–എല്ലാ അംഗീകാരവും അവരെടുത്തുകൊള്ളട്ടെ, ഉത്തരവാദിത്തങ്ങളെല്ലാം എന്റേതും. ഡൽഹി മുഖ്യമന്ത്രി എന്ന നിലയിൽ എന്റെ സംസ്ഥാനത്തെ ജനങ്ങളെ സംരക്ഷിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഡൽഹിയിൽ വൈറസിനെ നേരിടാൻ ഞങ്ങൾക്ക് എല്ലാവരുടെയും സഹായം ചോദിക്കേണ്ടിവന്നു. കേന്ദ്രസഹായവും തേടി. ഓക്സിജൻ സിലണ്ടറുകൾ, വെന്റിലേറ്റററുകൾ, പരിശോധനാകിറ്റുകൾ തുടങ്ങിയവ തന്ന് കേന്ദ്രം സഹായിച്ചു.  മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്തവിധം തീവ്രമായ ഈ മഹാമാരിക്കെതിരെ ഒരു സർക്കാരിനും ഒറ്റയ്ക്കു പോരാടാനാവില്ല–നമുക്കു മറ്റുള്ളവരുമായി ചേർന്നുപ്രവർത്തിക്കാതെ കഴിയില്ല.   ഞാൻ എല്ലാവരുടെയും സഹായം ആവശ്യപ്പെട്ടു–കേന്ദ്ര സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഹോട്ടലുകൾ, റസിഡന്റസ് അസോസിയേഷനുകൾ, എൻജിഒകൾ, മതസ്ഥാപനങ്ങൾ. അവരെല്ലാം അനുകൂലമായി പ്രതികരിച്ചു. ഞങ്ങൾ എല്ലാവരോടും നന്ദി പറയുന്നു. അംഗീകാരത്തിനായി പോരടിക്കാൻ ഞങ്ങളില്ല.

∙ സ്വകാര്യ ആശുപത്രിയിലെ ചികിത്സാനിരക്കുകൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും അതു നടപ്പിൽ വരുത്താൻ ശ്രമമുണ്ടായില്ലെന്ന് ചില രോഗികളും സാമൂഹികസംഘടനകളും പരാതികൾ ഉന്നയിക്കുകയുണ്ടായി. ഇക്കാര്യത്തിൽ എന്തു നടപടിയാണുണ്ടാവുക ?

തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മാതൃകകൾ പഠിച്ചശേഷം വളരെ ശ്രദ്ധിച്ചാണു ഞങ്ങൾ സ്വകാര്യ ആശുപത്രികളുടെ നിരക്കുകൾ തയാറാക്കിയത്. എന്താണ് പ്രായോഗികം, എന്താണു പ്രായോഗികമല്ലാത്തത് എന്നു ഞങ്ങൾ കണ്ടു. ചില കേസുകളിൽ കടുത്ത നിയമ ലംഘനങ്ങൾ ഉണ്ടായതിന്റെ റിപ്പോർട്ടുകളുണ്ട്. അതിനെതിരെ നടപടിയുണ്ടാവും. എങ്കിലും പൊതുവേ സംവിധാനം പ്രശ്നങ്ങളില്ലാതെയാണു മുന്നോട്ടു പോയത്.

∙ കോവിഡ് ബാധിതരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ഒരു സംവിധാനമില്ല. കോവിഡുമായി ബന്ധപ്പെട്ടു പരാതിയുണ്ടെങ്കിൽ ജനങ്ങൾക്കു പരാതി അയയ്ക്കാൻ ഒരു അധികാരകേന്ദ്രമോ ഓഫിസോ ഇല്ല. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഓഡിററ് ചെയ്യാൻ ഫലപ്രദമായ സംവിധാനം ഉണ്ടോ?

സത്യത്തിൽ മറിച്ചാണ് കാര്യങ്ങൾ,  ഡൽഹിയിലാണു ഏറ്റവും വികേന്ദ്രീകൃതമായ പരാതിപരിഹാര സംവിധാനങ്ങളുള്ളത്. മാർച്ചിൽത്തന്നെ, ഞങ്ങൾ മുഖ്യമന്ത്രിയുടെ പ്രതിനിധികളെ എല്ലാ സർക്കാർ ആശുപത്രികളിലും ക്വാറന്റീൻ കേന്ദ്രങ്ങളിലും നിയോഗിച്ചു. ജൂണിൽ, ചില സ്വകാര്യ ആശുപത്രികൾ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നില്ലെന്നും മറ്റും സംശയമുയർന്നപ്പോൾ ഈ ആശുപത്രികളിൽ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കാരിന്റെ പ്രതിനിധികളെ നിയോഗിച്ചു. എന്നാൽ സർക്കാർ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ഏറ്റവും വലിയ പദ്ധതി ഡൽഹി കൊറോണ ആപ് ആണ്. ഇതു മറ്റൊരു സർക്കാരും ചെയ്തിട്ടില്ല. പല ആശുപത്രികളും കിടക്കകളുടെ ലഭ്യത മറച്ചുവയ്ക്കുന്നതായും അത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും ഞങ്ങൾ മനസിലാക്കി. മുഴുവൻ സംവിധാനങ്ങളും സുതാര്യമാക്കാനുള്ള നടപടികൾ ആശുപത്രികളുമായി ചേർന്നു സർക്കാർ സജ്ജീകരിച്ചു. ഇപ്പോൾ ഒരു ആശുപത്രിക്കും കിടക്കയുടെയും വെന്റിലേറ്ററിന്റെയും ലഭ്യത സംബന്ധിച്ചു നുണ പറയാനാവില്ല, കോവിഡ് ചികിത്സാ വിവരങ്ങൾ കൃത്യമായി നൽകുന്നതിൽ ആപ് വിജയമാണ്.

∙ഡൽഹിയുടെ രോഗമുക്തി നിരക്ക് ഉയർത്തുന്നതിൽ വീട്ടിലെ ഐസലേഷൻ ഒരു വഴിത്തിരിവായിരുന്നു. എങ്ങനെയാണിത് കൃത്യമായി നടപ്പിലാക്കിയത്? ഇതിൽനിന്നു താങ്കൾക്കു ലഭിച്ച പാഠമെന്താണ്? ലഫ്. ഗവർണറുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാമായിരുന്നു എന്നു താങ്കൾക്കു തോന്നുന്നുണ്ടോ?

രാഷ്ട്രീയശൂന്യത രാജ്യത്തുണ്ട്. ചൈന നമ്മെ അതിർത്തിയിൽ ബുദ്ധിമുട്ടിക്കുകയും രാജ്യമെങ്ങും കൊറോണ വൈറസ് പടരുകയും ചെയ്തിരിക്കെ രാജ്യത്തെ രണ്ടു മുഖ്യ രാഷ്ട്രീയകക്ഷികൾ രാജസ്ഥാനിൽ പോരടിക്കുകയാണ്. ആരാണു രാജ്യത്തെ കൊറോണ വൈറസിൽനിന്നും ചൈനയിൽനിന്നും രക്ഷിക്കുക?  

രാജ്യത്തെക്കുറിച്ചാണ് ഞാൻ കൂടുതൽ ആശങ്കപ്പെടുന്നത്. ഈ സമയം, രാജ്യത്തെ ഒരുമിച്ചുനിർത്തി വൈറസിനെതിരെ പോരാടുകയും ചൈനയെ നേരിടുകമാണു കേന്ദ്രസർക്കാരും ബിജെപിയും ചെയ്യേണ്ടിയിരുന്നത്. പകരം, അവർ ചീഞ്ഞ രാഷ്ട്രീയം കളിക്കുകയും എംഎൽഎമാരെ കുതിരക്കച്ചവടം ചെയ്യുകയുമാണ്. സർക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. ഇതു ശരിയല്ല. പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് മരിച്ചുകഴിഞ്ഞു. ബിജെപിക്കു ബദലിനുള്ള ലക്ഷണവുമില്ല. കോൺഗ്രസായാലും ബിജെപിയായാലും ജനങ്ങൾ സന്തുഷ്ടരല്ല. പല സംസ്ഥാനങ്ങളിലും ഇവരിലാർക്ക് വോട്ട് ചെയ്താലും ഫലമൊന്നുതന്നെ. കാരണം എംഎൽഎമാരെ വിലയ്ക്കുവാങ്ങാനും വിൽക്കാനുമാകും. വോട്ടർമാരാണു വഞ്ചിതരാകുന്നത്. ഈയൊരു അന്തരീഷത്തിൽ, രാജ്യത്ത് ഒരു ബദൽ ഉറപ്പായും ഉയർന്നുവരും. ആ ബദൽ എന്താണെന്നു ഇപ്പോൾ പറയാനാവില്ല.

ദേശീയ തലത്തിലെ രാഷ്ട്രീയ ശൂന്യത പരിഹരിക്കാൻ എഎപിക്കാവുമെന്ന് ഞാൻ അവകാശപ്പെട്ടാൽ അത് അഹങ്കാരമാകും. ഞങ്ങളുടെ കക്ഷി വളരെ ചെറുതാണ്. പക്ഷേ രാജ്യമെമ്പാടും ജനങ്ങൾ എഎപിയെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഭരണമികവിന്റെ  അടസ്ഥാനത്തിൽ സത്യസന്ധമായ ഫണ്ടുകൾ ഉപയോഗിച്ചു തിരഞ്ഞെടുപ്പിൽ ജയിക്കാനാവുമെന്ന് ഞങ്ങൾ തെളിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം,വൈദ്യുതി, ശുദ്ധജലം എന്നീ മേഖലയിലുണ്ടാക്കിയ നേട്ടങ്ങളുടെയും ഇപ്പോൾ കോവിഡ് നേരിട്ടതിന്റെയും പേരിൽ ജനങ്ങൾക്ക് എഎപിയിൽ പ്രതീക്ഷയുണ്ട്. സംഘടന ആ റോളിലേക്ക് ഉയരാനും ആഗ്രഹിക്കുന്നു.  രാഷ്ട്രീയശൂന്യത നികത്താൻ എഎപിക്കാവുമോ എന്നതു കാലം തെളിയിക്കട്ടെ.

∙എഎപിയുടെ ഭാവിപദ്ധതികൾ ? കേരളം പോലെയുളള സംസ്ഥാനങ്ങളിൽ പാർട്ടി തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. കൂടുതൽ വികാസത്തിനു പദ്ധതിയുണ്ടോ?

ഞങ്ങളുടേത് പ്രായംകുറഞ്ഞ പാർട്ടിയാണ്. ഇന്ത്യയൊട്ടാകെ വ്യാപിക്കാൻ സമയമെടുക്കും. ഡൽഹിയിൽ ഞങ്ങൾ മൂന്നുവട്ടം സർക്കാരുണ്ടാക്കി. പഞ്ചാബിൽ മുഖ്യ പ്രതിപക്ഷമാണ്. മറ്റൊരു കക്ഷിക്കും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ നേട്ടം കൈവരിക്കാനായിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയവും ഭരണശൈലിയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. സമയം അനുകൂലമാകുമ്പോൾ ഞങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു തീർച്ചയായും വികസിക്കും.

∙ ഡൽഹിയിൽ മലയാളികളുടെ നല്ല സാന്നിധ്യമുണ്ട്. നാലു മലയാളി സ്കൂളുകൾ, രണ്ടു മലയാള ദിനപത്രങ്ങൾ ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്നു. മലയാളിസമൂഹത്തിനു താങ്കളുടെ സന്ദേശമെന്താണ്?

ഡൽഹിയിൽ മലയാളികൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്, മലയാളുടെ സംഭാവനകളെ ഞങ്ങൾ വിലമതിക്കുന്നു. ഏതു നഗരത്തിൽ പോയാലും മലയാളികളുടെ സംരംഭകത്വ മികവ് കാണാനാവും. സമ്പന്നമായ മലയാളിസംസ്കാരം ഡൽഹിയുടെ ഊർജസ്വലതയ്ക്കു മിഴിവേകുന്നു. കൊറോണ വൈറസിനെ നേരിടാനുള്ള യുദ്ധത്തിൽ മുന്നിൽ നിന്ന മലയാളി ആരോഗ്യപ്രവർത്തകരുടെ സേവനം ഡൽഹിക്കു മാത്രമല്ല രാജ്യത്തിനു മുഴുവനും മുതൽക്കൂട്ടായി.ഡൽഹി സർക്കാരിന്റെ കലാ, സാംസ്കാരിക,ഭാഷ വകുപ്പിനു കീഴിൽ മലയാളം അക്കാദമി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. മലയാള ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഡൽഹി മലയാളിസമൂഹത്തിന്റെ നിർദേശങ്ങൾ കൂടി പരിഗണിച്ചാവും പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com