ADVERTISEMENT

‘ഞാനിതു കത്തിക്കാറില്ല, വലി നിർത്തിയതാ, ഉപേക്ഷിക്കാൻ മടി, ഇങ്ങനെ കൊണ്ടു നടക്കും’– ‘രാവണപ്രഭു’വിലെ മോഹൻലാലിന്റെ കഥാപാത്രത്തെ പോലെയായിരുന്നു ഏറെനാൾ പ്രണബ് മുഖർജി! സിഗററ്റിനു പകരം പൈപ്പായിരുന്നു പ്രണബ് സ്റ്റൈൽ. പഴയ കാർട്ടൂണുകളിലെല്ലാം പൈപ്പുമായാണു പ്രണബ് പ്രത്യക്ഷപ്പെട്ടത്. ആരെത്ര ശ്രമിച്ചാലും പ്രണബിന്റെ പൈപ്പിലെ പുകയല്ലാതെ അദ്ദേഹത്തിൽ ചുണ്ടിൽ നിന്നൊരു രഹസ്യവും പുറത്തേക്കു വരില്ലെന്ന് ഒരിക്കൽ ഇന്ദിരാഗാന്ധി പറയുകയുണ്ടായി. ആരോഗ്യകാരണങ്ങളാൽ പുകവലി നിർത്താൻ നിർബന്ധിതമായപ്പോഴും പൈപ്പ് കൂടെയുണ്ടാവും, വെറുതെ ഇടയ്ക്കിടെ എടുത്തു ചുണ്ടിൽ വയ്ക്കും. ഈ ഇഷ്ടം അറിയാവുന്ന വിദേശ രാഷ്ട്ര നേതാക്കൾ അടക്കമുള്ള പ്രമുഖർ സമ്മാനിച്ച 500ലധികം പൈപ്പുകൾ പ്രണബിന്റെ ശേഖരത്തിലുണ്ടായിരുന്നു. ഇവ പിന്നീടു അദ്ദേഹം തന്നെ രാഷ്ട്രപതിഭവനിലെ മ്യൂസിയത്തിനു കൈമാറി.

ദുർഗയുടെ ദാസൻ

ചെറുപ്പം മുതൽക്കുള്ള ഒരു ശീലം പ്രണബ് മുഖർജി എന്നും കൂടെ കൊണ്ടുനടന്നു; ദുർഗാപൂജ. സമയം കിട്ടുമ്പോഴെല്ലാം ബംഗാളിലെ സ്വന്തം ഗ്രാമത്തിലേക്ക് എത്തി; 3 ദിവസത്തെ വ്രതമെടുത്തു.പൂജാ നാളിൽ ക്ഷേത്രപൂജാരിയാവുകയെന്ന തലമുറകളായി കൈമാറുന്ന ശീലവും തുടർന്നു. രാഷ്ട്രപതിയാകും വരെ ബംഗാളിശൈലിയിൽ വെള്ളമുണ്ടും കുർത്തിയും അതിനു മുകളിൽ കയ്യില്ലാത്ത ജാക്കറ്റുമായിരുന്നു പ്രണബിന്റെ പതിവുവേഷം.

മീനാണ് മുഖ്യം

മുൻഗാമി പ്രതിഭാ പാട്ടീലിനെയും പിൻഗാമി റാംനാഥ് കോവിന്ദിനെയും പോലെ പൂർണമായും സസ്യാഹാര രീതിയല്ല പ്രണബ് മുഖർജിക്ക്. ചൊവ്വാഴ്ചകളിൽ മാത്രം സസ്യാഹാരം എന്ന രീതി ശീലിച്ച അദ്ദേഹത്തിനു മറ്റു ബംഗാളികളെപ്പോലെ മീൻകറി ഇഷ്ടവിഭവം. മീൻകറിയും ചോറും ചപ്പാത്തിയും ഏറെ പ്രിയം.

നടന്നു തീരാതെ

സ്വന്തം ഗ്രാമമായ മിറാട്ടിയിൽ നിന്നു 7 കിലോമീറ്റർ ദൂരം നടന്നായിരുന്നു പ്രണബ് സ്കൂളിൽ പോയിരുന്നത്. മഴക്കാലത്തു ഗ്രാമം വെള്ളത്തിൽ മുങ്ങിയാലും ആ നടത്തം അദ്ദേഹം മുടക്കിയില്ല. അതിരാവിലെ എഴുന്നേൽക്കുന്നതും കുറെ ദൂരം നടക്കുന്നതും അവസാനകാലം വരെയും തുടർന്നു

ദശകങ്ങൾ നീണ്ട ഡയറിയെഴുത്ത്, എന്നിട്ടും ഒരുനാൾ!

മങ്ങാത്ത ഓർമ ശക്തി പോലെ, പ്രണബ് മുഖർജി കൂടെ കൊണ്ടു നടന്ന ഒന്നായിരുന്നു ഡയറികൾ. വലിയ തിരക്കുകൾക്കിടയിലും ‍ഡയറിയെഴുത്ത് മുടക്കിയില്ല. ഈ ഡയറികളിലെ ഉള്ളടക്കം തന്റെ ജീവിതമാണ്. അതു താൻ ജീവിച്ചിരിക്കെ പ്രകാശിതമാവില്ലെന്ന വ്യവസ്ഥയും അദ്ദേഹം വച്ചു.

പിന്നിട്ട രാഷ്ട്രീയ വഴികളെ വിവരിക്കുന്ന ഡയറിക്കുറിപ്പുകൾ മരണാനന്തരം പ്രസിദ്ധപ്പെട്ടേക്കാം. ഈ ചുമതല തന്റെ മകൾ ശർമിഷ്ഠ മുഖർജിയെ ഏൽപ്പിച്ചിട്ടുണ്ടെന്നു ഒരിക്കൽ മാധ്യമ പ്രവർത്തകരോടു പ്രണബ് വെളിപ്പെടുത്തിയിരുന്നു.

എൺപതുകളുടെ അവസാനം പെരുമഴയിൽ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലെ വീടിന്റെ ബേസ്മെന്റ് ആകെ മുങ്ങി. കൂട്ടത്തിൽ പ്രണബിന്റെ ചില ഡയറികളും നശിച്ചുപോയി. ദേഷ്യവും നിരാശയും മൂലം രണ്ടുവർഷത്തോളം ഡയറിയെഴുത്തു നിർത്തിവച്ചു. പിന്നീടതു പുനരാരംഭിച്ചതു തൊണ്ണൂറുകളുടെ തുടക്കത്തിൽ, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ നിർബന്ധപ്രകാരമായിരുന്നു. ഇതിനായി റാവു ഒരു സമ്മാനവും കൊടുത്തയച്ചു; ഉഗ്രനൊരു ഡയറി !

Content Highlight: Pranab Mukherjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com