ADVERTISEMENT

കോവിഡ് പിടിയിലാണ്  മഹാരാഷ്ട്ര. ആരോഗ്യരംഗം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയും വ്യവസായ വളർച്ചയുമെല്ലാം  രോഗക്കിടക്കയിൽ.  അതിനിടയിൽ സുശാന്ത് കേസ് പോലെയുള്ള വിവാദങ്ങളും രാഷ്ട്രീയ വടംവലിയും. എല്ലാം കൊണ്ടും സംഭവബഹുലം..

ധാരാവിയിൽ ‘ജയിച്ച് ’ ഉദ്ധവ്;  ഇനി ജയിക്കേണ്ടത്  തനിനായകനായി

താക്കറെ കുടുംബത്തിലെ ഏറ്റവും ശാന്തനും സൗമ്യനുമാണ് ഉദ്ധവ് താക്കറെ. പ്രശസ്തമായ ജെജെ സ്കൂൾ ഓഫ് ആർട്സിൽ കലാപഠനം. ഫൊട്ടോഗ്രഫിയിൽ കമ്പം. വന്യജീവി ഫൊട്ടോഗ്രഫി ഏറെ ഇഷ്ടം. ഹെലികോപ്റ്ററിൽ കറങ്ങി മുംബൈയുടെ ആകാശദൃശ്യങ്ങൾ പകർത്തിയിരുന്ന കാലവുമുണ്ട്. എന്നാൽ, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിക്കസേരയിലെത്തിയതോടെ ക്യാമറയ്ക്കു മുന്നിലായി ജീവിതം. 

ശിവസേനയെ നയിച്ചുള്ള പരിചയമല്ലാതെ, എംഎൽഎ പോലും ആയിട്ടില്ലാത്ത ഉദ്ധവ് മുഖ്യമന്ത്രിയായാൽ എന്തു ചെയ്യുമെന്നതായിരുന്നു തുടക്കത്തിൽ രാഷ്ട്രീയ ഇടനാഴികളിലെ ചോദ്യം. പോരാത്തതിന്, എതിരാളികളായിരുന്ന എൻസിപിയെയും കോൺഗ്രസിനെയും കൂട്ടുപിടിച്ചുള്ള സർക്കാർ കൂടിയാകുമ്പോൾ തമ്മിൽത്തല്ലി നിലംപതിക്കുമെന്നായിരുന്നു ബിജെപി ക്യാംപിന്റെ കണക്കുകൂട്ടൽ. എന്നാൽ, രാഷ്ട്രീയ നീക്കങ്ങളെല്ലാം കോവിഡിൽ തട്ടിനിന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതമായ സംസ്ഥാനത്തിന്റെ അമരക്കാരൻ; മറ്റൊരു മഹാരാഷ്ട്ര മുഖ്യമന്ത്രിയും അഭിമുഖീകരിക്കാത്ത കടുത്ത വെല്ലുവിളിയാണ് ഉദ്ധവ് നേരിടുന്നത്. 

തുടക്കത്തിലെ പതർച്ചയിൽനിന്ന് ഇരുത്തംവന്ന നേതാവിലേക്കുള്ള രൂപാന്തരത്തിലേക്ക് കോവിഡ് എന്ന പരീക്ഷണം ഉദ്ധവിനെ എത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആശങ്കയുടെ കടലായിരുന്ന ധാരാവി ചേരിയെ കോവിഡ് മുക്തമാക്കി ലോകത്തിനു മുന്നിൽ ധാരാവി മോഡൽ അവതരിപ്പിച്ചെന്നതു നേട്ടം. 

ഹിന്ദുത്വ അജൻഡയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ആവർത്തിക്കുമ്പോഴും മഹാ വികാസ് അഘാഡിയെന്ന മുച്ചക്രവണ്ടിയെ വലിയ അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ടു നയിക്കുന്നുമുണ്ട്. സഖ്യകക്ഷികളായ കോൺഗ്രസിനെയും എൻസിപിയെയും മനസ്സിൽ കണ്ടായിരിക്കണം, രാമക്ഷേത്ര ഭൂമിപൂജയിൽനിന്ന് അദ്ദേഹം വിട്ടുനിന്നതും. 

എൻസിപി അധ്യക്ഷൻ ശരദ് പവാറിനെയും ഉദ്യോഗസ്ഥ വൃന്ദത്തെയും ആശ്രയിച്ചാണ് ഉദ്ധവ് പിടിച്ചുനിൽക്കുന്നത് എന്നതാണ് നേരിടുന്ന വിമർശനം. സാഹചര്യം മുതലെടുത്തു വേരുപടർത്താൻ എൻസിപി നടത്തുന്ന ശ്രമങ്ങൾ സഖ്യത്തിലെ പൊട്ടിത്തെറിക്കു വഴിയൊരുക്കിക്കൂടെന്നില്ല. എൻസിപിയുമായുള്ള പ്രാദേശിക ഭിന്നതയെത്തുടർന്ന് ശിവസേന എംപി സഞ്ജയ് ജാധവ് രാജി ഭീഷണി മുഴക്കിയത് വരാനിരിക്കുന്ന വെടിക്കെട്ടിന്റെ സാംപിളായും കരുതാം.

പാർഥ്– പവാർ പവർ ഗെയിം

പവാർ പരിവാറിൽ (കുടുംബം) കാര്യങ്ങൾ അത്ര നല്ല നിലയ്ക്കല്ല നീങ്ങുന്നത്. എടുത്തുചാട്ടക്കാരനും തന്നിഷ്ടക്കാരനുമായ സഹോദരപുത്രൻ അജിത് പവാറാണ്, ഇതുവരെ എൻസിപി അധ്യക്ഷൻ ശരദ് പവാറിനു തലവേദന ഉണ്ടാക്കിയിരുന്നതെങ്കിൽ അജിത്തിന്റെ മകൻ പാർഥ് പവാറാണ് (30) പുതിയ പ്രശ്നക്കാരൻ. സുശാന്ത് കേസിൽ മഹാരാഷ്ട്ര സർക്കാരും ആഭ്യന്തരവകുപ്പു ഭരിക്കുന്ന എൻസിപിയും സിബിഐ അന്വേഷണത്തെ എതിർത്തപ്പോൾ സിബിഐ അന്വേഷണമെന്ന ബിജെപിയുടെ ആവശ്യം പരസ്യമായി ആവർത്തിച്ചു, പാർഥ്. 

parth-pawar
പാർഥ് പവാർ

ഒടുവിൽ, ശരദ് പവാർ, പാർഥിനെതിരെ പരസ്യമായി രംഗത്തെത്തി. 5 പതിറ്റാണ്ടു പിന്നിട്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണു തന്റെ കുടുംബത്തിലെ ഒരംഗത്തെ അദ്ദേഹം തള്ളിപ്പറയുന്നത്. 

രാഷ്ട്രീയ വളർച്ചയ്ക്കു ശരദ് പവാറിൽനിന്നു വേണ്ട പിന്തുണ കിട്ടുന്നില്ലെന്നാണു പാർഥിന്റെ തോന്നൽ; മറ്റൊരു സഹോദരന്റെ കൊച്ചുമകനായ രോഹിതിനോടാണ് ശരദ് പവാറിനു താൽപര്യമെന്നും സംശയിക്കുന്നു. 

പ്രശ്നപരിഹാരത്തിനായി അജിത് പവാറും സഹോദരനും വിളിച്ചുചേർത്ത കുടുംബയോഗത്തിൽ ശരദ് പവാറും മകൾ സുപ്രിയ സുളെ എംപിയും പങ്കെടുത്തില്ല. അജിത് പവാറിനു മകന്റെ വികാരം കണ്ടില്ലെന്നു നടിക്കാനാകില്ല. ശരദ് പവാറാകട്ടെ, തനിക്കു വഴങ്ങാതെ പാർഥിനെ അംഗീകരിക്കാനുമിടയില്ല. അതിനാൽ, അകൽച്ച തുടരാൻ തന്നെയാണു സാധ്യത. 

സുശാന്തിന്റെ മരണവും  മഹാരാഷ്ട്ര– ബിഹാർ രാഷ്ട്രീയപ്പോരും 

മരണംകൊണ്ടും അതു സൃഷ്ടിച്ച വിവാദങ്ങൾകൊണ്ടും നടൻ സുശാന്ത് സിങ് രാജ്പുത് തലക്കെട്ടുകളിൽ നിറയുന്നു. ബിഹാർ സ്വദേശിയായ യുവനടന്റെ ആത്‍മഹത്യ, അതിനെ ചുറ്റിപ്പറ്റിയുള്ള ഉൗഹാപോഹങ്ങളും ആരോപണങ്ങളും... ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമായിട്ടില്ലെന്നു മാത്രമല്ല, കേസ് കൂടുതൽ സങ്കീർണതകളിലേക്കു നീങ്ങുകയുമാണ്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജൻസികൾക്കു പിന്നാലെ, സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിക്കു ലഹരികടത്തുമായി ബന്ധമുണ്ടെന്ന സംശയങ്ങൾ ഉടലെടുത്തിരിക്കെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണത്തിൽ അണിചേർന്നിരിക്കുന്നു. 

ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സുശാന്ത് കേസ് ബിജെപി പിടിവള്ളിയാക്കിയപ്പോൾ അന്വേഷണത്തിലെ മെല്ലെപ്പോക്ക് മഹാരാഷ്ട്ര സർക്കാരിനുണ്ടാക്കിയ പേരുദോഷം ചെറുതല്ല. ബിഹാറിൽ നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മുംൈബയിൽ ക്വാറന്റീനിലാക്കിയതും രേഖകൾ കൈമാറാതെ നിസ്സഹകരിച്ചതുമെല്ലാം സർക്കാരിനെ സംശയത്തിന്റെ നിഴലിലാക്കി. ദേശീയതലത്തിൽ വിവാദമായ കേസിൽ 60 ദിവസം പിന്നിട്ടിട്ടും എന്താണു സത്യമെന്നു ജനങ്ങളെ അറിയിക്കാനും മഹാരാഷ്ട്ര പൊലീസിനായില്ല. 

ഇതിനിടെ, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയെ സംശയത്തിന്റെ നിഴലിലാക്കി ബിജെപിയിലെ ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി. 24 മണിക്കൂറും ഉണർന്നിരിക്കുന്ന മുംബൈ, പ്ലാസ്റ്റിക് നിരോധനം, പരിസ്ഥിതിസംരക്ഷണം തുടങ്ങി സംസ്ഥാന സർക്കാരിന്റെ പല തീരുമാനങ്ങളിലും ആദിത്യയുടെ പങ്കു ചെറുതല്ല. യുവാക്കൾക്കിടയിൽ താക്കറെ കുടുംബത്തിലെ മൂന്നാം തലമുറക്കാരനു സ്വീകാര്യത ലഭിക്കുന്നതിനാലാവണം, ആദിത്യയെ മുളയിലേ നുള്ളാൻ എതിരാളികൾ ആഗ്രഹിക്കുന്നത്. 

INDIA-ENTERTAINMENT-CINEMA-BOLLYWOOD
സുശാന്ത് സിങ്

സമ്പദ്‌വ്യവസ്ഥയെ തിരികെപ്പിടിക്കാൻ

കോവിഡ് ഭീതിയും സുശാന്ത് കേസും രാഷ്ട്രീയത്തിലെ ചില്ലറ പൊട്ടിത്തെറികളുമെല്ലാം ഒരുവശത്തു നടക്കുമ്പോൾ,  രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ എങ്ങനെയും കൈപിടിച്ചുയർത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. സംസ്ഥാനത്തു കോവിഡ് കേസുകളുടെ പ്രതിദിന ശരാശരി 10,000നു മുകളിൽ തുടരുമ്പോഴും കോവിഡിനൊപ്പം ജീവിതം എന്നതാണു സർക്കാർ നയം. ഷോപ്പിങ് മാളുകളും കച്ചവടകേന്ദ്രങ്ങളും തുറന്നു. ജില്ലകൾക്കിടയിൽ ബസ് സർവീസ് പുനരാരംഭിച്ചു.

50 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള പുതിയ വ്യവസായങ്ങൾക്കു 48 മണിക്കൂറിനകം ലൈസൻസ് നൽകുമെന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. സ്വന്തം നാടുകളിലേക്കു പോയ അതിഥിത്തൊഴിലാളികളുടെ തിരിച്ചുവരവു പ്രോത്സാഹിപ്പിക്കുന്ന സർക്കാർ, തദ്ദേശീയർക്കായി ജോബ് പോർട്ടലും ആരംഭിച്ചു.

റജിസ്റ്റർ ചെയ്യുന്നവരിൽനിന്നു തൊഴിലാളികളെ കണ്ടെത്താൻ വ്യവസായികളെ സഹായിക്കുകയാണു ലക്ഷ്യം. റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവിനായി സ്റ്റാംപ് ഡ്യൂട്ടി 5ൽ നിന്നു 2 ശതമാനമായി കുറച്ചു. മുംബൈ നഗരത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന ലോക്കൽ ട്രെയിനുകൾ പുനരാരംഭിക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നുയരുന്നുണ്ട്. അതിജീവനത്തിന്റെ ചൂളംവിളികൾക്കാണ് ഏവരും കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com