ADVERTISEMENT

അധികാരത്തിന്റെ ഇടനാഴി എന്നാൽ ജനസാമാന്യത്തിന് സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റാണ്. സ്വർണക്കള്ളക്കടത്തു സംഘം മേഞ്ഞുനടന്നത് ഇതേ ഇടനാഴിയിൽത്തന്നെ. ലൈഫ് മിഷനിലെ കോടികളുടെ ഇടപാടുകൾക്കു രേഖകളുണ്ടെങ്കിൽ അവയുടെ വഴികളും ഇതേ ഇടനാഴിയിലാണു കണ്ടെത്തേണ്ടത്. ഈ ഇടനാഴി മാഹാത്മ്യത്തിലേക്കാണു വലിയൊരു തീപ്പൊരി വന്നുവീണിരിക്കുന്നത്.

നാട്ടിലാകെ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ഈ വിഷയങ്ങളുടെ പേരിൽ സർക്കാരിനെതിരെ വന്ന അവിശ്വാസപ്രമേയത്തിനു തൊട്ടുപിന്നാലെ ഇതേ സെക്രട്ടേറിയറ്റിലെ ഫയലുകൾക്കാണു തീപിടിച്ചത്. സെക്രട്ടേറിയറ്റിലെ ഓഫിസുകളിൽ തീപിടിത്തം ഇതാദ്യമല്ല. മന്ത്രിമാരുടെ ഓഫിസുകളിൽനിന്നുപോലും തീ പടർന്ന ചരിത്രവുമുണ്ട്. എന്നാൽ, ചൊവ്വാഴ്ചത്തെ തീപിടിത്തത്തെ പഴയ തീപിടിത്തങ്ങളിൽനിന്നു വ്യത്യാസപ്പെടുത്തുന്ന രണ്ടു പ്രധാന ഘടകങ്ങളുണ്ട്: സമയവും സ്ഥലവും!

യുഎഇ കോൺസുലേറ്റിലേക്കെത്തിയ നയതന്ത്ര പാഴ്സലുകളെക്കുറിച്ചു നിർണായക വിവരങ്ങൾ തേടി എൻഐഎ കത്തു നൽകിയ ഓഫിസിലാണു തീപിടിത്തമുണ്ടായതെന്നതിനാൽ തീച്ചൂട് കൂടുതലുണ്ട്. യുഎഇ കോൺസുലേറ്റ് തുടങ്ങിയ ശേഷം അവിടേക്കു വരുന്ന നയതന്ത്ര പാഴ്സലുകളെക്കുറിച്ചുള്ള ഫയലുകൾ, ലെഡ്ജർ, പാഴ്സലിലെ വസ്തുക്കൾക്കു നികുതി ഇളവിനു ഹാജരാക്കിയ രേഖകൾ തുടങ്ങിയവയാണ് എൻഐഎ ആവശ്യപ്പെട്ടത്. നയതന്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിന് എൻഐഎ അങ്ങനെ ഒരു കത്തു നൽകുകയും അതനുസരിച്ച് അവിടെനിന്ന് എൻഐഎക്കു രേഖകൾ കൈമാറുകയും ചെയ്യുന്നുവെങ്കിൽ ആ ഓഫിസിനു കനം കൂടുതലുണ്ട്.

സ്വർണക്കള്ളക്കടത്തു സംഘവുമായി ഇൗ ഓഫിസിലെ ചില ജീവനക്കാർ അടുപ്പം പുലർത്തിയിരുന്നെന്ന് ആരോപണമുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ അവരെ അനുകൂലിക്കുന്ന സംഘടനയിൽപെട്ടവരെ കുടിയിരുത്തുന്ന ഇടം കൂടിയാണ് മുഖ്യമന്ത്രിക്കു കീഴിലുള്ള ജിഎഡി (പൊളിറ്റിക്കൽ) വിഭാഗം. തീപിടിത്തം നടന്ന ദിവസം ഓഫിസിലെ ജീവനക്കാർ ക്വാറന്റീനിൽ ആയിരുന്നതിൽ പ്രതിപക്ഷം ദുരൂഹത ആരോപിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെടുമ്പോൾ ഇടിമിന്നലിൽ സിസിടിവി ഉപകരണത്തിന്റെ ഭാഗം കേടാകുന്നതും എൻഐഎ രേഖകൾ ആവശ്യപ്പെടുന്ന ഓഫിസിൽത്തന്നെ തീപിടിത്തം ഉണ്ടാകുന്നതും ജനമനസ്സിൽ ഉയർത്തുന്ന സംശയപ്പുക കുറച്ചൊന്നുമല്ല.

സെക്രട്ടേറിയറ്റിലെ ഫയലുകളെല്ലാം ഇ - ഓഫിസ് സംവിധാനത്തിനു കീഴിലാണെന്നും തീയിൽ നശിക്കില്ലെന്നുമുള്ള ഒഴുക്കൻ മറുപടി കൊണ്ടു സംശയത്തീ കെട്ടുപോകുന്നില്ല. ഇ - ഓഫിസ് സംവിധാനം നടപ്പാക്കിയ ശേഷവും ഒട്ടേറെ ഫയലുകൾ കടലാസുകളിൽത്തന്നെ തുടരുന്നുവെന്നതു യാഥാർഥ്യമാണ്. മുക്കാനും പൊക്കാനും നശിപ്പിക്കാനും വേണ്ടിയുള്ള ഫയലുകൾക്കെല്ലാം മിക്കപ്പോഴും കടലാസു രൂപം തന്നെയാണുണ്ടാവുക എന്നതും ഓർമിക്കേണ്ടതുണ്ട്.

സർക്കാരിന്റെ നയതന്ത്ര ഫയലുകൾ കൈകാര്യം ചെയ്യുന്ന ഓഫിസ്, സ്വർണക്കള്ളക്കടത്തു കേസിന്റെ പശ്ചാത്തലത്തിലെങ്കിലും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനില്ലേ? തീപിടിത്തത്തിനു പിന്നാലെ ചടുലമായ സമരങ്ങളിലേക്കു പ്രതിപക്ഷ കക്ഷികൾ നീങ്ങിയതിൽ ദുരൂഹത ആരോപിക്കുന്ന സർക്കാർ, രേഖകൾ സൂക്ഷിക്കുന്നതിൽ വന്ന ജാഗ്രതക്കുറവു കാണാത്തതാണ് അദ്ഭുതം.

സ്വപ്ന സുരേഷിന്റെ നിയമനത്തിലും ലൈഫ് മിഷൻ ക്രമക്കേടിലും സർക്കാർ പ്രതിക്കൂട്ടിലാണെന്നത് സെക്രട്ടേറിയറ്റിൽ കത്തിയ തീയുടെ വെളിച്ചത്തിൽ കൂടുതൽ തെളിഞ്ഞുകാണാം. അതുകൊണ്ടുതന്നെ തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ നിഷ്പക്ഷത ജനങ്ങളെക്കൂടി ബോധ്യപ്പെടുത്താനുള്ള ധാർമിക ഉത്തരവാദിത്തം സർക്കാരിനുണ്ട്. മാസങ്ങളായി സെക്രട്ടേറിയറ്റിനെ ചൂഴ്ന്നുനിൽക്കുന്ന ആരോപണങ്ങളുടെ പുകപടലം നീക്കാൻ സർക്കാരിനോടു വിധേയത്വമുള്ള അന്വേഷണം പോരാ. കേടായ ഒരു ഫാനിൽ ഒടുങ്ങിപ്പോകരുത് അന്വേഷണം. അങ്ങനെ സംഭവിച്ചാൽ സംശയത്തീ ജനമനസ്സുകളിൽ നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com