റബർ കർഷകനോടോ ഈ കടുംവെട്ട്?

HIGHLIGHTS
  • ഫണ്ട് വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണം
SHARE

രാജ്യാന്തര വിപണിയിൽ മത്സരിക്കാനാവാതെ കുഴങ്ങുന്ന റബർ കർഷകർക്കു കേന്ദ്രസർക്കാരിന്റെ സഹായം ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. വർഷങ്ങളായി തുടരുന്ന വിലയിടിവ് റബർ കർഷകരെ സാമ്പത്തികമായി തകർത്തു. കോവിഡ് പ്രതിസന്ധി കൂടിയായതോടെ മറ്റു വരുമാന സാധ്യതകളും നിലച്ചു. ഈ ദുരിതങ്ങൾക്കിടയിലാണ് കോവിഡിന്റെ പേരുപറഞ്ഞ് കേന്ദ്രം, റബർ ബോർഡിന്റെ ഫണ്ടിൽ 40 ശതമാനം കുറവു വരുത്തിയത്. 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സർക്കാർതലത്തിൽ ഒട്ടേറെ പദ്ധതികൾ നടത്തുന്നുണ്ട്. എന്നാൽ, അതിനു വേണ്ടിവരുന്ന അധിക തുക കുത്തുപാളയെടുത്തു കഴിഞ്ഞ കർഷകന്റെ കീശയിൽനിന്നു വേണോ കണ്ടെത്താൻ? 

പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണമില്ലാതെ ഞെരുങ്ങുന്ന അവസ്ഥയിലാണ് ഏതാനും വർഷങ്ങളായി റബർ ബോർഡ്. ഇപ്പോഴിതാ അനുവദിച്ച ഫണ്ട് കൂടി വെട്ടിക്കുറച്ചിരിക്കുന്നു. ഫലമോ, ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും നാമമാത്രമായെങ്കിലുമുള്ള സബ്സിഡി കൂടി കർഷകർക്കു നിഷേധിക്കപ്പെടുന്നു. ഈ വർഷം ആവർത്തനക്കൃഷിക്കുള്ള അപേക്ഷ ക്ഷണിച്ചിരുന്നില്ല. ഫണ്ടില്ലാത്ത സാഹചര്യത്തിൽ സബ്സിഡി അപേക്ഷകൾ ഇനി സ്വീകരിക്കില്ലെന്നു മാത്രമല്ല, മുൻ വർഷങ്ങളിലെ അപേക്ഷകൾ പരിഗണിക്കുകയുമില്ല. 

പെട്രോളിയം പോലെ തന്ത്രപ്രധാനമായ ഉൽപന്നമായാണു റബറും കരുതപ്പെട്ടിരുന്നത്. അതിന്റെ ഉൽപാദനത്തിനായി ആദ്യ ഏഴു വർഷത്തോളം തന്റെ കൃഷിയിടത്തിലെ വരുമാന സാധ്യതകൾ വേണ്ടെന്നു വയ്ക്കുന്നവർക്കു കേന്ദ്രം നൽകുന്ന പ്രോത്സാഹനമായിരുന്നു സബ്സിഡി. അതു നിഷേധിക്കുന്നതിലൂടെ എന്തു സന്ദേശമാണു കേന്ദ്ര സർക്കാർ നൽകുന്നത്? കോവിഡ് മൂലമുണ്ടാകുന്ന ഭാവി സാമ്പത്തിക പ്രശ്നങ്ങൾക്കു പരിഹാരം റബർ ഇറക്കുമതിയാണെന്നോ? 

പ്രതിസന്ധികളുണ്ടാകുമ്പോൾ ചെലവു ചുരുക്കേണ്ടി വരിക സ്വാഭാവികം. അത്തരം സന്ദർഭങ്ങളിൽ പോലും ഉൽപാദനക്ഷമമല്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയും ഉൽപാദന മേഖലയ്ക്കു കൂടുതൽ കരുത്തു പകരുകയുമാണ് ദീർഘവീക്ഷണമുള്ളവർ ചെയ്യുക. എന്നാൽ, ഇവിടെ ഒരു മുഖ്യ ഉൽപാദന പ്രക്രിയയെ തളർത്തിയിടുകയാണ്. ഇപ്രകാരം വികസന ഏജൻസികളെ ദുർബലമാക്കിയാണോ രാജ്യത്തു പുതിയ ഉണർവുണ്ടാക്കുന്നത്? വാണിജ്യ മന്ത്രാലയത്തിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കുന്നതിന്റെ ആഘാതം ആദ്യം ഏറ്റുവാങ്ങേണ്ടി വരുന്നത് ചെറുകിട കർഷകനാണെന്ന സ്ഥിതി അപലപനീയമാണ്. 

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ പങ്കുണ്ട് റബറിന്. നമുക്കാവശ്യമായ റബറിന്റെ ഗണ്യമായ ഒരു ഭാഗമെങ്കിലും ഇവിടെ ഉൽപാദിപ്പിക്കാൻ സഹായകമായ നടപടികളാണു വേണ്ടത്. കോവിഡ് അനന്തര ഇന്ത്യയിൽ റബർക്കൃഷി കൂടുതൽ പ്രധാനമാകുന്നതു രണ്ടു കാരണത്താലാണ്. ഒന്ന് – ഇറക്കുമതി കുറയുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടാകുന്ന കരുത്ത്. രണ്ട് – റബർ ഉൽപാദന, വിപണന ശൃംഖല സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ. ഈ രണ്ടു സാധ്യതകളും വിസ്മരിച്ച് ഉൽപാദന മേഖലയെ തളർത്തുന്ന തീരുമാനങ്ങളിൽനിന്നു സർക്കാർ പിന്മാറണം. ചെലവുകൾ വെട്ടിക്കുറയ്ക്കുക തന്നെ വേണം. പക്ഷേ, അതു ചെറുകിട കർഷകനെ കടുംവെട്ട് വെട്ടിക്കൊണ്ടാകരുത്. 

English Summary: Reduction in fund for rubber board

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA