ഭവനരഹിതരുടെ പേരിലും തട്ടിപ്പോ?

SHARE

സുരക്ഷിതമായി അന്തിയുറങ്ങാൻ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്ന ശ്ലാഘനീയ ദൗത്യമാണു സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ. ഈ പദ്ധതിക്കു കീഴിൽ തൃശൂർ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ പേരിൽ രാജ്യാന്തര സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒരു കോടി രൂപ കമ്മിഷൻ കൈപ്പറ്റിയെന്നാണു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കേരളത്തിന്റെ യശസ്സിനെത്തന്നെ ബാധിക്കുന്ന തരത്തിലേക്കു വളരുകയാണ് ഈ വിഷയം.

പ്രളയാനന്തര പുനരധിവാസത്തിനു സഹായം തേടി 2018 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശയാത്രയിൽ, യുഎഇയിൽ ഉൾപ്പെടെ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ റെഡ് ക്രസന്റ് നൽകിയ സഹായവാഗ്ദാനമാണു വിവാദത്തിലേക്കു വഴിതുറന്നത്.

മുഖ്യമന്ത്രിയുമായുള്ള ചർച്ചയെത്തുടർന്നു 2019 ജൂലൈ 11നു സെക്രട്ടേറിയറ്റിലെത്തിയ റെഡ് ക്രസന്റ് സംഘം സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. 20 കോടി രൂപയുടെ ആദ്യഘട്ട സഹായം റെഡ് ക്രസന്റ് കേരളത്തിനു ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അന്ന് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിന്റെ ഫലമായി യാഥാർഥ്യമായതാണ് സഹായവും പദ്ധതിയുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കു മുന്നോടിയായി അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും അന്ന് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷും അവിടെയെത്തി പ്രാരംഭ ചർച്ച നടത്തിയെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. തുടർന്നു റെഡ് ക്രസന്റ് ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായി ലൈഫ് മിഷൻ ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. ഇത്തരമൊരു പദ്ധതിയിൽനിന്ന് ഒരു ഇടനിലക്കാരി വൻതുക കമ്മിഷനായി അടിച്ചുമാറ്റിയതിൽ സർക്കാരിന് എന്താണു പങ്കെന്നു മന്ത്രിമാരടക്കം ചോദിക്കുന്നതു കേരളീയ പൊതുബോധത്തെ അപഹസിക്കുന്നതിനു തുല്യമാണ്.

റെഡ് ക്രസന്റ് ഈ പദ്ധതി യൂണിടാക് എന്ന ബിൽഡറെ ഏൽപിച്ചതിനു പ്രത്യുപകാരമായി യൂണിടാക് നൽകിയ കമ്മിഷനാണ് ഒരു കോടി രൂപയെന്ന് എൻഐഎക്കു സ്വപ്ന മൊഴി നൽകി. റെഡ് ക്രസന്റ് സർക്കാരിനു ലഭ്യമാക്കുന്നുവെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയ 20 കോടി രൂപ എങ്ങനെയാണ് അവർ ഒരു കൺസ്ട്രക്‌ഷൻ കമ്പനിക്കു കൈമാറുന്ന സാഹചര്യമുണ്ടായത്? സർക്കാരിനു കീഴിലുള്ള ഹാബിറ്റാറ്റ് 13 കോടി രൂപയ്ക്കു ചെയ്യാൻ തയാറാക്കിയ പദ്ധതിയിൽനിന്ന് എങ്ങനെയാണ് അവർ ഒഴിവാക്കപ്പെട്ടത്? സർക്കാർഭൂമിയിൽ സ്വകാര്യകമ്പനിക്കു കെട്ടിടസമുച്ചയം പണിയാനുള്ള കരാറിന് ആരാണ് അനുവാദം നൽകിയത്? സർക്കാർഭൂമി ഇതിനായി കൈമാറിയത് ആരാണ്? വിദേശഫണ്ട് വിനിയോഗം ഉൾപ്പെട്ട ധാരണാപത്രം എന്തുകൊണ്ടാണു നിയമവകുപ്പിന്റെ പോലും മതിയായ പരിശോധനയില്ലാതെ തിടുക്കത്തിൽ തയാറാക്കിയത്? ഇക്കാര്യത്തിൽ ഉയർന്നുവരുന്ന ഏറെ പ്രസക്തമായ ചോദ്യങ്ങളാണ് ഇതെല്ലാം. 

ഒടുവിൽ മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന ധാരണാപത്രം ഉയർത്തുന്ന സന്ദേഹം, തട്ടിപ്പുകൾക്കു പഴുതു നൽകുന്ന രീതിയിലാണോ അതു തയാറാക്കപ്പെട്ടത് എന്നതാണ്. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും യുഎഇ കോൺസുലേറ്റിലെ ചിലരുടെയും പങ്കാളിത്തവും കൂടുതൽ വ്യക്തമാകുന്നു. മഞ്ഞുമലയുടെ അറ്റം മാത്രമാണോ ലൈഫ് മിഷൻ കമ്മിഷൻ എന്ന വലിയ ചോദ്യം കൂടിയാണ് ഉയരുന്നത്.

രാഷ്ട്രീയ വിവാദത്തിൽപെടുത്തി പാവപ്പെട്ടവരുടെ കിടപ്പാടം ഇല്ലാതാക്കരുതെന്ന വികാരത്തോടു യോജിക്കുന്നു. പക്ഷേ, നാടിന്റെ സ്വപ്നപദ്ധതിയുടെ മറവിൽ ഇത്തരം കമ്മിഷനുകളും തട്ടിപ്പുകളും അരങ്ങേറുന്നുവെങ്കിൽ അക്കാര്യം അന്വേഷിച്ചു വസ്തുത പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റേതാണ്. വിദേശ ഏജൻസികൾ ഉൾപ്പെട്ട കരാറാണെന്നിരിക്കെ, സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാനുള്ള അധികാരവും സർക്കാരിനുണ്ട്. അതിനു സർക്കാർ മടിക്കില്ലെന്നു പ്രതീക്ഷിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA