വികസനത്തിനൊപ്പം നിൽക്കൂ: ജി.വിജയരാഘവൻ

Print
ജി.വിജയരാഘവൻ
SHARE

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പിന്കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷം സർക്കാരിനൊപ്പം നിലയുറപ്പിച്ചെങ്കിലും കോൺഗ്രസിനുള്ളിൽതന്നെ ഭിന്നസ്വരങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഉയർന്നുവരുന്ന വ്യത്യസ്ത വാദഗതികൾ...

കേരളത്തിലെ ആദ്യ രാജ്യാന്തര വിമാനത്താവളം എന്ന അഭിമാനത്തോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തെ നാം കണ്ടിരുന്നത്. എന്നാൽ, അതിന്റെ ഇപ്പോഴത്തെ അവസ്ഥ നാണക്കേടുണ്ടാക്കുന്നതാണ്. അതിനു ശേഷം വന്ന വിമാനത്താവളങ്ങൾ വികസനത്തിന്റെ പുതിയ ആകാശങ്ങളിലേക്കു പറന്നപ്പോൾ തിരുവനന്തപുരം മാത്രം കിതച്ചു. തികച്ചും പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ വികസനം തടസ്സപ്പെട്ടു. 

കഴിഞ്ഞ 10 വർഷത്തെ സ്ഥിതി പരിശോധിച്ചാൽ, വിമാന സർവീസുകളുടെ എണ്ണം കുറയുകയാണു ചെയ്തത്. യൂസർ ഫീസ് കൂടി. സൗകര്യങ്ങൾ കുറഞ്ഞു. രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ് ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല... അനാസ്ഥ വ്യക്തമല്ലേ? 

വിമാനത്താവളം നാടിന്റെ വികസനത്തിലേക്കുള്ള റൺവേ കൂടിയാണ്. വിമാനസർവീസ് 10% വർധിച്ചാൽ ആ രാജ്യത്തിന്റെ ജിഡിപി 0.5% കൂടുമെന്നാണു കണക്ക്. വിദേശനിക്ഷേപത്തിന്റെ ഉൾപ്പെടെ പ്രാഥമിക അളവുകോൽ വ്യോമയാന സൗകര്യങ്ങളാണ്. കേരളത്തിലേക്കു പ്രതീക്ഷയോടെ വന്ന നിസാൻ പിന്നീടു സ്വന്തം ക്യാംപസ് നിർമിക്കാനോ കൂടുതൽ പേരെ ജോലിക്കു നിയമിക്കാനോ ശ്രമിക്കാത്തതിന്റെ പ്രധാന കാരണം എയർ കണക്ടിവിറ്റി പോരായ്മയാണ്. പിന്നാലെ വന്ന 3 കമ്പനികളിൽ രണ്ടെണ്ണം പ്രവർത്തനം നിർത്തി. മൂന്നാമത്തെ കമ്പനിയും നിർത്താൻ പോകുന്നുവെന്നു കേൾക്കുന്നു. ഇവരെല്ലാം വിമാനസർവീസ് വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് പലവട്ടം സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.

വിമാനത്താവളം പൊതു–സ്വകാര്യ പങ്കാളിത്തത്തിലേക്കു മാറുന്നുവെന്നു കേട്ടപ്പോൾ യാത്രക്കാർ ആശ്വസിച്ചതും അതുകൊണ്ടുതന്നെയാണ്. മത്സര ടെൻഡറിലൂടെയാണ് അദാനി ഗ്രൂപ്പ് നടത്തിപ്പവകാശം നേടിയത്. ടെൻഡറിൽ പങ്കെടുത്തു തോറ്റശേഷം, വിജയിച്ചവർക്കെതിരെ ഇപ്പോൾ കേസിനു പോകുന്നത് എന്തു ധാർമികതയുടെ പേരിലാണെന്നു സർക്കാർ വ്യക്തമാക്കണം. സ്വകാര്യവൽക്കരണനീക്കത്തെ എതിർക്കുന്നുണ്ടെങ്കിൽ അതു തുടങ്ങിയപ്പോൾത്തന്നെ ഇടപെടാമായിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയെക്കൊണ്ട് (സിയാൽ) ഏറ്റെടുപ്പിക്കാമെന്നു പറയാമായിരുന്നു. ടെൻഡർ വിളിച്ചപ്പോൾത്തന്നെ കോടതിയിൽ പോയി അതു തടയാമായിരുന്നു. നേരെ മറിച്ച് കേന്ദ്ര നിർദേശം പാലിച്ചു ടെൻഡറിൽ ഭാഗമായതോടെ വ്യവസ്ഥകളെല്ലാം അംഗീകരിച്ചു എന്നാണർഥം. ചില സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ പുതിയ കമ്പനി രൂപീകരിക്കുന്നതിനു പകരം, സിയാലിന്റെ നേതൃത്വത്തിൽ കൺസോർഷ്യം ഉണ്ടാക്കി ബിഡിൽ പങ്കെടുത്തിരുന്നെങ്കിൽ കേരളത്തിനു നടത്തിപ്പവകാശം കിട്ടാനുള്ള സാധ്യത വർധിക്കുമായിരുന്നു.

നിലവിലെ സാഹചര്യത്തിൽ അദാനി ഗ്രൂപ്പ് തിരുവനന്തപുരത്തു വരുന്നതു നല്ലതാണ്. വിഴിഞ്ഞം തുറമുഖനിർമാണം അവസാനഘട്ടത്തിലേക്കു കടക്കുന്നു. അതിന്റെ കൂടെയാണു വിമാനത്താവള നടത്തിപ്പും അവർക്കു ലഭിക്കുന്നത്. ഇതു തിരുവനന്തപുരം എന്ന പോർട്ട് ഹബ്ബിനെ രാജ്യാന്തരതലത്തിൽ ഉയർത്തിക്കാണിക്കാൻ വഴിയൊരുക്കും. 

സ്വകാര്യ പങ്കാളിത്തത്തെ എതിർക്കുന്നത് ലോകസാഹചര്യങ്ങളെക്കുറിച്ചു കൃത്യമായ ധാരണയില്ലാത്തതുകൊണ്ടാണ്. ലോകത്തിലെ വലിയ വിമാനത്താവളങ്ങളെല്ലാം സ്വകാര്യമേഖലയിലാണ്. സർക്കാരിനു ചെയ്യാൻ കഴിയുന്നതിനെക്കാൾ അവർക്കു ചെയ്യാനാകും എന്നതുകൊണ്ടാണിത്. 

ഇന്ത്യയിൽ വിമാനത്താവളങ്ങളിൽ പൊതു–സ്വകാര്യ പങ്കാളിത്തം തുടങ്ങിയതു മൻമോഹൻ സിങ് പ്രധാനമന്ത്രിയായ കാലത്താണ്. അന്ന് യുപിഎയെ പിന്തുണച്ചിരുന്നത് ഇടതുപക്ഷമാണ്. അതേ നയം തിരുവനന്തപുരത്തു നടപ്പാക്കുമ്പോൾ ഭരണ – പ്രതിപക്ഷ പാർട്ടികൾ എന്തിന്റെ പേരിലാണ് എതിർക്കുന്നതെന്നു വ്യക്തമല്ല. കോൺഗ്രസ് എതിർക്കുമ്പോഴും ജനവികാരം മനസ്സിലാക്കിയാണു ശശി തരൂർ എംപി നിലപാടെടുത്തത്. വിമാനത്താവള സ്വകാര്യവൽക്കരണം പ്രചാരണവിഷയമായ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചാണ് അദ്ദേഹം വോട്ട് തേടിയത്. അദ്ദേഹത്തിന്റെ ജയം ആ നിലപാടിനുള്ള ജനങ്ങളുടെ അംഗീകാരം കൂടിയായിരുന്നു.

കൊച്ചിയും കണ്ണൂരുമായി താരതമ്യം ചെയ്താൽ തിരുവനന്തപുരം അത്രത്തോളം സ്വകാര്യവൽക്കരിക്കപ്പെടുന്നില്ല. കൊച്ചിയിലും കണ്ണൂരിലും ആസ്തിയടക്കമാണു പങ്കാളിത്തം നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് 50 വർഷത്തെ നടത്തിപ്പു മാത്രമേ കൈമാറുന്നുള്ളൂ. ആസ്തി മുഴുവൻ എയർപോർട്ട് അതോറിറ്റിക്കു കീഴിൽ തന്നെയായിരിക്കും. ഇതെല്ലാം മറച്ചുവച്ചാണ് വിമാനത്താവളം മറിച്ചുവിൽക്കുന്നുവെന്ന പ്രചാരണം നടത്തുന്നത്.

തിരുവനന്തപുരത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ടിയാലിൽ 74% ഓഹരി സ്വകാര്യ കമ്പനികൾക്കു നൽകാനായിരുന്നു ധാരണ. അതും 500 കോടിയിലധികം ആസ്തിയുള്ള കമ്പനികൾക്ക്. അപ്പോൾ അവർ കുത്തകമുതലാളിമാരുടെ കൂട്ടത്തിൽപെടില്ലേ? 

എൽഡിഎഫും യുഡിഎഫും യാഥാർഥ്യം തിരിച്ചറിഞ്ഞ് വികസനത്തിനൊപ്പം നിൽക്കണം. 

(ആസൂത്രണ ബോർഡ് മുൻ അംഗം)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA