ADVERTISEMENT

കോവിഡിനെ ശാസ്ത്രീയമായി നേരിടുന്നതിൽ നമ്മൾ പരാജയപ്പെട്ടു എന്നതാണു സത്യം. രോഗനിർണയം, ചികിത്സ, രോഗം തടയാനുള്ള ശ്രമം ഇതിലെല്ലാം സാങ്കേതികവിദ്യയുടെ അമിത ഉപയോഗവും അശാസ്ത്രീയതയും പ്രകടമാണ്. സ്വീഡൻ മാത്രമാണ് ഈ വിഷയത്തെ ശാസ്ത്രീയമായി നേരിട്ട് പൂർണമായും മുക്തമായത് എന്നുവേണം പറയാൻ. സ്വീഡനല്ല കേരളം, അല്ലെങ്കിൽ ഇന്ത്യ, എന്ന വാദം അംഗീകരിച്ചാൽത്തന്നെ ശാസ്ത്രീയ കാഴ്ചപ്പാടുകൾ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച് ഇവിടെയും ഉപയോഗിക്കാമായിരുന്നു.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ തന്നെ ഉദാഹരണമെടുക്കാം. ചൈനയിൽ ആർടിപിസിആർ പരിശോധന നടത്തി അണുബാധ ഉറപ്പുണ്ടായവരിൽ മാത്രം നടത്തിയ പഠനങ്ങളിൽപോലും 2 – 3% ആയിരുന്നു മരണനിരക്ക്. സമൂഹത്തിൽ ലക്ഷണങ്ങളില്ലാത്തവർ 50 മുതൽ 60% വരെ ഉണ്ടാവാം. അവഗണിക്കാവുന്ന ലക്ഷണങ്ങളുള്ളവരും ടെസ്റ്റ് ചെയ്യപ്പെടാത്തവരും ധാരാളം കാണും. ഇവരെയെല്ലാം ചേർത്താൽ മരണനിരക്ക് ഏതാണ്ട് 0.1 ശതമാനത്തിലും (ആയിരത്തിൽ ഒന്ന്) താഴെയാണ്. 

മരണമടഞ്ഞവർ പൊതുവേ എങ്ങനെയുള്ളവരാണ് എന്നതും നോക്കാം - ആരോഗ്യകാര്യങ്ങൾ അവഗണിക്കുന്നവരും (തെറ്റായ ജീവിതശൈലി, സമീകൃതാഹാരം ഇല്ലായ്മ, അമിതാഹാരം, വണ്ണക്കൂടുതൽ, വ്യായാമം ഇല്ലായ്മ, മാനസിക സംഘർഷം മുതലായവ) ഇതുമൂലം ഒരുപാടു രോഗങ്ങൾക്ക് അടിമയായവരും മാത്രം. ഇറ്റലിയിലും യുഎസിലും ഇന്ത്യയിലും മരിച്ചവരെക്കുറിച്ചു പഠിച്ചാൽ ഇക്കാര്യങ്ങൾ വ്യക്തമാണ്. അതേസമയം തന്നെ, മരണത്തിനു കീഴടങ്ങിയതിലേറെയും മതിയായ ആരോഗ്യസുരക്ഷാ സംവിധാനം ലഭിക്കാതെ പാർശ്വവൽക്കരിക്കപ്പെട്ടവരുമാണ്.

രോഗം മൂർച്ഛിച്ചവരും മരിച്ചവരും നൽകുന്ന ചിത്രം, നമ്മുടെ ആരോഗ്യമില്ലായ്മയാണു പ്രധാന തിരിച്ചടിയായത് എന്നതാണ്. ശ്വാസതടസ്സം ഉണ്ടായതുപോലും വൈറസ് കൊണ്ടു മാത്രമല്ല, വൈറ്റമിൻ ബി 12ന്റെയും ഫോളിക് ആസിഡിന്റെയും കുറവ്, കരൾരോഗങ്ങൾ, നിർജലീകരണം, അമിതവണ്ണം എന്നിവകൊണ്ടു കൂടിയായിരുന്നു. ശ്വാസ കോശ രക്തധമനികളിൽ രക്തം കട്ടപിടിക്കാനിടയായതും അതുമൂലം ശ്വാസതടസ്സം ഉണ്ടായതും (എആർഡിഎസ്) വൈറസ് കാരണമല്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.

നാം ചെയ്യേണ്ടതും ഓർക്കേണ്ടതുമായ കാര്യങ്ങൾ ഇവയാണ്.

∙ രോഗഭയം വളർത്താൻ ഇനിയെങ്കിലും അനുവദിക്കാതിരിക്കുക.

∙ കോവിഡിനു മാത്രമായി ഇനി ഒരാശുപത്രിയും നിലനിർത്തേണ്ട ആവശ്യമില്ല.

∙ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരെ രോഗികളെന്നു വിളിക്കാതിരിക്കുക; അത് അശാസ്ത്രീയതയാണ്. ഒരു ലക്ഷണവുമില്ലാത്തവരെ, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിൽ, ടെസ്റ്റ് ചെയ്യുന്നതു നിർത്തിവയ്ക്കണം.

∙ രോഗഭീതി പരത്തുന്ന തരത്തിലുള്ള കണക്കുകൾ നിരത്തുന്ന വാർത്തകളും ചർച്ചകളും നിയന്ത്രിക്കണം. മരണക്കണക്കുകൾ മാത്രം ആസ്പദമാക്കി നയങ്ങൾപോലും ഉണ്ടാക്കാനിടയാക്കിയത് മരണത്തെപ്പറ്റിയുള്ള അതീവ ജാഗ്രതയും അമിത ഭയവുമാണ്.

∙ കോവിഡിനെ നേരിടാൻ ഒരുപാട് വെന്റിലേറ്റർ വാങ്ങിക്കൂട്ടുന്നതും ഐസിയു കിടക്കകളുടെ എണ്ണം കൂട്ടുന്നതും അശാസ്ത്രീയമാണ്. ഒരു രോഗിയും വെന്റിലേറ്ററിൽ എത്താതിരിക്കാനാണു നടപടി വേണ്ടത്.

∙ പുതിയ വൈറസ് ആയതിനാൽ ഒരുപാടു പേർക്ക് ഒരേസമയം ബാധിക്കാൻ സാധ്യതയുണ്ട് എന്നതു മാത്രമാണ് അസാധാരണത്വം. ശാരീരിക അകലം പാലിക്കുന്നതു തുടരണം.

∙ കൈകളുടെ ശുചിത്വവും ശ്വാസസംബന്ധമായ ശുചിത്വവും ജീവിതശൈലിയാക്കണം.

∙ പ്രതിരോധശേഷി വർധിപ്പിക്കുന്ന തരത്തിൽ ഭക്ഷണവും ജീവിതശൈലിയും ക്രമപ്പെടുത്തണം.

∙ വണ്ണം കൂടുതലുള്ളവർ അതു കുറയ്ക്കാൻ പരിശ്രമിക്കണം. കുറുക്കുവഴികളും അശാസ്ത്രീയ ഒറ്റമൂലി പ്രയോഗവുമല്ല വേണ്ടത്. സമീകൃത ആഹാരം കഴിച്ചുകൊണ്ടു മാത്രം ശരീരഭാരം കുറയ്ക്കാൻ സാധിക്കും എന്നറിയണം.

യഥാർഥത്തിൽ വികേന്ദ്രീകൃതമായ സാർവത്രിക ചികിത്സാ സംവിധാനമാണു നമുക്കു വേണ്ടത്. ഒരു ചികിത്സയും ഇത്രയും കേന്ദ്രീകൃതമാകരുത്. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും കേന്ദ്രീകരിച്ചായിരിക്കണം ചികിത്സ. മെഡിക്കൽ കോളജ് പോലുള്ള ആശുപത്രികളിൽ തീവ്ര പരിചരണം ആവശ്യമുള്ളവർ മാത്രം എത്തുന്ന രീതിയിൽ കാര്യങ്ങൾ ക്രമീകരിക്കണം.

പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ മെച്ചപ്പെടുത്തുകയെന്നാൽ കൂടുതൽ വെന്റിലേറ്ററും ഐസിയുവും ഉണ്ടാക്കുക എന്നല്ല. പരിശീലനം ലഭിച്ച കുടുംബ ഡോക്ടർമാർ വേണ്ടത്രയുണ്ടെന്ന് ഉറപ്പാക്കണം. ഏതാണ്ട് 80% ഡോക്ടർമാരെങ്കിലും കുടുംബ ഡോക്ടർമാരായി ജോലി ചെയ്യുന്ന ഒരു സമൂഹത്തിലും കോവിഡ് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടില്ല. കാനഡയെ നോക്കിയാൽ ഇതു മനസ്സിലാകും.

ആരോഗ്യമേഖലയിൽ യുഎസ് മോഡൽ നടപ്പാക്കുന്ന വികലനയങ്ങൾ ഇനിയെയെങ്കിലും അവസാനിപ്പിക്കണം. തെറ്റായ ചികിത്സാ സംവിധാനമാണ് യുഎസിലുള്ളതെന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. പണമുള്ളവർക്കു മാത്രം ചികിത്സ നൽകുന്ന ഒരു സംവിധാനവും ശാശ്വതമായി നിലനിൽക്കില്ലെന്ന് കോവിഡ് തുറന്നുകാട്ടി.‌ കാനഡ, സ്കാൻഡിനേവിയൻ രാജ്യങ്ങളെ മാതൃകയാക്കി പ്രൈമറി കെയറിനെ ശാക്തീകരിക്കാനുള്ള മെഡിക്കൽ വിദ്യാഭ്യാസ പരിഷ്കരണവും ചികിത്സയിൽ റഫറൽ സംവിധാനവും ഏർപ്പെടുത്തുകയാണു വേണ്ടത്. സുസ്ഥിരമായ ആരോഗ്യ വ്യവസ്ഥയ്ക്കായുള്ള ആരോഗ്യ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് കോവിഡ് അനന്തര കാലത്തു നടക്കേണ്ടത്.

(കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം  മുൻ മേധാവിയാണു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com