വാക്കുകളുടെ വിശുദ്ധി

Subadinam
SHARE

ഏറെക്കാലം രാജ്യം ഭരിച്ച ചക്രവർത്തിയോട് ഒരാൾ ചോദിച്ചു: ഇതിനു മുൻപുള്ള രാജാക്കന്മാരെല്ലാം വളരെ പെട്ടെന്നു സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. താങ്കൾ എങ്ങനെയാണ് ഒരു യുദ്ധംപോലും ചെയ്യാതെ ഇത്രയും നാൾ രാജ്യം ഭരിച്ചത്? ചക്രവർത്തി പറഞ്ഞു: മറ്റുള്ളവരെല്ലാം തോക്കുകൾ കൊണ്ടാണു രാജ്യം ഭരിച്ചത്; ഞാൻ ഭരിക്കുന്നതു വാക്കുകൾ കൊണ്ടും.

വാക്കുകൾ വിലയിരുത്തിയാൽ വൈശിഷ്ട്യം വെളിവാകും. എല്ലാവരുടെയും വാക്കിനു വിലയുണ്ട്. പറയുന്ന വാക്കിന് ഓരോരുത്തരും നൽകുന്ന വിലയെന്തെന്നു തിരിച്ചറിയുകയാണു കേൾവിക്കാരന്റെ ദൗത്യം. പറയുന്നവരുടെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ചു വേഷംകെട്ടാനാണ് പല വാക്കുകളുടെയും വിധി. വാക്കുകളുടെ തനതായ അർഥം പോലും നഷ്ടപ്പെടുന്നത് അത് ഉപയോഗിക്കുന്നവരുടെ കുഴപ്പം കൊണ്ടാണ്.

വാക്കുകൾകൊണ്ടു വിസ്മയം തീർക്കുന്നവരും വേദന സൃഷ്ടിക്കുന്നവരുമുണ്ട്. അടുപ്പത്തിന്റെയും അകലത്തിന്റെയും കാരണം വാക്കുകളാണ്. ശാപവും അനുഗ്രഹവും വാക്കുകളുടെ പ്രതിധ്വനികൾ മാത്രമാണ്. എത്ര തകർന്നിരിക്കുമ്പോഴും തിരിച്ചുവരാൻ ആശ്വാസവാക്കുകൾ മതി; നഷ്ടപ്പെട്ടതെന്തും തിരിച്ചുപിടിക്കാൻ ആത്മധൈര്യത്തിന്റെ വാക്കുകൾ മതി; പിരിഞ്ഞുപോയവരെ ചേർത്തുപിടിക്കാൻ കരുതലിന്റെ വാക്കുകൾ മതി; ഒപ്പം നിന്നവരെ ഒറ്റപ്പെടുത്താൻ മൂർച്ചയേറിയ വാക്കുകൾ മതി. ഓരോ വാക്കിലും പറയുന്നവന്റെ അർഥത്തെക്കാൾ കേൾക്കുന്നവന്റെ അർഥത്തിനാണു പ്രാധാന്യം.

സ്വാധീനമുള്ള വാക്കുകൾ ഉരുവിടുന്നവരാണ് അചാര്യന്മാരും നേതാക്കന്മാരുമാകുന്നത്. വിദ്വേഷത്തിന്റെ വാക്കുകൾ പറയുന്നവർ വെറുക്കപ്പെടും. സ്നേഹത്തിന്റെ വാക്ക് ഉച്ചരിക്കുന്നവർ ആദരിക്കപ്പെടും. വേദനയുടെ വാക്കുകൾ പുറപ്പെടുവിക്കുന്നവർ മാറ്റിനിർത്തപ്പെടും. വേണ്ടപ്പോൾ മാത്രം സംസാരിക്കുകയും വേണ്ടതു മാത്രം സംസാരിക്കുകയും ചെയ്യുന്നവരാണ് വാക്കുകളെ വിശുദ്ധമാക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA