'ഓണമെന്ന പ്രത്യാശ; നമ്മൾ ഈ ദുരിതങ്ങളുടെ നദി കടക്കും'

1200 mohanlal
SHARE

ഇലയുടെ മുന്നിലിരിക്കുമ്പോൾ വിഭവത്തെക്കാൾ  നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും  വിളമ്പിത്തരാനും ആളുണ്ടെന്ന തോന്നലാണ്.  ചെന്നൈയിൽനിന്നു നേരത്തേയെത്തി ക്വാറന്റീനിൽ ഇരുന്നത്  എന്റെ അമ്മയുടെ അടുത്ത് ഓണമുണ്ണാൻ വേണ്ടിയാണ്..ഓണം തരുന്നത് ഒരു കൊല്ലം മുഴുവൻ മുന്നോട്ടു പോകാനുള്ള ഊർജമാണ്. ഈ ദുരിതകാലത്തിനിടയിലും ഓണം നമുക്കതു തരുമെന്നു പ്രത്യാശിക്കാം.....

അമ്മയുടെ അടുത്തെത്തുക. അതാണ് എത്രയോ കാലമായി എനിക്ക് ഓണം. പലപ്പോഴും എത്താൻ കഴിയാറില്ല. ഏതെങ്കിലും ലൊക്കേഷനിലാകും. എന്നാലും അതിനായി ഞാൻ ആഗ്രഹിക്കും. അവസാനം തലേദിവസം രാത്രി വിളിച്ചു പറയും, വരാനാകില്ലെന്ന്.

സിനിമയിലെത്തിയ ശേഷമുള്ള ആദ്യ ഓണംതന്നെ ആശുപത്രിയിലായിരുന്നു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ’ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലായി.

ഇത്തവണ ഓണത്തിന് എത്താനാകില്ലെന്നു കരുതിയതാണ്. പക്ഷേ, അമ്മയുടെ അടുത്തെത്തി. അമ്മയുടെ അടുത്തു പോയിത്തന്നെ ഓണമുണ്ണും. എന്നാലും സാമൂഹിക അകലം പാലിക്കേണ്ട സമയമാണ്. അമ്മയുടെ പ്രായം, എന്റെ യാത്ര അങ്ങനെ പലതും ഏറെ ശ്രദ്ധിക്കേണ്ട കാലം.

‌ഇതുപോലൊരു ഓണക്കാലം നമുക്കുണ്ടായിട്ടില്ല. പക്ഷേ, എല്ലാ കഷ്ടപ്പാടുകൾക്കിടയിലും ഓണമെന്നതു സന്തോഷമാണ്. എല്ലാ ദുരിതങ്ങളും മറക്കാൻ വേണ്ടിയാകണം ഓണമുണ്ടായതുതന്നെ. അത്തം മുതൽ പത്തു ദിവസം പതുക്കെ പതുക്കെ ദുരിതങ്ങൾ മറന്ന് ഓരോരുത്തരും ഓണം ആഘോഷിക്കുന്നു. മെല്ലെ മെല്ലെ ദുരിതത്തിൽനിന്നു‌ സന്തോഷത്തിലേക്കുള്ള യാത്ര.

ഓരോ വീട്ടിലും ഓണമുണ്ട്. ഓരോ വീടും ഓണത്തിന് ഉണരുന്നു. വളരെ വേണ്ടപ്പെട്ടവരുടെ കൂടെ ഓണമുണ്ണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വിളമ്പുന്ന സദ്യയെക്കാളും പുത്തൻ വസ്ത്രങ്ങളെക്കാളുമെല്ലാം നമ്മെ മോഹിപ്പിക്കുന്നത് ഈ ഒത്തുകൂടലാണ്. എത്രതവണ ഒരുമിച്ചു കൂടിയാലും ഓണത്തിനു കൂടുന്നതിന്റെ സന്തോഷം വേറെയാണ്.

മുൻപ് ഓണം നന്നായിരുന്നുവെന്നും ഇത്തവണ പ്രയാസമാണെന്നുമെല്ലാം പറയുന്നവരുണ്ടാകാം. ഞാൻ ഭൂതകാലത്തുനിന്നു സന്തോഷം കുഴിച്ചെടുക്കാൻ നോക്കാറില്ല. ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെ സന്തോഷം എത്ര ചെറുതായാലും അതുതന്നെയാണു വലുതെന്നാണു തോന്നാറ്.

സിനിമയുമായി ബന്ധപ്പെട്ട നല്ലൊരു ശതമാനം ആളുകളും വലിയ പ്രയാസത്തിലാണ്. എനിക്കു ചുറ്റുമുള്ള ഓരോരുത്തർക്കും പ്രയാസങ്ങളുണ്ട്. എന്നാൽ, ഓണമെത്തുന്നതോടെ നാം ചെറിയ ചുറ്റുപാടുകളിൽ നിന്നുകൊണ്ട് അതെല്ലാം മറക്കാൻ നോക്കുന്നു. ഇത്തവണ ഓണക്കോടിയുണ്ടാകണമെന്നില്ല; വലിയ സദ്യയുണ്ടാകണമെന്നില്ല. പക്ഷേ, നമ്മുടെ മനസ്സിലെ ആഘോഷത്തിനു കുറവുണ്ടാകരുത്.

നമ്മളെക്കാൾ കഷ്ടപ്പെടുന്ന എത്രയോ പേരുടെ ഓണത്തെക്കുറിച്ച് ആലോചിക്കാം. ആശുപത്രിയിൽ രോഗികളെ പരിചരിച്ചും ശരീരം മുഴുവൻ മൂടിക്കെട്ടി വൈറസിനോടു പോരാടിയും ജോലി ചെയ്യുന്നവരുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ പ്രയാസങ്ങൾ ചെറുതല്ലേ? എല്ലാവരും മാറി‌നിൽക്കുമ്പോൾ, കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹവുമായി പോകുന്ന ഡ്രൈവർമാരും അതു സംസ്കരിക്കുന്നവരും എത്രയോ വലിയ ജോലിയല്ലേ ചെയ്യുന്നത്? അവരെല്ലാം ജോലി ചെയ്യുന്നത് നമുക്കെല്ലാവർക്കും നല്ല ഓണമുണ്ടാകാൻ വേണ്ടിയാണ്. അവർക്കുവേണ്ടി പ്രാർഥിച്ച്, പരിമിതികളിൽ നിന്നുകൊണ്ട് നമുക്ക് ഓണം ആഘോഷിക്കാം.

ഏതു രാത്രിക്കും ശേഷമൊരു പകലുണ്ടാകും. തോറ്റുപോയി എന്നു തോന്നുന്ന സമയത്തെല്ലാം ഞാൻ ആലോചിച്ചിരുന്നതു വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ചാണ്. ഇപ്പോഴും ചെയ്യുന്നത് അതാണ്. ഒരുമിച്ചുനിന്ന് നമുക്കീ ദുരിതങ്ങളുടെ നദി കടക്കുകതന്നെ േവണം; നമുക്കതിനാകും.

ഈ ദിവസങ്ങളിൽ എത്രയോ ആളുകളുമായി ഫോണിൽ സംസാരിച്ചു. പലരും ഇല്ലായ്മകൾക്കിടയിലും സന്തോഷത്തോടെ ജീവിക്കുന്നു. അവരിൽ പലർക്കും വേണ്ടതു സഹായമല്ല, ഒരു വിളിയാണ്. ഓണത്തിനു മുൻപു ഞങ്ങളുടെ സംഘടനയായ ‘അമ്മ’ പലരുമായും ബന്ധപ്പെട്ട് അവർക്കുവേണ്ട കുറെ കാര്യങ്ങൾ ചെയ്തുകൊടുത്തു. സഹായത്തിന്റെ വലുപ്പമല്ല പ്രധാനം; കൂടെയുണ്ടെന്ന തോന്നലാണ്. ഓരോ ഓണക്കാലത്തും നാം പരസ്പരം ഓർമിപ്പിക്കുന്നത് അതാണ്.

ഇലയുടെ മുന്നിലിരിക്കുമ്പോൾ വിഭവത്തെക്കാൾ നമ്മെ സന്തോഷിപ്പിക്കുന്നത് ഇടത്തും വലത്തും ഇരിക്കാനും വിളമ്പിത്തരാനും ആളുണ്ടെന്ന തോന്നലാണ്. ചെന്നൈയിൽനിന്നു നേരത്തേയെത്തി ക്വാറന്റീനിൽ ഇരുന്നത് എന്റെ അമ്മയുടെ അടുത്ത് ഓണമുണ്ണാൻ വേണ്ടിയാണ്.

ഓണം തരുന്നത് ഒരു കൊല്ലം മുഴുവൻ മുന്നോട്ടു പോകാനുള്ള ഊർജമാണ്. ഈ ദുരിതകാലത്തിനിടയിലും ഓണം നമുക്കതു തരുമെന്നു പ്രത്യാശിക്കാം. ഇപ്പോൾ തൽക്കാലം തിരിഞ്ഞുനോക്കരുത്. നമുക്ക് തലയുയർത്തി നടക്കാം. മുന്നിൽ ഓണം സമ്മാനിച്ച പൂക്കാലമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA