ADVERTISEMENT

രാജസ്ഥാനിൽ രാഷ്ട്രീയ അസ്ഥിരതയുടെ ഒരധ്യായം കൂടി പിന്നിടുമ്പോൾ അടിവരയിട്ടുറപ്പിക്കുന്നത് ഒരേയൊരു കാര്യം മാത്രം – സംസ്ഥാന രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ ഇപ്പോഴും അശോക് ഗെലോട്ടിന്റെയും വസുന്ധര രാജെയുടെയും പക്കലാണ്. സച്ചിൻ പൈലറ്റിനെ നിഷ്പ്രഭനാക്കി ഗെലോട്ട് അധികാരം ഉറപ്പിച്ചപ്പോൾ, തന്നെ ഒഴിവാക്കി ഭരണം പിടിക്കാൻ ശ്രമിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിനുമേൽ നിശ്ശബ്ദ വിജയം നേടുകയായിരുന്നു വസുന്ധര രാജെ.

2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ മാത്രം നേടി കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെലോട്ടിനു മറ്റൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നു കരുതിയവരാണ് ഏറെയും. പിസിസി പ്രസിഡന്റായി സച്ചിൻ പൈലറ്റ് പാർട്ടിയിൽ സമ്പൂർണ സ്വാധീനം ഉറപ്പിക്കുകയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി ഗെലോട്ട് ഡൽഹിയിലേക്കു മാറുകയും ചെയ്തതോടെ ഇതു കൂടുതൽ ബലപ്പെട്ടു.

‘വസുന്ധര പോരാ, ഇത്തവണ ഗെലോട്ട്’ എന്നു 2018ലെ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മുൻപേ സംസ്ഥാനത്തു പ്രചാരണം വ്യാപകമായി. ഇതിനു പിന്നിൽ ഗെലോട്ടിനെ പിന്തുണയ്ക്കുന്നവരെക്കാൾ, ബിജെപിയിൽ വസുന്ധര രാജെയെ എതിർക്കുന്നവരായിരുന്നു. മോദി – അമിത് ഷാ കേന്ദ്രനേതൃത്വത്തിന്റെ തിട്ടൂരങ്ങൾക്കും ആർഎസ്എസ് നേതൃത്വത്തിന്റെ ശാസനകൾക്കും വഴങ്ങാതിരുന്ന വസുന്ധര മാറണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും പാർട്ടിയിലെ  എതിരാളികൾ തന്നെ. 

തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ബിജെപി സംസ്ഥാന പ്രസിഡന്റായി കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെ കൊണ്ടുവരാൻ ശ്രമിച്ചത് വസുന്ധരയെ ലക്ഷ്യമിട്ടായിരുന്നു. മൂന്നു മാസത്തോളം ഇതു ചെറുത്ത വസുന്ധര തന്റെ ഭാഗം അംഗീകരിക്കാൻ അമിത് ഷായെ നിർബന്ധിതനാക്കി. കേന്ദ്ര നേതാക്കൾ എഴുതിത്തള്ളിയ രാജസ്ഥാനിൽ പോരാട്ടം ഒറ്റയ്ക്കു ചുമലിലേറ്റി 75 സീറ്റുകൾ നേടിയ വസുന്ധര, തോൽവിയിലും സംസ്ഥാന ബിജെപിയിലെ രാജ്ഞിപ്പട്ടം അരക്കിട്ടുറപ്പിച്ചു. 

വൻ വിജയം പ്രതീക്ഷിച്ച കോൺഗ്രസ് 100 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സച്ചിൻ പൈലറ്റിനു പിടി നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. അദ്ദേഹത്തെ പിന്തുണയ്ക്കാൻ 30ൽ താഴെ എംഎൽഎമാർ മാത്രമായതോടെ മുഖ്യമന്ത്രിക്കസേരയും അന്യമായി. റിബലുകളായി മത്സരിച്ചു ജയിച്ച ഒരു ഡസൻ കോൺഗ്രസുകാർ ഗെലോട്ടിനെ മാത്രമേ പിന്തുണയ്ക്കൂ എന്നു പ്രഖ്യാപിച്ചതോടെ, സച്ചിന്റെ പരാതികൾ കേന്ദ്രനേതൃത്വത്തിനും മാറ്റിവയ്ക്കേണ്ടിവന്നു.

ഇപ്പോഴത്തെ തുറന്ന യുദ്ധത്തിൽ അശോക് ഗെലോട്ടിന് തുണയായതാകട്ടെ, പ്രതീക്ഷിക്കപ്പെടാത്ത കോണിൽ നിന്നുള്ള സഹായവും. പ്രതിസന്ധി തുടങ്ങിയതു മുതൽ വസുന്ധര രാജെ പാലിച്ച അർഥഗർഭമായ മൗനം സച്ചിനൊപ്പം പോകാൻ കാത്തിരുന്നവർക്കു മാത്രമുള്ള സന്ദേശമായിരുന്നില്ല. അവരെ കൂട്ടാതെ ഭരണം പിടിക്കാൻ ഇറങ്ങിയ ബിജെപി കേന്ദ്രനേതൃത്വത്തിനു സ്വന്തം എംഎൽഎമാരെ കൂറുമാറുന്നതു തടയാൻ ഗുജറാത്തിലേക്കു മാറ്റേണ്ടിയും വന്നു. വസുന്ധരയെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം എംഎൽഎമാർ ഇതിനു തയാറായതുമില്ല.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തോടെ പോരു പരസ്യമായെങ്കിലും അതിനു മുൻപേ മാനസികമായി അകന്നിരുന്നു സച്ചിനും ഗെലോട്ടും. ഭരണം കിട്ടിയശേഷമുണ്ടായ ഭിന്നതകൾ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തു വർധിച്ചു. മന്ത്രിസഭാ യോഗങ്ങളിൽ പരസ്പരം സംസാരിക്കാൻപോലും കൂട്ടാക്കാത്ത അവസ്ഥയിലേക്കു ഭിന്നിപ്പ് വളരുകയും ചെയ്തു. 

