ആരെ തൃപ്തിപ്പെടുത്താൻ?

Subadinam
SHARE

ജോർജ് ഓർവെൽ വിവരിക്കുന്ന സംഭവം. അദ്ദേഹം പൊലീസ് ഓഫിസറായി ജോലി ചെയ്യുന്നതിനിടെ, തൊട്ടടുത്ത ഗ്രാമത്തിൽ ആനയ്ക്കു മദമിളകി. ആന നാശനഷ്ടങ്ങൾ വരുത്തി. ഓർവെലിനെ നാട്ടുകാർ വിളിച്ചുവരുത്തി. ആനയെ മയക്കുവെടി വച്ചു വീഴ്ത്തുകയാണു ദൗത്യം. 

അദ്ദേഹമെത്തിയപ്പോൾ ആന ശാന്തനായി നിൽക്കുന്നു. മദപ്പാടിന്റെ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ആനയെ വെടിവയ്ക്കുന്നതു കാണാൻ ധാരാളം പേർ എത്തിയിട്ടുണ്ട്. അവർ വെടിവയ്ക്കാൻ മുറവിളി കൂട്ടുന്നു. വെടിവച്ചില്ലെങ്കിൽ താനൊരു ഭീരുവാണെന്ന് അവർ കരുതും. അവസാനം ആളുകൾക്കു മുന്നിൽ ധൈര്യം തെളിയിക്കാൻ അദ്ദേഹം ആനയെ വെടിവച്ചു. നാളുകൾക്കു ശേഷം അദ്ദേഹം സ്വയം തിരുത്തിക്കൊണ്ട് എഴുതി – ആനയെ വെടിവച്ച നിമിഷമാണ് ഞാൻ യഥാർഥത്തിൽ ഭീരുവായത്. 

വികാരങ്ങൾക്കു നിയന്ത്രണരേഖ ഇല്ലാത്തവർ അന്യരുടെ കൈകളിലെ കളിപ്പാവകളായിരിക്കും. ആളുകൾ നൽകുന്ന അംഗീകാരങ്ങൾക്കു വേണ്ടി അവർ ദിനചര്യകൾ പോലും ക്രമീകരിക്കും. മറ്റുള്ളവർ എതിർക്കുന്നു എന്നതിന്റെ പേരിൽ സ്വന്തം തീരുമാനങ്ങൾ പോലും ഉപേക്ഷിക്കും. ആത്മസംതൃപ്തിക്ക് ഉതകുന്ന പ്രവൃത്തികളെക്കാൾ, അപരപ്രീതി നേടിക്കൊടുക്കുന്ന കർമങ്ങളിലായിരിക്കും അവർക്കു താൽപര്യം. 

സ്വന്തം കഴിവു തെളിയിക്കേണ്ടത് അന്യരുടെ മുൻപിലാണെന്നും അവർ ആഗ്രഹിക്കുന്നതുപോലെ പ്രതികരിക്കാൻ പറ്റിയില്ലെങ്കിൽ അതു കഴിവുകേടാണെന്നുമുള്ള തെറ്റിദ്ധാരണയാണ് വികാരങ്ങൾക്ക് അടിമകളാകുന്നതിലെ അപകടം. മറ്റുള്ളവരെ കീഴ്പ്പെടുത്തുന്നതാണോ സ്വയം നിയന്ത്രിക്കുന്നതാണോ യഥാർഥ ധീരത? എതിർത്തു തോൽപിക്കാനിറങ്ങുന്നവർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്: ഈ എതിരാളി എതിർക്കേണ്ട ആളാണോ അവഗണിക്കേണ്ട ആളാണോ? ജയം സമ്മാനിക്കുന്നത് കിരീടമാണോ കുറ്റബോധമാണോ? 

കഴിവുകളുടെ മാത്രമല്ല, ബലഹീനതകളുടെ കൂടി സങ്കേതമാണ് ഓരോ വ്യക്തിയും. കഴിവുകളെ അംഗീകരിക്കാനും ബലഹീനതകളെ മനസ്സിലാക്കാനും ബഹുമാനിക്കാനും കഴിയണം. ആയിരം കഴിവുകളുള്ള ആളെ ഒരു ബലഹീനതയുടെ പേരിൽ വെടിവച്ചു വീഴ്ത്തുന്നതുകൊണ്ടാണ് പ്രതിഭകൾക്കു വംശനാശം സംഭവിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA