ADVERTISEMENT

പൊതുജനാരോഗ്യരംഗത്ത് മികവു തുടരുന്നുണ്ടെങ്കിലും പഠന - ഗവേഷണ മേഖലയിലേക്കു കേരളത്തിന്റെ കണ്ണെത്തുന്നുണ്ടോ?

കേരള മോഡൽ – ആരോഗ്യരംഗത്തു രാജ്യാന്തര തലത്തിൽത്തന്നെ പ്രശസ്തമായ മാതൃക. ഇതു കെട്ടിപ്പടുത്തതോ, ഡോ. സി.ഒ.കരുണാകരനെ പോലെ പൊതുജനാരോഗ്യ മേഖലയിൽ ഊന്നൽ നൽകിയ വിദഗ്ധരും. ഇന്ത്യയിൽ ആദ്യമായി 1953ൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണു കമ്യൂണിറ്റി മെഡിസിൻ വിഭാഗം തുടങ്ങിയത്. എന്നാൽ, ഇപ്പോൾ പൊതുജനാരോഗ്യരംഗത്തു മികവു തുടരുന്നുണ്ടെങ്കിലും പഠന - ഗവേഷണ മേഖലയിലേക്കു കേരളത്തിന്റെ കണ്ണെത്തുന്നുണ്ടോ?

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ, ലോകത്തെ ഏതു വൻ രാജ്യത്തോടും കിടപിടിക്കുന്ന ചികിത്സാസൗകര്യങ്ങൾ നാം സ്വന്തമാക്കി. കാൻസർ, ഹൃദ്രോഗം, മറ്റു രോഗങ്ങൾ തുടങ്ങിയവയ്ക്കു വിദഗ്ധചികിത്സ നൽകുന്ന കേരളത്തിന്, മുപ്പതിലേറെ മെഡിക്കൽ കോളജുകൾ, നൂറോളം നഴ്സിങ് കോളജുകൾ, അൻപതിലേറെ ഫാർമസി കോളജുകൾ, ഒട്ടേറെ മെഡിക്കൽ പഠനകേന്ദ്രങ്ങൾ എന്നിവയും സ്വന്തം. എന്നാൽ, പൊതുജനാരോഗ്യ പഠന, ഗവേഷണ പരിപാടികൾ ഉള്ളതോ, രണ്ടു കേന്ദ്രങ്ങളിൽ മാത്രം – തിരുവനന്തപുരത്തെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലും കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിലും.

കേരളത്തിന്റെ ആരോഗ്യഭാവി സുരക്ഷിതമാക്കാനും ഈ രംഗത്തു രാജ്യാന്തര മികവു നേടാനും പൊതുജനാരോഗ്യ പഠന - ഗവേഷണം ശക്തിപ്പെടുത്തിയേ തീരൂ. അതെ, നമുക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് രാജ്യാന്തര നിലവാരത്തിലുള്ള പൊതുജനാരോഗ്യ പഠന, ഗവേഷണ കേന്ദ്രമാണ്; കേരള സ്കൂൾ ഓഫ് ഗ്ലോബൽ ഹെൽത്ത്.

നിപ്പ വൈറസ്, കൊറോണ വൈറസ് തുടങ്ങി പലതരം വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് നമുക്കു വേണം, പൊതുജനാരോഗ്യ സൈന്യം. ഡോക്ടർമാർ മാത്രമല്ല, വിദേശങ്ങളിലേതുപോലെ ആരോഗ്യരംഗത്തു പരിശീലനം നേടിയ എൻജിനീയർമാരും സോഷ്യോളജിസ്റ്റുകളും ദുരന്തനിവാരണ വിദഗ്ധരും സാമ്പത്തിക ആസൂത്രകരും ഫാർമസിസ്റ്റുകളും മാനവീയ വിഷയങ്ങളിലെ പ്രഗല്ഭരും അഭിഭാഷകരുമെല്ലാം ചേർന്ന സാമൂഹിക ആരോഗ്യക്കോട്ട. ഓർക്കുക, മാതൃ–ശിശു മരണനിരക്കു കുറയുമ്പോഴും പ്രതിരോധ കുത്തിവയ്പുകളിൽ മുന്നേറുമ്പോഴും കേരളം രക്താതിസമ്മർദവും പ്രമേഹവും കൈകാര്യം ചെയ്യാൻ പാടുപെടുകയാണ്. അത്രയും കൂടുതലാണു രോഗികൾ. സൂപ്പർ സ്പെഷ്യൽറ്റികളിലെ കിടക്കകളുടെ എണ്ണം കൂട്ടുന്നതുകൊണ്ട് ഈ നിശ്ശബ്ദ സൂനാമിയെ നേരിടാനാകില്ല. അതിനു പൊതുജനാരോഗ്യരംഗം ഗവേഷണത്തിലൂടെ കരുത്തുനേടുക തന്നെ വേണം.

കേരളത്തിലെ ഓരോ ഭാഗത്തും പലതരം ആരോഗ്യ വെല്ലുവിളികളാണ്; കീടനാശിനികൾ മൂലമുള്ള രോഗം, വായു മലിനീകരണത്തെ തുടർന്നുള്ളവ, അരിവാൾ രോഗം, ഡെങ്കി, ക്ഷയം, ചിക്കുൻഗുനിയ, എലിപ്പനി, പേവിഷബാധ, പാമ്പുവിഷബാധ, മന്ത് എന്നിങ്ങനെ, പകർച്ചവ്യാധിക്കു പുറമേ എത്രയോ അവസ്ഥകളെ നേരിടേണ്ടതുണ്ട്. മുതിർന്ന പൗരന്മാരുടെ ആരോഗ്യപ്രശ്നങ്ങൾ, സമൂഹത്തിൽ വ്യാപിക്കുന്ന മാനസികപ്രശ്നങ്ങൾ എന്നിവയ്ക്കു പുറമേ, നാഡീസംബന്ധമായ രോഗങ്ങൾ, കാൻസർ, ഹൃദ്രോഗം, തൈറോയ്ഡ്, പ്രമേഹം, മറ്റു ജീവിതശൈലീരോഗങ്ങൾ – എവിടെ നോക്കിയാലും രോഗങ്ങളുടെ ഒരു പട തന്നെ.

ഇവയെ കീഴ്പ്പെടുത്താൻ, പ്രതിരോധിക്കാൻ, ആരോഗ്യമുള്ള സമൂഹത്തെ ഉറപ്പാക്കാൻ പൊതുജനാരോഗ്യമേഖല ഉണരണം. പഠനവും ഗവേഷണവും ഊർജിതമാകണം. മികച്ച പരിശോധന, നിലവാരമുള്ള ചികിത്സ എന്നിവ കുറഞ്ഞ ചെലവിൽ തുല്യതയോടെ ഉറപ്പാക്കാനും പദ്ധതി വേണം. ഈ സാഹചര്യങ്ങളിലാണു രാജ്യാന്തര ആരോഗ്യ പഠനകേന്ദ്രത്തിന്റെ പ്രസക്തി. വയനാട്ടിലെ നിർദിഷ്ട മെഡിക്കൽ കോളജിൽ ആഗോള പൊതുജനാരോഗ്യ പഠന കേന്ദ്രം കൂടി വളർത്തിയെടുത്താൽ കേരളം കൈവരിക്കുക വൻ നേട്ടമാകും.

പരമ്പരാഗത കോഴ്സുകൾക്ക് അപ്പുറം, മാറുന്ന കാലത്തെ കടമ്പകളെ മറികടക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളാണ് ഇവിടെ വേണ്ടത്. ഡിജിറ്റൽ നോളജ് ഹബ് എന്ന രീതിയിലുള്ള ഓപ്പൺ സ്കൂൾ വിഭാവന ചെയ്യുകയും നിലവിൽ ജോലി ചെയ്യുന്നവർക്കും പഠിക്കാനാകുന്ന തരത്തിൽ സൗകര്യമുണ്ടാക്കുകയും ചെയ്താൽ വിവിധ മേഖലകളിൽ വിദഗ്ധരെ വാർത്തെടുക്കാം. വ്യത്യസ്ത വിഷയങ്ങളുടെ സംയുക്ത പഠനത്തിനും ഇടമുണ്ടാകണം. ക്ലാസ് മുറിയിൽ അടച്ചിരുന്നു സിദ്ധാന്തങ്ങൾ മനഃപാഠമാക്കുന്നതിനെക്കാൾ പ്രായോഗിക പരിശീലനത്തിലൂന്നിയ, ജീവിതത്തോട് ഇഴചേർന്ന മെഡിക്കൽ പഠനമാകണം ഇവിടെ; ഒപ്പം ഗവേഷണവും.

പ്രാദേശിക, ദേശീയ, രാജ്യാന്തര തലങ്ങളിൽ വിവിധ സർവകലാശാലകളുമായുള്ള സഹകരണം പഠനത്തിന്റെ ആഴം കൂട്ടും.

ഇന്നത്തെ മികവിലൂന്നി നാളേക്കുള്ള നിക്ഷേപമായി കേരളത്തിൽ പിറക്കട്ടെ, ഒരു ഗ്ലോബൽ ഹെൽത്ത് സ്കൂൾ.

(സ്വിറ്റ്സർലൻഡിൽ ലോകാരോഗ്യ സംഘടനയുടെ നോൺ കമ്യൂണിക്കബിൾ ഡിസീസസ് മാനേജ്മെന്റ് വിഭാഗം മേധാവിയാണു ലേഖകൻ)  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com