sections
MORE

കൂടെല്ലാം സുരക്ഷിതമല്ല

subhadhinam
SHARE

രാജകുമാരിക്കു പിറന്നാൾ സമ്മാനമായി ലഭിച്ചതു തത്തയെയാണ്. നല്ല കൂടും ധാരാളം ഭക്ഷണവും നൽകിയെങ്കിലും ആദ്യമൊന്നും തത്തമ്മ പ്രതികരിച്ചതേയില്ല. രാജകുമാരിയുടെ നിരന്തര ശ്രമഫലമായി ദിവസങ്ങൾക്കു ശേഷം അതു ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങി. അവർ ചങ്ങാതിമാരായി. ഒരുദിവസം രാജകുമാരി അസുഖം പിടിച്ചു കിടപ്പിലായി. അപ്പോഴാണ് തത്തമ്മയുടെ അവസ്ഥ കുമാരിക്കു മനസ്സിലായത്. അതിനെ തുറന്നുവിടാൻ ആവശ്യപ്പെട്ടു. പക്ഷേ, തത്ത പോകാൻ തയാറായില്ല. അതു കുമാരിയുടെ മുറിയിൽത്തന്നെ കഴിഞ്ഞു. 

കരുതലിന്റെയും കാരുണ്യത്തിന്റെയും പേരിൽ കൂട്ടിലടയ്ക്കപ്പെടുന്ന ഓരോ ജീവിയും അപരന്റെ കാഴ്ചാസുഖത്തിന്റെ ഇരയാണ്. ഒരാളെ തകർക്കാനുള്ള എളുപ്പമാർഗം അയാളുടെ അടിസ്ഥാനാവശ്യങ്ങളെ തൃപ്തിപ്പെടുത്തി അയാൾപോലും അറിയാതെ അയാൾക്കു തടവറ ഒരുക്കുകയാണ്. കൂടിനകത്ത് ഇടുന്നവരെല്ലാം സംരക്ഷകരല്ല, ചിലരെങ്കിലും സമ്പാദകരാണ് – പ്രദർശിപ്പിച്ചു പണം സമ്പാദിക്കുന്നവർ! 

സ്വയം സൃഷ്ടിച്ച കൂടുകൾക്കുള്ളിൽ അകപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതു നല്ലതാണ്. നിബന്ധനകൾ മുൻനിർത്തിയുള്ള ബന്ധങ്ങളും സ്വന്തം ഇഷ്ടങ്ങളിലൂടെ മാത്രം നയിക്കുന്നതും കൂടൊരുക്കുന്നവരുടെ സവിശേഷതകളാണ്.

അകപ്പെട്ടുപോയ ആവാസവ്യവസ്ഥയിലാണോ, അർഹിക്കുന്ന ആവാസവ്യവസ്ഥയിലാണോ ജീവിക്കുന്നത്? പരിശോധിക്കണം. ആഗ്രഹിക്കാത്ത അവസ്ഥകളോടും വ്യവസ്ഥകളോടും ആദ്യകാലങ്ങളിൽ പുലർത്തുന്ന അനിഷ്ടം പിന്നീട് അടിമത്തമായി മാറും. ആരാണെന്നും ആരായിത്തീരാൻ ശേഷിയുണ്ടെന്നും തിരിച്ചറിയാതെ, ആരുമല്ലാതെ അവസാനിക്കും. 

കൂടിനുള്ളിൽ കിടക്കുമ്പോൾ ലഭിക്കുന്ന കയ്യടികളും കായ്കനികളും പ്രോത്സാഹനങ്ങളല്ല; ആത്മബോധവും പരിണാമ സാധ്യതയും പണയം വച്ചതിനുള്ള കൈക്കൂലിയാണ്. യഥാർഥ പ്രോത്സാഹനങ്ങൾ തടവറകളിൽനിന്നു പുറത്തുകടക്കാനുള്ള ആവേശം പകരും. എത്രകാലം സുഖമായി ജീവിച്ചു എന്നതിനെക്കാൾ, എത്ര അർഥവത്തായി ജീവിച്ചു എന്നതാണു പ്രധാനം. ജീവനുള്ളപ്പോഴും മൃതമായി ജീവിക്കേണ്ടി വരുന്നതിനെക്കാൾ വലിയ ഗതികേട് എന്താണ്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA