എണ്ണിയെണ്ണിത്തന്നെ പറയേണ്ടിയിരുന്നു

SHARE

അവിശ്വാസപ്രമേയത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മൂന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള മറുപടി കേരള നിയമസഭയുടെ ചരിത്രത്തിൽ റെക്കോർഡിട്ടു. ഒപ്പം, നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ നിഷ്ഫലതയുടെ മറ്റൊരു റെക്കോർഡ് കൂടി ആ പ്രസംഗം ചമയ്ക്കുന്നു. കത്തിപ്പടരുന്ന വിവാദങ്ങൾക്കിടെയുണ്ടായ അവിശ്വാസപ്രമേയ ചർച്ചയിലെ അടിസ്ഥാന ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതിരിക്കാനാണു മുഖ്യമന്ത്രി ശ്രമിച്ചത്. 

അവിശ്വാസപ്രമേയം പാസാക്കി പിണറായി സർക്കാരിനെ പ്രതിപക്ഷം മറിച്ചിടുമോ എന്ന ആകാംക്ഷയൊന്നും കേരള ജനതയ്ക്കുണ്ടായിരുന്നില്ല. സർക്കാരിനും ‌അതെച്ചൊല്ലി ഉത്കണ്ഠയുണ്ടാകേണ്ട കാര്യമുണ്ടായിരുന്നില്ല. അവിശ്വാസപ്രമേയത്തിനു കാരണമായ ആരോപണങ്ങളിൽ സർക്കാരിന് എന്തു മറുപടി പറയാനുണ്ട് എന്നറിയാനാണു ജനം ആഗ്രഹിച്ചത്. എന്നാൽ, സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സ്വർണക്കള്ളക്കടത്തു കേസും ലൈഫ് മിഷൻ കോഴ ഇടപാടുമൊക്കെ നേർക്കുനേർ ചർച്ച ചെയ്യാൻ കിട്ടിയ ആദ്യ അവസരത്തിൽ അവയ്ക്കൊന്നും വ്യക്തമായ മറുപടി പറയാൻ സർക്കാർ തയാറാകാതിരുന്നത് ജനമനസ്സുകളിൽ ഒരുപിടി സന്ദേഹങ്ങൾ അവശേഷിപ്പിക്കും. 

നിയമസഭാംഗങ്ങൾ മൈതാനപ്രസംഗ ശൈലിയിൽ അങ്ങോട്ടും ഇങ്ങോട്ടും ആഞ്ഞടിച്ചത് പാർട്ടി അണികളെ രോമാഞ്ചം കൊള്ളിച്ചിട്ടുണ്ടാവാം. എന്നാൽ, സർക്കാർ നേരിടുന്ന ഗുരുതരമായ ആരോപണങ്ങൾക്കു തൃപ്തികരമായ മറുപടിയാണു ജനാധിപത്യബോധമുള്ളവർ പ്രതീക്ഷിച്ചത്. സ്വർണക്കള്ളക്കടത്തു സംഘത്തിനു മുഖ്യമന്ത്രിയുടെ ഓഫിസുമായി ആരോപിക്കപ്പെട്ട ബന്ധത്തെക്കുറിച്ചും ലൈഫ് മിഷൻ പദ്ധതിയിൽ നടന്ന കോഴ ഇടപാടുകളെക്കുറിച്ചും ഭരണപക്ഷം എന്തുകൊണ്ടാണു മൗനം പാലിച്ചതെന്നു കേരളം അദ്ഭുതപ്പെടുകയാണ്. 

