ADVERTISEMENT

സർക്കാരിലേക്കു പണം വരുന്നതും സർക്കാർ പണം വിതരണം ചെയ്യുന്നതുമായ ട്രഷറിയാണു ഭരണകൂടത്തിന്റെ ഖജനാവ്. എന്നാൽ, ഇൗ ഖജനാവിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. രണ്ടു കോടിയിലേറെ രൂപയുടെ ട്രഷറി തട്ടിപ്പിനെക്കുറിച്ചറിഞ്ഞു കേരളം ഞെട്ടി. ട്രഷറിയുടെ സോഫ്റ്റ്‌വെയറിലെ പിഴവാണ് ആ തട്ടിപ്പിനു വഴിയൊരുക്കിയതെങ്കിൽ അതേ സോഫ്റ്റ്‌വെയർ തന്നെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനു സൃഷ്ടിക്കുന്ന തടസ്സത്തെക്കുറിച്ചാണ് ഇപ്പോൾ കേൾക്കുന്നത്. സാമ്പത്തികപ്രതിസന്ധി കാരണം നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതു നമുക്കു മനസ്സിലാക്കാം. എന്നാൽ, ട്രഷറിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി രണ്ടരക്കോടി മുടക്കി വാങ്ങിയ കംപ്യൂട്ടർ സെർവർ പൊടിപിടിച്ചിരിക്കുന്നതു സർക്കാരിന്റെ കഴിവുകേടു തന്നെയാണ്.

ഞാൻ ട്രഷറി ഡയറക്ടർ സ്ഥാനത്തിനുനിന്നു 2004ൽ വിരമിക്കുമ്പോൾ മിക്കവാറും എല്ലാ ശാഖകളും കംപ്യൂട്ടർവൽക്കരിച്ചിരുന്നു. കോർ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങൾ പിന്നീടാണു വന്നത്. ധനസെക്രട്ടറിയായിരിക്കെ കെ.എം.ഏബ്രഹാം കൊണ്ടുവന്ന പരിഷ്കാരങ്ങളാണു ട്രഷറിയെ അടിമുടി മാറ്റിയത്. എന്നാൽ, ആ വികസന പ്രവൃത്തികൾ അതേ വേഗത്തിൽ തുടർന്നുപോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്. അതിനു ട്രഷറി വകുപ്പിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഐടി വകുപ്പാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കാൻ ബാധ്യസ്ഥർ. അടിസ്ഥാന സൗകര്യ വികസനത്തിനായി ഐടി വകുപ്പിൽ പ്രത്യേക സ്ഥാപനം ഉണ്ടായിട്ടുപോലും സെർവർ സ്ഥാപിക്കാൻ ഒരിടം കണ്ടെത്താൻ കഴിയാത്തതു സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയുടെ ഉദാഹരണമാണ്.

വേഗം പരിഹരിക്കേണ്ട മറ്റൊന്നാണ് അടിക്കടി നവീകരിക്കാത്തതിനാൽ സോഫ്റ്റ്‌വെയർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ശമ്പള ബില്ലുകൾ തയാറാക്കാനുപയോഗിക്കുന്ന സ്പാർക് സോഫ്റ്റ്‌വെയറിനും ട്രഷറി ഇടപാടുകൾക്കായി ഉപയോഗിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകൾക്കും പൊതുമേഖലാ ബാങ്കുകൾ ഉപയോഗിക്കുന്ന കോർ ബാങ്കിങ് സോഫ്റ്റ്‌വെയറുകളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യക്ഷമത കുറവാണ്. സർക്കാരിന് ഇത്തരം സോഫ്റ്റ്‌വെയറുകൾ തയാറാക്കി നൽകുന്ന നാഷനൽ ഇൻഫർമാറ്റിക് സെന്റർ കൂടുതൽ ഉത്തരവാദിത്തം ഇക്കാര്യത്തിൽ കാട്ടണം. അല്ലെങ്കിൽ അവരുടെ ഭാഗത്തുനിന്നു കാര്യക്ഷമത ഉറപ്പാക്കാനുള്ള നടപടികൾക്കു സർക്കാർ തയാറാകണം.

സർക്കാരിന്റെ എല്ലാ പ്രവൃത്തികൾക്കും കംപ്യൂട്ടറിനെയും ഡേറ്റയെയും നെറ്റ്‌വർക്കിനെയും ആശ്രയിക്കുന്ന ഇക്കാലത്ത് ഇവയുടെ കുറ്റമറ്റ പ്രകടനം ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സർക്കാർ ആഗ്രഹിക്കുന്നതു പോലെ വേഗത്തിൽ ഭരണം നീങ്ങില്ല. ഓണത്തിനു മുൻപ് 3 ദിവസം കൊണ്ടു മുൻകൂർ ശമ്പളം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടും നടപ്പാക്കാൻ കഴിയാത്തതും ഇതുകൊണ്ടാണ്. ഐടി പാർക്കുകളും വമ്പൻ കമ്പനികളുടെ വരവും മാത്രമല്ല ഐടി വികസനം. സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഐടി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും കാര്യക്ഷമമല്ലെങ്കിൽ മറ്റെന്തു വികസനം വന്നിട്ടും കാര്യമില്ല.

(സംസ്ഥാന ട്രഷറി മുൻ ഡയറക്ടറും മുൻ ശമ്പള കമ്മിഷൻ അംഗവുമാണു ലേഖകൻ)

English Summary: Treasury fraud - Fault of the state government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com