ADVERTISEMENT

ലോകമെങ്ങുമുള്ള മലയാളികൾ രോഗകാലത്തിന്റെ ആകുലതയ്ക്കിടയിലും ഇന്നു തിരുവോണം ആഘോഷിക്കുകയാണ്. ഏറെപ്പേർക്കു തൊഴിലും വരുമാനവും നഷ്ടപ്പെട്ട ഈ കാലത്ത്, ഓണം ഓർമിപ്പിക്കുന്ന പ്രത്യാശയുടെയും അതിജീവനത്തിന്റെയും മഹനീയ സന്ദേശത്തിൽ നമുക്കുവേണ്ട ആത്മവിശ്വാസത്തിന്റെ നവോർജമുണ്ട്.

പക്ഷേ, ഇതേ ഓണനാളിൽത്തന്നെ സങ്കടത്തിലേക്കും നിരാശയിലേക്കും ആശങ്കയിലേക്കും പ്രവേശിക്കുന്ന കുറെപ്പേർകൂടി നമുക്കൊപ്പമുണ്ട്. കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) ചികിത്സാസഹായ പദ്ധതിക്ക് ഇന്നു മരണമണി മുഴങ്ങുന്നതും വായ്പകൾക്കുള്ള മൊറട്ടോറിയം ഇന്നവസാനിക്കുന്നതും എത്രയോ കുടുംബങ്ങളിൽ ഓണാഘോഷത്തിനു മങ്ങലേൽപിക്കുകയാണ്.

നിരാലംബ രോഗികൾക്കു വലിയൊരു കൈത്താങ്ങായി, ചുവപ്പുനാടകളില്ലാതെ ആശുപത്രികൾക്കു തുക അനുവദിക്കുന്ന കാരുണ്യ പദ്ധതി ഇന്ന് അവസാനിപ്പിക്കാനും ഗുണഭോക്താക്കളെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്കു കീഴിലുള്ള കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിലേക്ക് (കാസ്പ്) മാറ്റാനുമാണു സർക്കാർ ഉത്തരവ്. ഡയാലിസിസിനു വിധേയരാകുന്ന വൃക്കരോഗികൾക്ക് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ വഴിയുള്ള സൗജന്യ മരുന്ന്, സാന്ത്വന പരിചരണത്തിനുള്ള ധനസഹായം, അവയവദാതാവിനു നൽകിയിരുന്ന ഒരു ലക്ഷം രൂപയുടെ സഹായം, അടിയന്തര ഘട്ടങ്ങളിൽ രോഗിതന്നെ ചെലവഴിക്കുന്ന പണം പിന്നീടു തിരികെ നൽകുന്ന രീതി എന്നീ നിർണായക ആനുകൂല്യങ്ങൾ നിർത്തലാക്കിക്കൊണ്ടാണ് കാരുണ്യ പദ്ധതി കാസ്പിലേക്കു മാറ്റാൻ ഉത്തരവായിട്ടുള്ളത്.

കാരുണ്യ ചികിത്സാപദ്ധതി തടസ്സമില്ലാതെ തുടരുമെന്നു ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവർ ആവർത്തിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ആശങ്കകൾ ഏറെയാണ്. വൃക്കരോഗികളെ പ്രത്യേക വിഭാഗത്തിൽപെടുത്തി ഒരു ലക്ഷം രൂപ അധികമായി അനുവദിക്കാമെന്നും ഹീമോഫീലിയ രോഗികൾക്കു പരിധിയില്ലാതെ ആനുകൂല്യം നൽകാമെന്നും ഹെൽത്ത് ഏജൻസിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നത് ആശ്വാസകരമാണെങ്കിലും അവയവദാതാക്കളും സാന്ത്വനപരിചരണം വേണ്ടവരുമൊക്കെ വലിയ ആശങ്കയിൽ തന്നെയാണ്.

കേന്ദ്ര പദ്ധതികൾ കൂടി ചേർത്ത്, ചികിത്സാ ആനുകൂല്യങ്ങൾ സംയോജിപ്പിക്കുമ്പോൾ ഇത്രയും നാൾ ആനുകൂല്യങ്ങൾ പറ്റിയിരുന്ന മുപ്പതിനായിരത്തിലേറെപ്പേരാണു വിഷമത്തിലാവുന്നത്. കെബിഎഫിൽ റജിസ്റ്റർ ചെയ്തു ചികിത്സ നേടിയിരുന്ന 28,613 വൃക്കരോഗികൾക്കാവും ഏറ്റവും കടുത്ത തിരിച്ചടി. ഇവരിൽ 80% പേരെങ്കിലും ഇപ്പോഴും ചികിത്സാ ആനുകൂല്യങ്ങൾ ആവശ്യമുള്ളവരാണ്; ഡയാലിസിസും മരുന്നുകളുമായി ശരാശരി 30,000 രൂപയെങ്കിലും മാസം തോറും ചെലവഴിക്കേണ്ടി വരുന്നവർ. ആശുപത്രികളിൽ ചികിത്സ തുടരുമ്പോഴും ഇവർക്കാവശ്യമുള്ള മരുന്നുകൾ സൗജന്യമായി ലഭിക്കുമായിരുന്നു. കെബിഎഫ്, കാസ്പിൽ ലയിപ്പിക്കുമ്പോൾ ഈ മുഖ്യ ആനുകൂല്യം ഇല്ലാതാകുമോ എന്ന ആശങ്ക അത്യധികം ഗൗരവമുള്ളതാണ്. ഒരു ആനുകൂല്യവും മുടങ്ങില്ല എന്നാവർത്തിക്കുന്ന അധികൃതർ ഈ ഉത്തരവിനു വ്യക്തത വരുത്തിയിട്ടുമില്ല.

പ്രമുഖ സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽനിന്നു പിൻവാങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തവും സർക്കാരിനു തന്നെ. നിരാലംബരായ ആയിരക്കണക്കിനു രോഗികളുടെ കൈത്താങ്ങായിരുന്ന കാരുണ്യ പദ്ധതി ഇല്ലാതാവുമ്പോൾ ഇതുവരെ ലഭിച്ചുപോന്ന ഒരു ആനുകൂല്യംപോലും നഷ്ടപ്പെടാതിരിക്കാനുള്ള കരുതൽ സർക്കാരിൽനിന്നുണ്ടാവണം.

കോവിഡ് കാരണം സാമ്പത്തികത്തകർച്ച നേരിട്ടവർക്കു പിടിച്ചുനിൽക്കാൻ റിസർവ് ബാങ്ക് പ്രഖ്യാപിച്ച ആറു മാസത്തെ വായ്പ മൊറട്ടോറിയം ഇന്ന് അവസാനിക്കുന്നതാണു മറ്റൊരു വലിയ ആഘാതം. രോഗകാല പ്രതിസന്ധിയിൽനിന്ന് ഇനിയും കരകയറാത്തവരാണു കേരളത്തിലെ സാധാരണക്കാരിലേറെയും. സംസ്ഥാനത്തെ വ്യാപാരികളും കർഷകരുമടക്കമുള്ള ജനത ഗുരുതര സാമ്പത്തികപ്രതിസന്ധിയാണു നേരിടുന്നതെന്നതിനാൽ, നാളെ മുതൽ തിരിച്ചടവു പുനരാരംഭിക്കാൻ വഴിയില്ലാതെ ഇവർ വലയുമെന്നുറപ്പാണ്. കൃഷിവായ്പയുടെയും വിദ്യാഭ്യാസ വായ്പയുടെയുമൊക്കെ തിരിച്ചടവിന് ഇപ്പോഴത്തെ കഷ്ടസാഹചര്യത്തിൽ ബുദ്ധിമുട്ടുന്ന ഏറെപ്പേരുണ്ട്. കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്യുന്നതുൾപ്പെടെയുള്ള ബാങ്ക് നടപടികൾ മുന്നിലുള്ളതു പല കർഷകരുടെയും ഉറക്കം കെടുത്തുന്നു.

മൊറട്ടോറിയം കാലയളവിൽ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കുകയാണ്. കോവിഡ് പ്രതിസന്ധി തുടരുന്ന സ്ഥിതിയിൽ, ബാങ്ക് വായ്പകളുടെ തിരിച്ചടവിനുള്ള മൊറട്ടോറിയം ആറു മാസത്തേക്കുകൂടി നീട്ടണമെന്ന ആവശ്യത്തിനു ലക്ഷക്കണക്കിനു ജീവിതങ്ങളുടെ വിലയുണ്ടെന്നു മറന്നുകൂടാ.

പിഎസ്‌സി റാങ്ക് ലിസ്റ്റിലെത്തിയിട്ടും ജോലി ലഭിക്കാതെ, ജീവിതം വഴിമുട്ടുന്ന ഉദ്യോഗാർഥികളുടെ മനോവിഷമം കൂടി ഇപ്പോൾ കേരളത്തിന്റെ ഹൃദയസങ്കടമാവുന്നു. തിരുവോണം എന്ന സ്നേഹസങ്കൽപത്തിനു കാരുണ്യമെന്നും കരുതലെന്നുമൊക്കെ അർഥങ്ങൾ ഉണ്ടെന്നുകൂടി നാം ഓർമിക്കേണ്ടതല്ലേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com