ADVERTISEMENT

ഹരീഷ് ശിവരാമകൃഷ്ണൻ ∙ ഈ രോഗകാലം ഞാനുൾപ്പെടെ പലരുടെയും കണ്ണുതുറപ്പിച്ചു എന്നതാണു സത്യം. നമ്മൾ നമുക്കായി പടുത്തുവച്ച ഒരു ഈഗോയുടെ കൊട്ടാരം കൺമുന്നിൽ തകർന്നുവീഴുകയാണ്. ഈ ലോക്ഡൗൺ കഴിയുമ്പോൾ പാട്ടുകൾ കേൾക്കാൻ ആസ്വാദകവൃന്ദം ഉണ്ടാവുമോ എന്ന ഭയം, മുൻപു ലഭിച്ചിരുന്ന വേദികൾ ഇനിയും ലഭിക്കുമോ എന്ന ഭയം... ഇവയെല്ലാം ചേർന്ന മാനസികാവസ്ഥ എന്നെ കൊടിയ വിഷാദത്തിന്റെ വക്കിലെത്തിച്ചു എന്നു പറയേണ്ടിയിരിക്കുന്നു.

ജലജ ∙ മിക്ക സിനിമകളിലും കഷ്ടപ്പെട്ടു കരഞ്ഞുകരഞ്ഞു നേടിയെടുത്തതാണ് ദുഃഖപുത്രി ഇമേജ്. ഈ ഇമേജ് കൊണ്ടു ചില  ഗുണങ്ങളുമുണ്ടായിട്ടുണ്ട്. ‘യവനിക’യുടെ ക്ലൈമാക്സിൽ എന്റെ കഥാപാത്രമാണു  തബലിസ്റ്റ് അയ്യപ്പനെ കൊന്നതെന്ന് അറിയുമ്പോൾ എല്ലാവരും ശരിക്കും ഞെട്ടി. ഇമേജിന്റെ ഗുണം ആ സസ്പെൻസ്  കൃത്യമായി പ്രേക്ഷകരിൽ എത്തുന്നതിനു സഹായിച്ചു.

∙ ടി.പത്മനാഭൻ: മിത്രങ്ങളെക്കാൾ ശത്രുക്കളാണു കൂടുതൽ. പ്രശസ്ത നിരൂപകൻ എം. തോമസ് മാത്യു പറഞ്ഞതാണ് ഓർമ വരുന്നത്. ഒരുദിവസം ഒരു ശത്രുവിനെ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പത്മനാഭന് ഉറക്കം വരില്ലെന്ന്. എനിക്കു തോന്നിയതു ഞാൻ വിളിച്ചു പറയും. അതു ചിലപ്പോൾ അവർ ഉദ്ദേശിച്ച പോലെ വരില്ല. അത് എഴുത്തുകാരനായാലും അല്ലെങ്കിലും.

∙ ജസ്റ്റിസ് കെ.ടി.തോമസ്: സുപ്രീം കോടതിയിൽനിന്നു വിരമിച്ച് ഒരു മൂന്നു കൊല്ലമെങ്കിലും കഴിയാതെ ഒരു സ്ഥാനമാനവും സ്വീകരിക്കരുതെന്ന പക്ഷക്കാരനാണു ഞാൻ. വിരമിച്ചയുടനെ തന്നെ എന്നെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി രാഷ്ട്രപതി നിയമിച്ചിരുന്നു. പക്ഷേ, ഞാൻ ആ പദവി സ്വീകരിച്ചില്ല. വാസ്തവത്തിൽ എനിക്കന്നു ലേശം സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അന്നു പെൻഷനൊക്കെ കുറവായിരുന്നു. എന്നിട്ടും ഞാൻ ആ പദവി വേണ്ടെന്നുവച്ചു.

∙ നെടുമുടി വേണു: വൃദ്ധവേഷങ്ങൾ ഏറെ കെട്ടിയാടേണ്ടിവന്ന നടനാണു ഞാൻ. എന്റെ ആദ്യ വൃദ്ധവേഷം പത്മരാജൻ സമ്മാനിച്ചതാണ്; 39 വർഷം മുൻപ് ‘ഒരിടത്തൊരു ഫയൽവാനി’ൽ അഭിനയിക്കുമ്പോൾ. എനിക്കന്നു 33 വയസ്സാണ്. അതിനും ആറേഴു വർഷം മുൻപ് പത്മരാജന്റെ മനസ്സിൽ ഒരു ഉറപ്പിക്കൽ നടന്നിരിക്കണം!

∙ സി.പി.നായർ: 1996ൽ നാ യനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ചീഫ് സെക്രട്ടറിയായിരുന്ന ഞാനും അന്നത്തെ ഫിനാൻസ് സെക്രട്ടറിയായിരുന്ന വിനോദ് റായിയും ചേർന്ന് സെക്രട്ടേറിയറ്റ് കംപ്യൂട്ടർവൽക്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. നായനാർ അതിനുവേണ്ട എല്ലാവിധ പിന്തുണയും നൽകി. സെക്രട്ടേറിയറ്റിലെ ജീവനക്കാരെ മൂന്നിലൊന്നായി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ജീവനക്കാരെ മൂന്നിലൊന്നായി കുറയ്ക്കാൻ ശ്രമിച്ചിടത്ത് ഇപ്പോൾ ആവശ്യമുള്ളതിന്റെ മൂന്നിരട്ടി ജീവനക്കാർ സെക്രട്ടേറിയറ്റിലുണ്ട്.

∙ എം.എൻ.കാരശ്ശേരി: ഇന്ത്യയിൽ മതസമുദായങ്ങൾ തമ്മിൽ ഐക്യം കൊണ്ടുവരുന്നതിൽ വലിയ പങ്ക് സംഗീതകാരന്മാർക്കുണ്ട്. സംഗീതം പോലെ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മായ്ച്ചു കളയുന്ന മറ്റൊരു കലാരൂപവുമില്ല

∙ എതിരൻ കതിരവൻ: യുദ്ധം വരാൻ സാധ്യതയുണ്ടെന്നു കണ്ട് ആയുധങ്ങൾ വൻ ചെലവിൽ വാങ്ങിച്ചു കൂട്ടുന്നവരാണ് നമ്മുടെയെല്ലാം ഭരണാധികാരികൾ. വരാത്ത യുദ്ധത്തിനു വേണ്ടി ദുഷ്ച്ചെലവു നടത്തുന്നവർ. എന്നാൽ, ഒരു മഹാമാരി വരാൻ സാധ്യതയുണ്ടെന്നു കരുതി ഒരു തയാറെടുപ്പും നടത്താത്തതെന്തേ ഭരണാധികാരികൾ? എബോളയും നിപ്പയും സാർസും മെർസും പടർന്നുകയറിയത് ഇങ്ങനെ ഒരു സദ്ചിന്തയിലേക്ക് എന്തേ വഴിതെളിച്ചില്ല?

∙ മനോജ് കുറൂർ: രണ്ടു വർഷം മുൻപു നടന്ന ഒരു പരിപാടിയിൽ നിന്നുള്ള ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തു വീണ്ടും അവതരിപ്പിച്ച് അത് ഇപ്പോൾ മാത്രം ചർച്ച ചെയ്യുന്ന തമാശ അവിടെ നിൽക്കട്ടെ. അദ്ദേഹത്തോടു (ബാലചന്ദ്രൻ ചുള്ളിക്കാട്) ചോദ്യങ്ങൾ ചോദിക്കുന്നുവെങ്കിൽ അവയ്ക്കുള്ള മറുപടി എങ്ങനെയാണെങ്കിലും ഉൾക്കൊള്ളാൻ തയാറാകണം എന്നു പറഞ്ഞാൽ സമ്മതമാവില്ലെങ്കിൽ, അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാനുള്ള വിവേകം കാണിക്കുകയെങ്കിലും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com