ADVERTISEMENT

ഭേദങ്ങളും ദ്വേഷങ്ങളുമല്ല, സമഭാവനയും സാഹോദര്യവുമാണ് ഒരു ജനത സ്വീകരിക്കേണ്ട ഹൃദയമന്ത്രമെന്ന ഗുരുസന്ദേശത്തിന്റെ കാലാതീതപ്രകാശമാണു കേരളത്തെ മുന്നോട്ടു നയിക്കുന്നത്. യുഗപ്രഭാവനായ ശ്രീനാരായണ ഗുരു നൽകിയ എളിമയുടെയും ഒരുമയുടെയും മഹനീയദർശനങ്ങൾ നമ്മുടെ കാൽവയ്പുകൾക്ക് ഇന്നും ദൃഢമായ ലക്ഷ്യബോധം പകർന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ, ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന നിത്യപ്രചോദിതമായ ഗുരുസൂക്തത്തിന്റെ ഈ ശതാബ്ദി അമൂല്യമായൊരു ഓർമപ്പെടുത്തലാണ്.

‘സഹോദരൻ’ മാസികയിലേക്കു തന്റെ ജന്മദിനസന്ദേശമായി ഗുരുദേവൻ നൽകിയതും ജാതിനിർണയം എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നതുമായ രചനയിലൂടെയാണ് നൂറു വർഷം മുൻപ് ഈ വിശ്വാസസൂക്തം പ്രകാശിതമായത്. ‘സഹോദരന്റെ’ അടുത്ത ലക്കത്തിൽ പ്രകാശിപ്പിച്ച ജാതിലക്ഷണം എന്ന ഗുരുരചനയും മനുഷ്യജാതി ഏകമെന്നു സമർഥിക്കുന്നുണ്ട്. മതനിരപേക്ഷതയ്ക്കും നാനാത്വത്തിലെ ഏകത്വത്തിനും മുൻപെന്നത്തെയുംകാൾ പ്രസക്തിയേറുന്ന ഈ വേളയിൽ, ദേശകാലാതിവർത്തിയായ ഈ ഗുരുസന്ദേശം കൂടുതൽ പ്രശോഭിതമാവുന്നു. ‘മദ്യം വിഷമാണ്. അതു വിൽക്കരുത്, ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്’ എന്ന ഗുരുസന്ദേശത്തിന്റെ നൂറാം വാർഷികം കൂടിയാണിത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ടു പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന അക്കാല കേരളീയ സമൂഹത്തെയും ആ ഇരുണ്ട കാലത്തെത്തന്നെയും ഗുരു തന്റെ കർമയോഗംകൊണ്ടു നവീകരിക്കുകയും ശുദ്ധീകരിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്തു. കേരളചരിത്രത്തിന്റെ അനുസ്യൂതിയിൽ ഒരു വർഷത്തെ ആദരവോടെ സ്മരിക്കേണ്ടതുണ്ട് – 1888. ആ വർഷം ശിവരാത്രി ദിവസം, അരുവിപ്പുറത്ത് ആറ്റിൽനിന്നു മുങ്ങിയെടുത്ത കല്ല് ശിവലിംഗമാക്കി പ്രതിഷ്ഠിച്ച ഗുരുദേവൻ, ഒരർഥത്തിൽ സാമൂഹിക വിപ്ലവത്തിന്റെ സമരപതാകയാണ് ഉയർത്തിയത്.

മലയാള മനോരമയുടെ ശതാബ്ദി 1988ൽ ആഘോഷിച്ചപ്പോൾ, കഴിഞ്ഞ നൂറു വർഷങ്ങളിൽ കേരളീയ ജീവിതത്തിൽ ആഴത്തിൽ പാദമുദ്രകൾ വീഴ്ത്തിയ നൂറു മഹാരഥരെ തിരഞ്ഞെടുത്ത് മനോരമ ശതാബ്ദിപ്പതിപ്പിലൂടെ അവതരിപ്പിച്ചിരുന്നു. സി.അച്യുതമേനോൻ, എൻ.വി.കൃഷ്ണവാരിയർ, എ.പി.ഉദയഭാനു എന്നീ പ്രഗല്ഭമതികളുടെ സമിതിയാണ് ആ നൂറു മഹാരഥരുടെ പട്ടിക തയാറാക്കിയത്. പിന്നിട്ട നൂറു വർഷങ്ങളുടെ പ്രകാശദീപമായി ആ നൂറു പേരിൽനിന്ന് ഒരാളെ കണ്ടെത്താൻ സമിതിക്കൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല: ശ്രീനാരായണ ഗുരു.

ഗുരുദേവൻ അരുവിപ്പുറത്ത് നെയ്യാറിൽനിന്ന് ഒരു പുലർച്ചയ്‌ക്കു മുങ്ങിയെടുത്ത ആ ശില, കേരള സാമൂഹിക നവോത്ഥാനത്തിന്റെ ആധാരശിലയായിരുന്നു എന്നു ചരിത്രം പിന്നീടു തിരിച്ചറിഞ്ഞു. അരുവിപ്പുറത്തെ പ്രതിഷ്ഠ ഒരു പ്രതീകമായിരുന്നു. അവിടെ ഗുരു കുറിച്ചിട്ട വിശ്വോത്തരസന്ദേശം കേരളത്തിന്റെ മനസ്സിനെ ഇന്നും സ്വയം വിമർശനത്തിലൂടെ ശുദ്ധീകരിക്കാനുള്ള മരുന്നാണ് - ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്‌ഥാനമാണിത്!

ഈ മഹനീയസന്ദേശത്തിന്റെ സാർഥകമായ തുടർച്ചതന്നെയാണ് ഇന്നേക്കു നൂറു വർഷം മുൻപുണ്ടായത്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുസൂക്തം എല്ലാ കാലത്തേക്കുമുള്ള പ്രചോദനമായി കേരളത്തിനു മുന്നിലുള്ളപ്പോൾ സമത്വത്തിന്റെയും ഏകതയുടെയും സാഹോദര്യത്തിന്റെയും പാതയിൽ നമുക്കു കാലിടറില്ലെന്നു തീർച്ച.

എല്ലാ വിഭിന്നതകൾക്കുമപ്പുറത്തു മനുഷ്യൻ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ നിലകൊള്ളണമെന്നു ബോധ്യപ്പെടുത്തുന്ന അതിസങ്കീർണമായ ഈ രോഗകാലത്തു ഗുരുസന്ദേശങ്ങൾ കൂടുതൽ പ്രകാശമാനമാകുകയും ചെയ്യുന്നു. കേരളത്തിന് ഉള്ളറിവിന്റെ തെളിച്ചം തന്ന ഗുരുസന്ദേശസ്മൃതിയുടെ ഈ ശതാബ്ദി അതുകൊണ്ടുതന്നെ, നമ്മെ ആത്മപരിശോധനയ്ക്കും സ്വയം പുതുക്കലിനുംകൂടി സന്നദ്ധമാക്കേണ്ടതുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com