ADVERTISEMENT

മൂന്നാർ രാജമലയ്ക്കു സമീപം പെട്ടിമുടിയിൽ സംഭവിച്ച ഉരുൾപൊട്ടൽ, 2019 വയനാട് പുത്തുമലയിൽ സംഭവിച്ചതിനു സമാനമാണ്. തേയിലത്തോട്ടങ്ങൾക്കു മുകൾഭാഗത്തുള്ള വലിയ പാറ പാവപ്പെട്ട തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലേക്ക് ഊർന്നിറങ്ങിയാണ് ഈ ഭയാനക ദുരന്തം ഉണ്ടായതെന്നാണു ഞാൻ മനസ്സിലാക്കുന്നത്.

സംഭവിക്കാൻ ഒരുങ്ങിനിന്ന ദുരന്തമാണ് ഇതെന്നു പറയേണ്ടിവരും. 2011ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി പെട്ടിമുടി പ്രദേശത്തെ അതീവലോല പരിസ്ഥിതി മേഖലയിലാണ് (ഇഎസ്‌സെഡ്1) ഉൾപ്പെടുത്തിയത്. ഉയരം കൂടുന്തോറും കേരളത്തിൽ മഴയ്ക്കു ശക്തി കൂടും. കനത്ത മഴയും കുത്തനെയുള്ള ചെരിവുകളും മണ്ണിടിച്ചിലിനുള്ള സാധ്യത കൂട്ടുന്നു. അതുകൊണ്ടാണ് ഇഎസ്‌സെഡ്1 പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയേറുന്നത്.

സ്വാഭാവിക സസ്യജാലം എത്രത്തോളമുണ്ട് എന്നതാണു ലോലമേഖലകളെ നിർണയിക്കുന്ന മറ്റൊരു ഘടകം. സസ്യജാലങ്ങളുടെ മണ്ണിലുറച്ച വേരുകളാണു മഴയിൽ മണ്ണൊലിച്ചുപോകാതെ പിടിച്ചുനിർത്തുന്നത്. അതിനാൽ, മരങ്ങൾ വ്യാപകമായി നശിപ്പിക്കപ്പെട്ട പ്രദേശങ്ങൾ, കുത്തനെയുള്ളതും കൂടുതൽ മഴ ലഭിക്കുന്നതും കൂടിയാകുമ്പോഴാണ് ഉരുൾപൊട്ടലുകൾക്കു സാധ്യതയേറുന്നത്. കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമാണം, പാറപൊട്ടിക്കൽ, മണ്ണെടുക്കൽ, സ്വാഭാവിക വനത്തിനു പകരം തോട്ടങ്ങൾ, വലിയ യന്ത്രങ്ങൾ ഉപയോഗിച്ചു ഭൂമി ഇടിച്ചുനിരത്തൽ തുടങ്ങിയവ ഇത്തരം ലോലമേഖലങ്ങളിൽ ഉരുൾപൊട്ടലിലേക്കു നയിക്കുന്ന ഇടപെടലുകളാണ്. അതുകൊണ്ടാണു പരിസ്ഥിതിലോല മേഖലകളിൽ സ്വാഭാവിക വനവും മണ്ണും നീക്കം ചെയ്തുള്ള നിർമാണങ്ങളെക്കുറിച്ചു ഞങ്ങൾ ആശങ്കപ്പെട്ടതും അവ ഒഴിവാക്കണമെന്നാണു ശുപാർശ ചെയ്തതും. അത് അംഗീകരിച്ചിരുന്നെങ്കിൽ 2019, 2020 വർഷങ്ങളിൽ കേരളത്തിലുണ്ടായ ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും വ്യാപ്തിയും ശക്തിയും കുറഞ്ഞേനെ. ദൗർഭാഗ്യവശാൽ, ഞങ്ങളുടെ ശുപാർശ അവഗണിച്ചുവെന്നു മാത്രമല്ല, കഴിഞ്ഞ 9 വർഷത്തിനിടെ അത്തരം നിർമാണങ്ങൾ വലിയ തോതിൽ വർധിക്കുകയും ചെയ്തു.

ഉരുൾപൊട്ട‍ൽ ദുരന്തങ്ങൾക്ക് ആക്കം കൂട്ടിയ മറ്റു ചില ഘടകങ്ങൾ കൂടിയുണ്ട്. കേരളത്തിലെ മലയോരങ്ങളിൽ പാറഖനനം വ്യാപകമായി നടക്കുന്നു. ചില ഖനനമേഖലകൾ പെട്ടിമുടിയുടെ പരിധിയിലുമുണ്ടാവാം. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിനു തൊട്ടടുത്ത് പാറമടകൾ വേണമെന്നില്ല, ക്വാറികളിൽ പാറ പൊട്ടിക്കുമ്പോഴുണ്ടായ പ്രകമ്പനങ്ങൾ പരിസരമേഖലയിലെ പാറക്കെട്ടുകളെ ക്രമേണ ദുർബലമാക്കും. ഇതു മണ്ണിടിച്ചിൽ സാധ്യത ശക്തമാക്കും. ഖേദകരെന്നു പറയട്ടെ, പെട്ടിമുടി ഉരുൾപൊട്ടൽ എന്നെ അദ്ഭുതപ്പെടുത്തുന്നില്ല.

ചൂടേറി, കോപാകുലയായ ഭൂമി

താപനം അനുദിനം ഉയരുന്ന ഭൂമിയിലാണ് ഈ മാറ്റങ്ങളെല്ലാം സംഭവിക്കുന്നത്. 20–ാം നൂറ്റാണ്ടിലെ ശരാശരിയെക്കാൾ ചൂടേറിയതാണു കഴിഞ്ഞ 40 വർഷങ്ങൾ; ഏറ്റവും ചൂടേറിയ 12 വർഷങ്ങളും 1998നു ശേഷമാണ്. ഈ കാലാവസ്ഥാവ്യതിയാനം അതിതീവ്ര മഴയോ ഉഷ്ണ, ശൈത്യ വാതങ്ങളോ പോലെയുള്ള കടുത്ത മാറ്റങ്ങൾക്ക് ഇടയാക്കുന്നുവെന്ന കാര്യത്തിൽ ശാസ്ത്രജ്ഞർമാർക്കിടയിൽ ഏകാഭിപ്രായമാണ്.

അറബിക്കടലിനും ചൂടേറുന്നു

ഇന്ത്യയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ചുഴലിക്കാറ്റുകൾ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുന്നു എന്നതിനുള്ള ആധികാരിക തെളിവുകൾ 1980നു ശേഷം ഉപഗ്രഹ ചിത്രങ്ങൾ വഴി നമുക്കു ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയുടെ കൊങ്കൺ തീരങ്ങളിൽ ആദ്യമായി വൻനാശം വിതച്ച ചുഴലിക്കാറ്റാണു നിസർഗ്. അത് ഒരിക്കലും അവസാനത്തേതാകുന്നില്ല. കാരണം, അറബിക്കടലിനു ചൂടേറി വരികയാണ്. വരും വർഷങ്ങളിൽ കേരളം, ഗോവ കർണാടക തീരങ്ങളിൽ തീവ്രമായ ചുഴലിക്കാറ്റുണ്ടാകാം.വാസ്തവത്തിൽ, പശ്ചിമതീരം മുഴുവൻ തീരദേശ സംരക്ഷണനിയമങ്ങൾ നിർബാധം ലംഘിക്കപ്പെടുന്നു. ഹൈവേകളുടെ നിർമാണം ശേഷിക്കുന്ന മരങ്ങളെയും നശിപ്പിക്കുന്നു. ഗോവയിലെ വാസ്കോ ഡ ഗാമ കൽക്കരി തുറമുഖം, കർണാടകയിലെ തടാടി തുറമുഖം, കേരളത്തിലെ വിഴിഞ്ഞം തുറമുഖം എന്നിവ കനത്ത പരിസ്ഥിതി നാശമാണു പശ്ചിമതീരങ്ങളിലുണ്ടാക്കുന്നത്.

മുന്നോട്ടുള്ള വഴി സ്വിറ്റ്സർലൻഡ് മാതൃക

യഥാർഥ ജനാധിപത്യ വികേന്ദ്രീകരണത്തിനായുള്ള നിരന്തരശ്രമവും നഗര,ഗ്രാമങ്ങളിലെ പ്രാദേശിക സമൂഹങ്ങളുടെ ശാക്തീകരണവുമാണു നമുക്കാവശ്യം. സ്വയംപര്യാപ്തമായ ഗ്രാമങ്ങളുടെ റിപ്പബ്ലിക് എന്ന് മഹാത്മാ ഗാന്ധി ആവശ്യപ്പെട്ടതും ഇതാണ്. ഇന്ത്യയുടെ ശക്തി അതിന്റെ ജനാധിപത്യമാണ്. വലിയൊരളവോളം സ്വതന്ത്രമായ മാധ്യമങ്ങളും. നവകാല വിജ്ഞാനത്തിന്റെ ശക്തമായ ഉപകരണമായ സമൂഹമാധ്യമങ്ങളാണ് ഇപ്പോൾ യഥാർഥ ജനാധിപത്യവൽക്കരണ ശക്തിയായി പ്രവർത്തിക്കുന്നത്. ഈ ജനാധിപത്യവൽക്കരണ ശക്തിയെ ഉപയോഗപ്പെടുത്താൻ നമുക്കായാൽ, ഇന്ത്യക്കു സ്വിറ്റ്സർലൻഡിനെപ്പോലെ വിസ്തൃതമായ ഹരിതാഭയിലേക്കും നേരിട്ടുള്ള ജനാധിപത്യരീതിയിലേക്കും എത്താനാകും.

സ്വിറ്റ്സർലൻഡിലെ വ്യാപകമായ വനമേഖല അവർ കഴിഞ്ഞ 160 വർഷത്തിനിടെ മാത്രം വികസിപ്പിച്ചെടുത്തതാണ്. അതിനു മുൻപേ സ്വിറ്റ്സർലൻഡിന്റെ ഭൂപ്രദേശത്തിന്റെ നാലു ശതമാനം മാത്രമായിരുന്നു വനമേഖല. അക്കാലത്ത് രൂക്ഷമായ ഉരുൾപൊട്ടലുകൾ സംഭവിച്ചിരുന്നു. ഇതെത്തുടർന്നാണു ജനകീയ അവബോധം ഉണർന്നതും മരങ്ങൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയതും. ഈ പുനരുജ്ജീവന പ്രവർത്തനമാകട്ടെ, പ്രധാനമായും പ്രാദേശിക സമൂഹങ്ങളുടെ നേതൃത്വത്തിലാണു നടന്നത് – ഏതെങ്കിലും സർക്കാർ വകുപ്പുകളുടെ പദ്ധതിയായിരുന്നില്ല. ഒരുമയോടെ പ്രവർത്തിച്ച സ്വിറ്റ്സർലൻഡിലെ പൗരസമൂഹം പങ്കാളിത്ത ജനാധിപത്യം യാഥാർഥ്യമാക്കുകയായിരുന്നു. അതു രാജ്യത്തിന്റെ പരിസ്ഥിതിഘടനയെ പുനരുജ്ജീവിപ്പിച്ചു.

ഇത്തരത്തിലുള്ള പങ്കാളിത്ത ജനാധിപത്യമാണു നമ്മുടെ മുന്നിലുള്ള ഏക മാർഗം. 2014ൽ അധികാരമേൽക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു മന്ത്രങ്ങൾ നമുക്കു നൽകി – നാം നമ്മുടെ വികസനത്തിൽ ഓരോരുത്തരെയും പങ്കാളികളാക്കും, നാം വികസനം ജനങ്ങളുടെ മുന്നേറ്റമാക്കും. ഈ മുദ്രാവാക്യങ്ങളിലൂടെ വാഗ്ദാനം ചെയ്യപ്പെട്ടത് ആത്മാർഥമായി നടപ്പിലാക്കുകയല്ലാതെ നമുക്കു മറ്റൊരു മാർഗവുമില്ല.

(പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി മുൻ ചെയർമാനുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com