നിയമസഭയിൽ 87 വോട്ടുകളുടെ ബലംകൊണ്ടു സർക്കാർ നേടിയ വിശ്വാസം ജനങ്ങളുടെ മനസ്സിലേക്കുകൂടി വ്യാപിക്കണമെങ്കിൽ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും അക്കമിട്ടു മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നു.  ‘ഞാൻ എണ്ണിയെണ്ണി പറയണോ’ എന്നു മാധ്യമങ്ങളോട് ഈയിടെ ചോദിച്ച മുഖ്യമന്ത്രി, ആരോപണത്തിനുള്ള മറുപടി നിയമസഭയിൽ എണ്ണിയെണ്ണിപ്പറയുമെന്നു തന്നെയാണു ജനം പ്രതീക്ഷിച്ചത്. എന്നാൽ, അഞ്ചു മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാമെന്ന ധാരണയിൽ ചർച്ചയ്ക്കെടുത്ത അവിശ്വാസപ്രമേയത്തിനു മൂന്നേമുക്കാൽ മണിക്കൂർ മുഖ്യമന്ത്രിതന്നെ മറുപടി പറഞ്ഞിട്ടും ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയിട്ടില്ല.  

ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിലും വാർത്താസമ്മേളനങ്ങളിലും മുഖ്യമന്ത്രിയിൽ നിന്നുതന്നെ പലവട്ടം കേട്ടുമടുത്ത നേട്ടങ്ങളുടെ പട്ടിക മാത്രമാണു തിങ്കളാഴ്ചയും അദ്ദേഹം നിരത്തിയത്. അതുകൊണ്ടായിരിക്കണമല്ലോ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ‘പശുവളർത്തലിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല’ എന്ന കമന്റുമായി പി.ജെ.ജോസഫിന് എഴുന്നേൽക്കേണ്ടിവന്നത്. നേരത്തേ ഉന്നയിക്കപ്പെട്ടതിനു പുറമേ, അഞ്ച് അഴിമതി ആരോപണങ്ങൾ കൂടിയാണു ചർച്ചയ്ക്കിടെ സഭയിൽ ഉയർന്നത്. അതിലൊന്നു പ്രതിപക്ഷത്തെ വി.ഡി.സതീശനെതിരെയായിരുന്നു. വിജിലൻസിനെക്കൊണ്ട് തനിക്കെതിരെ അന്വേഷണം നടത്തിക്കോളൂ എന്നാണു സതീശൻ പറഞ്ഞത്. എന്നാൽ, പ്രതിപക്ഷത്തു നിന്നുയർ‌ന്ന ഒരു ആരോപണം പോലും അന്വേഷിക്കുമെന്നു പ്രഖ്യാപിക്കാനുള്ള ആർജവവും നീതിബോധവും മുഖ്യമന്ത്രിയോ മന്ത്രിമാരോ കാട്ടിയില്ല. അഴിമതി ആരോപണങ്ങൾക്കു മന്ത്രിമാർ നൽകിയ മറുപടികൾക്കാകട്ടെ വേണ്ടത്ര പ്രതിരോധ ശേഷിയുണ്ടായിരുന്നതുമില്ല. 

സഭയിൽ നിറഞ്ഞാടാൻ ശ്രമിച്ചുകൊണ്ടുതന്നെ ചോദ്യങ്ങളിൽനിന്നും ആരോപണങ്ങളിൽ നിന്നും ഒളിച്ചോടുന്നത് അവിശ്വാസപ്രമേയ ചരിത്രത്തിൽത്തന്നെ ആദ്യമാണ്. ഓരോ പ്രസംഗകന്റെയും ആരോപണങ്ങൾ കുറിച്ചുവച്ച് അവയ്ക്ക് അക്കമിട്ടു മറുപടി പറയുന്ന മുഖ്യമന്ത്രിമാരെയാണു മുൻപു കേരള നിയമസഭ കണ്ടിട്ടുള്ളത്. ജനാധിപത്യത്തിൽ അതാണു നല്ല കീഴ്‌വഴക്കം. തുടർച്ചയായി വാർത്താസമ്മേളനങ്ങൾ നടത്തിയിട്ടും അവിശ്വാസപ്രമേയത്തിനു മൂന്നേമുക്കാൽ മണിക്കൂർ മറുപടി നൽകിയിട്ടും വിവാദ വിഷയങ്ങളിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാവുന്നു. അവയ്ക്കു മറുപടി നൽകാൻ ബാധ്യസ്ഥമായ സർക്കാർ ‘രാഷ്ട്രീയ ക്വാറന്റീൻ’ സ്വയം തിരഞ്ഞെടുക്കുന്നതു ഭൂഷണമേയല്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA