ഇന്ദിരയുടെ തണലിൽ, ഇന്ത്യയുടെ സേവകനായി

HIGHLIGHTS
  • അരനൂറ്റാണ്ടു നീണ്ട ദേശീയ ജീവിതം, ഗാന്ധികുടുംബത്തിലെ മൂന്നു തലമുറയ്ക്കൊപ്പം
PTI9_10_2016_000125A
SHARE

പാർലമെന്റ് അംഗം പോലുമല്ലാതെ നാലു വർഷം ദക്ഷിണ ഡൽഹിയിൽ കഴിഞ്ഞുകൂടിയശേഷം 1991ൽ ന്യൂഡൽഹിയുടെ ഹൃദയത്തിലേക്കു പ്രണബ് മുഖർജി മടങ്ങിവന്നു. കാബിനറ്റ് റാങ്കിൽ അദ്ദേഹത്തെ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായി പ്രധാനമന്ത്രി നരസിംഹറാവു നിയമിച്ചതോടെ കോൺഗ്രസിലേക്കുള്ള പ്രണബിന്റെ മടങ്ങിവരവു പൂർണമായി.

13 അശുഭസംഖ്യയല്ല

ഭവന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഡൽഹിയിൽ പ്രണബിന് അനുവദിച്ച ഔദ്യോഗിക വസതിയുടെ നമ്പർ 13 ആയിരുന്നു. 13 അശുഭസംഖ്യയായതിനാൽ വീട്ടുനമ്പർ 12എ എന്നാക്കി മാറ്റാനാമെന്ന് ഉദ്യോഗസ്ഥൻ വാഗ്ദാനം ചെയ്തു. എന്നാൽ, തനിക്ക് എല്ലാ സംഖ്യയും ഒരേപോലെയാണെന്നും 13–ാം നമ്പർ തന്നെ മതിയെന്നുമാണു പ്രണബ് പ്രതികരിച്ചത്. പകരം പ്രണബ് മറ്റൊരു അഭ്യർഥന നടത്തി. ഡൽഹിയിലെ എല്ലാ സർക്കാർ ഓഫിസുകളിലും വയ്ക്കാനായി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തു നൽകിയിരുന്ന അവരുടെ ഛായാചിത്രം മന്ത്രാലയത്തിൽ വല്ലതുമുണ്ടെങ്കിൽ ഒരെണ്ണം വേണം. ഇന്ദിര മരിച്ചിട്ട് അപ്പോൾ 9 വർഷം കഴിഞ്ഞിരുന്നു. പക്ഷേ, ഫോട്ടോ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. പ്രണബിന്റെ വസതിയിലും പിന്നീടു രാഷ്ട്രപതി ഭവനിലെ ഓഫിസിലും വിരമിച്ചശേഷം രാജാജിമാർഗിലെ നമ്പർ 10 ബംഗ്ലാവിലും ആ ചിത്രം മുഖ്യസ്ഥാനം അലങ്കരിച്ചു.

ഇന്ദിര മുതൽ രാഹുൽ വരെ

രാഷ്ട്രീയത്തിലും ഭരണനിർവഹണത്തിലും പ്രണബ് അതിരില്ലാത്ത ആദരവോടെ പിന്തുടർന്നത് ഇന്ദിരാഗാന്ധിയെയാണ്. അദ്ദേഹത്തിന് എന്നും ഇന്ദിരയായിരുന്നു നേതാവ്. ഇന്ദിര, മക്കളായ രാജീവ്, സഞ്ജയ്‌ , മരുമകളായ സോണിയ, ചെറുമകനായ രാഹുൽ എന്നിങ്ങനെ ഗാന്ധി കുടുംബത്തിലെ മൂന്നു തലമുറകൾക്കൊപ്പം അരനൂറ്റാണ്ട് നീണ്ട തന്റെ ദേശീയജീവിതം പ്രണബ് ചെലവഴിച്ചു. ഇതിൽ രാജീവുമായി അദ്ദേഹത്തിനു ഏറ്റവും കലുഷിതമായ ബന്ധമായിരുന്നു. പ്രണബിനു പ്രധാനമന്ത്രിസ്ഥാന മോഹമുണ്ടെന്നു രാജീവ് സംശയിച്ചു ഇതു പ്രണബിനെ പുറത്താക്കാനും കാരണമായി. പക്ഷേ ഒടുവിൽ രാജീവ് തന്നെ പ്രണബിനെ കോൺഗ്രസിലേക്കു തിരിച്ചു കൊണ്ടുവന്നു. രണ്ടു ദശകത്തോളം കോൺഗ്രസിനെയും 10 വർഷം കേന്ദ്ര സർക്കാരിനെയും നിയന്ത്രിച്ച സോണിയ പ്രണബിനു നിർണായക ചുമതലകൾ പാർട്ടിയിലും സർക്കാരിലും നൽകി. ഒടുവിൽ രാഷ്ട്രപതി സ്ഥാനത്തേക്കും നിയോഗിച്ചു.

തിരഞ്ഞെടുപ്പ് ഏജന്റിൽനിന്ന് രാജ്യസഭാംഗത്വത്തിലേക്ക്

ദേശീയ രാഷ്ട്രീയത്തിലേക്കു പ്രണബിനെ കൈ പിടിച്ചുയർത്തിയത് ഇന്ദിരയാണ്. 1969 ൽ വി.കെ. കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് ഏജന്റ് പ്രണബ് മുഖർജിയായിരുന്നു. ഇന്ദിരയുടെ കടുത്ത വിമർശകനും ബംഗാൾ കോൺഗ്രസിലെ കരുത്തനുമായ ആന്തുലെ ഘോഷിനെയാണു കൃഷ്ണമേനോൻ പരാജയപ്പെടുത്തിയത്. മുപ്പത്തിയഞ്ചുകാരനും കോളജ് അധ്യാപകനുമായ ആ തിരഞ്ഞെടുപ്പ് ഏജന്റിനെ ഇന്ദിര രാജ്യസഭാംഗമാക്കി. പിന്നീട് പ്രണബ് ഡൽഹി വിട്ടുപോയിട്ടില്ല.

ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരുടെ സംഘത്തിൽ കേന്ദ്ര സ്ഥാനത്തായിരുന്നു പ്രണബ് മുഖർജിയുടെ സ്ഥാനം. യാഥാസ്ഥിതികരായ മുതിർന്ന നേതാക്കൾ ശങ്കർ ദയാൽ ശർമ, സി. സുബ്രഹ്മണ്യം, ജഗ്‌ജീവൻ റാം, സ്വതന്ത്ര ഘോഷ് എന്നിവരെ ഒരു വശത്തും ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളുമായ ചന്ദ്രശേഖർ, അശോക് മേത്ത, മോഹൻ കുമാരമംഗലം, എച്ച്.എൻ ബഹുഗുണ, ചന്ദ്രജിത് യാദവ് എന്നിവരെ മറുവശത്തുമായി ബാലൻസ് ചെയ്തു നിർത്തിയാണു ഇന്ദിര പാർട്ടിയെ നയിച്ചത്. ഈ രണ്ടു ആശയധാരകളുടെയും പക്ഷം ചേരാതെ സാമ്പത്തിക കാര്യങ്ങളിലാണു മുഖർജി ശ്രദ്ധ കേന്ദ്രീകരിച്ചത്.

സാമ്പത്തികരംഗത്തെ ഇടപെടലുകൾ

മുഖർജിയുടെ അസാമാന്യമായ ഓർമശക്തി, കഠിനാദ്ധ്വാനശേഷി, സാമ്പത്തികവിഷയങ്ങളിലുള്ള പ്രാഗൽഭ്യം, പ്രവർത്തന മികവ് എന്നിവയാണ് ഇന്ദിരയെ ആകർഷിച്ചത്. രാജ്യസഭാംഗമായി നാലുവർഷം പിന്നിടും മുൻപേ

1973 ൽ പ്രണബ് കേന്ദ്ര ഉപമന്ത്രിയായി. ലൈസൻസ് പെർമിറ്റ് രാജ് വേരുറപ്പിച്ചതോടെ മുഖർജിയെ ആദ്യം വ്യാവസായിക വികസത്തിന്റെയും പിന്നീട് ഷിപ്പിങ്, ഗതാഗത മന്ത്രാലയത്തിലും ചുമതലയേൽപിച്ചു.

ഇന്ദിരയും പാർട്ടിയിലെ ഇടതുപക്ഷക്കാരും അക്കാലത്തു വൻകിട വ്യവസായികളുമായി തീരെ രസത്തിലായിരുന്നില്ല. ബാങ്ക് ദേശസാൽക്കരണവും ഇൻഷുറൻസ്, ഷിപ്പിങ് തുടങ്ങി പ്രധാന സാമ്പത്തിക മേഖലകളിലെ മാറ്റങ്ങളും വൻകിട വ്യവസായികൾക്കു ഹിതകരമായില്ല. അവർ വലതുപക്ഷമായ ജനസംഘത്തെയും സ്വതന്ത്രപാർട്ടിയെയും പിന്തുണച്ചു. ഈ സാഹചര്യത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുന്ന പുതിയ സംരംഭകരെ വളർത്തിക്കൊണ്ടുവരാനുള്ള പദ്ധതിക്ക് ഇന്ദിര തുടക്കമിട്ടു. ലൈസൻസുകളും പെർമിറ്റുകളും നൽകിയ പുതിയ വ്യവസായികളെ ഒപ്പം നിർത്താനുള്ള ദൗത്യം ഇന്ദിര ഏൽപിച്ചത് പ്രണബ് മുഖർജിയെയായിരുന്നു. ഇക്കാലത്തു ഇന്ദിരയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധി പ്രധാനമന്ത്രിയുടെ വസതിയിലെ പ്രധാന സ്വാധീനശക്തിയായി വളർന്നു. 1975 ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ധനമന്ത്രി സി. സുബ്രഹ്മണ്യം തന്റെ സഹമന്ത്രിയായ പ്രണബിനെ നിർണായക വകപ്പുകളായ റവന്യൂവും ബാങ്കിങ്ങും നേരിട്ടു കൈകാര്യം ചെയ്യാൻ ഏൽപിച്ചു. രാഷ്ട്രീയ അജൻഡകൾ നടപ്പാക്കാനായി പ്രണബ് സർക്കാർ നിയമങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു

അടിയന്തരാവസ്ഥയുടെ പതനം, മടങ്ങിവരവ്

അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരയ്ക്കു അധികാരം നഷ്ടപ്പെട്ടു. 1978 ൽ കോൺഗ്രസ് ഒരു പിളർപ്പു കൂടി നേരിട്ടു. ഒട്ടേറെ മുതിർന്ന നേതാക്കൾ ആന്ധ്രയിൽനിന്നുള്ള ബ്രഹ്മാനന്ദ റെഡ്ഢിയുടെ പക്ഷത്തേക്കു പോയി. ഏറ്റവും പ്രതികൂലമായ ആ സാഹചര്യത്തിലും പ്രണബ് ഇന്ദിരയ്ക്കും സഞ്ജയിക്കുമൊപ്പം നിന്നു. പാർട്ടി വർക്കിങ് കമ്മിറ്റിയിലും പാർലമെന്ററി ബോ‍ർഡിലും അംഗമായി. 1980 ൽ ഇന്ദിര അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ പ്രണബ് കാബിനറ്റ് മന്ത്രിയായെങ്കിലും ധനമന്ത്രിയാകാനുള്ള മോഹം സാധ്യമല്ല. തമിഴ്‌നാട്ടിൽ പാർട്ടിയുടെ വിജയത്തിനു നിർണായക പങ്ക് വഹിച്ച ആർ. വെങ്കിട്ടരാമനെയാണു ഇന്ദിര ധനമന്ത്രിയായി നിയോഗിച്ചത്. പ്രണബിനു സുപ്രധാനമായ വാണിജ്യ വകുപ്പു കൊടുത്തു.

അതേ വർഷം ജൂണിൽ സഞ്ജയ് ഗാന്ധി വിമാനപകടത്തിൽ കൊല്ലപ്പെട്ടതോടെ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തിന് അരങ്ങൊരുങ്ങി. സഞ്ജയ് ഗാന്ധിക്കൊപ്പമുണ്ടായിരുന്ന നേതാക്കളെ മൂലയ്ക്കിരുത്തിയ രാജീവ് സ്വന്തം ടീമിനെ ഉയർത്തിക്കൊണ്ടുവന്നു. 1982 ൽ സെയിൽസിങ്ങും വെങ്കിട്ടരാമനും യഥാക്രമം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമായി പോയതോടെ കാബിനറ്റിലെ രണ്ടാമനായി ഉയർന്ന പ്രണബിനു ധനകാര്യ വകുപ്പു ലഭിച്ചു. രാജ്യസഭാ പാർട്ടിനേതാവും അദ്ദേഹമായിരുന്നു. ഇന്ദിരയുടെ ഏറ്റവും വിശ്വസ്തനായി തുടർന്ന പ്രണബ്, രാജീവിന്റെയും അരുൺ നെഹ്റുവിന്റെയും നേതൃത്വത്തിൽ പാർട്ടിക്കുള്ളിൽ പിടിമുറുക്കുന്ന പുതിയ ശക്തികേന്ദ്രത്തെ അവഗണിക്കുകയും ചെയ്തു.

മാറിയ അധികാരകേന്ദ്രം കൈവിട്ട് ഡൽഹി

അംഗരക്ഷകരാൽ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ, രാഷ്ട്രപതി സെയിൽസിങ് വിദേശത്തായിരുന്നു. ആരാണു അടുത്ത പ്രധാനമന്ത്രിയെന്നു പ്രണബിനോടു ചോദ്യമുയർന്നു. പുതിയ പ്രധാനമന്ത്രിയെ ഭരണഘടനാപ്രകാരം തിരഞ്ഞെടുക്കേണ്ടത് ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രധാനമന്ത്രി മരിച്ചാൽ, ഭരണഘടനാപ്രകാരം മന്ത്രിസഭയിലെ രണ്ടാമനെ പ്രസിഡന്റ് പ്രധാനമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കണം. 1964ൽ ജവാഹർലാൽ നെഹ്റു മരിച്ചപ്പോഴും 1966ൽ ലാൽ ബഹാദൂർ ശാസ്ത്രി മരിച്ചപ്പോഴും പ്രസിഡന്റ് അതാണു ചെയ്തത്.

പ്രധാനമന്ത്രി സ്ഥാനത്തേക്കു തന്റെ അവകാശവാദം ഉന്നയിക്കുകയാണു പ്രണബ് എന്നാണു രാജീവ് ഗാന്ധിയും ഭൂരിപക്ഷം കോൺഗ്രസ് എംപിമാരും കരുതിയത്. പാർട്ടി മുഴുവൻ സമയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും വരെ മന്ത്രിസഭയിലെ രണ്ടാമൻ ഇടക്കാല പ്രധാനമന്ത്രിയാകണമെന്നാണു താൻ ഉദ്ദേശിച്ചതെന്നു പ്രണബ് വിശദീകരിച്ചു. എന്നാൽ, രാജീവിനെ പിന്തുണയ്ക്കുന്ന നേതാക്കൾ സെയിൽസിങ്ങിനോടു രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണു നിർദേശിച്ചത്. മുഖർജി ധനമന്ത്രിയായി തുടർന്നെങ്കിലും അദ്ദേഹത്തിനു കോൺഗ്രസിനുള്ളിലെ ആശ്രയവും ബലവും നഷ്ടമായി. പ്രണബിനെ സൂക്ഷിക്കണമെന്ന് എതിരാളികൾ രാജീവിനു മുന്നറിയിപ്പുകൾ കൊടുത്തു.

സഹതാപതരംഗത്തിൽ മൂന്നു മാസങ്ങൾക്കുശേഷം രാജീവ് ഗാന്ധി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ പ്രണബിനു മന്ത്രിസ്ഥാനം ലഭിച്ചില്ല. സഞ്ജയ് ഗാന്ധിയോട് അടുപ്പമുണ്ടായിരുന്ന കർണാടക മുൻമുഖ്യമന്ത്രി ആർ ഗുണ്ടറാവുവും ഉപേക്ഷിക്കപ്പെട്ടു. 1986 ൽ ബാംഗ്ലൂരിലെ ലാൽ ബാഗിൽ (ഇതേ സ്ഥലത്താണു 1969ലെ കോൺഗ്രസ് പിളർപ്പ് നടന്നത്) അവർ ഒത്തുകൂടി രാഷ്ട്രീയ സമാജ്‌വാദി പാർട്ടിയുണ്ടാക്കി. എന്നാൽ തൊട്ടടുത്ത വർഷം നടന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിലംപരിശായി. നിരാശനായ പ്രണബ് കോൺഗ്രസിലേക്കു മടങ്ങിവരാൻ ആഗ്രഹിച്ചു. കോൺഗ്രസിനുള്ളിൽ നരസിംഹറാവു, സീതാറാം കേസരി തുടങ്ങിയ നേതാക്കളും ഒട്ടേറെ വ്യവസായികളും മുതിർന്ന ഉദ്യോഗസ്ഥരും പ്രണബിന്റെ അഭ്യുദയകാംക്ഷികളായി ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ ധനമന്ത്രിയായ വി.പി. സിങ് രാജീവിനെതിരെ കലാപം തുടങ്ങിയിരുന്നു. പാർട്ടിക്കുള്ളിൽ വിമതനീക്കങ്ങളും ശക്തമായതോടെ രാജീവ് പ്രണബിനോടും ഗുണ്ടറാവുവിനോടും മടങ്ങിവരാൻ ആവശ്യപ്പെട്ടു.

പരമോന്നത പദവിയിലേക്ക്

1989 ൽ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടപ്പോൾ രാജീവിന്റെ മുഖ്യ ഉപദേശകസംഘത്തിലേക്കു പ്രണബ് തിരിച്ചെത്തി. 1995 ൽ പ്രണബിനു ലഭിച്ചത് വിദേശകാര്യ വകുപ്പായിരുന്നു. ധനകാര്യം മൻമോഹൻസിങ്ങിനും ലഭിച്ചു. സോണിയ രാഷ്ട്രീയത്തിലേക്കു വന്നപ്പോൾ അവർ വിശ്വാസത്തിലെടുത്ത മുതിർന്ന നേതാക്കളിലൊരാൾ പ്രണബ് ആയിരുന്നു.

പ്രണബിന്റെ ബുദ്ധിശക്തിയും ഭരണനിർവഹണപ്രാപ്തിയും അഭിപ്രായ സമന്വയങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള വൈദഗ്ധ്യവും സോണിയ നന്നായി പ്രയോജനപ്പെടുത്തി. വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപി ഇതര പ്രതിപക്ഷ കക്ഷികളുമായുള്ള ആശയവിനിമയത്തിന് സോണിയ പ്രണബിനെയാണു നിയോഗിച്ചത്. പ്രധാനമന്ത്രിസ്ഥാനത്തേക്കു മൻമോഹനെ തിരഞ്ഞെടുത്തപ്പോൾ പ്രണബിനു നിരാശയുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിനു സർക്കാരിലും പാർട്ടിയിലും നിർണായക ശക്തിയായി തുടർന്നു.

2012 ൽ രാഷ്ട്രപതി സ്ഥാനത്തേക്കു പ്രണബിന്റെ പേർ ഉയർന്നുവന്നപ്പോൾ സോണിയ ആദ്യം അതിനോട് യോജിച്ചില്ല. എന്നാൽ പ്രതിപക്ഷ കക്ഷികളെല്ലാം പ്രണബിനെ സ്വാഗതം ചെയ്തതോടെ അവർ അനുമതി നൽകി. കോൺഗ്രസ് പ്രവർത്തകസമിതി നൽകിയ യാത്രയയപ്പുയോഗത്തിലെ മറുപടി പ്രസംഗത്തിലുടനീളം അദ്ദേഹം ഇന്ദിരാഗാന്ധിയെ നിർലോഭം സ്മരിച്ചു. പ്രണബ് മുഖർജിയെ ദേശീയ രാഷ്ട്രീയനേതാവായി രൂപപ്പെടുത്തിയതു ഇന്ദിരയായിരുന്നു. ഒടുവിൽ അദ്ദേഹം തന്നെയും ഒരു സ്ഥാപനമായി വളർന്നു. ഏത് അശുഭസാഹചര്യത്തിലും ഭാഗ്യം കൊണ്ടുവരുന്ന രക്ഷാകവചമായിരുന്നു ഇന്ദിരയുടെ ചിത്രം പ്രണബിന്. 

Content Highlight: Pranab Mukherjee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA