ഗുരുവിലേക്കുള്ള ദൂരമെത്ര?

1200 sree narayana guru yesudas
SHARE

ഗുരുവിന്റെ ഉപദേശങ്ങളെല്ലാം  പ്രായോഗിക ബുദ്ധിയുടെ  തെളിമയുള്ളതായിരുന്നു.  അസാമാന്യ ജീവിതജ്‌ഞാനമായിരുന്നു  അതിന്റെ അടിസ്ഥാനം....

ലോകം മുഴുവൻ ഒരു മഹാമാരിക്കു മുന്നിൽ പക്ഷഭേദമില്ലാതെ പകച്ചുനിൽക്കുന്ന കാലത്താണു ശ്രീനാരായണഗുരു ലോകത്തിനു നൽകിയ ഒരുമയുടെ മഹാസന്ദേശത്തിനു നൂറു വയസ്സ് തികയുന്നത്. കണ്ണുതുറപ്പിക്കേണ്ട യാദൃച്ഛികതയാണത്. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന ആ ഗുരുവരത്തിന്റെ സത്ത ജാതിമത ചിന്തകൾക്കൊന്നും ഒരു അർഥവുമില്ലാതെ പോയ ഈ കെടുതികാലത്തെങ്കിലും മനുഷ്യൻ ശരിയായി ഉൾക്കൊള്ളുമോ?

ഇത്രയും ലളിതവും ശക്തവുമായ മാനവസന്ദേശത്തിലൂടെ നമ്മുടെ ശ്രീനാരായണഗുരു ലോകഗുരുവായി ഉയരുകയായിരുന്നു. ഈ തത്വവുമായി അദ്ദേഹം കുറിച്ച നാലുവരി ശ്ലോകം പാടിക്കൊണ്ട് സിനിമാ സംഗീതജീവിതം ആരംഭിക്കാനായി എന്നതാണ് എന്റെ പുണ്യം.

‘ജാതിഭേദം മതദ്വേഷ–

മേതുമില്ലാതെ സർവരും

സോദരത്വേന വാഴുന്ന

മാതൃകാ സ്‌ഥാനമാണിത്’ 

എന്ന ആ വരികൾ ‘കാൽ‌പാടുകൾ’ എന്ന സിനിമയ്ക്കായി പാടുമ്പോൾ അതിന്റെ അർഥവ്യാപ്തി എനിക്കു ബോധ്യമുണ്ടായിരുന്നില്ല. പിൽക്കാലത്ത് അതിന്റെ ആഴമറിഞ്ഞപ്പോഴാണു കൈവന്ന നിയോഗത്തിന്റെ പൊരുളറിഞ്ഞത്. ആ സത്ത സ്വന്തം ജീവിതത്തിൽ കഴിയാവുന്നിടത്തോളം പകർത്താൻ ഞാൻ ശ്രമിച്ചിട്ടുമുണ്ട്. ജാതിഭേദവും മതദ്വേഷവുമില്ലാത്ത സുന്ദരസ്‌ഥാനം എന്ന ഗുരു സങ്കൽപത്തിലേക്ക് ഒരു നൂറ്റാണ്ട് കൊണ്ടു നാം അടുത്തോ അകന്നോ എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്.

‘ഒരു ജാതി ഒരു മതം’ എന്നതു തെറ്റിദ്ധരിക്കപ്പെടാം എന്നതുകൊണ്ടാവും അതിന്റെ പൊരുൾ ഗുരു തന്നെ വ്യക്തമാക്കിയത്.

മതപ്പോരിന് അവസാനമാകണമെങ്കിൽ എല്ലാവരും സമബുദ്ധിയോടെ എല്ലാ മതവും പഠിക്കണമെന്നും അവയിലെ പ്രധാന തത്വങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നു വെളിപ്പെട്ടുകിട്ടുന്ന മതമാണ് താൻ ഉദ്ദേശിച്ച ഏക മതമെന്നുമാണു ഗുരു വിശദമാക്കിയത്. മതങ്ങളെയെല്ലാം തള്ളിക്കളയണമെന്നല്ല, എല്ലാം പഠിച്ച് അവയിലെ നല്ലത് ഉൾക്കൊണ്ടു ജീവിക്കണമെന്നു ചുരുക്കം. ഗുരുവിന്റെ ഉപദേശങ്ങളെല്ലാം ഇങ്ങനെ പ്രായോഗികബുദ്ധിയുടെ തെളിമയുള്ളതായിരുന്നു; ലളിതസുന്ദരവും. അസാമാന്യമായ ജീവിതജ്‌ഞാനമായിരുന്നു അതിന്റെ അടിസ്ഥാനം.

ഗുരു അരുളിയ മറ്റൊരു മഹാസന്ദേശത്തിന്റെ കൂടി നൂറാം വാർഷികമാണിത്. ‘മദ്യം വിഷമാണ്. അതു വിൽക്കരുത്, ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന ആ സന്ദേശത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ ഈ ഓണക്കാലം തന്നെയാണ് ഉത്തമം. കാരണം നമ്മുടെ നാട്ടിൽ ഏറ്റവുമധികം മദ്യം വിറ്റും കുടിച്ചും തീർക്കുന്ന സമയമാണിത്. കേരളത്തിലെ മദ്യവിൽപനയുടെ റെക്കോർഡ് കണക്കുകളൊക്കെ സത്യത്തിൽ മഹാഗുരുവിന്റെ നാടിനെ ലജ്ജിപ്പിക്കേണ്ടതാണ്. ഈ ലഹരി എക്കാലവും മനുഷ്യനെയും കുടുംബത്തെയും സമൂഹത്തെയും ദുഷിപ്പിക്കുമെന്ന സത്യം മനസ്സിലാക്കിത്തന്നെയാവണം ഗുരു ശക്തമായി അങ്ങനെ അരുൾ ചെയ്തത്.

പല കാരണങ്ങളാൽ ലഹരിയിൽ അഭയം പ്രാപിക്കുന്നവരെക്കാൾ അതിനുള്ള സൗകര്യമൊരുക്കി നാടുനീളെ ഒരു നിയന്ത്രണവുമില്ലാതെ മദ്യവിൽപനശാലകൾ തുറക്കുന്ന അധികാരികളാണ് ഇക്കാര്യത്തിൽ ആദ്യം ആത്മപരിശോധന നടത്തേണ്ടത്. പാവങ്ങളെയും കുടുംബങ്ങളെയും നശിപ്പിച്ചിട്ടുള്ള കണ്ണീർപ്പണമാണു സർക്കാരുകൾ മദ്യവിൽപനയിലൂടെ സ്വരുക്കൂട്ടുന്നത്. ഖജനാവിലേക്കു നേരുള്ള പണം സ്വരൂപിക്കാൻ വേറെ എത്രയോ മാർഗം കണ്ടെത്താനാവും. ജനങ്ങളെ ലഹരിയിൽ മുക്കി കിട്ടുന്ന പണംകൊണ്ടു ക്ഷേമം നടപ്പാക്കുന്നതിൽ അർഥമുണ്ടോ? അങ്ങനെയൊരു പുനർചിന്തയുണ്ടായാൽ അതായിരിക്കും ലോകഗുരുവിന് സ്വന്തം നാടിനു നൽകാവുന്ന വലിയ ആദരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA