അളവിന്റെ മാനദണ്ഡം

subhadinam
SHARE

ആ ചെറിയ പുഴുവിന് എല്ലാവരോടും പുച്ഛമാണ്. അടുത്തുകൂടി ആരു പോയാലും അവരുടെ ശരീരത്തിന്റെ അളവെടുത്ത് അവരെ കളിയാക്കും. ഒരിക്കലൊരു പക്ഷി അടുത്തുവന്നപ്പോൾ പുഴു ചോദിച്ചു, നിനക്ക് നീളം വളരെ കുറവാണല്ലോ? പക്ഷി ഒന്നും പ്രതികരിക്കാതെ ഗാനമാലപിക്കാൻ തുടങ്ങി. 

പാട്ടുകേട്ട് മലയിൽനിന്നു മയിൽ നൃത്തം തുടങ്ങി. നദികളിൽ മീനുകൾ തുള്ളിച്ചാടി. മൃഗങ്ങളെല്ലാം പക്ഷിയുടെ അടുത്തേക്കു വന്നുതുടങ്ങി. ഇതെല്ലാം കണ്ട് അദ്ഭുതപ്പെട്ടിരുന്ന പുഴുവിനോടു വാനമ്പാടി ചോദിച്ചു: നിന്റെ ഏത് അളവുകോലുകൊണ്ട് എന്റെയുള്ളിലെ സംഗീതത്തെ അളക്കാൻ കഴിയും?

അളവുകോലുകളെല്ലാം അപൂർണമാണ്. ഒന്നിനെയും ആരെയും പൂർണമായി അളക്കാനാകില്ല. നിർമിക്കുന്നവരുടെ ഉദ്ദേശ്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസരിച്ചാണ് ഓരോ അളവുകോലും രൂപംകൊള്ളുന്നത്. സ്നേഹവും കരുണയും വിട്ടുവീഴ്ചയും അതിജീവനവുമെല്ലാം എന്തുകൊണ്ട് അളക്കും? ഒന്നിന്റെയും കണക്കു സൂക്ഷിക്കാത്തവരോട് അളവുകളെക്കുറിച്ച് എങ്ങനെ പറയും? അളന്നു നൽകുന്നതിനു പകരം ആവശ്യത്തിലധികം നൽകുകയും അളന്നെടുക്കുന്നതിനു പകരം അത്യാവശ്യത്തിനു മാത്രം എടുക്കുകയും ചെയ്യുന്നവരോട് എന്തിനാണ് അളവു ചോദിക്കുന്നത്? തൂക്കവും ഗുണവും ഒരേസമയം അളക്കാൻ കഴിയുന്ന എത്ര ഉപകരണങ്ങൾ ഉണ്ടാകും?

കണ്ടതുകൊണ്ടും കേട്ടതുകൊണ്ടും മാത്രമല്ല ഒന്നിനെയും വിലയിരുത്തേണ്ടത്. കാഴ്ചയ്ക്കും കേൾവിക്കും അപ്പുറം പലതുമുണ്ട്. തനിക്കു മാത്രം മനസ്സിലാകുന്ന ഇടങ്ങളിൽനിന്നാണ് ഓരോരുത്തരും മുളച്ചുപൊങ്ങുന്നതും വളർന്നു വിടരുന്നതും. പോരായ്മകൾക്കു വിലയിട്ട് അവഹേളിക്കുന്നവർ കഴിവിനും മികവിനും കൂടി വില കൽപിച്ചിരുന്നെങ്കിൽ ആരുമറിയാതെ ജീവിക്കുന്ന പല പ്രതിഭകളും ആരാധകവൃന്ദത്തെ സൃഷ്ടിച്ചേനെ. 

മറ്റുള്ളവരെ അളക്കാൻ അളവുകോലുകൾ നിർമിക്കുന്നതിനു പകരം, സ്വയം തിരുത്താനുള്ള വിലയിരുത്തൽ രേഖകൾ ഉണ്ടാക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA