ബിസിനസും ബഹുസ്വരതയും

August-Landmesser
ഹിറ്റ്ലറെ സല്യൂട്ട് ചെയ്യാതെ നിൽക്കുന്ന ഓഗസ്റ്റ് ലാൻഡ്മെസ്സറുടെ പ്രസിദ്ധമായ ചിത്രം.
SHARE

ആയിരക്കണക്കിനു നാത്‌സികൾ ഹിറ്റ്ലറെ കൈയുയർത്തി സല്യൂട്ട് ചെയ്തപ്പോൾ അതിനു തയാറാകാതിരുന്ന, അതുകാരണം ജീവൻ നഷ്ടപ്പെട്ട ശാന്തനായ ഏകാകി – ഓഗസ്റ്റ് ലാൻഡ്മെസ്സർ. പ്രസിദ്ധമായ ആ ചിത്രം, ‍ഡൽഹിയിലെ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബാനറായി നൽകുകയുണ്ടായി. നാത്‌സികളെ പ്രോത്സാഹിപ്പിക്കുന്ന പടം എന്നു പറഞ്ഞ് ട്വിറ്റർ സഞ്ജയ് ഹെഗ്ഡെയുടെ അക്കൗണ്ട് മരവിപ്പിച്ചു. പടം മാറ്റിയാൽ വീണ്ടും ട്വിറ്റർ ഉപയോഗിക്കാമെന്ന് അവർ പറഞ്ഞതു ഹെഗ്ഡെ നിരാകരിച്ചു.

ഇത്രയും പറഞ്ഞത് ട്വിറ്റർ അധികൃതർക്കു വിവരം കുറവാണെന്നു ചൂണ്ടിക്കാണിക്കാനല്ല; ട്വിറ്റർ, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വരുന്ന ഓരോ പോസ്റ്റും ആ മാധ്യമങ്ങളുടെ നടത്തിപ്പുകാരും അവരുടെ നൂറുകണക്കിനുള്ള മെഷീനുകളും ശ്രദ്ധിക്കുന്നു എന്നതിന് ഉദാഹരണമായാണ്. യുഎസിൽ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് മൃഗീയമായി കൊലപ്പെടുത്തിയതിനെ തുടർന്നുണ്ടായ കലാപങ്ങൾക്കു ശേഷം, വെറുപ്പും വംശീയതയും കലർന്ന ട്രം‌പിന്റെയും അനുകൂലികളുടെയും പോസ്റ്റുകൾ ഫെയ്സ്ബുക് നിയന്ത്രിക്കുന്നില്ല എന്നു പറഞ്ഞ് വ്യാപക പ്രതിഷേധമുയർന്നപ്പോൾ ഫെയ്സ്ബുക് ഉടമ മാർക്ക് സക്കർബർഗ് തന്റെ ജീവനക്കാരുടെ യോഗം വിളിച്ചു. അദ്ദേഹം പറഞ്ഞത്, ട്രംപിന്റെ പോസ്റ്റുകൾ അക്രമങ്ങളിലേക്കു നയിക്കുന്നില്ലെന്നും അതുകൊണ്ട് അവ അനുവദിക്കുന്നതിൽ തെറ്റില്ലെന്നുമാണ്. 

എന്നാൽ, ലോകമെമ്പാടുമുള്ള 25,000 ഫെയ്സ്ബുക് ജീവനക്കാരോട് അക്രമത്തിലേക്കു നയിക്കുന്ന പോസ്റ്റിന് ഉദാഹരണമായി സക്കർബർഗ് പറഞ്ഞത്, ഇന്ത്യയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധം നടക്കുമ്പോൾ ഉണ്ടായ ഒരു വിദ്വേഷപ്രസംഗത്തെക്കുറിച്ചാണ്. പേരെടുത്തു പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ഡൽഹിയിലെ ബിജെപി എംഎൽഎ കപിൽ മിശ്രയുടെ പ്രസംഗമായിരുന്നു. പൊലീസിനെക്കൊണ്ടു കഴിഞ്ഞില്ലെങ്കിൽ ഞങ്ങൾ തെരുവുകളിൽനിന്നു പ്രതിഷേധക്കാരെ മാറ്റുമെന്നാണു കപിൽ മിശ്ര പറഞ്ഞത്. ഫെയ്സ്ബുക് ആ വിഡിയോ നീക്കി. അക്രമത്തിനു കൂട്ടുനിൽക്കില്ല എന്നതിനു സക്കർബർഗ് ഹാജരാക്കിയ ഏക തെളിവാണ് ഇന്ത്യയിലെ ഈ സംഭവം.

എന്നാൽ, കപിൽ മിശ്രയോടു ചെയ്തത് ബിജെപിയുടെ തെലങ്കാന എംഎൽഎ ടി.രാജാ സിങ്ങിനോട് ഫെയ്സ്ബുക് ചെയ്തില്ല എന്ന തികച്ചും അസ്വാസ്ഥ്യജനകമായ വിവരമാണു കഴിഞ്ഞയാഴ്ച വോൾസ്ട്രീറ്റ് ജേണലിലെ അന്വേഷണാത്മക റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്. രാജാ സിങ്ങിന്റെ വിവാദമായ മുസ്‌ലിം വിരുദ്ധ പോസ്റ്റുകൾ ഫെയ്സ്ബുക് ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു മാത്രമല്ല, അവ അക്രമം ആളിക്കത്തിക്കാൻ പോന്നവയുമാണ്. വോൾസ്ട്രീറ്റ് ജേണലിൽ വന്ന റിപ്പോർട്ട് അനുസരിച്ച്, ഫെയ്സ്ബുക്കിന്റെ ഇന്ത്യയിലെ പോളിസി ഡയറക്ടർ ആംഖി ദാസാണു രാജാ സിങ്ങിനെതിരെ നടപടിയെടുക്കുന്നതിനു തടസ്സമായി നിന്നത്. ‘മോദിയുടെ പാർട്ടിയിലെ രാഷ്ട്രീയക്കാരെ ചട്ടലംഘനങ്ങൾക്കു ശിക്ഷിച്ചാൽ, അത് ഇന്ത്യയിൽ കമ്പനിയുടെ ബിസിനസ് സാധ്യതകളെ പ്രതികൂലമായി ബാധിക്കും’ എന്ന് അവർ പറഞ്ഞതായാണു റിപ്പോർട്ടിലുള്ളത്.

ചൈനയിൽ ഫെയ്സ്ബുക് അനുവദിച്ചിട്ടില്ല. അതിനർഥം, അവരെ പ്രവർത്തിക്കാൻ അനുവദിച്ചിട്ടുള്ള ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ് എന്നതാണ്. അവരുടെ ഏറ്റവും വലിയ കമ്പോളം. ഇവിടെയാണ് അവർ ഒട്ടേറെ മരണങ്ങളിൽ കലാശിക്കുമായിരുന്ന പോസ്റ്റുകൾക്കു നേരെ കണ്ണടയ്ക്കുന്നത്. കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോക്താക്കളുടെ ഡേറ്റ, കേംബ്രിജ് അനലിറ്റിക്കയ്ക്കു വിറ്റ ഫെയ്സ്ബുക്, യാതൊരു തത്വദീക്ഷയുമില്ലാതെ അധികാരകേന്ദ്രങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് മുൻപു തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ‘ബിജെപിയും ആർഎസ്എസും ഫെയ്സ്ബുക്കിനെ നിയന്ത്രിക്കുന്നു, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഫെയ്സ്ബുക് ഇടപെടാൻ ശ്രമിക്കുന്നു’ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾ അസ്ഥാനത്തല്ല.

വോൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട് ഉയർത്തിയ രാഷ്ട്രീയക്കൊടുങ്കാറ്റ് ഒരുവശത്തു നിൽക്കട്ടെ. ഫെയ്സ്ബുക്കിന്റെ റിപ്പോർട്ടിൽ ആരോപിച്ചതു പോലെയുള്ള പെരുമാറ്റം കോടിക്കണക്കിനു സാധാരണക്കാരെയും ബാധിക്കുന്നുവെന്നതാണു സത്യം. ശബ്ദമില്ലാത്തവർക്കു ശബ്ദം നൽകുകയാണു ഫെയ്സ്ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ ചെയ്തത്. ഒരുഭാഗത്ത് അവരുടെ ബിസിനസ് താൽപര്യങ്ങൾക്കായുള്ള ഒത്തുതീർപ്പുകൾ നടക്കുമ്പോൾ, മറുഭാഗത്ത് അവ തുറന്നിട്ടതു സംഭാഷണങ്ങൾക്കായുള്ള വിശാല വേദിയാണ്. ഇത് ഇന്നത്തെ കാലത്തെ ഇന്ത്യയിൽ വളരെ പ്രധാനമാണു താനും. മുഖ്യധാരാ മാധ്യമങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അത്തരത്തിലൊരു സംവാദം സാധ്യമല്ല. അതുകൊണ്ട് എല്ലാ വിഷയത്തിലും അവസാനവാക്ക് അവരുടേതായിരിക്കും.

ഈ അവസാന വാക്കിനെയാണു സമൂഹമാധ്യമങ്ങൾ തകർത്തത്. ആ ഇടങ്ങളിൽ നിരന്തരം ആളുകൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും അനാവരണം ചെയ്യപ്പെടുന്നു. രാഷ്ട്രീയപ്പാർട്ടികളും പ്രമുഖ വ്യക്തികളും അഭിപ്രായരൂപീകരണം സാധ്യമാക്കാൻ ഐടി സെല്ലുകൾ രൂപീകരിച്ചിരിക്കാം; സമൂഹമാധ്യമങ്ങൾ തന്നെ ഉപയോക്താക്കളുടെ പ്രൊഫൈലുകൾ വിറ്റു കാശാക്കിയിരിക്കാം. പക്ഷേ, ആ തട്ടകങ്ങളിൽ നടക്കുന്ന അസംഘടിതരായ ഏകാന്ത വ്യക്തികളുടെ അഭിപ്രായ പ്രകടനം വലിയൊരു ജനാധിപത്യ പ്രതിഭാസമാണ്. വോൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നതു പോലെ, ഫെയ്സ്ബുക് ബിജെപിക്കു വേണ്ടി ഗോൾ പോസ്റ്റുകൾ മാറ്റുകയാണെങ്കിൽ, ഇന്ത്യക്കു ബഹുസ്വരതയുടെ മറ്റൊരിടം കൂടി നഷ്ടമാകും.

വലിയ മനസ്സുള്ള പാട്ടുകാരൻ

ഭീംസെൻ ജോഷി, കിഷോരി അമോങ്കർ തുടങ്ങിയവരെപ്പോലെ ശ്രോതാക്കളുടെ വലിയ കൂട്ടത്തെ ആകർഷിച്ചിരുന്ന അപൂർവം ഗായകരിൽ ഒരാളായിരുന്നു ഈയിടെ അന്തരിച്ച പണ്ഡിറ്റ് ജസ്‌രാജ്. അദ്ദേഹത്തെ പല നിറഞ്ഞ സദസ്സുകളിലും കേൾക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടുണ്ട്. കേൾക്കാൻ വന്നവരെ വെറും സാന്നിധ്യം കൊണ്ട് അദ്ദേഹം തന്റെ മാസ്മരികതയ്ക്കു വശംവദരാക്കി. നാടകീയ മുഖഭാവവും ആംഗ്യങ്ങളുമായി അദ്ദേഹം പാടി മുന്നേറുമ്പോൾ, സംഗീതം ഒരു ഓഡിയോ - വിഷ്വൽ അനുഭവമാകുന്നു. ഓരോ സ്വരവും ഓർത്തെടുത്ത്, മനസ്സിൽ സ്ഫുടം ചെയ്തു പുറത്തെടുക്കുന്നതായി തോന്നിച്ചിരുന്നു.

ആലാപനത്തിന്റെ തുടക്കം എപ്പോഴും അതിശാന്തമായിട്ടായിരിക്കും. ധ്യാനത്തിലെന്ന പോലെ കണ്ണുകൾ അടച്ചിരിക്കും. ഒന്നൊന്നായി പെറുക്കിയെടുത്തു വച്ച സ്വരങ്ങൾ, രണ്ടു സ്വരങ്ങൾക്കിടയിലുള്ള മൃദുവായ വഴുതൽ, പിന്നെ ചില പെരുക്കങ്ങൾ... വലിയ അരങ്ങിനു നടുവിലെ, ചെറുതായി തോന്നിക്കുന്ന ആൾരൂപമായിട്ടാണു ഞാൻ അദ്ദേഹത്തെ കേട്ടിട്ടുള്ളത്. പക്ഷേ അവസാനം ഞാൻ കേട്ടത്, തൊട്ടടുത്തു വച്ചാണ്. ഡൽഹിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലെ സ്വീകരണമുറിയിൽ, പരവതാനിയിട്ടു നിലത്തിരുന്ന്, മൈക്കില്ലാതെ പണ്ഡിറ്റ്ജി പാടി. 

അന്നത്തെ മെഹ്ഫിൽ എന്റെ ഏറ്റവും നല്ല സംഗീതാനുഭവമാണ്. പണ്ഡിറ്റ്ജി തന്നെ രചിച്ച ഭൈരവി രാഗത്തിലുള്ള ‘മെരൊ അള്ളാ മെഹർബാൻ’ പാടിയപ്പോൾ, അദ്ദേഹത്തിനാൽ പ്രസിദ്ധമായ ഖയാൽ സംഗീതത്തിലെ മേവതി ഖരാനയുടെ മുഖമുദ്രയായ ഭക്തിനിർഭരത അന്തരീക്ഷത്തിൽ തളംകെട്ടി. നിലത്തു ചമ്രംപടിഞ്ഞ് ഇരുന്നവർ എഴുന്നേറ്റുനിന്നു കൈകൊട്ടി. അപ്പോഴും ധ്യാനനിരതമായി പണ്ഡിറ്റ്ജിയുടെ കണ്ണുകൾ ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു.

പണ്ഡിറ്റ്ജി സംസാരപ്രിയനായിരുന്നു. ശാസ്ത്രീയസംഗീതം, സിനിമപ്പാട്ട് തുടങ്ങിയ ഉച്ചനീചത്വങ്ങളൊന്നും അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. സിനിമപ്പാട്ടുകളുടെ ലോകപ്രിയത്വം കാരണമാണ് തന്നെപ്പോലുള്ള ശാസ്ത്രീയ സംഗീതജ്ഞർക്കും കേൾവിക്കാരുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ‘ലതാ മങ്കേഷ്കർ പ്രശസ്തയായതിനു ശേഷം ഇന്ത്യയിലെ ഓരോ കുട്ടിയും കുളിമുറിയിൽ പാടാൻ തുടങ്ങി’ – പണ്ഡിറ്റ്ജി വാചാലനായി. വലിയ പാട്ടുകാരൻ, വലിയ മനസ്സ്, അന്നത്തെ സായാഹ്നം... എന്നും സൂക്ഷിക്കാൻ തന്ന പണ്ഡിറ്റ് ജസ്‌രാജ് അതായിരുന്നു.

സ്കോർപ്പിയൺ കിക്ക്: ശിവശങ്കർ വഞ്ചകനാണെന്ന് മന്ത്രിമാരായ ജി.സുധാകരനും കടകംപള്ളി സുരേന്ദ്രനും.

ശരിക്കും വഞ്ചകർ സ്പെഷൽ ബ്രാഞ്ചുകാരാണ്. സമയാസമയങ്ങളിൽ മുഖ്യമന്ത്രിക്കു രഹസ്യവിവരങ്ങൾ നൽകേണ്ടിയിരുന്നത് അവരല്ലേ?

English Summary: Business and pluralism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA