ADVERTISEMENT

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതു സിപിഎമ്മിനു കനത്ത തിരിച്ചടി മാത്രമല്ല, രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെയുള്ള കടുത്ത മുന്നറിയിപ്പുകൂടിയാണ്. ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാൻ സർക്കാർ കൊണ്ടുവന്ന അഭിഭാഷകർക്കായി പൊതുഖജനാവിൽനിന്ന് എടുത്തുകൊടുത്തത് 88 ലക്ഷം രൂപയും.

ഒരു കൊലപാതകമുണ്ടായാൽ ഇരയുടെ പക്ഷത്തിനു നീതി ഉറപ്പുനൽകാനുള്ള ഉത്തരവാദിത്തമാണു സർക്കാരിനുള്ളത്. ലോകത്തു നീതിബോധമുള്ള എല്ലാ ഗവൺമെന്റുകളും അതാണു ചെയ്തുപോരുന്നതും. എന്നാൽ, പെരിയ ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിനു തടയിടാനും ഇരകളുടെ കുടുംബത്തിനു നീതി നിഷേധിക്കാനും പൊതുഖജനാവിലെ പണം ചെലവഴിച്ചുള്ള കോടതി വ്യവഹാരമാണു കേരള സർക്കാരിൽനിന്നുണ്ടായത്. സർക്കാരിന്റെ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിന്റെ അന്തസ്സു സംരക്ഷിക്കാനെന്ന പേരുപറഞ്ഞ് സർക്കാർ 88 ലക്ഷം രൂപ ഇതിനായി ചെലവിടുകയായിരുന്നു. അപ്പീൽ ഹർജിയിൽ വാദിക്കാൻ മുൻ സോളിസിറ്റർ ജനറൽ ഉൾപ്പെടെയുള്ള സുപ്രീം കോടതി അഭിഭാഷകരെ അഞ്ചു ദിവസത്തേക്ക് എത്തിച്ചതിനാണു സർക്കാർ ഇത്രയും രൂപ മുടക്കിയത്.

സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുൾപ്പെടെയുള്ളവർ പ്രതികളാകുകയും ജില്ലാ നേതാക്കളിലേക്ക് ആരോപണമെത്തുകയും ചെയ്ത കേസിൽ സർക്കാരിന്റെ വാദവും നിലപാടും അത്ര നിഷ്കളങ്കമാണെന്നു കരുതാനാകില്ല. പ്രതികളെയും ആരോപണവിധേയരെയും സംരക്ഷിക്കാൻ ബോധപൂർവമായ നീക്കം കേസിന്റെ തുടക്കം മുതൽ ഉണ്ടായെന്ന് ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ, വിശേഷിച്ചും.

കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണ് കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് രംഗത്തു വന്നെങ്കിലും ഇടയ്ക്ക് അന്വേഷണ സംഘം അഴിച്ചുപണിതും നടപടിക്രമങ്ങൾ തെറ്റിച്ചുമാണ് കേസ് മുന്നോട്ടുപോയത്. പ്രതികൾക്കു രക്ഷപ്പെടാൻ ഒട്ടേറെ പഴുതുകളിട്ട കുറ്റപത്രമാണ് ഒടുവിൽ സമർപ്പിച്ചതും. ഇതോടെയാണു സിബിഐ അന്വേഷണത്തിനായി കുടുംബം ഹൈക്കോടതിയിലെത്തിയത്. 2019 സെപ്റ്റംബർ 30ന് സിംഗിൾ ബെഞ്ച് കേസ് സിബിഐക്കു വിട്ടു. എന്നാൽ, അന്വേഷണത്തിന്റെ രേഖകൾ കൈമാറാതെ, ഡിവിഷൻ ബെഞ്ചിൽ സർക്കാർ അപ്പീൽ കൊടുക്കുന്നതുവരെയുള്ള സാവകാശം നൽകി ക്രൈംബ്രാഞ്ച് സിബിഐ അന്വേഷണത്തിനു തടയിടുകയായിരുന്നുവെന്നാണ് ആരോപണം. ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കഴിഞ്ഞ ദിവസം ഹൈക്കോടതി എണ്ണിപ്പറയുകയും ചെയ്തു.

ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോർട്ട് സിംഗിൾ ബെഞ്ച് റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന സർക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതാണെന്ന ആരോപണം ശരിയാകാൻ സാധ്യതയുണ്ടെന്നതുൾപ്പെടെ സിംഗിൾ ജഡ്ജി നടത്തിയ ചില പരാമർശങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്.

ആദ്യ കോടതിവിധി വന്ന്, 10 മാസത്തിലേറെ കാത്തിരുന്ന ശേഷമാണു സിബിഐ അന്വേഷണം തുടങ്ങാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ എന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല. പൊതുഖജനാവിൽനിന്നു വീണ്ടും ലക്ഷങ്ങൾ മുടക്കി അത്തരമൊരു നീക്കത്തിനു മുതിർന്നാൽ ജനങ്ങളുടെ മുന്നിൽ വീണ്ടും പ്രതിക്കൂട്ടിലാവുക സർക്കാർ തന്നെയാകും. സർക്കാരിന് എന്തോ ഒളിക്കാനുണ്ടെന്ന സംശയം ബലപ്പെടുകയും ചെയ്യും.

പെരിയ കേസിൽ മാത്രമല്ല, കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി.ഷുഹൈബ് സിപിഎം പ്രവർത്തകരാൽ കൊല്ലപ്പെട്ട കേസിലും ഈ നിലയ്ക്കുള്ള ഇടപെടൽ സർക്കാർ നടത്തിയിരുന്നു. ഒരു കോടിയിലധികം രൂപയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി സർക്കാർ ഇതിനകം ചെലവിട്ടത്. സിപിഎം നേതാക്കൾ പ്രതികളായ കേസ് നടത്തേണ്ടതു സിപിഎമ്മല്ലേ എന്ന ചോദ്യം ഉയരുമ്പോഴാണ് സർക്കാർ തുടർച്ചയായി രക്ഷാകർതൃത്വം ഏറ്റെടുക്കുന്നത്. പാർട്ടിയുടെ പണത്തിനു പകരം ചെലവഴിക്കുന്നതു ജനങ്ങളുടെ നികുതിപ്പണവും.

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയമെന്തിനെന്നാണ് എപ്പോഴും മുഖ്യമന്ത്രിയുടെ ചോദ്യം. പെരിയ കേസിലും ഷുഹൈബ് കേസിലും മടിയിൽ കനമില്ലെന്ന് ഉറപ്പുണ്ടെങ്കിൽ, സർക്കാർ എന്തിനാണു പൊതുഖജനാവിന്റെ മടിശ്ശീലയഴിക്കുന്നത്?

English Summary: Periya murder case - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com