ADVERTISEMENT

വിവര – ജനസമ്പർക്ക വകുപ്പിൽ ക്രൈം ഇൻവെസ്റ്റിഗേഷനു വേണ്ടി പ്രത്യേക വിഭാഗം തുടങ്ങിയ കാര്യം പൊതുജനം അത്രയ്ക്കങ്ങ് അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു. പേരു ‘ഫാക്ട് ചെക് ഡിവിഷൻ’ എന്നാണെങ്കിലും സംഗതി ഏതാണ്ടു ക്രൈംബ്രാഞ്ച് തന്നെ. മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ സത്യാവസ്ഥ ജനത്തെ അറിയിക്കുകയാണ് ഈ ക്രൈംബ്രാഞ്ചിന്റെ അവതാരോദ്ദേശ്യം. ഏതെങ്കിലും മാധ്യമം എന്തെങ്കിലും വാർത്ത കൊടുത്താൽ അതിന്റെ പപ്പും പൂടയും പറിച്ചു സമൂഹമാധ്യമങ്ങളിൽ തൊലിയുരിച്ചു കാണിക്കുകയാണ് പ്രത്യേക വിഭാഗത്തെ ഏൽപിച്ചിരിക്കുന്ന ദൗത്യം. അതവർ ഭംഗിയായി നിർവഹിക്കുന്നുമുണ്ട്.

കഴിഞ്ഞദിവസം ഒരു പത്രത്തിൽ വന്ന വാർത്തയെ ഫെയ്ക് ന്യൂസ് എന്നു ചാപ്പകുത്തിയതാണ് പിആർഡി ഫാക്ട് ചെക് ഡിവിഷന്റെ അന്വേഷണ മികവിന് ഏറ്റവും വലിയ തെളിവ്. ഏതായാലും അൽപനേരം കഴിഞ്ഞപ്പോൾ ഫാക്ട് ചെക് ഡിവിഷൻ ഫെയ്സ്ബുക്കിലിട്ട ചാപ്പകുത്തൽ പോസ്റ്റ് അന്തർധാനം ചെയ്തുവെന്നതു വേറെ കാര്യം. ഇല്ലെങ്കിൽ പിണറായി സർക്കാരിന്റെ ഭരണപരിഷ്കാരങ്ങളിലൊന്നായി, മാധ്യമങ്ങൾക്കു ചാപ്പകുത്തിയതു ചരിത്രത്തിൽ ഇടംപിടിക്കുമായിരുന്നു. 

ഇതെല്ലാം പറയാൻ പേടിക്കണം. സൈബർ സ്വദേശാഭിമാനികളും ഓൺലൈൻ കേസരികളും ഉറഞ്ഞുതുള്ളുന്ന കലികാലമാണ്. എല്ലാവരും മാധ്യമധർമത്തെക്കുറിച്ച് ഓൺലൈൻ ക്ലാസ് നടത്തുകയാണ്. മറ്റു പത്രങ്ങളുടെ ലേഖകന്മാരിൽനിന്നു വാർത്ത ശേഖരിച്ചു സ്വന്തം പത്രത്തിൽ അച്ചടിക്കുന്നതാണ് എത്തിക്കൽ ജേണലിസമെന്നാണു ചില സൈബർ സ്വദേശാഭിമാനികൾ പറയുന്നത്. എന്തായാലും എല്ലാവരും യോജിക്കുന്ന ഒരു കാര്യമുണ്ട് – മാധ്യമപ്രവർത്തകർ വഴിയിൽ കിടക്കുന്ന ചെണ്ടയാണെന്ന കാര്യം. വഴിപോക്കർക്ക് ആർക്കു വേണമെങ്കിലും ചെണ്ടയിൽ അടിക്കാം, ഇടിക്കാം. ചോദിക്കാനും പറയാനും ആരുമുണ്ടാവില്ല.

സൈബർ ആക്രമണം, സൈബർ ഗുണ്ടായിസം എന്നെല്ലാം ഇതിനെ ചിലർ വിശേഷിപ്പിക്കുന്നുണ്ട്. പുതുതലമുറ മാധ്യമപ്രവർത്തകരെ ധർമബോധമുള്ളവരാക്കി മാറ്റാനുള്ള എളിയ യത്നമാണിതെന്നു പാവങ്ങൾ മനസ്സിലാക്കുന്നില്ല. ഇക്കാലത്ത് ആരെങ്കിലും സൗജന്യ ട്യൂഷൻ കൊടുക്കാൻ മെനക്കെടുമോ? അതും ഓൺലൈനായി!

അഭിപ്രായം ഇരുമ്പുലക്കയല്ലല്ലോ...

കൈവിട്ട കല്ലും വാവിട്ട വാക്കും തിരിച്ചെടുക്കാൻ പറ്റില്ലെന്ന പഴമൊഴി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ കേട്ടിട്ടില്ലെന്നു തോന്നുന്നു. കേട്ടിട്ടുണ്ടെങ്കിൽ തന്നെ അദ്ദേഹം വാമൊഴിവഴക്കത്തിനു വേണ്ടി പഴമൊഴിവഴക്കം സൗകര്യപൂർവം വിസ്മരിച്ചതാണെന്നു വേണം കരുതാൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ കത്തിക്കയറിയ സോളർ കുംഭകോണത്തെക്കുറിച്ചു നടന്ന ചാനൽ ചർച്ചയിലാണ് ശ്രീരാമകൃഷ്ണൻ പഴമൊഴികളിലുള്ള തന്റെ ‘അജ്ഞത’ പ്രകടമാക്കിയത്.

ചർച്ചയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ: മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ചിട്ടാണ് സോളർ തട്ടിപ്പിന്റെ ക്രിമിനൽ ഗൂഢാലോചനയും ഇൗ ഗൂഢസംഘങ്ങളുടെ ആക്ടിവിറ്റിയും നടന്നത് എന്ന പ്രതിപക്ഷത്തിന്റെ വിമർശനവും ആക്ഷേപവും അക്ഷരാർഥത്തിൽ ശരിയാണെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. നിയമസംഹിതയുള്ള നാട്ടിലും ജനാധിപത്യമുള്ള രാജ്യങ്ങളിലുമെല്ലാം വൈകേരിയസ് ലയബിലിറ്റി എന്നൊരു സംഗതിയുണ്ട്. അതായത്, മാസ്റ്ററിനാണ് ഉത്തരവാദിത്തം. മാസ്റ്റർ ഈസ് ലയബിൾ എന്നൊരു പ്രാഥമിക മര്യാദയുണ്ട്. അധികാരസ്ഥാനത്തിരിക്കുന്ന ഒരാളുടെ ഓഫിസോ സഹായികളോ ചെയ്യുന്ന കാര്യങ്ങളിൽ മാസ്റ്റർക്കു പങ്കു വഹിക്കേണ്ടിവരും. കാരണം, അവരൊന്നും വ്യക്തികൾ എന്ന നിലയ്ക്ക് ആരുമല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫിസ് എന്നു പറയുന്നത് ഒരു ഓഫിസാണ്. ഒരു പദവിയാണ്. ആ പദവിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന നിലപാട് പ്രതിപക്ഷത്തിനു സ്വീകരിക്കാതിരിക്കാൻ പറ്റുമോ? അന്വേഷണത്തിനു വിധേയമായിട്ട് അഗ്നിശുദ്ധി വരുത്തി, തെറ്റില്ലെങ്കിൽ മുഖ്യമന്ത്രി തിരിച്ചുവരട്ടെ. ഒരു ട്രെയിൻ അപകടം സംഭവിച്ചതിന്റെ പേരിൽ റെയിൽവേ മന്ത്രി രാജിവച്ച ചരിത്രമുള്ള നാടാണിത്.

ഈ അഭിപ്രായത്തിൽ സ്പീക്കർ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്നാണ് അറിയേണ്ടത്. ഇക്കാലത്തിനിടെ തൂതപ്പുഴയിലൂടെ ഒരുപാടു വെള്ളം ഒലിച്ചുപോയതിന്റെ അടിസ്ഥാനത്തിൽ വേണമെങ്കിൽ അഭിപ്രായം മാറ്റുന്നതിൽ അപാകതയില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന ആചാര്യവചനത്തിന്റെ പിൻബലവും കൂടിയുണ്ടല്ലോ?

ജീവിതമാണല്ലോ ലൈഫ്

ലൈഫല്ലേ ജീവിതമെന്നു പലരും ചോദിച്ചു കേട്ടിട്ടുണ്ട്. എന്നാൽ, അതിന്റെ യുക്തിഭദ്രത ബോധ്യപ്പെട്ടത് വടക്കാഞ്ചേരി ഫ്ലാറ്റ് നിർമാണത്തിന്റെ അറിയാക്കഥകൾ ഒന്നൊന്നായി പുറത്തുവന്നപ്പോഴാണ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷനിൽപെടുത്തി 140 ഫ്ലാറ്റുകൾ നിർമിച്ചുനൽകാൻ യുഎഇയിലെ റെഡ് ക്രസന്റ് 20 കോടി രൂപ നൽകാൻ തയാറായി. അതിന്റെ ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. വളരെ നല്ലകാര്യം.

ഇപ്പോൾ കേൾക്കുന്നത് 20 കോടിയിൽനിന്നു 4.25 കോടി രൂപ സ്വപ്നയും മറ്റു ചിലരുമെല്ലാം ചേർന്നു കമ്മിഷനായി അടിച്ചുമാറ്റിയെന്നാണ്. ഇതിൽ അത്ര വലിയ തെറ്റെന്തിരിക്കുന്നു? ഏത് ഇടപാടിലും കമ്മിഷൻ എന്നതാണ് ഇക്കാലത്തെ നാട്ടുനടപ്പ്. ലൈഫ് മിഷൻ സർക്കാരിന്റെ സ്വപ്നപദ്ധതിയാണെന്നു പറഞ്ഞതു സർക്കാർ തന്നെയാണ്. സ്വപ്നപദ്ധതിയെന്നു വച്ചാൽ ശരിക്കും എന്താണെന്ന് ഇപ്പോഴാണു വ്യക്തമാകുന്നത്. അതേ, സ്വപ്നയ്ക്കു വേണ്ടി, സ്വപ്ന കൊണ്ടുവന്ന് സ്വപ്ന നടപ്പാക്കുന്ന പദ്ധതി തന്നെ.

അങ്ങനെ വരുമ്പോൾ അതിൽ കുറച്ചു ചില്വാനം സ്വപ്നയോ ചില ഉന്നതരോ അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ എന്താണു തെറ്റ്? 140 പേർക്കു ലൈഫ് കിട്ടുമ്പോൾ ഉന്നതരായ നാലഞ്ചു പേർക്കു ജീവിതം കിട്ടിയെന്നിരിക്കും. ‘ലൈഫല്ലേ ജീവിതം’ എന്നു പറയുന്നതിന്റെ സാരാംശം അതു തന്നെ.

സ്റ്റോപ് പ്രസ്: കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞ നാട്ടുകാരെ സല്യൂട്ട് ചെയ്ത പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം നടത്താനുള്ള തീരുമാനം റദ്ദാക്കി.

പണ്ടൊരു മുൻ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ തൊപ്പി കറക്കിക്കളിച്ചത് ആരു മറന്നാലും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മറക്കാനിടയില്ല!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com