ഉപാധികളില്ലാത്ത സ്നേഹം

Subhadinam
SHARE

ശിഷ്യൻ ഗുരുവിനോടു ചോദിച്ചു: എന്താണു സ്നേഹം? ഗുരു പറഞ്ഞു: ഇറുത്തെടുക്കുന്നവന്റെ കയ്യിലിരുന്ന് ഞെരിഞ്ഞമരുമ്പോഴും പൂവു പൊഴിക്കുന്ന സുഗന്ധമാണു സ്നേഹം. 

ആരെ സ്നേഹിക്കാനാണു കൂടുതൽ എളുപ്പം? ഇഷ്ടമുള്ളവരെയും തിരിച്ച് ഇഷ്ടപ്പെടുന്നവരെയും. എല്ലാ സ്നേഹത്തിലും സ്വാർഥതയുടെ സ്വാഭാവിക കണികകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരിച്ചു കിട്ടുന്ന സ്നേഹത്തോടു മമത കൂടുതലുണ്ട്. പരസ്പരപൂരക സംഭാഷണങ്ങളിലൂടെയും ഇടപഴകലിലൂടെയും അത്തരം സ്നേഹബന്ധങ്ങൾ തഴച്ചു വളരും. 

സ്നേഹിക്കാനുള്ള കാരണത്തിന്റെ വിപരീതമാണ് പിരിയാനുള്ള കാരണം. എന്തിനുവേണ്ടി സ്നേഹിച്ചോ അതു ലഭിക്കാതെ വരുമ്പോൾ വെറുക്കാൻ തുടങ്ങും. നട്ടുവളർത്തി പരിപാലിക്കുന്നവയിൽ നിന്നെല്ലാം, തക്കതായ പ്രതിഫലം തക്കസമയത്തു പ്രതീക്ഷിക്കുന്നുണ്ട് എല്ലാവരും. ചെടിയിൽനിന്നു പൂവു ലഭിക്കണം; വൃക്ഷത്തിൽനിന്നു ഫലങ്ങൾ ലഭിക്കണം – ഇല്ലെങ്കിൽ തണലെങ്കിലും. ഒരു പ്രതിഫല സാധ്യതയുമില്ലാത്ത ഒരാളുമായി സമ്പർക്കം പുലർത്താൻ എത്ര പേർക്കു താൽ‌പര്യമുണ്ടാകും? 

ആകർഷണീയത ബന്ധങ്ങൾക്കു തുടക്കമിടുമെങ്കിലും സ്വാഭാവിക നന്മ മാത്രമേ അതിന്റെ തുടർച്ച സാധ്യമാക്കൂ. കാര്യം കാണാൻ വേണ്ടി മാത്രം അടുത്തു കൂടുന്നവരുടെ പൊള്ളത്തരങ്ങൾ പെട്ടെന്നു പുറത്തുവരും. കാര്യം കഴിയുമ്പോൾ സ്വാഭാവിക അകൽച്ചയും രൂപപ്പെടും. ഒരു പരിഭവവുമില്ലാതെ സ്നേഹം പകരാൻ കഴിയുന്നവർക്കു മാത്രമേ, ബന്ധങ്ങൾ നിലനിർത്താൻ കഴിയൂ. അല്ലാത്തവർക്കു പാതിവഴിയിൽ അവസാനിച്ച ബന്ധങ്ങളുടെ കഥകളാകും കൂടുതൽ പറയാനുണ്ടാകുക. 

പറിച്ചെടുക്കാൻ വരുന്നവർക്ക് ഒരു പ്രതിഷേധവുമില്ലാതെ സൗരഭ്യം പകരാൻ കഴിയുന്നവർക്കു മാത്രമേ, നിരന്തരം പുഷ്പിക്കാൻ കഴിയൂ. ഇല്ലെങ്കിൽ ആദ്യ ദുരനുഭവത്തിന്റെ പേരിൽ പിന്നീടു വിടരാൻ മടിക്കും. പിഴിഞ്ഞെടുക്കുമ്പോഴും സുഗന്ധം മാത്രമേ വരുന്നുള്ളൂ എങ്കിൽ ആ സുഗന്ധം മേമ്പൊടിയല്ല, സത്തയാണ്. ഒരു ഉപയോഗവുമില്ലാതെ സുരക്ഷിതമായി തുടരുന്നതിനെക്കാൾ നല്ലതല്ലേ, കൃത്യമായ ഉപയോഗത്തിനുശേഷം വലിച്ചെറിയപ്പെടുന്നത്? അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനപ്പുറത്തേക്ക് ആർക്കും ജീവിക്കാനാകില്ല. ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും സന്തോഷത്തിനു കാരണമായെങ്കിൽ അതല്ലേ, ഏറ്റവും വലിയ ആത്മസംതൃപ്തി?

English Summary: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA