ആശയങ്ങളുടെ ആകാശത്ത്

HIGHLIGHTS
  • ടെക്ജൻഷ്യയുടെ നേട്ടം കേരളത്തിന് അഭിമാനം
SHARE

കേരളത്തിലെ ഒരു ചെറുപട്ടണത്തിൽ മലയാളികൾ ചേർന്നുണ്ടാക്കിയ സ്ഥാപനം വികസിപ്പിച്ചെടുത്ത വി–കൺസോൾ എന്ന വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്‌വെയർ സൂമിനും ഗൂഗിൾ മീറ്റിനുമൊക്കെ ഇന്ത്യൻ ബദൽ ആകാനുള്ള സാധ്യത തെളിയുന്നുവെന്നത് നാടിന് അഭിമാനം പകരുന്ന ശുഭവാർത്തയാണ്. ലോക്ഡൗൺ കാലത്ത് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പ്രഖ്യാപിച്ച ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തലയിലെ ടെക്ജൻഷ്യ എന്ന സ്ഥാപനം നമ്മുടെ യുവതയ്ക്കായി തുറന്നുകൊടുക്കുന്നത് സാധ്യതകളുടെ വിശാല ആകാശമാണ്. 

വളരെ സാധാരണ സാഹചര്യങ്ങളിൽ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച്, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ജോയ് സെബാസ്റ്റ്യനാണു കമ്പനിയുടെ സിഇഒ. 20 വർഷമായി കോൺഫറൻസിങ് സാങ്കേതികവിദ്യ പിന്തുടരുകയായിരുന്നു ജോയ്. അക്കാലത്തു വളരെ മുന്നിലേക്കുള്ള നോട്ടമായിരുന്നു അത്. 10 വർഷം മുൻപ് സുഹൃത്ത് ടോണി തോമസുമായി ചേർന്ന് ടെക്ജൻഷ്യ എന്ന സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങി ഇതേ മേഖലയിൽ ഗവേഷണം തുടർന്നു. ലക്ഷ്യം മുന്നിൽക്കണ്ട് സ്ഥിരോത്സാഹത്തോടെ അതിനുവേണ്ടി പ്രയത്നിക്കുകയെന്ന പാഠമാണു ജോയ് പകർന്നു നൽകുന്നത്. 

ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ജീവിക്കുകയും പഠിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് ആത്മവിശ്വാസം നൽകുന്ന നേട്ടമാണിത്. ഇന്നവേഷൻ ചാലഞ്ചിന്റെ ഫലപ്രഖ്യാപന വേളയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അത് ഉൗന്നിപ്പറയുകയും ചെയ്തു. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ: ‘‘ശ്രദ്ധേയമായ ഒരു കാര്യം അവർ കേരളത്തിലെ ആലപ്പുഴയിൽ നിന്നുള്ളവരാണ് എന്നതാണ്. ഇന്ത്യയിലെ മാറ്റത്തിന്റെ സൂചനയാണിത്. സാങ്കേതിക മികവുള്ള ഉൽപന്നങ്ങൾ നമ്മുടെ ചെറുപട്ടണങ്ങളിൽ വരെ രൂപംകൊള്ളുന്നു.’’ 

നാട്ടിൻപുറത്തിന്റെ ഗുണമുള്ള സോഫ്റ്റ്‌വെയർ എന്നാണ് ജോയ് തന്നെ വി – കൺസോളിനെ വിശേഷിപ്പിക്കുന്നത്. അങ്ങനെയൊരു സോഫ്റ്റ്‌വെയർ ഇന്നവേഷൻ ചാലഞ്ചിന്റെ അവസാനഘട്ടത്തിൽ മറികടന്നത് സോഹോ, എച്ച്സിഎൽ തുടങ്ങിയ വമ്പൻ കമ്പനികളെയാണ്. 2000 കമ്പനികൾ മത്സരിച്ചു. ടെക്ജൻഷ്യ ആരെയും ഭയന്നില്ല, ആരെയും കുറച്ചുകണ്ടുമില്ല. അവർ കഷ്ടപ്പെട്ടു; അതിജീവിച്ചു; കരപറ്റി. 

നവസാങ്കേതിക വിദ്യാരംഗത്ത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾക്ക് അടിവരയിടുന്ന ഒട്ടേറെ നേട്ടങ്ങൾ കേരളത്തിലെ യുവ പ്രതിഭകൾ കൈവരിച്ചിട്ടുണ്ട്. പുറത്തുള്ള നിക്ഷേപകരുടെ ശ്രദ്ധയാകർഷിച്ച സംരംഭങ്ങൾ പലതുണ്ടു നമുക്ക്. അനൗദ്യോഗിക കണക്കുകളനുസരിച്ച് സംസ്ഥാനത്തെ സ്റ്റാർട്ടപ് സംരംഭങ്ങളിൽ കഴിഞ്ഞ വർഷം മാത്രമുണ്ടായ നിക്ഷേപം 573 കോടി രൂപയാണ്. ഈ വർഷം ഇതുവരെ 341 കോടി രൂപയുടെ നിക്ഷേപമുണ്ടായി. സ്റ്റാർട്ടപ്പുകൾക്കും ചെറുകിട സംരംഭങ്ങൾക്കും സർക്കാരിൽ നിന്നടക്കം മൂലധനസഹായം ഉൾപ്പെടെ ലഭിക്കാൻ അവസരവുമുണ്ട്. ഇങ്ങനെ അവസരങ്ങൾ തേടി ധൈര്യത്തോടെ ഇറങ്ങിച്ചെല്ലാനും ആരോടും മത്സരിക്കാനും നമ്മുടെ ചെറുപ്പക്കാർക്കു പ്രചോദനമേകുന്നതാണ് ടെക്ജൻഷ്യയുടെ നേട്ടം. ആലപ്പുഴയിൽ നടപ്പായി വരുന്ന പല ജനകീയ പദ്ധതികൾക്കും സാങ്കേതിക പിന്തുണ നൽകുന്നതുവഴി പ്രതിബദ്ധതയുടെ സാമൂഹികപാഠം കൂടിയെഴുതുന്നു ഈ കൂട്ടായ്മ. 

സ്വന്തം കമ്പനിയിലെ വിദഗ്ധരായ സഹപ്രവർത്തകരിൽ ചിലർ ഇനിയും ഔപചാരികമായി എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയിട്ടില്ലെന്നു ജോയ് പറയുന്നു. ചിലരാകട്ടെ, ജോലിയിൽ മികവു തെളിയിച്ച ശേഷമാണു പഠനം പൂർത്തിയാക്കിയത്. പരമ്പരാഗത വിദ്യാഭ്യാസത്തെ അടിത്തറയായി കാണുകയും നൈപുണ്യംകൊണ്ട് അതിനെ പോഷിപ്പിക്കുകയുമാണ് പ്രതിഭകൾ ചെയ്യേണ്ടതെന്നുള്ള സന്ദേശം കൂടി ടെക്ജൻഷ്യ നൽകുന്നുണ്ട്. 

പുതിയ കാലത്തിന്റെ അനന്തസാധ്യതകളിലേക്ക് ഈ മട്ടിൽ കേരളയുവതയെ ഒരുക്കിയെടുക്കാൻ നമ്മുടെ വിദ്യാഭ്യാസരംഗവും കരുത്താർജിക്കേണ്ടതുണ്ട്. അതിനുള്ള ഇച്ഛാശക്തിയാണു ഭരണാധികാരികളിൽനിന്നു കാലം ആവശ്യപ്പെടുന്നത്. 

English Summary: Innovation Challenge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA