ADVERTISEMENT

റെഡ് ക്രസന്റ് ലൈഫ് മിഷനു നൽകുന്ന 20 കോടി രൂപയുടെ ഭവന, ആശുപത്രി സമുച്ചയത്തിന്റെ നിർമാണക്കരാർ നേടിയ യൂണിടാക് കമ്പനി തങ്ങളെ സഹായിച്ചവർക്കു കൈക്കൂലി നൽകിയതിനു സർക്കാർ എന്തു പിഴച്ചു എന്ന വിചിത്രവാദമാണ് ഉയരുന്നത്. എന്നാൽ, കേരളത്തിലെ പാവപ്പെട്ട ഭവനരഹിതർക്ക് അത്താണിയാകേണ്ടിയിരുന്ന 4.25 കോടി രൂപയാണ് ഇങ്ങനെ കൈക്കൂലി ഇനത്തിൽ വീതിക്കപ്പെട്ടത്.

ലൈഫ് മിഷൻ പദ്ധതി പ്രകാരമാണെങ്കിൽ 106 പേർക്കു വീടുവയ്ക്കാനുള്ള തുക. കരാർ പ്രകാരം നിർമിക്കുന്ന ഫ്ലാറ്റുകളുടെ എണ്ണത്തിൽ കുറവു വരുന്നില്ലെങ്കിൽക്കൂടി അതിന്റെ ഗുണനിലവാരത്തിൽ കുറവു വരുമെന്നുറപ്പ്. കരാറുകാരൻ കൈക്കൂലി ആർക്കു കൊടുത്താലും നഷ്ടം ഗുണഭോക്താക്കൾക്കും അതുവഴി കേരളത്തിനും തന്നെ. 

കുറ്റങ്ങൾ ഗൗരവതരം

വിദേശരാജ്യത്തെ ഏജൻസിക്കു കേരളത്തിൽ നിർമാണപ്രവർത്തനം നടത്താൻ അനുമതി നൽകിയത് വ്യവസ്ഥകൾ പാലിച്ചാണോ എന്ന ചോദ്യമുയരുന്നുണ്ട്. കരാർക്കമ്പനി നൽകിയ കൈക്കൂലിയിൽ ഏകദേശം 3 കോടിയോളം രൂപ ഡോളറായാണു നൽകിയതെന്നും അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുണ്ട്. കരാറുകാരൻ ഇത്രയും വലിയ തുക ഡോളറായി മാറ്റിയത് എങ്ങനെയെന്ന ഗൗരവതരമായ ചോദ്യവും ഉയരുന്നു. വിദേശനാണ്യച്ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നു വ്യക്തം.    

ആരുറപ്പിക്കും സുരക്ഷിതത്വം?

കൈക്കൂലിത്തുക കിഴിച്ചുള്ള ബാക്കി പണംകൊണ്ടു നിർമിക്കുന്ന ഫ്ലാറ്റിന് തകരാറുകൾ സംഭവിച്ചാൽ ഉത്തരവാദിത്തം ആർക്കായിരിക്കുമെന്ന ചോദ്യവും ശേഷിക്കുന്നു. ഏതൊരു പദ്ധതിയിലും 20 ശതമാനത്തിലേറെ തുക കൈക്കൂലിക്കായി ചെലവഴിച്ചാൽ ആ പദ്ധതിയുടെ ഗുണനിലവാരവും സുരക്ഷിതത്വം തന്നെയും അപകടത്തിലായേക്കാമെന്ന് നിർമാണരംഗത്തെ വിദഗ്ധർ പറയുന്നു.

ആദ്യ പേരുകാരന്റെ ഗതി

ബിനോയ് മാത്യുവിന്റെ വീട്ടിൽ ആകെയുള്ളത് ഒരു മുറിയാണ്. നന്നായി കുനിഞ്ഞു കയറിയില്ലെങ്കിൽ മേൽക്കൂരയിലെ ഷീറ്റിലെ തുരുമ്പ് തറച്ചുകയറും. നനയാതിരിക്കാൻ മുകളിലിട്ടിരുന്ന ഷീറ്റുകൾ കഴിഞ്ഞ മഴയിലും പറന്നുപോയിരുന്നു. ഇപ്പോൾ ഷീറ്റും കയറുമൊക്കെ വലിച്ചുകെട്ടിയാണു ബിനോയിയും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം അന്തിയുറങ്ങുന്നത്. പത്തനംതിട്ടയിലെ ഓമല്ലൂർ പഞ്ചായത്തിലെ ചീക്കനാൽ പ്രദേശത്തു താമസിക്കുന്ന ബിനോയ്, പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലെ ആദ്യ പേരുകാരനായിരുന്നു. അപ്പോഴാണു സ്വന്തം പേരിൽ റേഷൻ കാർഡില്ലാത്തതിനാൽ വീടു കിട്ടില്ലെന്ന വിവരം പഞ്ചായത്തിൽനിന്ന് അറിയിക്കുന്നത്. പിതാവിന്റെ പേരിലുള്ള പൊതു റേഷൻകാർഡായിരുന്നു വീട്ടിൽ. ബിനോയിയും കുടുംബവും തൊട്ടടുത്ത് ഒറ്റമുറി ഷെഡിലായിരുന്നു അപ്പോഴും താമസം. മാനദണ്ഡപ്രകാരം വീട്ടിലെ ഒരംഗത്തിനു വീടിന് അർഹതയുണ്ടായിരുന്നു. എന്നാൽ, റേഷൻകാർഡ് സ്വന്തം പേരിലല്ലാത്തത് അയോഗ്യതായി കണക്കാക്കി ബിനോയിയുടെ പേരു വെട്ടി.

Binoy-Mathew-house
ഓമല്ലൂർ ചീക്കനാൽ ബിനോയ് മാത്യുവിന്റെ ഭാര്യ ഗിരിജയും മകനും വീട്ടിനുള്ളിൽ

പഴയ തട്ടിപ്പുകാ‍ർ ചിരിക്കുന്നു

സർക്കാരിന്റെ നിലവിലുണ്ടായിരുന്ന മറ്റു ഭവനപദ്ധതികളെല്ലാം ലൈഫ് മിഷന്റെ പേരിൽ നടപ്പാക്കിയപ്പോൾ നേരത്തേ വിവിധ ഭവനപദ്ധതികളിൽ അഴിമതി നടത്തിയ കരാറുകാരും ഇടനിലക്കാരും രക്ഷപ്പെട്ടു. സർക്കാരിന് ഇവരിൽനിന്നു തിരിച്ചുപിടിക്കാമായിരുന്ന കോടിക്കണക്കിനു രൂപ പിടിച്ചെടുക്കാനും നടപടിയുണ്ടായില്ല. രാഷ്ട്രീയക്കാരായിരുന്നു ഈ കരാറുകാരിൽ ഭൂരിഭാഗവും.

പല പദ്ധതികളിലായി മുടങ്ങിക്കിടന്നിരുന്ന വീടുകൾ പൂർത്തിയാക്കലായിരുന്നു ആദ്യ ഘട്ടത്തിൽ ലൈഫിൽ നടത്തിയത്. വീടിനു തുക ലഭിച്ച ഗുണഭോക്താക്കളിൽനിന്നു പണം കൈപ്പറ്റിയ ശേഷം കരാറുകാർ മുങ്ങിയതായിരുന്നു വീടുനിർമാണം നിലയ്ക്കാൻ കാരണം. 

ഇത്തരത്തിൽ പണി മുടങ്ങിയ വീടുകൾ പൂർത്തീകരിക്കാൻ ലൈഫ് മിഷൻ വഴി തുക അനുവദിക്കുമ്പോൾ കബളിപ്പിച്ച കരാറുകാർക്കെതിരെ കേസെടുത്തു പണം തിരിച്ചുപിടിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. പട്ടികവർഗ ഭവന പദ്ധതികളിലായിരുന്നു വലിയ അഴിമതി നടന്നത്. കോടിക്കണക്കിനു രൂപയാണ് ആദിവാസികളിൽനിന്ന് ഇടനിലക്കാർ തട്ടിയെടുത്തത്. 

തട്ടിപ്പിന്റെ സോഫ്റ്റ്‌വെയർ

‘ലൈഫ് മിഷൻ രണ്ടാം ഘട്ട സോഫ്റ്റ്‌വെയറിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ല. ലൈഫ് മിഷന്റെ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച സ്റ്റാർട്ടപ് സ്ഥാപനം മുഖേന സോഫ്റ്റ്‌വെയർ ഡവലപ്പറുടെ സേവനം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. 1,10,000 രൂപ പ്രതിഫലത്തിനു നിയമനം നടത്താം. ഇതിനു വേണ്ട പണം ലൈഫ് മിഷന്റെ ഭരണപരമായ ചെലവുകൾക്കു നീക്കി വച്ചിരിക്കുന്ന 5 കോടിയിൽ‌നിന്നു കണ്ടെത്താം’’ (കഴി‍ഞ്ഞ ജൂൺ ഒന്നിന് തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവാണിത്).  

