ADVERTISEMENT

കേന്ദ്ര തൊഴിൽ നിയമങ്ങൾ 41ൽ നിന്ന് വേതന നിയമം, വ്യവസായബന്ധ നിയമം, സാമൂഹികസുരക്ഷാ നിയമം, ക്ഷേമ നിയമം എന്നിങ്ങനെ നാലാക്കി ചുരുക്കാനുള്ള നിർദിഷ്ട നിയമനിർമാണ ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. ഇതിൽ വേതന നിയമം മാത്രം പാർലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അനുമതി നേടി വിജ്ഞാപനം ചെയ്ത് നടപ്പിലാക്കൽ പ്രക്രിയയിലാണ്. ഇത് അന്യായവും തൊഴിലാളികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധവുമാണ്. 

എല്ലാ നിയമങ്ങളും ഒരുമിച്ച് പാസാക്കി നടപ്പാക്കിയാലേ തൊഴിൽ നിയമത്തിന്റെ അന്തസ്സത്തയും അടിസ്ഥാന ലക്ഷ്യങ്ങളും സാധൂകരിക്കുകയുള്ളൂ. നിലവിലെ നിയമത്തിന്റെ ശരിയായ വിലയിരുത്തലിനും പകരം നിയമം കൊണ്ടുവരുന്നതിനും ഇതാവശ്യമാണ്. തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നുവോ എന്നും രാജ്യാന്തര തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവോ എന്നും നിയമനിർമാണ സഭകൾക്കും കോടതികൾക്കും പരിശോധിക്കാനും ഇതാവശ്യമാണ്. ഒരു നിയമം മാത്രമായി നടപ്പാക്കുന്നത് മറ്റ് നിയമങ്ങൾക്കും സംസ്ഥാന നിയമങ്ങൾക്കും ദോഷമാകാനുമിടയുണ്ട്. 

ഇന്ത്യൻ ഭരണഘടനയുടെ പൊതുപട്ടികയിൽ പെടുന്നതാണ് തൊഴിൽ നിയമങ്ങൾ. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി അതിൽ മാറ്റം വരുത്തി നടപ്പാക്കുന്നത് ഫെഡറൽ സംവിധാനത്തെ ബലഹീനമാക്കും. സോഷ്യലിസം, സമത്വം, സമഭാവന തുടങ്ങിയ ഭരണഘടനാ തത്വങ്ങൾക്കെതിരാണ് ഈ നീക്കം. മൗലികാവകാശ ലംഘനവും. തൊഴിലാളികളുടെ വേതനം നിശ്ചയിക്കാനുള്ള അവകാശം ഏകപക്ഷീയമായി സർക്കാർ ഏറ്റെടുക്കുന്നത് ത്രികക്ഷി സംവിധാനം, കൂട്ടായ വിലപേശൽ എന്നിവയിലൂടെ വേതനം നിർണയിക്കുന്ന സംവിധാനത്തെ നിഷേധിക്കുന്നതുമാണ്. 

നീതി ലംഘനം 

തൊഴിലാളികൾക്കു വേണ്ടത്ര പ്രാതിനിധ്യമില്ലാത്ത ഉപദേശക സമിതിക്ക് അമിത അധികാരം നൽകരുത്. തൊഴിൽ ദാതാവായ സർക്കാരിന്റെ പ്രതിനിധികളെ തൊഴിലാളി പ്രതിനിധികളായി കാണാനാവില്ല. പത്രസ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള വേജ് ബോർഡ് നിർത്തലാക്കിയതും ക്രൂരമാണ്. തുല്യജോലിക്ക് തുല്യവേതനം നിയമം എടുത്തുകളഞ്ഞെങ്കിലും അതിലെ വ്യവസ്ഥകളൊന്നും പുതിയ വേതന നിയമത്തിൽ പരിഗണിച്ചിട്ടേയില്ല. ലേബർ കോടതികളുടെയും വ്യവസായ ട്രൈബ്യൂണലുകളുടെയും അധികാരപരിധി പരിമിതപ്പെടുത്തി. 

വേതനനിയമം മാത്രമായി നടപ്പാക്കുന്നത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. ഇതുവരെയുള്ള ലേബർ കമ്മിഷനുകളുടെ നിർദേശങ്ങളും തീരുമാനങ്ങളും പരിഗണിക്കാതെയുള്ള നടപടി ആശാസ്യമല്ല. പരിശോധനയൊന്നുമില്ലാതെ തൊഴിലുടമകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ എല്ലാം നിശ്ചയിക്കുന്നത് നീതിയുടെ ലംഘനമാവും. രാജ്യാന്തര തൊഴിൽ സംഘടനയുടെ നിബന്ധനകൾ നമ്മൾ അംഗീകരിച്ചിട്ടുള്ളതാണ്. അവയ്ക്കു വിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കുന്നതും വ്യവഹാരങ്ങൾക്കിടയാക്കും. 

പുതിയ വേതന നിയമം നടപ്പാക്കിയാൽ അടിമ– ഉടമ ബന്ധവും ദൈവദത്ത അവകാശ നിയമവുമെല്ലാം വീണ്ടും വന്നേക്കാം. അസമത്വം നിറഞ്ഞ അസ്വസ്ഥമായ സമൂഹനിർമിതിക്കും ചൂഷണത്തിനും ഇതിടയാക്കും. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുന്ന അവസ്ഥയിലേക്കാണ് ഇതു ചെന്നെത്തുക. 

തൊഴിലാളിയെ മറന്ന പരിഷ്കരണം

നിലവിലെ വ്യവസ്ഥകൾ മാറ്റി കുറഞ്ഞ വേതന നിയമം ഭേദഗതി ചെയ്ത് അവയെ മൂന്നാം അധ്യായമായി നൽകിയിരിക്കുന്നു. കാർഷിക മേഖലയിലെ അസംഘടിത തൊഴിലാളികൾ, വീട്ടുജോലിക്കാർ തുടങ്ങി ദിവസ വേതന കരാർ ജോലിക്കാരുടെ കാര്യത്തിൽ ഇത് എങ്ങനെ ബാധകമാകുമെന്നു പറയുന്നില്ല. 

മാന്യമായ വേതനത്തിനുള്ള അവകാശം പൂർണമായി നിഷേധിക്കുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ തൊഴിലുടമയ്ക്ക് പരമാധികാരം നൽകും വിധമായിരിക്കരുത് തൊഴിൽ നിയമം ഉണ്ടാക്കേണ്ടെതെന്ന തത്വം പാടേ മറന്നിരിക്കുന്നു. തൊഴിലാളികളുടെ ആശ്രിതരായ കുട്ടികളുടെയും പ്രായമായവരുടെയും ആവശ്യങ്ങൾ പരിഗണിച്ചിട്ടേയില്ല.

12 മണിക്കൂർ തുടർച്ചയായ ജോലി ക്രൂരമാണ്. ജോലി സമയം പത്തര മണിക്കൂറിൽ ഏറാൻ പാടില്ല. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത പരിഷ്കരിക്കേണ്ടത്. 

സർക്കാരിനും തൊഴിലുടമയ്ക്കും ഇഷ്ടം പോലെ  വേതനം നിശ്ചയിക്കാൻ അവസരം ലഭിക്കുന്നത് തൊഴിലാളിയുടെ ജീവിതം ദുരിതപൂർണമാക്കും. കുറഞ്ഞ വേതന നിയമം വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും പുതിയ നിയമം കവരുന്നു. ബോണസ് എന്ന അവകാശവും നഷ്ടമാക്കുന്നു. 

(മുൻ എംപിയും സുപ്രീം കോടതി അഭിഭാഷകനും എച്ച്എംഎസ് ദേശീയ സെക്രട്ടറിയുമാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com