ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ പബ്ലിക് സർവീസ് കമ്മിഷൻ ഒരു പകപോക്കൽ സംവിധാനമല്ല; അങ്ങനെയാകാനും പാടില്ല. അർഹതയ്ക്കനുസരിച്ചു തൊഴിൽ എന്നത് ഉദ്യോഗാർഥിയുടെ ന്യായമായ അവകാശമാണെന്ന തിരിച്ചറിവോടെ പ്രവർത്തിക്കേണ്ട ഭരണഘടനാ സംവിധാനമാണത്. ഉദ്യോഗാർഥികളുടെ ഈ അവകാശം കവർന്നെടുക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്നു ധരിച്ച്, പിഎസ്‌സി വിലക്കുകൾ ഏർപ്പെടുത്തുമ്പോൾ അതു മനുഷ്യാവകാശ ലംഘനവും ഭരണഘടനാ ലംഘനവുമായി മാറുന്നു. ഉദ്യോഗാർഥികളെ വിലക്കി പിഎസ്‌സി പകപോക്കൽ നടത്തുന്നുവെന്നാരോപിച്ച്, വ്യാപകമായി പ്രതിഷേധം ഉയരുകയാണിപ്പോൾ.

പിഎസ്‌സിക്കെതിരെ ‘ഗുരുതര സ്വഭാവമുള്ളതും തെറ്റായതുമായ ആരോപണങ്ങൾ ഉന്നയിക്കുകയും അതു പത്രമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു എന്ന കാരണത്താൽ’ രണ്ട് ഉദ്യോഗാർഥികൾക്കു കഴിഞ്ഞ വർഷം ഓഗസ്റ്റ് 20 മുതൽ മൂന്നു വർഷത്തേക്കു വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കേർപ്പെടുത്തുന്ന ഉത്തരവ് ഈ ഓഗസ്റ്റ് 24നാണു പുറത്തുവന്നത്. ഇവർക്കു വിലക്കു കൽപിച്ചതും പിഎസ്‌സിയെ വിമർശിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടികളിലേക്കു നീങ്ങുന്നതും ഉദ്യോഗാർഥികളുടെ രൂക്ഷവിമർശനത്തിനു കാരണമായിട്ടുണ്ട്. പിഎസ്‌സിയെക്കുറിച്ച് ഉദ്യോഗാർഥികൾ പരാതി ഉയർത്തുന്നത് ആദ്യമല്ല. അതുകൊണ്ടുതന്നെ, ഇങ്ങനെ തിരഞ്ഞുപിടിച്ചു വിലക്ക് ഏർപ്പെടുത്താൻ ഒരു ജനാധിപത്യ സംവിധാനത്തിൽ ഇവർക്കാരാണ് അധികാരം നൽകിയത് ?

പൗരന്മാർക്ക് അഭിപ്രായ സ്വാതന്ത്ര്യവും പരാതികൾ ബോധിപ്പിക്കാനുള്ള അവകാശവും ഭരണഘടന നൽകുന്നുണ്ട്. പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചതിന്റെ പേരിൽ ഉദ്യോഗാർഥികളെ വിലക്കുന്നതു ജനാധിപത്യ അവകാശങ്ങളുടെ കടുത്ത ലംഘനമാണെന്നും അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നതു തെറ്റായ സന്ദേശമാണു സമൂഹത്തിനും ഉദ്യോഗാർഥികൾക്കും നൽകുകയെന്നുമുള്ള അഭിപ്രായം ഉയർന്നിട്ടുണ്ട്. പിഎസ്‌സിക്കു പരാതിയുണ്ടെങ്കിൽ അപകീർത്തിക്കേസ് അടക്കമുള്ള നടപടികളിലേക്കു നീങ്ങാമെന്നിരിക്കെ, ഉദ്യോഗാർഥികളെ വിലക്കുന്നത് അപലപനീയംതന്നെ. ജനാധിപത്യബോധമുണ്ടെന്നു കരുതുന്ന രാഷ്ട്രീയപ്രവർത്തകർ കൂടി ഉൾപ്പെടുന്ന പിഎസ്‌സിയിൽനിന്നാണ് ഈ പ്രതികാര നടപടിയുണ്ടായതെന്നത് അത്യധികം ഗൗരവമുള്ള കാര്യമാണ്.

യോഗ്യരായ ഉദ്യോഗാർഥികളെ സർക്കാർസേവനത്തിനു കണ്ടെത്തുക എന്ന മുഖ്യചുമതല ഈ സ്ഥാപനം കൃത്യമായി നിർവഹിക്കുന്നില്ലെന്ന പരാതി പല ഭരണകാലത്തും കേട്ടുപോരുന്നതാണ്. ഉത്തരവാദിത്തത്തോടു നീതി പുലർത്തുന്ന സ്‌ഥാപനമായിരിക്കണം പിഎസ്‌സി എന്നേ തൊഴിലന്വേഷകർ ആഗ്രഹിക്കുന്നുള്ളൂ. അത് ഉദ്യോഗാർഥികളുടെ ന്യായമായ അവകാശവുമാണ്.

പിഎസ്‌സിക്കെതിരെ കുപ്രചാരണം നടത്തുകയും പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള നിയമം പുതിയതല്ലെന്നാണ് പിഎസ്‌സി അധികൃതർ പറയുന്നത്. ജനാധിപത്യപരമായി അഭിപ്രായം പറയുകയും റാങ്ക് പട്ടിക നീട്ടണമെന്ന് ആവശ്യപ്പെടുകയും മറ്റും ചെയ്യുന്ന ഉദ്യോഗാർഥികൾക്കെതിരെ ഒരു കാരണവശാലും നടപടി എടുക്കില്ലെന്നു പറയുന്ന പിഎസ്‌സി, ബോധപൂർവം സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തുകയും പിഎസ്‌സിക്കു സമാന്തരമായി പ്രവർത്തിക്കുകയും ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും പറയുന്നുണ്ട്.

പൊള്ള വിശദീകരണങ്ങളും അധികാര ഗർവുമല്ല, ഉദ്യോഗാർഥികൾ ഉന്നയിക്കുന്ന പരാതികളിൽ കഴമ്പുണ്ടോ എന്നു പരിശോധിച്ച്, പരിഹരിക്കാനുള്ള മുൻനോട്ടവും നടപടികളും സത്യസന്ധമായ ആത്മപരിശോധനയുമാണ് പിഎസ്‌സിയിൽനിന്നു കേരളം അടിയന്തരമായി പ്രതീക്ഷിക്കുന്നത്. സൃഷ്ടിപരമായ വിമർശനം ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുകയും കുപ്രചാരണം നടത്തിയെന്നാരോപിച്ച് ഉദ്യോഗാർഥികൾക്കു വിലക്കേർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുകയും വേണം.

മലയാളത്തിലെ ആദ്യ നിശ്ശബ്ദ സിനിമയായ ‘വിഗതകുമാരൻ’ ചിത്രീകരിച്ചതു തിരുവനന്തപുരത്തു പട്ടം തുളസിക്കുന്നിലുള്ള സ്‌റ്റുഡിയോയിലായിരുന്നു. അവിടെയാണിന്ന് കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ആസ്ഥാനം. ഒരിക്കൽ ചരിത്രപരമായ സന്ദർഭത്തിനു സാക്ഷ്യം വഹിച്ച തുളസിക്കുന്ന് പിഎസ്‌സിയിലൂടെ ചരിത്രപരമായ അപരാധങ്ങൾക്കു കൂടി വേദിയായിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com