ലൈഫിന്റെ രണ്ടാംഘട്ട സോഫ്റ്റ്‌വെയർ പാടേ തകരാറിലാണ്. ഇതു തയാറാക്കിയ ഇൻഫർമേഷൻ കേരള മിഷൻ (ഐകെഎം) എന്ന സർക്കാർ സംവിധാനം ലൈഫിനെ കൈവിട്ടിരിക്കുന്നു. അവർ സൗജന്യമായി പരിഹരിച്ചു കൊടുക്കേണ്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു സ്വകാര്യ കമ്പനിയെ മാസം 1.10 ലക്ഷം കൊടുത്തു കെട്ടിയിറക്കുന്നു. അതിനുവേണ്ടി ടെൻഡറോ താൽപര്യപത്രമോ ക്ഷണിച്ചിട്ടില്ല. കൃത്യമായ താൽപര്യങ്ങളും നിർദേശങ്ങളും ഇതിനു പിന്നിൽ ഉണ്ടായിരുന്നുവെന്ന് ഉത്തരവിൽത്തന്നെ വ്യക്തം. ലൈഫ് മിഷന്റെ തലപ്പത്തുണ്ടായിരുന്ന ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ താൽപര്യങ്ങൾ തന്നെയാണ് ഇവിടെയും നടപ്പാക്കപ്പെട്ടത്. വിവാദത്തിൽപെട്ട് ജൂലൈ 16നു സസ്പെൻഷനിലായ ശേഷവും ഓഗസ്റ്റ് 4 വരെ  ശിവശങ്കർ ലൈഫ് മിഷൻ ഇടപാടുകളിൽ സജീവമായിരുന്നു. 4നു രാത്രി ഏഴരയ്ക്കാണ് ലൈഫ് മിഷൻ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽനിന്നു ശിവശങ്കർ യാത്രപറഞ്ഞു പിരിഞ്ഞത്. 

പണശേഖരണ ‘മിഷൻ’

സ്റ്റാർട്ടപ് കമ്പനിയുമായുള്ള ഇടപാടുകൾ വിവാദമായതിനെത്തുടർന്ന് 3 മാസത്തേക്കു നൽകിയ ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ലൈഫ് മിഷൻ അധികൃതർ ഇപ്പോൾ. ലൈഫ് മിഷൻ രണ്ടാംഘട്ട വിവരശേഖരണത്തിനു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു എന്ന ഒറ്റ മുൻപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ടെക്നോപാർക്ക് ആസ്ഥാനമായ സ്റ്റാർട്ടപ്പിനു ടെൻഡർ ഇല്ലാതെ കരാർ നൽകിയത്. ആദ്യഘട്ട ലൈഫ് മിഷൻ സമ്പൂർണ വിജയമായിരുന്നെങ്കിലും വിവരങ്ങൾ സ്വകാര്യ കമ്പനിക്കു ലഭിക്കുമെന്ന കാരണം പറഞ്ഞാണ് രണ്ടാം ഘട്ടം ‌ഐകെഎമ്മിനെ ഏൽപിച്ചത്. സോഫ്റ്റ്‌വെയർ തകരാറിലായതിനെത്തുടർന്ന് വിവരശേഖരണം അവതാളത്തിലായി. 

തുടർന്ന് ഐകെഎമ്മിനെ ഒഴിവാക്കി മൂന്നാം ഘട്ടത്തിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയെ (ഐഐഐടിഎംകെ) ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് ആദ്യ ആറു മാസത്തേക്കായി 38.70 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്. ഒരു വർഷമാവുമ്പോൾ 77 ലക്ഷം രൂപയും. വീടൊന്നിന് 4 ലക്ഷം എന്ന സർക്കാർ കണക്കു പ്രകാരം 19 പേർക്ക് വീടു നിർമിച്ചു കൊടുക്കാൻ കഴി‍യുന്നത്ര പണമാണ് സോഫ്റ്റ്‌വെയർ ഒരുക്കാനായി വിനിയോഗിക്കുന്നത്. അതും, സൗജന്യമായി ഇതിനു ബാധ്യസ്ഥരായ സർക്കാർ സംവിധാനം നോക്കുകുത്തികളായി നിൽക്കുമ്പോൾ. 

ശിവശങ്കറിന്റെ താൽപര്യം

ലൈഫ് മിഷനു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച സ്ഥാപനത്തിനുതന്നെ കരാർ നൽകാൻ നിർദേശിച്ചത് എം.ശിവശങ്കറാണെന്നാണു സൂചന. ടെൻഡറോ താൽപര്യപത്രം ക്ഷണിക്കലോ ഉണ്ടായില്ലെങ്കിലും ശിവശങ്കറിന്റെ നിർദേശം അവഗണിക്കാൻ അധികൃതർ തയാറായില്ല. ലൈഫ് മിഷൻ ആദ്യ ഘട്ടത്തിലെ സോഫ്റ്റ്‌വെയർ ഓരോ ചെറിയ വിവരവും വേർതിരിച്ചെടുക്കാൻ സാധിക്കുന്ന വിധത്തിലായിരുന്നു. പഞ്ചായത്ത് തോറും എത്ര ഗുണഭോക്താക്കൾ, എത്ര തുക ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം ക്രോഡീകരിക്കാൻ സാധിച്ചു. എന്നാൽ, രണ്ടാം ഘട്ട സോഫ്റ്റ്‌വെയർ തകരാറിലായതോടെ ഈ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയാതായി. ഇതിനു പരിഹാരം കാണാൻ ചേർന്ന, ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സംസ്ഥാനതല എംപവേഡ് കമ്മിറ്റിയാണ് ഐഐഐടിഎംകെയെ ഏൽപിക്കാൻ തീരുമാനിച്ചത്.  

വടക്കാഞ്ചേരിയിലെ ലംഘനം

യുഎഇ റെഡ് ക്രസന്റുമായി ലൈഫ് മിഷൻ ഒപ്പുവച്ച ധാരണാപത്രത്തിലെ പല കരാറുകളും വടക്കാഞ്ചേരി പദ്ധതിയിൽ ലംഘിച്ചിരിക്കുകയാണ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട 6 മാർഗനിർദേശങ്ങളാണു പ്രധാനമായും ധാരണാപത്രത്തിലുള്ളത്. അവയെല്ലാം തന്നെ വടക്കാഞ്ചേരിയിൽ ലംഘിച്ചു. 

∙ പദ്ധതിക്കു പ്രത്യേക കരാർ ഉണ്ടാകണം. 

ഇല്ല

∙ പദ്ധതിയുടെ എസ്റ്റിമേറ്റും ബജറ്റും പ്ലാനും സമർപ്പിക്കണം. 

ഇല്ല 

∙ ആരു തമ്മിലാണു പദ്ധതിയുടെ കത്തിടപാടുകളും ആശയവിനിമയവും എന്നു രേഖപ്പെടുത്തണം. 

ഇല്ല

∙പദ്ധതിയുടെ ലക്ഷ്യം രേഖപ്പെടുത്തണം. 

ഇല്ല

∙പദ്ധതിയുടെ ബാധ്യതകളും ഉത്തരവാദിത്തവും കടപ്പാടുകളും രേഖപ്പെടുത്തണം. 

ഇല്ല

∙പദ്ധതിയിൽ ചെലവാക്കുന്ന പണം എവിടെനിന്നെല്ലാമെന്നു രേഖപ്പെടുത്തണം.

ഇല്ല

നാളെ: വടക്കാഞ്ചേരിയിലെ ഫ്ലാറ്റുകളിൽ സംഭവിക്കുന്നത്.

തയാറാക്കിയത്: ജയൻ മേനോൻ, സാക്കിർ ഹുസൈൻ, എം.എ. ജോൺസൺ, ജയചന്ദ്രൻ ഇലങ്കത്ത്, കെ. ജയപ്രകാശ് ബാബു, മഹേഷ് ഗുപ്തൻ, രമേഷ് എഴുത്തച്ഛൻ, അരുൺ എഴുത്തച്ഛൻ, മിന്റു പി. ജേക്കബ്, നഹാസ് മുഹമ്മദ്, ജോജി സൈമൺ, പ്രതീഷ് ജി. നായർ, നസീബ് കാരാട്ടിൽ, ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ്, സിജിത്ത് പയ്യന്നൂർ. സങ്കലനം: അജീഷ് മുരളീധരൻ

English Summary: Life Mission Project series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com