കേന്ദ്ര നേതൃത്വം സമയാസമയം ഇടപെടുകയോ പരിഹാരം കാണാൻ ശ്രമിക്കുകയോ ചെയ്യാതിരുന്നതോടെ ഇതു പരിഹരിക്കപ്പെട്ടുമില്ല. ഗെലോട്ടിനെ താഴെയിറക്കുക എന്നതിലേക്കു സച്ചിന്റെ ലക്ഷ്യം ചുരുങ്ങിയപ്പോൾ ഗെലോട്ട് ഒരു മുഴം മുൻപേ കളത്തിലിറങ്ങി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അധികമായി ഒരു സ്ഥാനാർഥിയെ നിർത്തിയതോടെ കോൺഗ്രസിൽ ഒരുവിഭാഗം കൂറുമാറുമെന്ന ആദ്യ പ്രഖ്യാപനം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നു തന്നെയായിരുന്നു. സച്ചിൻ ഈ ചൂണ്ടയിൽ കുരുങ്ങുകയായിരുന്നു. ഇതു തന്നെ മോശമായി ചിത്രീകരിക്കാനാണെന്നു പറഞ്ഞു സച്ചിൻ പരസ്യമായി രംഗത്തിറങ്ങി. വസുന്ധര രാജെയെ തൂത്തെറിയാനും ഭരണം പിടിക്കാനും മോഹിച്ച ബിജെപി കേന്ദ്ര നേതൃത്വം ചോര മണത്തു. അവർ റിബലുകളെ തേടിയെത്തിയതോടെ കോൺഗ്രസിനുള്ളിലെ നീറ്റൽ  പൊട്ടിത്തെറിയുടെ വക്കിലേക്കു നീണ്ടു.

തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ സുരക്ഷിതമാക്കി എല്ലാം വിചാരിച്ചതുപോലെ നീങ്ങുന്നുവെന്നു ഗെലോട്ട് കണക്കുകൂട്ടിയപ്പോൾ സച്ചിനു കച്ചിത്തുരുമ്പായതു കോടതികളാണ്. കൂറുമാറ്റ നടപടികളിൽ കോടതികൾ സ്വീകരിച്ച നിലപാടുകൾ വിമർശിക്കപ്പെട്ടെങ്കിലും സച്ചിനു പിടിച്ചുനിൽക്കാനും പോരിനു ദൈർഘ്യം കൂട്ടി പാർട്ടി കേന്ദ്ര നേതൃത്വത്തെ ഇടപെടുത്താനും അവസരമൊരുക്കി. 

വെടിനിർത്തലായെങ്കിലും പോര് അവസാനിച്ചു എന്നു കരുതാനാവില്ല. സച്ചിന്റെ വെല്ലുവിളി നിഷ്പ്രഭമാക്കിയ ഗെലോട്ട് ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും സച്ചിനെ നീക്കുന്നതിലും വിജയിച്ചു. ഇതു രണ്ടും സച്ചിന് ഉടൻ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുമില്ല. ഭൂരിപക്ഷം എംഎൽഎമാരെയും കൂടെ നിർത്തിയ ഗെലോട്ട് സച്ചിനൊപ്പം പോയവരെ തന്റെ പക്ഷത്തേക്ക് ആനയിച്ചും കഴിഞ്ഞു. 

ഗെലോട്ടിനോടു വ്യക്തിപരമായ ദേഷ്യമില്ലെന്നു പറയുമ്പോഴും തന്നെ കാര്യത്തിനു കൊള്ളാത്തവൻ എന്നു വിളിച്ചതിനോടു നിശിതമായ ഭാഷയിലാണ് സച്ചിൻ പ്രതികരിച്ചത്. മുഖ്യമന്ത്രി ഏകാധിപതികളെപ്പോലെ പെരുമാറരുതെന്നും ശൈലീമാറ്റത്തിനു തയാറാകണമെന്നും ആവർത്തിക്കുന്നതിലൂടെ, എല്ലാം മറന്നു മിണ്ടാതിരിക്കും എന്നു കരുതേണ്ടതില്ലെന്ന സൂചനയാണു നൽകുന്നത്. എങ്കിലും എംഎൽഎമാരിലും പാർട്ടിയിലും പിടി അയഞ്ഞതോടെ ഉടനൊരു പോരിനുള്ള ആയുധങ്ങൾ സച്ചിനുണ്ടോ എന്ന കാര്യം സംശയമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com