കണ്ണേ കരളേ കൺസൽറ്റൻസീ... വീട് കിട്ടാതെ നിരാലംബരുടെ കാത്തിരിപ്പ്‌

colony
ചോറ്റാനിക്കര വെട്ടിക്കൽ ലക്ഷംവീട് കോളനിയിലെ ഒറ്റമുറിവീട്ടിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾ.
SHARE

വിവിധ കൺസൽറ്റൻസി കരാറുകളുടെ പറുദീസയാണു ലൈഫ് മിഷൻ. 2019 ഓഗസ്റ്റ് 5ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ലൈഫ് മിഷൻ അവലോകന യോഗത്തിലെ ഒരു തീരുമാനം ഇതായിരുന്നു: ‘സിഎസ്ആർ / സ്പോൺസർഷിപ് / പൊതുജന പങ്കാളിത്തം എന്നിവയിലൂടെ ഫ്ലാറ്റുകൾ നിർമിക്കുന്നതിനു സഹായകമായി ആഗോളതലത്തിൽ ക്യാംപെയ്ൻ നടത്തുന്നതിന് പ്രഫഷനൽ പബ്ലിസിറ്റി / പിആർ ഏജൻസിയുടെ സഹായം ഉപയോഗപ്പെടുത്താവുന്നതാണ്’. 

പിആർഡി നിലനിൽക്കെ ലൈഫ് മിഷനിലേക്കു കൺസൽറ്റന്റായി കൊച്ചി ആസ്ഥാനമായ പിആർ സ്ഥാപനം കടന്നുവരുന്നത് അങ്ങനെയാണ്. ലൈഫ് മിഷൻ പദ്ധതിക്കു പ്രചാരം കിട്ടുന്ന തരത്തിൽ വിഡിയോ, ഓഡിയോ അനുഭവകഥകൾ, മത്സരങ്ങൾ തുടങ്ങിയവ തയാറാക്കുക, സമൂഹമാധ്യമങ്ങളിൽ ലൈഫിന്റെ സാന്നിധ്യം വർധിപ്പിക്കുക, ഓൺലൈൻ സമൂഹത്തിലേക്കു പദ്ധതിയെ എത്തിച്ച് ക്രമേണ അവരെയും ലൈഫ് പദ്ധതിയിൽ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുക തുടങ്ങിയവയാണു ചുമതലകൾ.

ലൈഫ് 1, 2 ഘട്ടങ്ങൾക്കായി ഈ ഏജൻസി സമർപ്പിച്ചത് 17.01 ലക്ഷം രൂപയുടെ ഫിനാൻഷ്യൽ ബിഡ് ആണ്. ഇതു പിന്നീട് ലൈഫ് മിഷൻ സിഇഒ ഇടപെട്ട് 14.13 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. മൂന്നാം ഘട്ടത്തിലെ 56 ഇടങ്ങളിലെ ഭവനസമുച്ചയ നിർമാണങ്ങൾക്ക് ചെന്നൈ ആസ്ഥാനമായ കമ്പനിക്കു കൺസൽറ്റൻസി കരാർ നൽകിയിട്ടുണ്ട്. 14 കോടിയോളം രൂപയാണു ചാർജ്. സ്വന്തമായി എൻജിനീയറിങ് വിഭാഗം ഇല്ലാത്തതുകൊണ്ടാണ് മേൽനോട്ടത്തിനായി പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയെ ചുമതലപ്പെടുത്തിയതെന്നാണു ലൈഫ് മിഷന്റെ വിശദീകരണം.

 നീളുന്ന കാത്തിരിപ്പ്

ലൈഫ് പദ്ധതിയിൽ വിവാദം പുകയുമ്പോൾ ഓരോ പഞ്ചായത്തിലും പദ്ധതിയുടെ ആനുകൂല്യത്തിനായി കാത്തിരിക്കുന്നതു നൂറിലേറെ ഭവനരഹിതർ. ആദ്യഘട്ട അപേക്ഷയിൽ അർഹത ലഭിച്ചവർക്കു പോലും സ്വന്തം വീടെന്ന സ്വപ്നം ഇന്നും അന്യമാണ്. പുതിയ വിവാദങ്ങൾ കൂടി പൊട്ടിപ്പുറപ്പെട്ടതോടെ പലർക്കും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. ഭൂരഹിതരാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളിലും പട്ടികയിൽ ഉൾപ്പെട്ടിട്ടും 70 ശതമാനത്തോളം പേരും ഭൂമി വാങ്ങാനാകാതെ നെട്ടോട്ടത്തിലാണ്. 

എറണാകുളം ജില്ലയിലെ ചോറ്റാനിക്കര, മുളന്തുരുത്തി, എടയ്ക്കാട്ടുവയൽ, ആമ്പല്ലൂർ പഞ്ചായത്തുകളിൽ 174 പേരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടും സ്ഥലം വാങ്ങാനാകാതെ കഴിയുന്നത്. പദ്ധതിയിൽ 3 സെന്റ് സ്ഥലം വാങ്ങാനായി ജനറൽ വിഭാഗത്തിനു 2 ലക്ഷവും പട്ടികവിഭാഗത്തിനു 2.25 ലക്ഷവുമാണ് അനുവദിക്കുന്നത്.

എന്നാൽ, വഴിയില്ലാത്ത ഉൾപ്രദേശങ്ങളും ചതുപ്പുനിലങ്ങളും മാത്രമേ കേരളത്തിൽ ഈ വിലയ്ക്കു ലഭിക്കൂ എന്നതാണു യാഥാർഥ്യം. നിർദേശങ്ങളിലെ കാർക്കശ്യവും പ്രായോഗികതക്കുറവും അർഹരായവർക്കുവരെ വീടു നിഷേധിക്കുന്നതിലേക്കാണു നയിക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ഞൂറോളം അപേക്ഷകൾ ലഭിച്ച ഒരു പഞ്ചായത്തിൽ 409 അപേക്ഷകളാണു തള്ളപ്പെട്ടത്. 

ഒറ്റമുറിവീട്ടിൽ 6 കുടുംബം

എറണാകുളം ചോറ്റാനിക്കര പഞ്ചായത്തിലെ വെട്ടിക്കൽ ലക്ഷംവീട് കോളനിയിലെ ആദിവാസികളുടെ ജീവിതം പദ്ധതിയുടെ തിരഞ്ഞെടുപ്പു മാനദണ്ഡങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. 6 കുടുംബങ്ങളിലായി 17 പേരാണു കോളനിയിലെ ഒറ്റമുറിവീട്ടിൽ കഴിയുന്നത്. ജാതി സർട്ടിഫിക്കറ്റ് ഇല്ലെന്ന പേരിലാണ് മാറിമാറി വന്ന സർക്കാരുകൾ ഇവരുടെ പുനരധിവാസം നീട്ടിക്കൊണ്ടു പോയത്.

ഒടുവിൽ രേഖകളെല്ലാം ശരിയാക്കിയിട്ടും ഇവർക്കു മോചനമില്ല. ലൈഫ് പദ്ധതിയിൽ 2 കുടുംബങ്ങൾക്കു വീടിന് അനുമതിയായെങ്കിലും ബാക്കി 4 കുടുംബങ്ങൾ നിലവിൽ വീടുള്ളതിനാൽ (ഈ ഒറ്റമുറി വീട്) പദ്ധതിക്ക് അർഹരല്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. 

parappookkara
പറപ്പൂക്കര പഞ്ചായത്തിലെ മാടപ്പാടത്ത് ലൈഫ് പദ്ധതിയി‍ൽ വീടുവയ്ക്കാൻ വാങ്ങുന്ന സ്ഥലം.

വയൽ കച്ചവടം

കേരളത്തിൽ 2 ലക്ഷം രൂപയ്ക്കു 3 സെന്റ് വാങ്ങാനാവില്ലെന്ന യാഥാർഥ്യം മറയാക്കി പാവങ്ങൾക്കെന്ന പേരിൽ സംസ്ഥാനത്തെങ്ങും വയലുകളിൽ വീടിന് അനുമതി നൽകുന്ന ഗൂഢനീക്കവും നടക്കുന്നു. നെൽവയൽ, നീർത്തട സംരക്ഷണ നിയമപ്രകാരം ഭവനരഹിതർക്ക് മൂന്നോ നാലോ സെന്റ് ഭൂമിയിൽ വീടു വയ്ക്കുന്നതിന് അനുമതി നൽകുന്നുണ്ട്. ഈ പേരിലാണു ഭൂമിക്കച്ചവടം. ഭൂമി വിൽക്കുന്നതു മൊത്തമായാണെങ്കിലും ഇളവു ലഭിക്കാനായി വാങ്ങുന്നത് അഞ്ചോ പത്തോ പേർ ചേർന്നായിരിക്കും. 

വയലിലേക്ക് ഇറങ്ങാനുള്ള വരമ്പോ ബണ്ടോ വഴിയാക്കി അതിരിൽ തെങ്ങു വച്ച് വയലും പറമ്പുമല്ലാത്ത നിലയിലാക്കിയ സ്ഥലങ്ങളാണു കൂടുതലും ഈ രീതിയിൽ കച്ചവടം ചെയ്യുന്നത്. തൃശൂർ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്ത് 14–ാം വാർഡിൽ ഗുണഭോക്താക്കൾക്കു നൽകുന്നതു വയലിനോടു ചേർന്ന സ്ഥലമാണ്. 22 വർഷത്തിലേറെയായി വാടകവീട്ടിൽ താമസിക്കുന്ന 4 കുടുംബങ്ങളാണു മാടപ്പാടത്ത് 2 ലക്ഷം രൂപ വീതം നൽകി 3 സെന്റ് വീതം വാങ്ങുന്നത്. 

നൂലാമാലകൾ തളർത്തിയപ്പോൾ ‍

2017 മുതൽ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചു വരികയാണു കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ദാസൻ. 5 വർഷം മുൻപു കെട്ടിടത്തിൽനിന്നു വീണു നട്ടെല്ലിനു പരുക്കേറ്റു കിടപ്പിലായതാണ്. വനാതി‍ർത്തിയിലാണ് ദാസന്റെ അമ്മ തൃശൂർ കൊണ്ടാഴി മണ്ണിയംകോട്ട് വീട്ടിൽ കല്യാണിയുടെ പേരിലുള്ള വീട്. ദാസനെ ചികിത്സയ്ക്കു കൊണ്ടുപോകാൻ ഇവിടെ വാഹനമെത്തില്ല. വാഹനം വരുന്നിടത്തു വീടിനു വേണ്ടിയുള്ള അപേക്ഷ റേഷൻ കാർഡ് ഇല്ലാത്തതിനാൽ പരിഗണിക്കപ്പെട്ടില്ല. റേഷൻ കാർഡ് അമ്മയുടെ പേരിലാണ്. ദാസനാകട്ടെ കാർഡിന് അപേക്ഷിക്കാൻ വീടും ഇല്ല. 

dasan
തൃശൂർ കൊണ്ടാഴി മണ്ണിയംകോട്ട് വീട്ടിൽ ദാസൻ.

റോഡിനോടു ചേർന്ന് 580 ചതുരശ്ര അടിയുള്ള ഒരു വീടിന് 2019 ഏപ്രിലിൽ തറയിട്ടു. പക്ഷേ, ഭവനസഹായ പദ്ധതികളിലൊന്നും പെടാത്തതിനാൽ വീട് ഈ തറയിൽ ഒതുങ്ങി. 

നിലംപൊത്താറായ വീട്ടിൽ നിരാലംബരായി...

നിലംപൊത്താറായ വീട്ടിൽ അപകടം മുന്നിൽക്കണ്ടു കഴിയുകയാണ് തൃശൂർ ജില്ലയിലെ കാക്കശേരി കരുവള്ളി ജലജയും അമ്മ  കാർത്യായനിയും. വീടടക്കം സ്വത്തു ഭാഗിച്ചപ്പോൾ 3 സെന്റിൽ ഒറ്റമുറിയും അടുക്കളയും ശുചിമുറിയും അടങ്ങുന്ന ഭാഗത്തേക്കു മാറേണ്ടിവന്നു. ഈ ഭാഗം ഏതുസമയത്തും തകർന്നുവീഴുമെന്ന അവസ്ഥയിലാണ്.

amma
ജലജയും അമ്മ കാർത്യായനിയും നിലംപൊത്താറായ വീട്ടിൽ.

3 വർഷം മുൻപ് എളവള്ളി പഞ്ചായത്ത് ഓഫിസിൽ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ചിരുന്നു. എന്നാൽ, റേഷൻ കാർഡിൽ പേരുള്ള സഹോദരൻ വിദേശത്താണെന്ന കാരണത്താൽ നിരസിക്കപ്പെട്ടു. എംഎൽഎയും കലക്ടറും സാക്ഷ്യപത്രം നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.\

ചോരുന്ന കൂരയിൽ അമ്മയും മകനും

ചോരുന്ന കൂരയിൽ പേടിച്ചു കഴിയുകയാണ് തൃശൂർ ജില്ലയിലെ മുല്ലശേരി പറമ്പന്തള്ളിയിൽ മരയ്ക്കാത്ത് പരേതനായ മണിയുടെ ഭാര്യ പുഷ്പയും മകൻ അഭിനവും. കുടുംബം ഭാഗം വച്ചപ്പോൾ കിട്ടിയ 3 സെന്റ് സ്ഥലത്തു വീടിനു സഹായം തേടി അപേക്ഷിക്കാൻ തുടങ്ങിയിട്ടു 3 വർഷമായി. ഇതുവരെ പരിഗണിക്കപ്പെട്ടില്ല. ഇത്തവണ വീണ്ടും അപേക്ഷിച്ചിട്ടുണ്ട്. സ്വന്തമായി റേഷൻ കാർഡ് ഇല്ലെന്നു പറഞ്ഞാണ് ആദ്യം നിരസിച്ചത്. 

റേഷൻ കാർഡ് സമ്പാദിച്ചു രണ്ടാം വട്ടം അപേക്ഷിച്ചപ്പോൾ ഭൂമിയില്ലാത്തവർക്കും പ്രളയത്തിൽ നഷ്ടമായവർക്കുമാണു മുൻഗണനയെന്നു പറഞ്ഞു തള്ളി. 

pavaratty son and mom
പുഷ്പയും മകൻ അഭിനവും.

ഫ്ലാറ്റാണ് ‘സൗകര്യം’

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ കടമ്പൂരിലാണ് ജില്ലയിലെ ആദ്യത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയം ഉയരുന്നത്. നിർമാണം നടക്കുന്നു. പഞ്ചായത്തുവക ഭൂമിയായതിനാൽ ഭൂമിക്കു പണം നൽകേണ്ടതില്ല. 45 സെന്റ് സ്ഥലത്ത് 44 ഫ്ലാറ്റുകൾ നിർമിക്കാനുള്ള 5.27 കോടി രൂപയുടെ പദ്ധതിയാണിത്. 

സ്ഥലത്തിനു വില നൽകേണ്ട എന്നിരിക്കെ, ഫ്ലാറ്റ് ഒന്നിനു ചെലവു വരുന്നത് 11.98 ലക്ഷം രൂപ. ഒരു ഫ്ലാറ്റിന്റെ വിസ്തീർണം 529 ചതുരശ്രയടി. ഇതേ ലൈഫ് പദ്ധതി പ്രകാരം ഇത്രയും തന്നെ വിസ്തീർണമുള്ള വീടു വയ്ക്കാൻ സർക്കാർ നൽകുന്നത് 4 ലക്ഷം രൂപ. സ്ഥലം ഗുണഭോക്താവ് വാങ്ങുകയും വേണം. വലിയ ഫ്ലാറ്റ് പദ്ധതിയാകുമ്പോൾ ഡിസൈൻ തയാറാക്കലും നിർമാണക്കരാർ നൽകലും ഉൾപ്പെടെ ഒരുപാടു ‘സൗകര്യങ്ങൾ’ സർക്കാരിനുണ്ട്. 

തയാറാക്കിയത്: ജയൻ മേനോൻ, സാക്കിർ ഹുസൈൻ, എം.എ. ജോൺസൺ, ജയചന്ദ്രൻ ഇലങ്കത്ത്, കെ. ജയപ്രകാശ് ബാബു, മഹേഷ് ഗുപ്തൻ, രമേഷ് എഴുത്തച്ഛൻ, അരുൺ എഴുത്തച്ഛൻ, മിന്റു പി. ജേക്കബ്, നഹാസ് മുഹമ്മദ്, ജോജി സൈമൺ, പ്രതീഷ് ജി. നായർ, നസീബ് കാരാട്ടിൽ, ഷിന്റോ ജോസഫ്, ജിക്കു വർഗീസ് ജേക്കബ്, സിജിത്ത് പയ്യന്നൂർ.  സങ്കലനം: അജീഷ് മുരളീധരൻ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA