ADVERTISEMENT

തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിൽ കേരളത്തിൽനിന്നുയർന്ന ആരവം കേട്ടപ്പോൾ ഐപിഎൽ മത്സരം നടക്കുകയാണെന്നു കരുതി. ശ്രദ്ധിച്ചപ്പോൾ നിയമസഭാംഗങ്ങൾ വീറോടെ അവിശ്വാസപ്രമേയം ചർച്ച ചെയ്യുകയാണെന്നും അണികൾ അതിലും വീറോടെ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും മനസ്സിലായി. കോവിഡ് മൂലം കായികരംഗം മന്ദീഭവിച്ചതുകൊണ്ടു രാഷ്ട്രീയ ഗുസ്തി കൂടുതൽ ജനപ്രിയമാവുകയാണോ?

പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയത്തിലൂടെ ഭരണപക്ഷത്തെ പുറത്താക്കാൻ അവസരം നൽകുന്നത് ജനാധിപത്യക്രമത്തിന്റെ ഒരു സവിശേഷതയാണ്. നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവയ്ക്കാതെ അധികാരത്തിൽ തുടർന്നാൽ പുറത്താക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കാം. അങ്ങനെയൊന്നാണ് 1969ൽ ഇഎംഎസ് നേരിട്ടത്.

മന്ത്രിസഭയുടെ ഭൂരിപക്ഷ പിന്തുണയെക്കുറിച്ചു സംശയമില്ലാത്തപ്പോഴും പ്രതിപക്ഷം അവിശ്വാസപ്രമേയം അവതരിപ്പിക്കാറുണ്ട്. അതു സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കാനും അവയിലേക്കു പൊതുജനശ്രദ്ധ ആകർഷിക്കാനുമാണ്. അത്തരത്തിലൊന്നാണ് കേരള നിയമസഭയിൽ ഇപ്പോൾ നടന്നത്. ഇതിനു മുൻപു കേരളത്തിൽ അവിശ്വാസപ്രമേയ ചർച്ച നടന്നതു 15 കൊല്ലം മുൻപാണ്. അന്നു ഭരണത്തിലിരുന്നത് ഉമ്മൻ ചാണ്ടി സർക്കാർ. പ്രമേയം അവതരിപ്പിച്ചത് കോടിയേരി ബാലകൃഷ്ണൻ.

കേരളം അവിശ്വാസപ്രമേയ ചർച്ച കണ്ടിട്ട് ഒരുപാടു കാലമായതുകൊണ്ടാവാം, ഡിവൈഎഫ്ഐ / യൂത്ത് കോൺഗ്രസ് തലമുറ സഭാനടപടികളെ ഐപിഎൽ കളിപോലെ കണ്ട് ആർത്തുവിളിച്ചത്. പക്ഷേ, 2005 കാലം ഓർമയിലുണ്ടാവേണ്ട, പെൻഷൻ പറ്റിയ ശേഷം ചെ ഗവാര വേഷമണിഞ്ഞ വിപ്ലവകാരികളും ആർത്തുവിളിക്കുന്നുണ്ടായിരുന്നു!

കോടിയേരി ബാലകൃഷ്ണൻ 2005ലെ ചർച്ചയിൽ ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളായിരുന്നു. പിണറായി വിജയൻ സർക്കാരിനെതിരെ യുഡിഎഫ് ഉന്നയിച്ചതും അഴിമതി ആരോപണങ്ങൾ തന്നെ. സാമ്യങ്ങൾ അവിടെ അവസാനിക്കുന്നു. വൈജാത്യങ്ങൾ ഏറെയുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരായ ആരോപണങ്ങൾ കേരളത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുങ്ങുന്നവയായിരുന്നു. അവയിൽ അന്വേഷണം നടത്തിയതാകട്ടെ, സംസ്ഥാന ഏജൻസികളും. 

പിണറായി സർക്കാരിനെതിരായ ആരോപണങ്ങൾക്കു ദേശീയ, രാജ്യാന്തര മാനങ്ങളുണ്ട്. വിവാദപരമായ കൺസൽറ്റൻസി ഇടപാടുകൾ അക്കൂട്ടത്തിലുണ്ട്. ഒരു വിഷയം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറിയെ ആ ഏജൻസി പലതവണ ചോദ്യം ചെയ്തു. സത്യാവസ്ഥ അറിയാൻ ആ പ്രക്രിയ പൂർത്തിയായി കോടതികൾ തെളിവുകൾ വിലയിരുത്തി തീർപ്പു കൽപിക്കുന്നതുവരെ കാത്തിരിക്കണം. ആരോപണങ്ങളെക്കുറിച്ചു സർക്കാരിന് എന്താണു പറയാനുള്ളത് ? ഇവിടെയാണ് മുൻ അവിശ്വാസപ്രമേയ ചർച്ചയും ഇപ്പോഴത്തേതും തമ്മിലുള്ള കാതലായ വ്യത്യാസം.

ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എൽഡിഎഫ് അംഗങ്ങൾ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ചർച്ചയിൽ പങ്കെടുത്ത യുഡിഎഫ് അംഗങ്ങളും ഒടുവിൽ മുഖ്യമന്ത്രിയും മറുപടി പറഞ്ഞു. ഇത്തവണത്തെ ചർച്ചയിൽ പങ്കെടുത്ത എൽഡിഎഫ് അംഗങ്ങളിൽ പലരും യുഡിഎഫ് നേതാക്കൾക്കെതിരെ പ്രത്യാരോപണങ്ങൾ ഉന്നയിക്കുകയാണു ചെയ്തത്. മൂന്നര മണിക്കൂറിലധികം നീണ്ട മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രിയും ആരോപണങ്ങൾക്കു മറുപടി പറഞ്ഞില്ല. എതിർപക്ഷം ആഗ്രഹിക്കുന്ന തരത്തിൽ മറുപടി കൊടുക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കില്ല. പക്ഷേ, മറുപടി പറയാതെ ഒഴിഞ്ഞുമാറാനുള്ള അവകാശവും അദ്ദേഹത്തിനില്ല.

പത്രസമ്മേളനങ്ങളും നിയമസഭാ പ്രസംഗങ്ങളും മൈതാനപ്രസംഗത്തിന്റെ സ്വഭാവം ആർജിക്കുമ്പോൾ കയ്യടിക്കാനും ആർത്തുവിളിക്കാനും ജനിച്ച അണികൾക്കു സന്തോഷമാകും. പക്ഷേ, അവിടെ ജനാധിപത്യം ശുഷ്കമാവുകയാണു ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com