ADVERTISEMENT

ശ്രീനാരായണ ഗുരു ലോകത്തിനു പകർന്നുനൽകിയ സന്ദേശങ്ങളെല്ലാം പിൽക്കാലത്ത് മാനവപുരോഗതിയുടെ മഹാമന്ത്രങ്ങളായി മാറിയെന്നതു ചരിത്രമാണ്. ഗുരുദേവൻ ഒരു നൂറ്റാണ്ടു മുൻപു ജനങ്ങളെ പഠിപ്പിക്കാനും ശീലിപ്പിക്കാനും ശ്രമിച്ചതൊക്കെയും ഇന്നു കൂടുതൽ പ്രസക്തമാകുന്നു. ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സഹോദരരെപ്പോലെ എന്നു പറഞ്ഞാൽ എല്ലാ ജാതിഭേദങ്ങൾക്കും അതീതമായി മനുഷ്യർ ഒന്നാണെന്നു തന്നെയാണ് അർഥം.

1888ൽ വെറും 33 വയസ്സിൽ ആ യുവയോഗി അരുവിപ്പുറത്തെ ശിലാഖണ്ഡത്തിൽ കുറിച്ചിട്ട മാനവ സാഹോദര്യ മന്ത്രത്തിന്റെ പൊരുൾ ലോകം ഇപ്പോൾ കൂടുതൽ തിരിച്ചറിയുന്നു. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ സമ്പത്തിന്റെയോ അതിരുകൾ മനുഷ്യനിർമിതമാണെന്നും പ്രകൃതിക്ക് അത്തരം അതിരുകളൊന്നുമില്ലെന്നുമാണ് ആ തിരിച്ചറിവ്.

vellappally-natesan
വെള്ളാപ്പള്ളി നടേശൻ

രാജാവെന്നോ മന്ത്രിയെന്നോ പ്രജകളെന്നോ ഭേദമില്ലാതെ മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്നു. അകലം പാലിക്കേണ്ടത് ജാതിയുടെയോ വർഗത്തിന്റെയോ പേരിലല്ല, മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കുള്ള വിഷപ്പകർച്ച തടയാൻ മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയുന്നു. ദൈവങ്ങൾ ദേവാലയത്തിലല്ല, മനുഷ്യഹൃദയങ്ങളിലാണ് കുടികൊള്ളേണ്ടതെന്നു മനസ്സിലാക്കുന്നു. പൂരവും പെരുന്നാളും ഉത്സവങ്ങളുമല്ല, മാനവസേവയാണ് യഥാർഥ ഈശ്വരാരാധനയെന്നും ലോകത്തിനു ബോധ്യമായി. അരുളുള്ളവനാണ് ജീവിയെന്നും ശുചിത്വമാണ് ഈശ്വരനെന്നുമൊക്കെയുള്ള ഗുരുവചനങ്ങളും അന്വർഥമായി.

വർഗീയതയും സ്വജനപക്ഷപാതവും കൊള്ളയും കൊലയും കൊള്ളിവയ്പുമൊക്കെ കാരണം ഭ്രാന്താലയമായ ലോകത്തെ ജാതിഭേദവും മതദ്വേഷവുമില്ലാത്ത വിശ്വസാഹോദര്യത്തിന്റെ ശ്രീകോവിലാക്കുകയെന്ന ചുമതലയാണ് ഗുരുഭക്തർക്കുള്ളത്. 

ആഘോഷമെന്ന വാക്ക് അനുചിതമായ സാഹചര്യമാണെങ്കിലും ലോകമെങ്ങുമുള്ള ഗുരുദേവ ഭക്തർക്ക് ഏതു പ്രതിസന്ധിയിലും ഗുരുജയന്തി ആഘോഷം തന്നെയാണ്. മഹാഭൂരിപക്ഷത്തെ അയിത്ത ജാതിക്കാരായി മുദ്രകുത്തി അധികാരത്തിൽനിന്ന് ആട്ടിയോടിച്ചിരുന്ന ദുർഭരണകാലത്താണ് മാറ്റത്തിന്റെ ശംഖനാദവുമായി ശ്രീനാരായണഗുരു അവതരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com