കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചുനോക്കുന്നു, ബിഹാറിൽ ഒരു സീറ്റെങ്കിലും...

cpm-logo
SHARE

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിന്റെ സീറ്റു ചർച്ചകൾ പുരോഗമിക്കുമ്പോൾ, സീതാറാം യച്ചൂരിയും ഡി.രാജയും അനിശ്ചിതത്വങ്ങളുടെ സഹയാത്രികരാകുന്നു. ഭരണമുന്നണിയായ എൻഡിഎക്കെതിരെ  പൊരുതുന്ന പ്രതിപക്ഷസഖ്യത്തിലെ മുഖ്യ കക്ഷികളായ രാഷ്ട്രീയ ജനതാദളും (ആർജെഡി) കോൺഗ്രസും ഇതിനകം സീറ്റുവിഭജന ചർച്ചകളിൽനിന്നു സിപിഎമ്മിനെ ഒഴിവാക്കിക്കഴിഞ്ഞു; സിപിഐയുടെ കാര്യം ബിഹാർ കോൺഗ്രസിന്റെ പരിഗണനയിലും. ആർജെഡിയെ സംബന്ധിച്ചിടത്തോളം, സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിൽ സ്വാധീനശക്തിയായ സിപിഎംഎൽ-ലിബറേഷനോടാണു താൽപര്യം. 

കാലിത്തീറ്റ കുംഭകോണക്കേസിൽ ശിക്ഷിക്കപ്പെട്ട ആർജെഡി മേധാവി ലാലുപ്രസാദ് യാദവ് കഴിഞ്ഞ വർഷം റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ തടവുകാരുടെ വാർഡിൽ ചികിത്സയിലിരിക്കെ, യച്ചൂരിയും രാജയും അദ്ദേഹത്തെ സന്ദർശിച്ചതാണ്. പക്ഷേ, സീറ്റു വിഭജന ചർച്ച വന്നപ്പോൾ അതൊന്നും ഗുണമായില്ല. നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദൾ യുണൈറ്റഡ് (ജെഡിയു) – ബിജെപി സഖ്യത്തിനെതിരായ പോരാട്ടത്തിൽ, സീറ്റുകളുടെ കണക്കെടുക്കുമ്പോൾ ഫ്രീ സീറ്റുകളില്ലാത്ത സ്ഥിതിയാണ്. 

ഡൽഹിയിൽ വിപുലമായ രാഷ്ടീയബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന നേതാക്കളായ യച്ചൂരിയും രാജയും ബിഹാറിൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ പാർട്ടികളെയും ഭാഗമാക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ സഹായമാണു തേടുന്നത്. 

ബിഹാറിൽ ചെറുകിട പാർട്ടികളുടെ സമ്മർദം വളരെ ശക്തമാണ്. രാഷ്ട്രീയ ലോക്സമത പാർട്ടി (ആർഎൽഎസ്പി), വികാസ്ശീൽ ഇൻസാഫ് പാർട്ടി (വിഐപി), ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) എന്നിവയെല്ലാം സംസ്ഥാനത്തെ നിർണായകമായ പിന്നാക്ക സമുദായങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്. ഇക്കാരണത്താൽ വിജയകരമായ 2015ലെ സീറ്റുവിഭജന ഫോർമുല ഇത്തവണയും പിന്തുടരാനാണ് ആർജെഡിയും കോൺഗ്രസും തീരുമാനിച്ചിട്ടുള്ളത്. 

ഇത്തവണ ആർജെഡി 150 സീറ്റുകളിൽ മത്സരിക്കാനുദ്ദേശിക്കുന്നു. കോൺഗ്രസിനു 90 സീറ്റുകളും ലഭിക്കും. അതേസമയം ആർജെഡിക്ക്, വികാസ്ശീൽ ഇൻസാഫ് പാർട്ടിക്കും സിപിഎംഎൽ ലിബറേഷനും തങ്ങളുടെ ക്വോട്ടയിൽനിന്നു വേണം സീറ്റു കണ്ടെത്താൻ. സമാനമായ രീതിയിൽ, ഉപേന്ദ്ര ഖുഷ്‌വാഹ നയിക്കുന്ന ആർഎൽഎസ്പിക്കും ജീതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മിനും കോൺഗ്രസ് സീറ്റു കണ്ടെത്തണം. ഖുഷ്‌വാഹയും മാഞ്ചിയുമാകട്ടെ, ലാലുപ്രസാദും മകൻ തേജസ്വിയുമായി നല്ല ബന്ധത്തിലുമല്ല. 

തങ്ങളുടെ ക്വോട്ടയിൽനിന്നു സിപിഐക്കോ സിപിഎമ്മിനോ സീറ്റു നൽകാനാവില്ലെന്ന കാര്യം ആർജെഡി വ്യക്തമാക്കിക്കഴിഞ്ഞു. ഖുഷ്‌വാഹയുടെയും മാഞ്ചിയുടെയും സമ്മർദങ്ങൾക്കു നടുവിലായ കോൺഗ്രസിനു സിപിഐയുടെ തീപ്പൊരി പ്രസംഗകനും യുവനേതാവുമായ കനയ്യ കുമാറിനോട് ഇഷ്ടമുണ്ട്. പക്ഷേ, സിപിഎമ്മിന് ഇതുപോലെ ജനങ്ങളെ ആകർഷിക്കുന്ന നേതാവോ ജനകീയ അടിത്തറയോ ബിഹാറിലില്ല. പക്ഷേ, സോണിയ ഗാന്ധിയോടും സോണിയയുടെ മുഖ്യ ഉപദേഷ്ടാവായ അഹമ്മദ് പട്ടേലിലെനെപ്പോലുള്ളവരോടും ഡി.രാജയ്ക്കും യച്ചൂരിക്കും ശക്തമായ ബന്ധമാണുള്ളത്. സോണിയയ്ക്കു ദേശീയതലത്തിൽ ഇരു കമ്യൂണിസ്റ്റ് പാർട്ടികളും നൽകുന്ന പിന്തുണ പരിഗണിച്ച് തങ്ങൾക്കുവേണ്ടി അവർ ബിഹാറിൽ ഇടപെടുമെന്ന പ്രതീക്ഷയാണ് ഇരുനേതാക്കൾക്കുമുള്ളത്. 

സിപിഎമ്മിലെ തീവ്രനിലപാടുകാരായ പ്രകാശ് കാരാട്ടിനെയും പിണറായി വിജയനെയും അപേക്ഷിച്ച് യച്ചൂരിയും രാജയും കോൺഗ്രസുമായി കൂടുതൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ എൻഡിഎ വിരുദ്ധ സഖ്യത്തിൽ തങ്ങൾക്കു 2 സീറ്റുകൾ വീതം അനുവദിച്ചതും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും ചൂണ്ടിക്കാട്ടുന്നു. മറുവശത്ത്, ലാലുപ്രസാദ് യാദവ് സിപിഎമ്മിനെ ഒപ്പം കൂട്ടാൻ പ്രയാസമുള്ള കക്ഷിയായാണു കാണുന്നത്. കാരണം, സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ. പക്ഷേ, ചെറുകിട കക്ഷികളായ ആർഎൽഎസ്പിയും എച്ച്എഎമ്മും യാതൊരു ധാർമികബോധവുമില്ലാത്ത കക്ഷികളാണെന്നും അവർ 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമായിരുന്നുവെന്നും കമ്യൂണിസ്റ്റ് പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. അവരെ ബിജെപിക്കോ നിതീഷ് കുമാറിനോ എളുപ്പം വിലയ്ക്കെടുക്കാവുന്നതേയുള്ളൂ. 

ആർജെഡിയോടുള്ള ഭിന്നത മൂലം ആർഎൽഎസ്പിയോ എച്ച്എഎമ്മോ അവസാന നിമിഷത്തിൽ  ബിജെപി പാളയത്തിലേക്കു പോയാൽ കോൺഗ്രസിനു കൂടുതൽ സീറ്റുകളുണ്ടാവും. ഈ സാഹചര്യത്തിലാണു ബിഹാർ രാഷ്ട്രീയത്തിൽ തങ്ങളുടെ പ്രസക്തി ഉറപ്പിച്ചുനിർത്താനുള്ള തന്ത്രപരമായ ചർച്ചകളിൽ രാജയും യച്ചൂരിയും സജീവമാകുന്നത്. കാരണം, കഴിഞ്ഞവട്ടം മൂന്നാം മുന്നണിയായി മത്സരിച്ച് കമ്യൂണിസ്റ്റ് പാർട്ടികൾ ദയനീയ പരാജയം ഏറ്റുവാങ്ങിയതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA