സർക്കാർ ഒഴിയുന്നതെങ്ങനെ? പാവങ്ങളുടെ 'ലൈഫില്‍' കൈയിട്ടു വാരിയത് ആരൊക്കെ

life-swapna
തൃശൂർ വടക്കാഞ്ചേരി ചരൽപറമ്പിൽ‌ നിർമാണം പുരോഗമിക്കുന്ന ഫ്ലാറ്റ്.
SHARE

ഭവനരഹിതർക്കു വീടു വച്ചു നൽകേണ്ട കോടികൾ കമ്മിഷനായും മറ്റും പലരുടെയും  കൈകളിലേക്ക് ഒഴുകിയെന്നതു വ്യക്തം. ആരൊക്കെയാണ്  ഈ തട്ടിപ്പു നടത്തിയതെന്നും  ആരൊക്കെയാണു  കൂട്ടുനിന്നതെന്നുമാണ് ഇനി അറിയാനുള്ളത്.......

തൃശൂർ വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷൻ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളിൽ പങ്കില്ലെന്നു പറഞ്ഞാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നിരിക്കുന്ന വൻ അഴിമതിയിൽനിന്നു സംസ്ഥാന സർക്കാർ മാറിനിൽക്കാൻ ശ്രമിക്കുന്നത്. എന്നാൽ, പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ സർക്കാരിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന ധാരണാപത്രമാണു പുറത്തുവന്നിരിക്കുന്നത്.

 പദ്ധതി മേൽനോട്ടം

സർക്കാർ ഭൂമിയിലായിരിക്കണം നിർമാണമെന്നതു മാത്രമല്ല, പ്രോജക്ട് കൺസൽറ്റൻസിയുടെയും സംസ്ഥാന സർക്കാരിന്റെയും മേൽനോട്ടത്തിലായിരിക്കണം പണി നടക്കേണ്ടതെന്നും യുഎഇ കോൺസൽ ജനറലും യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പനും തമ്മിൽ 2019 ജൂലൈ 31ന് ഒപ്പിട്ട ഫ്ലാറ്റ് നിർമാണ കരാറിൽ പറയുന്നുണ്ട്. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും റെഡ് ക്രസന്റ് അതോറിറ്റി പ്രതിനിധികളും സംസ്ഥാന സർക്കാരുമായി 2019 ജൂലൈ 11നു ധാരണാപത്രം ഒപ്പിട്ടതിനു ശേഷമാണിത്. അതേസമയം, പ്രോജക്ട് കൺസൽറ്റൻസി ആരാണെന്നു കോൺസുലേറ്റ് – യൂണിടാക് കരാറിൽ പറയുന്നില്ല.

life mission hospital
വടക്കാഞ്ചേരി ചരൽപറമ്പിൽ‌ ഫ്ലാറ്റിനോട് ചേർന്നു നിർമിക്കുന്ന ആശുപത്രി.

വീടുകളും ആശുപത്രിയും

യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും സംസ്ഥാന സർക്കാരും ചേർന്നുണ്ടാക്കിയ ധാരണാപത്രം റെഡ് ക്രസന്റ് അതോറിറ്റി സംസ്ഥാനത്തിന് അനുവദിക്കുന്ന ഒരു കോടി യുഎഇ ദിർഹത്തിന്റെ സഹായ പദ്ധതിയുടെ ചട്ടക്കൂടാണെന്നു വ്യക്തമാക്കുന്നുണ്ട്.

പ്രളയത്തിൽപെട്ടവർക്കു വീടുണ്ടാക്കാൻ 70 ലക്ഷം ദിർഹവും ആശുപത്രിയുണ്ടാക്കാൻ 30 ലക്ഷം ദിർഹവും അനുവദിക്കുന്നതായാണ് ധാരണാപത്രത്തിൽ പറയുന്നത്. സർക്കാരും റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിൽ ഭാവിയിലുണ്ടാക്കുന്ന വിശദമായ രൂപരേഖ, പദ്ധതി, ധാരണകൾ എന്നിവ അനുസരിച്ചായിരിക്കും ഇതെന്നും ധാരണാപത്രത്തിലുണ്ട്.

വടക്കാഞ്ചേരി പദ്ധതി

അതേസമയം, തദ്ദേശഭരണ വകുപ്പിന്റെ 2019 ജൂലൈ 11ലെ ഉത്തരവിൽ വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസി ഹാബിറ്റാറ്റ് ആണെന്നു വ്യക്തമാക്കുന്നു. 13.09 കോടി രൂപ അടങ്കലുള്ള വടക്കാഞ്ചേരി ചരൽപ്പറമ്പ് പദ്ധതിയിൽ 86 യൂണിറ്റുകളുടെ നിർമാണമാണു നിർദേശിച്ചിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 24 ഭവന‌സമുച്ചയങ്ങൾക്ക് 644 കോടി രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിലാണു ചരൽപ്പറമ്പ് പദ്ധതിയെപ്പറ്റിയും പറയുന്നത്.

 മറ്റു പദ്ധതികളെവിടെ?

സംസ്ഥാന സർക്കാരും യുഎഇ റെഡ് ക്രസന്റ് അതോറിറ്റിയും തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിൽ പറയുന്നതു പോലെ ഭവന, ആശുപത്രി നിർമാണത്തിൽ പിന്നീട് എന്തെങ്കിലും ധാരണയോ പദ്ധതിയോ രൂപരേഖയോ 2 വിഭാഗവും തമ്മിൽ ബന്ധപ്പെട്ട് ഉണ്ടാക്കിയോ എന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടില്ല.

വെബ്സൈറ്റ് പ്രവർത്തനരഹിതം

സ്പ്രിൻക്ലർ വിവാദം ആളിക്കത്തിയ ദിവസങ്ങളിലൊന്നിൽ ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയുടെ വെബ്സൈറ്റ് ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷമായതിനു സമാനമായി ലൈഫ് മിഷൻ ഭവനപദ്ധതിയുടെ നിർമാണക്കരാറെടുത്ത യൂണിടാക്കിന്റെ വെബ്സൈറ്റും നിലവിൽ പ്രവർത്തനരഹിതം! തൊട്ടുപിന്നാലെ, ലൈഫ് മിഷന്റെ വെബ്സൈറ്റിൽ നിന്നു റെഡ് ക്രസന്റുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ഒപ്പിട്ട ധാരണാപത്രവും അപ്രത്യക്ഷമായി. ധാരണാപത്രത്തിന്റെ പകർപ്പിനു രേഖാമൂലം ആവശ്യപ്പെട്ടിട്ടും സർക്കാർ ഒളിച്ചുവയ്ക്കുകയാണെന്ന് ആരോപിച്ചതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്.

അതേസമയം, പ്രതിപക്ഷ നേതാവിനു നൽകാതിരുന്ന പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറാൻ സർക്കാർ നിർബന്ധിതമായി. 2019 ജൂലൈ 11നു റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി മുഹമ്മദ് അതീഖ് അൽ ഫലാഹിയും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ യു.വി.ജോസും ഒപ്പിട്ട ധാരണാപത്രത്തിലെ വിവരങ്ങൾ പുറത്തുവന്നതോടെ സർക്കാർ കുടുക്കിലായി.

ഒരേ പദ്ധതിക്ക് രണ്ടുതരം നിർമാണം

റെഡ് ക്രസന്റ് അതോറിറ്റിയുമായി ധാരണാപത്രം ഒപ്പിട്ട അതേ ദിവസം തന്നെയാണു ലൈഫ് മിഷന്റെ ഭവന സമുച്ചയങ്ങൾക്കു ഭരണാനുമതി നൽകിയ സർക്കാർ ഉത്തരവും ഇറങ്ങിയത്. ഒരേ പദ്ധതിക്കുവേണ്ടി ഒരേ ഭൂമിയിൽ രണ്ടുതരത്തിൽ നിർമാണത്തിനു നീക്കം നടന്നതെന്തുകൊണ്ടെന്ന ചോദ്യം ബാക്കിയാണ്. യുഎഇ കോൺസുലേറ്റ് 2 കരാറുകളിലാണ് ഏർപ്പെട്ടത്.

ഫ്ലാറ്റ് നിർമാണത്തിനു വേണ്ടി യൂണിടാക് ബിൽഡേഴ്സുമായി 14.24 കോടി രൂപയുടെയും (70 ലക്ഷം യുഎഇ ദിർഹം) മാതൃ–ശിശു ആശുപത്രി, അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്കായി യൂണിടാക്കിന്റെ സഹോദരസ്ഥാപനമായ സെയ്ൻ വെഞ്ചേഴ്സുമായി 6.10 കോടി രൂപയുടെയും (30 ലക്ഷം യുഎഇ ദിർഹം) കരാറുകളാണിവ.

തുടക്കം മുതൽ ഗൂഢനീക്കങ്ങൾ

ലൈഫ് മിഷനിലെ വീടുകളുടെ നിർമാണം കാര്യക്ഷമമായി നടക്കുമ്പോൾത്തന്നെ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ടു തുടക്കം മുതലേ പല ഗൂഢലക്ഷ്യങ്ങളും സർക്കാരിനുണ്ടായിരുന്നുവെന്നു വ്യക്തമാകുന്നു. വഴിവിട്ട നീക്കങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ അതിവേഗം സ്ഥാനങ്ങളിൽനിന്നു നീക്കി മുഴുവൻ നിയന്ത്രണവും മുഖ്യമന്ത്രിയുടെ ഓഫിസിനു കീഴിലാക്കി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ തന്നെ ഒരുഘട്ടത്തിൽ ലൈഫ് മിഷന്റെ ചുമതലയേറ്റെടുത്തു. ഇപ്പോഴത്തെ സംഭവങ്ങളുമായി ചേർത്തു വായിക്കുമ്പോഴാണ് ഇതിനെല്ലാം പിന്നിൽ മറ്റു ചില ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നു ബോധ്യമാകുന്നത്.

ചട്ടങ്ങൾ മറികടക്കാൻ ശ്രമം

കൃത്യമായ ആസൂത്രണം ഓരോ നീക്കത്തിനു പിന്നിലുമുണ്ടായിരുന്നു. 2018 ഏപ്രിൽ 11നു നടന്ന പദ്ധതി അവലോകന യോഗത്തിൽ മെല്ലെപ്പോക്കിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ഇതിനു പരിഹാരമായി ഏതെങ്കിലും ഒരു ഏജൻസിയെ മൊത്തം ചുമതല ഏൽപിക്കാൻ നിർദേശിച്ചു. തൊട്ടുപിന്നാലെ അക്രഡിറ്റേഷനുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ പണി ഏൽപിക്കാൻ ടെൻഡർ ഇല്ലാതെ തീരുമാനിക്കുന്നു.

എന്നാൽ, ഇതു ചട്ടവിരുദ്ധമാണെന്നും പിന്നീടു നിയമപ്രശ്നമുണ്ടായാൽ മിഷൻ ചെയർമാൻ എന്ന നിലയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു നേരെ ചോദ്യങ്ങളുയരുമെന്നും അന്നു തദ്ദേശവകുപ്പ് സെക്രട്ടറിയായിരുന്ന ബി. അശോക് ഫയലിൽ എഴുതിയതോടെ സർക്കാർ വെട്ടിലായി. മുന്നറിയിപ്പു മറികടക്കാൻ സർക്കാർ നിയമോപദേശം വരെ തേടിയെങ്കിലും കുരുക്കാകുമെന്ന് ഉറപ്പായതോടെ അതു മുന്നോട്ടുപോയില്ല. പകരം മറ്റൊന്നു നടന്നു, അശോകിനെ തദ്ദേശവകുപ്പിൽനിന്നു നീക്കി. ചട്ടങ്ങൾ പാലിക്കാതെ കരാർ നൽകാനുള്ള സമ്മർദങ്ങളെ ചെറുത്തതോടെയാണ് ലൈഫ് മിഷൻ സിഇഒ ആയിരുന്ന അദീല അബ്ദുല്ലയ്ക്കും പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. അവർ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയിൽ പോയി. 

പിന്നീട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോറിനെ ചുമതയേൽപിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ ശിവശങ്കർ തന്നെ ലൈഫ് മിഷൻ മേധാവിയായെത്തി. കഴിഞ്ഞ വർഷം യു.വി.ജോസ് എത്തുന്നതുവരെ ശിവശങ്കർ ആയിരുന്നു ലൈഫ് മിഷൻ മേധാവി. റെഡ് ക്രസന്റ് കരാർ ഉൾപ്പെടെ തുടർന്നും പല കാര്യങ്ങളും നിയന്ത്രിച്ചിരുന്നതു ശിവശങ്കർ തന്നെയായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവന്ന വിവരങ്ങളിൽനിന്നു വ്യക്തമാകുന്നു.

ലൈഫ് (LIFE)- ലൈവ്‌ലിഹുഡ്, ഇൻക്ലൂഷൻ,  ഫിനാൻഷ്യൽ, എംപവർമെന്റ്

ഗുണഭോക്താക്കൾ: ഭൂമിയുള്ള ഭവനരഹിതർ, നിലവിലുള്ള  പദ്ധതികളുടെ ഗുണഭോക്താക്കളായ  വീടുപണി പൂർത്തിയാകാത്തവർ,   പുറമ്പോക്കിലും തീരത്തും  തോട്ടംമേഖലയിലും താൽക്കാലിക  വീടുള്ളവർ, ഭൂമിയേ ഇല്ലാത്തവർ.

2 ഘട്ടങ്ങളിലായി ആകെ പൂർത്തിയായ വീടുകൾ: 2,23,752

മൂന്നാം ഘട്ടത്തിലെ ലക്ഷ്യം: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം വീട്

അർഹരായവർക്ക് അപേക്ഷിക്കാനുള്ള  അവസാന തീയതി: 2020 ഓഗസ്റ്റ് 27

∙ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിന് ഒരു ഏജൻസിയെ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ആദ്യം അറിയിച്ചു. നിർമാണം നടത്തുന്ന യൂണിടാക് കമ്പനിക്ക് ത്രീ ഫെയ്സ് കണക്‌ഷൻ എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു കൊടുക്കണമെന്ന് സെക്രട്ടറിക്കു പിന്നീടു കത്തു വന്നിരുന്നു. യൂണിടാക്കാണ് നിർമാണം നടത്തുന്നതെന്ന് ആ ഘട്ടത്തിലാണ് അറിയുന്നത്. ഏജൻസി ഏതാണെന്ന് ആ ഘട്ടത്തിലല്ലേ നഗരസഭ അറിയേണ്ടതുള്ളൂ. ഭൂമിയുടെ നിയന്ത്രണാധികാരവും ഉടമസ്ഥാവകാശവും റവന്യു വകുപ്പിൽ നിലനിർത്തി ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾക്കായി ഉപാധികളോടെയാണ് നഗരസഭയ്ക്കു ഭൂമി കൈമാറിയിരിക്കുന്നത്.

- ശിവപ്രിയ സന്തോഷ്, അധ്യക്ഷ, വടക്കാഞ്ചേരി നഗരസഭ

ഉയരുന്ന ചോദ്യങ്ങൾ

∙ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 2019 ജൂൺ 26നു ചേർന്ന ലൈഫ് മിഷന്റെ സ്റ്റേറ്റ് ലെവൽ എംപവേഡ് കമ്മിറ്റി (എസ്എൽഇസി) യോഗത്തിലാണു വടക്കാഞ്ചേരി നഗരസഭയിൽ ഭവനസമുച്ചയത്തിന് 13,09,77,775 രൂപയുടെ പദ്ധതിക്കു ഭരണാനുമതി നൽകാൻ തീരുമാനിച്ചത്. ഭരണാനുമതി നൽകിയ പദ്ധതിയിൽ സർക്കാരിന് ഒരു പങ്കുമില്ലേ? 4417-60-051-95 (പ്ലാൻ) എന്ന ഹെഡ് ഓഫ് അക്കൗണ്ട് വരെ നിശ്ചയിച്ചാണു ഭരണാനുമതി.

∙വടക്കാഞ്ചേരിയിലേതുൾപ്പെടെ 8 ജില്ലകളിൽ ഭവനസമുച്ചയം നിർമിക്കാൻ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസികളെ (പിഎംസി) തിരഞ്ഞെടുത്തതിനു ലൈഫ് മിഷൻ സ്വീകരിച്ച നടപടികൾ സാധൂകരിക്കാൻ തീരുമാനിച്ചതും ഈ യോഗത്തിൽ.

∙ഭവനസമുച്ചയങ്ങൾ നിർമിക്കുന്നതിനു കണ്ടെത്തിയ സർക്കാർ - അർധസർക്കാർ - തദ്ദേശ സ്ഥാപനങ്ങളുടെ വക സ്ഥലങ്ങളുടെ ഉടമസ്ഥാവകാശം തദ്ദേശ സ്വയംഭരണ വകുപ്പിനു കൈമാറണമെന്നു മന്ത്രിസഭയോടു ശുപാർശ ചെയ്യാൻ തീരുമാനിച്ചതും ഈ യോഗത്തിലല്ലേ? അങ്ങനെയെങ്കിൽ വിഷയം പിന്നീട് മന്ത്രിസഭ ചർച്ച ചെയ്തോ?

∙ വടക്കാഞ്ചേരിയിൽ റെഡ് ക്രസന്റ് നടപ്പാക്കുന്നത് 20 കോടിയുടെ ഭവനസമുച്ചയം എന്നു പ്രഖ്യാപനം. ഭവനസമുച്ചയത്തിന് 14.5 കോടിയും ആശുപത്രിക്ക് 5.5 കോടിയുമെന്നു ധാരണാപത്രത്തിൽ. ഭവനസമുച്ചയത്തിനു ഭരണാനുമതി 13.09 കോടിക്ക്. ഈ വ്യത്യാസം എങ്ങനെ സംഭവിച്ചു?

∙ വിദേശ സംഘടനകളിൽനിന്നു സഹായം സ്വീകരിക്കുന്നതിനു മുൻപ് കേന്ദ്രസർക്കാർ അനുമതി വാങ്ങണമെന്ന നിയമവകുപ്പിന്റെ മുന്നറിയിപ്പു മറികടന്ന് ധാരണാപത്രം ഒപ്പിട്ടത് എന്തിന്?

∙ റെഡ് ക്രസന്റുമായുള്ള സഹകരണം സംബന്ധിച്ചു ധാരണാപത്രം ഒപ്പിടുന്നതിനു മുൻപ് മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യാതിരുന്നത് എന്തുകൊണ്ട്?

∙ ധാരണാപത്രത്തിന്റെ പകർപ്പു നൽകണമെന്ന, ഭരണഘടനാ പദവിയുള്ള പ്രതിപക്ഷനേതാവിന്റെ ആവശ്യം അവഗണിച്ചത് എന്തുകൊണ്ട്?

 ഹാബിറ്റാറ്റിനെ പുറത്താക്കൽ

വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണപദ്ധതിയിൽനിന്ന് ഹാബിറ്റാറ്റ് ഗ്രൂപ്പിനെ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നു. ഹാബിറ്റാറ്റ് ഗ്രൂപ്പാണ് പദ്ധതിക്കായി രൂപരേഖ തയാറാക്കിയത്. ലൈഫ് മിഷന്റെ നിർദേശപ്രകാരം പലവട്ടം രൂപരേഖ തിരുത്തി. വീടുകളുടെ എണ്ണം പലവട്ടം മാറ്റിമറിച്ചു.

ഒടുവിൽ പ്രീഫാബ്രിക്കേഷൻ ടെക്നോളജിയിലുള്ള കെട്ടിടമാണ് നിർമിക്കാനുദ്ദേശിക്കുന്നതെന്നു പറഞ്ഞതോടെയാണ് അതിനോടു യോജിക്കാതെ പദ്ധതിയിൽനിന്നു ഹാബിറ്റാറ്റ് പിന്മാറിയത്. അങ്ങനെ യൂണിടാക്കിനു നിർമാണക്കരാർ കിട്ടി. എന്നാൽ വടക്കാഞ്ചേരിയിൽ നിർമിക്കുന്നതാകട്ടെ, സാധാരണ കോൺ‍ക്രീറ്റ് കെട്ടിടവും.

തയാറാക്കിയത്: ജയൻ മേനോൻ, സാക്കിർ ഹുസൈൻ, എം.എ. ജോൺസൺ, ജയചന്ദ്രൻ ഇലങ്കത്ത്, കെ. ജയപ്രകാശ് ബാബു, മഹേഷ് ഗുപ്തൻ, രമേഷ് എഴുത്തച്ഛൻ, അരുൺ എഴുത്തച്ഛൻ, മിന്റു പി. ജേക്കബ്, നഹാസ് മുഹമ്മദ്, ജോജി സൈമൺ, പ്രതീഷ് ജി. നായർ, നസീബ് കാരാട്ടിൽ, ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ്.സങ്കലനം: അജീഷ് മുരളീധരൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA