ആ വാക്കുകൾ വഴിവിളക്ക്; എം.കെ. സാനു എഴുതുന്നു

1200 Sarvamatha Sammelanam narayana guru
ലോകത്തെ രണ്ടാമത്തെയും ഏഷ്യയിലെ ആദ്യത്തേതുമായ സർവമത മഹാസമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ വച്ചു നടന്നപ്പോൾ. ‘സർവമതസാരവുമേകം’ എന്ന ഗുരുദേവന്റെ വിശ്വോത്തരമായ സിദ്ധാന്തത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു സമ്മേളനം (1924 മാർച്ച് 3,4).
SHARE

ആ മുഹൂർത്തം അനുഗൃഹീതമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ അന്തരാത്മാവിൽ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സൂക്തം ഉദിച്ചുയർന്ന മുഹൂർത്തം. കവിത തുളുമ്പുന്ന ആ സൂക്തം, വിഭിന്നങ്ങളായ വ്യാഖ്യാനങ്ങൾക്കു ശേഷവും നിത്യനൂതനമായ വശ്യതയോടെ എപ്പോഴും മാനവഹൃദയങ്ങൾക്കു മാർഗദർശകമായി പരിലസിക്കുന്നു.

കർമരംഗത്തു കാലൂന്നിയ സന്ദർഭത്തിൽ ഗുരുദേവൻ പ്രഖ്യാപിച്ച സന്ദേശത്തിന്റെ കാതലായി വർത്തിക്കുന്നത് ഇതേ ആശയം തന്നെയാണ്. ‘ജാതിഭേദവും മതദ്വേഷവുമില്ലാതെ മാനവരാശിയാകെ സോദരത്വേന വാഴുന്ന മാതൃകാലോകം’ എന്നതിലും ഈ സൂക്തത്തിലെ ദർശനം തന്നെയല്ലേ സ്പന്ദിക്കുന്നത്?

ഭാസുരമായ ആ ദർശനം സാക്ഷാത്കരിക്കുന്നതിനു രണ്ട് ഉപാധികൾ പ്രാരംഭത്തിൽത്തന്നെ ഗുരുദേവൻ നിർദേശിച്ചിരുന്നു. ‘വിദ്യ കൊണ്ടു പ്രബുദ്ധരാകുക’ എന്നതാണൊന്ന്. രണ്ടാമത്തേത് ‘സംഘടന കൊണ്ടു ശക്തരാകുക’ എന്നതും. സംഘടന രൂപംകൊണ്ടത് 1903ലാണെങ്കിലും സംഘടിതമായ പ്രവർത്തനങ്ങൾ അതിനു മുൻപുതന്നെ ഗുരുദേവൻ നിരന്തരം തുടർന്നുകൊണ്ടിരുന്നു. പ്രബുദ്ധത സൃഷ്ടിക്കാനും സാഹോദര്യം സ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ.

ആസൂത്രിതമായ രൂപത്തിൽ ആ പ്രവർത്തനങ്ങൾ തുടരാനാണ് 1903ൽ ശ്രീനാരായണ ധർമ പരിപാലന യോഗത്തിനു (എസ്എൻഡിപി യോഗം) രൂപം നൽകിയത്. സ്നേഹവും സാഹോദര്യവും സമത്വവും സ്വപ്നം കാണുന്ന കവിയെ യോഗത്തിന്റെ മുഖ്യസാരഥിയായി നിയോഗിച്ചുവെന്നത് അർഥഗർഭമാണ്. സ്വന്തം ആധ്യാത്മിക ജീവിതം ആ മഹനീയ ദൗത്യത്തിനു ഗുരുദേവൻ സമർപ്പിക്കുകയും ചെയ്തു. സ്ഥിരാധ്യക്ഷസ്ഥാനം സ്വീകരിക്കാനുള്ള സന്നദ്ധതയിൽ ആ സമർപ്പണമാണുള്ളത്.

കേരളീയ സമൂഹത്തിൽ ശ്രീനാരായണ ധർമപരിപാലനയോഗം സൃഷ്ടിച്ച പരിവർത്തനം ഐതിഹാസികമാണ്. ജാതിസ്പർധയുടെ മാലിന്യം കലരാതെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മുദ്രാവാക്യത്താൽ പ്രചോദിതമായ പ്രവർത്തനം തുടരാനുള്ള വിശിഷ്ടോപദേശം കാലാകാലങ്ങളിൽ അനുയായികളെ ഓർമിപ്പിക്കാൻ ഗുരുദേവൻ മറന്നിരുന്നില്ല. ആ ശുദ്ധീകരണനിർദേശത്തിന്റെ ഭാഗമാണു ‘ജാതിയില്ലാ വിളംബര’വും മറ്റും.

ഇതേ കാലഘട്ടത്തിൽ തന്നെ, സവർണ സമുദായങ്ങളിലും ലോകസേവകർ പലരും ജാതി തിരിച്ചറിയാത്ത രീതിയിൽ അവരുടെ പേരുകൾ ചുരുക്കി. ആചാര്യനായ മന്നത്തു പത്മനാഭൻ തന്നെ മാതൃക കാട്ടി.

ഗുരുദേവനിർദേശപ്രകാരം 1921ൽ കൊല്ലം ജില്ലയിലെ പ്രാക്കുളത്തു വിളിച്ചുചേർത്ത വിശേഷാൽ സമ്മേളനത്തിൽ ജാതിഭേദം കൂടാതെ എല്ലാവർക്കും യോഗത്തിൽ അംഗത്വം നൽകണമെന്ന പ്രമേയം എസ്എൻഡിപി യോഗം അംഗീകരിച്ചതു ചരിത്രസംഭവമാണ്. അന്ന് അംഗത്വം നൽകിയവരുടെ കൂട്ടത്തിൽ മന്നത്തു പത്മനാഭൻ, തങ്ങൾകുഞ്ഞു മുസല്യാർ, യുക്തിവാദി എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപിള്ള മുതലായ വിശിഷ്ടവ്യക്തികളുണ്ടായിരുന്നു. എൻഎസ്എസ് മുഖപത്രം ആ വിശാലവീക്ഷണത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഞാൻ ഹിന്ദുവാണ്, ഞാൻ ഈഴവനാണ്’ എന്നും മറ്റും ധൈര്യമായി പറയണമെന്ന ആഹ്വാനം യോഗത്തിന്റെ വേദികളിലുയരുന്നതിനെപ്പറ്റി ആ കാലഘട്ടത്തിൽ സങ്കൽപിക്കാൻപോലും കഴിയുമായിരുന്നില്ല.

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന സൂക്തം ഈ മണ്ണിൽ സ്വന്തം കൈകൾകൊണ്ടു സാക്ഷാത്കരിക്കാൻ ആത്മാർപ്പണത്തോടെ പരിശ്രമിക്കുന്നതിലൂടെയാണു ശ്രീനാരായണ ധർമത്തിന്റെ പരിപാലനം പരിപുഷ്ടമാകുന്നതെന്ന സന്ദേശമാണു ഗുരുദേവൻ അന്ത്യശ്വാസംവരെ ലോകത്തെ ഓർമിപ്പിച്ചുകൊണ്ടിരുന്നത്. 1928ൽ അദ്ദേഹം അവസാനമായി പങ്കെടുത്ത പള്ളാത്തുരുത്തി സമ്മേളനത്തിൽവരെ അതു കണ്ടു.

ആ ഉദ്ബോധനവും അതുണർത്തിവിട്ട പ്രവർത്തനവുമാണു കേരളത്തെ പ്രബുദ്ധതയിലേക്കു വളർത്തിയത്. ഇന്ത്യയുടെ ഇതരഭാഗങ്ങൾ വർഗീയ ലഹളകളാൽ ഭ്രാന്താലയ സദൃശമായപ്പോഴും കേരളത്തിൽ സമുദായ സൗഹാർദം നിലനിന്നതിന്റെ പ്രധാന കാരണം അതാണ്. ആ സുകൃതഫലം അനുഭവിക്കാൻ ഭാഗ്യമുണ്ടായ തലമുറയിലെ അവശേഷിക്കുന്നവരിൽ ഒരാളെന്ന നിലയിലാണു ഞാൻ ഇപ്രകാരം കുറിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് ഉത്തരാർധത്തിലേക്കു കടക്കുന്നതുവരെ ആ പ്രബുദ്ധത കേരളത്തിൽ നിലനിൽക്കുകതന്നെ ചെയ്തു.

പിന്നീടാണു ജാതിമത വിദ്വേഷത്തിന്റെ വിഷച്ചെടികൾ ഇവിടെ മുളച്ചുപൊന്താൻ തുടങ്ങിയത്. അപകടകരമാംവിധം അവ തഴയ്ക്കുന്നതു ഞാൻ കാണുന്നു. ഗുരുദേവ യുഗത്തിന്റെ സന്താനമായ എന്നെ ഈ കാഴ്ച പ്രകോപിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്നു. 

സ്വകാര്യ ജീവിതമെന്നൊന്നില്ലാതെ 50 വർഷക്കാലം പലതരം ജനങ്ങളുടെ തുറന്ന കണ്ണുകൾക്ക് എപ്പോഴും കാണാവുന്ന രീതിയിൽ തുറന്ന ജീവിതമാണു ഗുരുദേവൻ തുടർന്നുപോന്നത്. നേരിയൊരു കളങ്കരേഖപോലും അക്കാലത്തിനിടയിൽ ആ മഹനീയ ജീവിതത്തിൽ ഒരാൾക്കും കാണാനായില്ലെന്നതോർക്കണം. 

അത്രമാത്രം പരമപാവനമായ ഗുരുദേവചരിതം എപ്പോഴും മാനവരാശിയെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ലക്ഷ്യം പ്രാപിക്കാനുള്ള സനാതന പ്രചോദനമായി നിലനിർത്തുക എന്നതാണു യഥാർഥമായ ശ്രീനാരായണ ധർമ പരിപാലനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA