മുഖം മറയ്ക്കാൻ മറ്റൊരു കാരണം

SHARE

ഇന്ത്യയിലെ വൃത്തിയുള്ള സംസ്ഥാനം എന്ന നിലയിൽനിന്നു കേരളം ഏറ്റവും പിന്നാക്കം പോയെന്നതു നാം നാണംകെട്ടും മൂക്കുപൊത്തിയും വായിക്കേണ്ട വാർത്തയാണ്. കേന്ദ്രസർക്കാർ നടത്തിയ സ്വച്ഛ് സർവേക്ഷൺ എന്ന ശുചിത്വ സർവേയിൽ ഏറ്റവും പിന്നിലായി കേരളം തലകുനിച്ചു നിൽക്കുന്ന കാഴ്ച അത്രയും ദയനീയംതന്നെ.

നൂറിൽ താഴെ നഗരസഭകളുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്, കേരളം ഏറ്റവും പിന്നിലായി പതിനഞ്ചാം സ്ഥാനത്തുള്ളത്. ജാർഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയ്ക്കാണു യഥാക്രമം ആദ്യ മൂന്നു റാങ്ക്. രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായ നാലാം തവണയും ഇൻഡോർ (മധ്യപ്രദേശ്) തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത് അംബികാപുർ ആണ് (ഛത്തീസ്ഗഡ്). റാങ്കിങ്ങിലെ ആദ്യ 150ൽ കേരളത്തിലെ നഗരങ്ങളില്ലെന്നതും കേട്ടുമറക്കാനുള്ള നാണക്കേടല്ല. 10 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ 152–ാം സ്ഥാനത്ത് ആലപ്പുഴ നഗരസഭയുണ്ടെങ്കിലും തിരുവനന്തപുരം (304), പാലക്കാട് (335), കൊല്ലം (352), കോട്ടയം (355), കോഴിക്കോട് (361), തൃശൂർ (366), കൊച്ചി (372) എന്നിങ്ങനെയാണു നമ്മുടെ മറ്റു റാങ്കുകൾ. കഴിഞ്ഞ വർഷത്തെ സർവേയിലാകട്ടെ, രാജ്യത്തെ ആദ്യ 250 നഗരങ്ങളിൽ കേരളത്തിൽനിന്ന് ഒന്നുപോലുമില്ലായിരുന്നു .

നൂതനാശയങ്ങളും പ്രവർത്തനങ്ങളുമുള്ള ചെറുനഗരങ്ങളുടെ പട്ടികയിൽ ഇത്തവണ രാജ്യത്ത് ഒന്നാമത് ആലപ്പുഴ നഗരസഭയാണെന്നത് ഇതിനിടയിൽ നമ്മുടെ ആശ്വാസവും ആത്മവിശ്വാസവുമാകുകയും ചെയ്യുന്നു. ‘നിർമലഭവനം നിർമലനഗരം’ എന്ന പദ്ധതിയിലൂടെയാണ് മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ നഗരസഭ തുടക്കമിട്ടത്. നഗരസഭയിലെ ശുചീകരണവിഭാഗം തൊഴിലാളികളുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും ആത്മാർഥ പ്രവർത്തനമാണ് ഇത്തരമൊരു പുരസ്കാരം നേടാൻ സഹായിച്ചതെന്നു നഗരസഭാധികൃതർ പറയുമ്പോൾ, അതിൽ നമ്മുടെ മറ്റു നഗരസഭകൾക്കുള്ള പാഠം കൂടിയുണ്ട്. കന്റോൺമെന്റ് നഗരങ്ങളുടെ പട്ടികയിൽ കണ്ണൂരിന് 47–ാം റാങ്കുണ്ട്.

ശുചിത്വവും ശുചിമുറിസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനു നഗരങ്ങൾക്കിടയിൽ മത്സരാധിഷ്ഠിതമായ മുന്നേറ്റം ലക്ഷ്യമിട്ട് 2016 മുതലാണു നഗരവികസന വകുപ്പു സർവേ നടത്തുന്നത്. മാലിന്യനിർമാർജനം, വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ശുചിമുറികൾ, നഗരശുചിത്വം, ശുചിത്വ ബോധവൽക്കരണം തുടങ്ങിയവയാണു ശുചിത്വ കണക്കെടുപ്പിലെ മാനദണ്ഡങ്ങൾ. തുറസ്സായ സ്ഥലത്തെ മലവിസർജനം, ഖരമാലിന്യ സംസ്കരണം എന്നീ പ്രശ്നങ്ങൾക്കു കണ്ടെത്തിയ മികച്ച പരിഹാരമാർഗങ്ങൾ ശുചിത്വനഗര പട്ടിക തയാറാക്കുമ്പോൾ പരിശോധകരുടെ മുന്നിലുണ്ടാകാറുണ്ട്. വികേന്ദ്രീകൃത മാലിന്യസംസ്കരണം മാനദണ്ഡമായി പരിഗണിക്കാത്തതുകൊണ്ടാണു കേരളത്തിലെ നഗരങ്ങൾ പിന്തള്ളപ്പെട്ടുപോകുന്നതെന്ന പരാതി ഉയർന്നിട്ടുമുണ്ട്.

സർവേയിൽ നമ്മുടെ നഗരങ്ങൾക്കുണ്ടായ മലിനപതനം ഓരോ മലയാളിയും മാനക്കേടായിക്കാണേണ്ടതല്ലേ? സങ്കീർണമായ ഈ കോവിഡ്കാലം മാലിന്യസംസ്കരണത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, കേരളത്തിൽ മിക്കയിടങ്ങളിലും ഓരോ ദിവസവും പെരുകിവരുന്ന മാലിന്യക്കൂമ്പാരങ്ങൾ സർക്കാരിന്റെ അടിയന്തരശ്രദ്ധ തേടാൻ തുടങ്ങിയിട്ടു കാലമേറെയായി. ശാസ്ത്രീയമായ മാലിന്യശേഖരണവും സംസ്കരണവുമാണ് ഏക പോംവഴി എന്നറിയാമെങ്കിലും മുന്നിട്ടിറങ്ങാൻ ഉത്തരവാദപ്പെട്ടവർ ഇല്ലാത്തതാണു പലയിടത്തും കാര്യങ്ങൾ കൈവിട്ടുപോകാൻ കാരണം. വീട്ടിലും നാട്ടിലും ശുചിത്വപരിപാടികൾ നടപ്പാക്കി, മാലിന്യനിർമാർജനം ജനകീയ പ്രസ്ഥാനമാക്കാനുള്ള സമഗ്രപദ്ധതി പ്രഖ്യാപനത്തിലൊതുങ്ങരുത്.

അനാസ്ഥയും നിരുത്തരവാദിത്തവും ‘തൂത്തുകളഞ്ഞ്’ വരുംവർഷത്തെ ശുചിത്വനഗര പട്ടികയിലെങ്കിലും മുന്നിലെത്താൻ നാം ഇപ്പോഴേ ശ്രമം തുടങ്ങിയേതീരൂ. നാണക്കേടിന്റെ തനിയാവർത്തനം ഇനിയും കേരളം തുടർന്നുകൂടാ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA