ഒന്നിനുമില്ല, വ്യക്തത; ഫ്ലാറ്റ് നിർമാണത്തിൽ ദുരൂഹത, പേരു ചേർക്കുന്നതിൽ ആശയക്കുഴപ്പം

Life-house-Rohini
SHARE

ആര്  ‘ഉറപ്പ് ’ നൽകും?

ലൈഫ് പദ്ധതിയിലെ ഫ്ലാറ്റ് സമുച്ചയ നിർമാണക്കരാർ നേടുന്നതിനു 4.25 കോടി കമ്മിഷൻ നൽകിയെന്നു യൂണിടാക് മൊഴി നൽകിയതോടെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ആശങ്കയുയരുകയാണ്. ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്ന വടക്കാഞ്ചേരി നഗരസഭ എട്ടാം ഡിവിഷനിൽപെട്ട ചരൽപറമ്പ് എന്ന സ്ഥലം സാധാരണ തറനിരപ്പിൽനിന്ന് 200 അടിയോളം ഉയരത്തിലാണ്. ഇവിടെ സമുച്ചയങ്ങൾ നിർമിക്കുമ്പോൾ പൂർത്തിയാക്കേണ്ട മണ്ണു പരിശോധന നടന്നതായി ഡിവിഷൻ കൗൺസിലർക്കുപോലും അറിവില്ല. 

ഇവിടേക്കു നിർമാണ സാമഗ്രികളും വെള്ളവും എത്തിക്കുന്നതിനു തന്നെ ഭാരിച്ച തുക നിർമാണക്കമ്പനിക്കു മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ഫ്ലാറ്റുകൾ പ്രവർത്തനം ആരംഭിച്ചാൽത്തന്നെ, ഈ കുന്നിൽ ശുദ്ധജലം ലഭ്യമാകുമോയെന്ന ആശങ്കയാണു മറ്റൊന്ന്. നേരത്തേ, രണ്ടുതവണ ചരൽപറമ്പിലെ ജനവാസമേഖലയിൽ 300 മുതൽ 400 അടി താഴ്ചയിൽവരെ കുഴൽക്കിണറുകൾ കുത്തിയിട്ടും വെള്ളം ലഭ്യമായിട്ടില്ലെന്നു പ്രദേശവാസികൾ പറയുന്നു. ഇവിടെനിന്നു പിന്നെയും 50 അടിയോളം മുകളിലേക്കു മാറിയാണു ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കുന്നത്. 

പുറത്തായവർ എന്തു ചെയ്യും?

ആദ്യഘട്ടത്തിൽ വീടിന് അപേക്ഷിച്ചെങ്കിലും പട്ടികയിൽനിന്നു പുറത്തായ അർഹരായ ഒട്ടേറെപ്പേർ ഇന്നും വീടു കിട്ടാൻ കാത്തിരിക്കുന്നുണ്ട്. 2017 ഡിസംബർ 31നു പട്ടിക അന്തിമമാക്കിയപ്പോൾ സർക്കാർ അറിയിച്ചത് പുറത്തായവർ അപ്പീൽ നൽകണമെന്നും അർഹരെ വീണ്ടും പരിഗണിക്കുമെന്നുമാണ്. അപ്പീലുകൾ ജില്ലാതലം മുതൽ വാർഡ് തലം വരെ പരിശോധിച്ചു. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. ഇതിനിടയിൽ, മുൻപു പറഞ്ഞതു സർക്കാർ മറന്നു. അപ്പീൽ നൽകിയവർ വീണ്ടും അപേക്ഷിക്കണമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. അതിനു വരുമാന സർട്ടിഫിക്കറ്റ്, വീടും സ്ഥലവും ഇല്ലെന്ന സർട്ടിഫിക്കറ്റ്, പട്ടികവിഭാഗക്കാരെങ്കിൽ ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവയെല്ലാം വീണ്ടും സംഘടിപ്പിക്കണം. 

സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുള്ളവർ, രോഗികൾ തുടങ്ങിയവരെ പ്രത്യേക അനുമതി വഴി ഉൾപ്പെടുത്താം എന്നൊരു അറിയിപ്പും വന്നിരുന്നു. ഇതനുസരിച്ചു കുറച്ചുപേരെ ഉൾപ്പെടുത്തി. പക്ഷേ, ആ പട്ടികയിൽ വളരെക്കുറച്ചു പേരേയുള്ളൂ.

രണ്ടു സെന്റിൽ സങ്കടങ്ങളുമായി രണ്ടുപേർ

twins-home
സുധയും സുമയും പൊട്ടിപ്പൊളിഞ്ഞ വീടിനു സമീപം.

ആകാശം കാണാവുന്ന മേൽക്കൂരയും ഏതു നിമിഷവും പൊളിഞ്ഞുവീഴാവുന്ന ഭിത്തികളും മാത്രമുള്ള ചെറിയ വീട്ടിൽ ജീവൻ മുറുകെപ്പിടിച്ചു കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ഇരട്ടകളും അവിവാഹിതരുമായ രണ്ടു യുവതികൾ. കല്ലടയാറിന്റെ തീരത്ത് ഐത്തോട്ടുവയിൽ പുത്തൻതറയിൽ സുധയുടെയും സുമയുടെയും ജീവിതം സങ്കടക്കാഴ്ചയാണ്. കഴിഞ്ഞ പ്രളയത്തിൽ‌ വീടു മുങ്ങിയതോടെ ആഴ്ചകളോളം ദുരിതാശ്വാസ ക്യാംപിലായിരുന്നു.

1991ൽ അമ്മയും 2012ൽ അച്ഛനും മരിച്ചതോടെ 37 വയസ്സുള്ള ഇവർ തനിച്ചായി. ആകെയുള്ളത് 2 സെന്റ് സ്ഥലം. അഭ്യസ്തവിദ്യരായ ഇരുവർക്കും ജോലിയില്ല. ഒരാൾ രോഗിയുമാണ്. മേൽക്കൂര തകർന്നതോടെ മഴയായാൽ ദുരിതം പെയ്തിറങ്ങും. ജീർണിച്ചു തൂങ്ങിയ വീടിന്റെ ഭിത്തികളെല്ലാം തകർന്നു. 2017ൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചെങ്കിലും 2 സെന്റ് ഭൂമിയുള്ളതിനാൽ ഭൂരഹിതരുടെ പട്ടികയിൽ ഉൾപ്പെടുത്താനാവില്ലെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി അധികൃതർ കയ്യൊഴിഞ്ഞു. 

Suhra
സുഹ്റയും കുടുംബവും വാടകവീട്ടിൽ.

പട്ടികയിൽ ഒന്നാമതാണ്; വീട് ഇപ്പോഴും സ്വപ്നമാണ്

തലശ്ശേരി ചേറ്റംകുന്ന് ആമിനാസിൽ സുഹ്റ സാങ്കേതികമായി മൂന്നു വർഷം മുൻപേ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതാണ്. ഡിവിഷനിൽ അർഹർക്കു വേണ്ടിയുള്ള സർവേയിൽ ഒന്നാം സ്ഥാനത്തുമാണ്. എന്നാൽ, തുടർനടപടികൾ ഒന്നുമാകാത്തതിനാൽ സുഹ്റ ഇപ്പോഴും കുടുംബസമേതം വാടകവീട്ടിൽ കഴിയുന്നു. ഭർത്താവും രണ്ടു മക്കളും പ്രായമായ ഉമ്മയുമുണ്ട്. 2017ലാണു നഗരസഭയിൽ വീടിനായി അപേക്ഷ നൽകിയത്. പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയിപ്പു വന്നു. പക്ഷേ, ഇപ്പോഴും വീടിനായി നഗരസഭാ ഓഫിസ് കയറിയിറങ്ങുന്നുണ്ട് സുഹ്റ. വ്യക്തമായ ഒരുത്തരവുമില്ല. ഹോട്ടൽ തൊഴിലാളിയായിരുന്ന ഭർത്താവിന് ഇപ്പോൾ ജോലിയില്ല. മാസം 8000 രൂപ വീട്ടുവാടക നൽകണം. 

Nabeesa-house
നബീസയുടെ തകർന്ന വീട്

നിരസിക്കപ്പെട്ട വീട്

2018ലെ പ്രളയത്തിലാണ് തൃശൂർ പെരുമ്പിലാവ് വടക്കേ കോട്ടോൽ കോട്ടലവളപ്പിൽ നബീസയുടെ ശോച്യാവസ്ഥയിലായിരുന്ന വീടു പൂർണമായി തകർന്നത്. തുടർന്നു പന്നിത്തടത്തെ വാടകവീട്ടിലേക്കു മാറി. സാമ്പത്തിക പ്രയാസം മൂലം വീടു പുന‍ർനിർമിക്കാൻ കഴിയാതെ വാടകവീട്ടിൽ ജീവിതം തള്ളിനീക്കുകയാണ് അംഗപരിമിത കൂടിയായ നബീസ. പ്രളയത്തിൽ വീടു തകർന്നതിനുള്ള നഷ്ടപരിഹാരത്തിനായി 6 മാസത്തോളം ഓഫിസുകളിൽ കയറിയിറങ്ങി. സ്ഥലത്തിനു പട്ടയം ലഭിക്കാത്തതിനാൽ സഹായം നിരസിക്കപ്പെട്ടു. 4 വർഷം മുൻപ് ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. പട്ടികയിൽ പേരുണ്ടെന്നു കേട്ടെങ്കിലും പിന്നീട് അന്വേഷിച്ചപ്പോൾ വെട്ടിമാറ്റിയെന്ന് അറിഞ്ഞു. ഈ വർഷം വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്.

Life-house-Rohini
രോഹിണിയുടെ ശോച്യാവസ്ഥയിലുള്ള വീട്.

സാങ്കേതികതയിൽ തട്ടി

ലൈഫ് മിഷൻ പദ്ധതിയിൽ വീടു പ്രതീക്ഷിച്ചു കഴിയുന്ന ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രതിനിധിയാണു കോഴിക്കോട്ട് ഉറുമി ആനക്കയത്തുള്ള കോട്ടയിൽ രോഹിണിയും ബന്ധുക്കളും. 10 സെന്റ് സ്ഥലം മാത്രമുള്ള ഇവരുടെ കുടുംബം മുൻപു പലതവണ വീടിനായി അപേക്ഷിച്ചിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ എല്ലാം തള്ളി. ഭൂമിയുടെ ആധാരത്തിൽ പേരു വ്യത്യാസം ഉണ്ടെന്നതാണു കാരണം. രോഹിണിയുടെ ഭർത്താവു കിടപ്പുരോഗിയാണ്. വ്യത്യസ്ത നിബന്ധനകൾ കാരണം കഴിഞ്ഞ രണ്ടു തവണയും ലൈഫ് പദ്ധതിയിൽനിന്നു പുറത്തായത് ഒട്ടേറെപ്പേരാണ്. 

വെറുതേ പോയ രണ്ടരക്കൊല്ലം

പാലക്കാട്ട് ലൈഫ് മിഷൻ ഫ്ലാറ്റിനു വേണ്ടി തറക്കല്ലിട്ട ശേഷം പണി തുടങ്ങിയതു രണ്ടര വർഷം കഴിഞ്ഞ്. അഴിമതിക്കും കമ്മിഷനും വേണ്ടിയാണു പദ്ധതി ഇത്രയും വൈകിച്ചതെന്നു സംശയിക്കുന്നതായി ഫ്ലാറ്റിനായി 50 സെന്റ് സ്ഥലം വിട്ടുനൽകിയ ചിറ്റൂർ – തത്തമംഗലം നഗരസഭയുടെ അധ്യക്ഷൻ കെ.മധു ആരോപിക്കുന്നു. ലൈഫിലെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തി‍ൽ ഇക്കാര്യവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

2017 ഏപ്രിൽ 27നാണു മന്ത്രി കെ.ടി.ജലീൽ ചിറ്റൂരിലെ ഫ്ലാറ്റ് പ്രഖ്യാപിക്കുന്നത്. 2017 മേയ് 28നു മന്ത്രി എ.കെ.ബാലൻ തറക്കല്ലിടുമ്പോൾ ആറു മാസത്തിനകം നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. 6.16 കോടി രൂപയുടെ പദ്ധതിക്കായിരുന്നു ഭരണാനുമതി. പക്ഷേ, അതിനു ശേഷം നടന്ന ഇടപാടുകൾ ദുരൂഹമായിരുന്നു. പണി തുടങ്ങാത്തതിനെപ്പറ്റി നഗരസഭ അന്വേഷിച്ചപ്പോഴൊന്നും കൃത്യമായ മറുപടി കിട്ടിയില്ല. പലതവണ ടെൻഡർ മാറ്റി. 2019 ഡിസംബറിൽ തെലങ്കാനയിലെ ഒരു കമ്പനിക്കു ടെൻഡർ ഉറപ്പിച്ചെങ്കിലും പണി തുടങ്ങിയതു വീണ്ടും 7 മാസം കഴിഞ്ഞ്.

തിങ്കളാഴ്ച: മാഫിയകളുടെ രംഗപ്രവേശം

തയാറാക്കിയത്: ജയൻ മേനോൻ, സാക്കിർ ഹുസൈൻ, എം.എ. ജോൺസൺ, ജയചന്ദ്രൻ ഇലങ്കത്ത്, കെ. ജയപ്രകാശ് ബാബു, മഹേഷ് ഗുപ്തൻ, രമേഷ് എഴുത്തച്ഛൻ, അരുൺ എഴുത്തച്ഛൻ, മിന്റു പി. ജേക്കബ്, നഹാസ് മുഹമ്മദ്, ജോജി സൈമൺ, പ്രതീഷ് ജി. നായർ, നസീബ് കാരാട്ടിൽ, ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ്, സിജിത്ത് പയ്യന്നൂർ. സങ്കലനം: അജീഷ് മുരളീധരൻ

English Summary:  Life Mission Project series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA