കൊളുത്താണ്, കൊത്തരുത്

Vireal
SHARE

ഒരു പ്രമുഖ ചോക്ലേറ്റ് കമ്പനിയുടെ 196–ാം വാർഷികം പ്രമാണിച്ച് അവർ എല്ലാവർക്കും ഫ്രീയായി ചോക്ലേറ്റ് ബാസ്കറ്റ് സമ്മാനം നൽകുന്ന കാര്യം അറിഞ്ഞല്ലോ? അതുപോലെ, പ്രമുഖ ടൂവീലർ നിർമാതാക്കൾ അവരുടെ 72–ാം വാർഷികത്തിൽ സ്കൂട്ടറുകൾ ഫ്രീ ആയി കൊടുക്കുന്നുണ്ട്. തീർന്നില്ല, ഇന്ത്യയിലെ പ്രമുഖനായ ബിസിനസുകാരൻ ലോകത്തെ ആറാമത്തെ വലിയ ധനികനായതിന്റെ സന്തോഷത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ഒരു ലക്ഷം ഉപയോക്താക്കൾക്കു സൗജന്യമായി 349 രൂപയുടെ റീചാർജ് നൽകുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ വാട്സാപ്പിലും എസ്എംഎസിലുമൊക്കെയായി നമ്മളിൽ പലർക്കും കിട്ടിയ മോഹിപ്പിക്കുന്ന സന്ദേശങ്ങളാണിത്. ഇത്തരം മെസേജുകൾക്കൊപ്പം വെബ്സൈറ്റിന്റെ ലിങ്കും ഉണ്ടാകും. ആ ലിങ്കിൽ പോയി റജിസ്റ്റർ ചെയ്താലാണു സൗജന്യ സമ്മാനങ്ങൾ കിട്ടുക. ലിങ്കിൽ പോയി നോക്കിയാലോ? ആദ്യം കുറച്ചു ചോദ്യങ്ങളുണ്ടാകും. ചോക്ലേറ്റ് ഇഷ്ടമാണോ? ഏതു ഫ്ലേവറാണ് ഇഷ്ടം? എന്നൊക്കെ. പിന്നെ പറയും, ഈ സന്ദേശം 10 അല്ലെങ്കിൽ 20 സുഹൃത്തുക്കൾക്കു ഫോർവേഡ് ചെയ്ത ശേഷം തുടരുക. നമ്മൾ അതും ചെയ്തു. വീണ്ടും തുടരുമ്പോൾ, പേരും ഫോൺ നമ്പറും ഇമെയിലും വിലാസവും ലൊക്കേഷനും അടക്കമുള്ള കാര്യങ്ങൾ ചോദിക്കും. നിങ്ങളുടെ ഒരുവിധപ്പെട്ട വ്യക്തിവിവരങ്ങളെല്ലാം കൈക്കലാക്കും.

എന്നിട്ടു ചോക്ലേറ്റ് വരുമോ? ഒരിക്കലുമില്ല. ചോക്ലേറ്റും വരില്ല, സ്കൂട്ടറും വരില്ല, ഒരു റീചാർജ് പോലും കിട്ടില്ല. ഇന്റർനെറ്റിലെ ഒരു തട്ടിപ്പു രീതിയാണിത്. ഫിഷിങ് (phishing) എന്നാണ് ഇതിനെ വിളിക്കുക. ഇരകൊളുത്തി നമുക്ക് ഇട്ടുതരുന്ന ചൂണ്ടയാണ് തുടക്കത്തിൽ പറഞ്ഞ സന്ദേശവും അതിലെ ലിങ്കും. അതിൽ നമ്മൾ കൊത്തിയാൽ നമ്മുടെ വിവരങ്ങൾ (ഡേറ്റ) അവർ വലിച്ചെടുക്കും. ചിലപ്പോൾ, ഡേറ്റയിൽ മാത്രം നിൽക്കില്ല കാര്യങ്ങൾ. 

ഇത്തരം സൈറ്റുകളിൽ ഉത്തരം പറഞ്ഞു പറഞ്ഞു പോയാൽ ഒടുവിൽ അവർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഫ്രീയായി തരുന്നതു വാഹനമാണെങ്കിൽ അതിന്റെ റോഡ് ടാക്സ് അടയ്ക്കാനുള്ള പണം ആദ്യം അടയ്ക്കണമെന്ന് ആവശ്യപ്പെടാം. അങ്ങനെ സുഖമായി പണവും തട്ടിയെടുക്കും.

ഇത്തരം സന്ദേശങ്ങൾ ഫോണിലോ ഇ മെയിലിലോ വന്നാൽ ഇൗ കാര്യങ്ങൾ ശ്രദ്ധിക്കുക:

∙ ആരും ഒന്നും ആർക്കും സൗജന്യമായി കൊടുക്കുമെന്നു വിശ്വസിക്കരുത്.

∙ കമ്പനികൾ സൗജന്യങ്ങളോ ഡിസ്കൗണ്ടുകളോ തരുന്നുണ്ടെങ്കിൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും മാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയുമാകും അറിയിക്കുക.

∙ അയച്ചു കിട്ടുന്ന സന്ദേശത്തിലുള്ള വെബ്സൈറ്റ് ലിങ്ക് പരിശോധിക്കുക. കമ്പനിയുടെ/സ്ഥാപനത്തിന്റെ ശരിക്കുള്ള സൈറ്റാണോ അതെന്നു പരിശോധിക്കുക.

∙ സന്ദേശത്തിലെ ഭാഷ ശ്രദ്ധിക്കുക. വിശ്വാസ്യതയുള്ള സ്ഥാപനം അയയ്ക്കുന്ന സന്ദേശത്തിന്റെ ഭാഷയാകില്ല അതിലുണ്ടാകുക.

∙ ഇമെയിൽ ആണെങ്കിൽ വിശ്വാസ്യതയുള്ള ആളുകൾ അയച്ചതല്ലെങ്കിൽ അതിലെ ലിങ്കുകൾ തുറക്കരുത്. അവ വൈറസും ആകാം (ആഫ്രിക്കയിലെ ഒരു രാജാവിന്റെ ഉപേക്ഷിക്കപ്പെട്ട ശതകോടികളുടെ സ്വത്ത് നിങ്ങളുമായി പങ്കു വയ്ക്കാം എന്നൊക്കെ പറഞ്ഞു വരുന്ന മെയിലുകളുണ്ട്. ഒരു കാരണവശാലും അതിലെ ലിങ്ക് തുറക്കരുത്).

∙ ധനകാര്യ സ്ഥാപനങ്ങൾ പാസ്‌വേഡുകളും ഒടിപി നമ്പറുകളും മറ്റും ഒരിക്കലും ഫോണിലൂടെ വിളിച്ചോ വാട്സാപ് മെസേജിലോ ചോദിക്കില്ല.

∙ സംഭാവനകൾ ചോദിച്ചു വരുന്ന മെസേജുകളും മെയിലുകളുമുണ്ട്. ലോകാരോഗ്യ സംഘടനയ്ക്ക് കോവിഡ് പ്രതിരോധത്തിനായി പണം ചോദിച്ചുകൊണ്ടുള്ള വ്യാജ മെയിലുകളെക്കുറിച്ച് ഈയിടെ അവർ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രമേ, ഇത്തരം അഭ്യർഥനകളിൽ മുന്നോട്ടു പോകാവൂ.

∙ കോവിഡ്കാലത്ത് വ്യാപകമായി ഫിഷിങ് ശ്രമങ്ങളുണ്ടാകുമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA