ADVERTISEMENT

തോട്ടം മേഖലയിലെ നിയമക്കുരുക്ക്  അഴിയുകയാണെങ്കിൽ  വിസ്മയനേട്ടമാണു കേരളത്തിന്റെ പഴവർഗക്കൃഷി  മേഖലയെ  കാത്തിരിക്കുന്നത്. കൃഷിയധിഷ്ഠിത വ്യവസായങ്ങളിലേക്കും തൊഴിൽ മേഖലയിലേക്കുമെല്ലാം ആ ഉണർവു പ്രസരിക്കും. റമ്പുട്ടാൻ, അവക്കാഡോ, മാങ്കോസ്റ്റിൻ, ദുരിയാൻ, ചക്ക, കടപ്ലാവ്, പൈനാപ്പിൾ, ലിച്ചി, ഡ്രാഗൺ ഫ്രൂട്ട്, ലോങ്ങൻ, അച്ചാചെയ്റു തുടങ്ങിയവകൂടി ഭൂപരിഷ്കരണ നിയമത്തിലെ തോട്ടവിളകളിൽ ഉൾപ്പെടുത്തണമെന്നാണു കർഷകരുടെ ആവശ്യം......

സർക്കാർ അനുകൂലം

ഫലവർഗക്കൃഷി കൂടി നാണ്യവിളകളിൽ ഉൾപ്പെടുത്തുന്നതിനോടു സംസ്ഥാന സർക്കാരിന് അനുകൂല നിലപാടാണുള്ളത്. തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിത്തന്നെ ഫലവർഗങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കുന്നത് ആലോചിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞു.  

ഓരോ ഭൂമിക്കും അനുയോജ്യവും ലാഭകരവുമായ വിളയിലേക്കുള്ള മാറ്റം സാധ്യമാക്കുന്ന തരത്തിൽ ഭൂപരിഷ്കരണ നിയമത്തിൽ ശാസ്ത്രീയ പരിഷ്കാരമാണു ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ വ്യക്തമാക്കിയിരുന്നു. തൊഴിലാളികളുടെ തൊഴിൽസുരക്ഷയെ ബാധിക്കാത്ത തരത്തിൽ തോട്ടഭൂമിയുടെ നിശ്ചിത ശതമാനം പഴം – പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനുള്ള നീക്കമാണു കൃഷിവകുപ്പു നടത്തുന്നത്. 

ഫലവർഗക്കൃഷി ചെയ്യാൻ കർഷകരെ അനുവദിക്കണമെന്ന കാര്യം ജയിംസ് മാത്യു എംഎൽഎ നിയമസഭയിൽ സബ്മിഷനിലൂടെ ഉന്നയിച്ചിരുന്നു. ഭൂപരിഷ്കരണനിയമ ഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നാണു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ അന്നു നൽകിയ മറുപടി. ആ ഭേദഗതി ഉണ്ടായാൽ അത് 1963ലെ ഭൂപരിഷ്കരണ നിയമത്തിനു ശേഷമുണ്ടാകുന്ന ചരിത്രപരമായ കൃഷി–ഭൂവിനിയോഗ അനുബന്ധ നിയമമാകും.

ഭൂവിനിയോഗ നിയമത്തിൽ വലിയൊരു മാറ്റിമറിക്കലിന്റെ കാര്യമില്ലെന്നതാണ് ഇതിലെ പ്രധാന കാര്യം. നാണ്യവിളകളുടെ പട്ടികയിലേക്കു ഫലവർഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാൽ മാത്രം മതി. 

 ‘ഭാഗികം’ ലാഭകരമാകില്ല

നാണ്യവിളകളിലേക്കു ഫലവർഗക്കൃഷി കൂടി ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടക്കുമ്പോൾപോലും ഭാഗികമായി അനുമതി നൽകാമെന്ന നിർദേശമാണു വരുന്നത്. അതായത് 20% ഭൂമിയിൽ മാത്രം. ഇതൊരിക്കലും ലാഭകരമാകില്ലെന്നു കർഷകർ പറയുന്നു. ഉദാഹരണത്തിന്, 10 ഏക്കറുള്ള ഒരാൾക്കു 2 ഏക്കറിൽ മാത്രം തരംമാറ്റത്തിന് അനുമതി നൽകിയാൽ കൃഷി ലാഭകരമാക്കാനാകില്ല. ഒരേക്കറിൽനിന്ന് ഒരു ലക്ഷം രൂപയെങ്കിലും വാർഷിക ആദായമില്ലെങ്കിൽ എന്തു ലാഭം?

കേരളത്തിലെ തോട്ടങ്ങളിൽ വളരെക്കുറച്ചു ഭാഗത്തേ ജലസേചന സൗകര്യമുള്ളൂ. അവിടെയേ ഫലവർഗക്കൃഷി സാധ്യമാകൂ. അതിനാൽ, പല തോട്ടങ്ങളിലും ഭാഗികം മാത്രമായ തരംതിരിക്കൽ നഷ്ടത്തിലേ കലാശിക്കൂ. 

ഇളവുകൾ അനുവദിക്കാൻ മുൻപു വിദഗ്ധസമിതിയെ നിയോഗിച്ചപ്പോൾ ആയിരം ഏക്കറിൽ കൂടുതലുള്ളവരെ മാത്രമാണു തോട്ടമുടമകളായി കണ്ടത്. അൻപതും അറുപതും ഏക്കറുള്ളവരുടെ കാര്യങ്ങൾ വിസ്മരിക്കപ്പെട്ടു. നാണ്യവിളകൾ ഏഴിനങ്ങളിലായി പരിമിതപ്പെടുത്തിയതിനാൽ നഷ്ടത്തിലും പ്രതിസന്ധിയിലുമായ ഇക്കൂട്ടരുടെ കാര്യം ആരുമോർത്തില്ല. 

സാധ്യതകൾ

ഫലവർഗക്കൃഷി കേരളത്തിനു മുന്നിൽ വലിയ സാധ്യതകൾ തുറക്കുമെന്ന് തോട്ടമുടമകൾ ഉറപ്പുനൽകുന്നു. 

∙ ചെറുകിട കർഷകർക്കുപോലും മികച്ച ലാഭം കൊയ്യാം. കൃഷി ഒരു നഷ്ടക്കച്ചവടമാണെന്ന സ്ഥിരം പല്ലവി മറക്കാം. 

∙ വൻകിട തോട്ടമുടമകളോ, പൊതുമേഖലയിലോ ആരംഭിക്കുന്ന സംസ്കരണ, മൂല്യവർധിത ഉൽപന്ന നിർമാണ ശാലകളിലേക്കു ചെറുകിട കർഷകർക്കു പഴവർഗങ്ങൾ വിൽക്കുകയുമാകാം. 

∙ ചെറുകിട കർഷകരുടെ കൂട്ടായ്മകൾക്കു സഹകരണാടിസ്ഥാനത്തിൽ ഇത്തരം ശാലകൾ തുടങ്ങാനും അവസരമൊരുങ്ങും. 

∙ കൃഷി അനുബന്ധ വ്യവസായങ്ങൾ വളരും. നിലവിലുള്ള തൊഴിലാളികൾക്കു പുറമേ, ഒരുപാടു പേർക്കു തൊഴിൽ ലഭിക്കും. 

∙ ലാഭകരമാകുന്നതോടെ യുവതലമുറയെ വലിയതോതിൽ ആകർഷിക്കാം; കൃഷിയിലേക്കും വ്യവസായത്തിലേക്കും.

∙ ഭക്ഷ്യസംസ്കരണവും വിപണനവും പുതിയ തലങ്ങളിലെത്തും. 

∙ കയറ്റുമതിയിലൂടെ കേരളത്തിന്റെ വിദേശനാണ്യ വരുമാനം ഉയരും. 

∙ ഇന്നു ഗൾഫിലെത്തുന്ന ഇത്തരം പഴവർഗങ്ങളെല്ലാം മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. അതിന്റെ പകുതി വിമാനദൂരമേ കേരളത്തിൽനിന്നു ഗൾഫിലേക്കുള്ളൂ. 

ഫാം ടൂറിസം വികസിക്കും

കോവിഡ് പ്രതിസന്ധിയിൽ വിദേശത്തുനിന്നെത്തി ഇനി എന്തു ചെയ്യുമെന്നറിയാതെ ജീവിതം അനിശ്ചിതത്വത്തിലായവർ ഏറെയുണ്ട്. ഇവിടെത്തന്നെ തൊഴിൽ നഷ്ടപ്പെട്ടു പ്രതിസന്ധിയിലായവരുമുണ്ട്. ഇവരിൽ കുറെപ്പേർക്കെങ്കിലും കൃഷിയിൽ മാത്രമല്ല, വിപണനം, കയറ്റുമതി, സംസ്കരണം തുടങ്ങി ബഹുമുഖ മേഖലകളിൽ അവസരങ്ങൾ ലഭ്യമാക്കാനാകും. 

ഫലവൃക്ഷത്തൈകളുടെ നഴ്സറികൾക്കും വലിയ സാധ്യതകളുണ്ടാകും. ഫാം ടൂറിസം സാധ്യതകളും വലുതാണ്. ഇക്കാര്യത്തിലും വിയറ്റ്നാമിനെയും തായ്‌ലൻഡിനെയും മാതൃകയാക്കാം. 

കണക്കുകൾ കാര്യം  പറയും

നാണ്യവിളകളിൽ പലതിന്റെയും കൃഷി കേരളത്തിൽ കുറഞ്ഞുവരുന്നു. ലാഭമില്ലെന്നതാണു പ്രധാന കാരണം. മറ്റു പല കൃഷിയിലും ഏക്കറിനു ശരാശരി കാൽലക്ഷം രൂപയാണു പ്രതിവർഷ ആദായമെങ്കിൽ, ഫലവർഗക്കൃഷിയിൽ ഇതു ശരാശരി നാലു ലക്ഷം രൂപയാണ്. മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണി, ഫാം ടൂറിസം തുടങ്ങിയവയിൽ നിന്നുള്ള വരുമാനത്തിന്റെ കണക്ക് ഇതിനു പുറമേയാണ്. 

തോട്ടം മേഖലയിൽ 2012–13 സാമ്പത്തിക വർഷം കേരളത്തിനുണ്ടായ വരുമാനം 21,000 കോടി രൂപയായിരുന്നു. 2018–19 സാമ്പത്തിക വർഷത്തിൽ അതു 9945 കോടിയിലേക്കു കൂപ്പുകുത്തി. 13 തോട്ടങ്ങൾ അടച്ചുപൂട്ടുന്നതിലേക്കു കാര്യങ്ങളിലെത്തി. തൊഴിലാളികൾ പട്ടിണിയിലായി. വിള ലാഭകരമല്ലാതായതുതന്നെ കാരണം. കണ്ണുതുറപ്പിക്കാൻ ഇത്തരം കണക്കുകൾതന്നെ ധാരാളം. 

∙ ഭൂവിനിയോഗത്തിന്റെ കാര്യത്തിൽ പതിറ്റാണ്ടുകൾക്കു മുൻപുണ്ടാക്കിയ നിയമത്തിന് ഇന്നുമൊരു പുനഃപരിശോധനയില്ലെന്നു വരുന്നത് അങ്ങേയറ്റത്തെ അബദ്ധമാണ്. കർഷകർ ഏറെ ദുരിതമനുഭവിക്കുന്ന കാലത്തു പഴവർഗക്കൃഷിക്ക് ഏറെ പ്രാധാന്യമുണ്ട്. ആഭ്യന്തര വിപണിയിലും വിദേശവിപണിയിലും മികച്ച വില തരുന്ന കൃഷിയാണു പഴവർഗങ്ങളുടേത്. നാടിനും കർഷകർക്കും തൊഴിലാളികൾക്കുമെല്ലാം മികച്ച വരുമാനമാർഗമാണത്. 

തൊഴിലവസരങ്ങൾ വലിയതോതിൽ വർധിക്കും. ഒരു ബ്ലോക്ക് റബർ ടാപ് ചെയ്യാൻ ഒരു തൊഴിലാളി മതി. അതേസമയം, രണ്ടേക്കർ പഴക്കൃഷിത്തോട്ടത്തിൽ പഴം പറിക്കാൻ കുറഞ്ഞതു 2 പേർ വേണം. വളം ചെയ്യാനും വേണം അത്രതന്നെ പേർ. ഒരു തൊഴിലാളിക്കു ദിവസം 800 രൂപ പ്രകാരം 20 മുതൽ 25 ദിവസം വരെ തൊഴിൽ ലഭിക്കും. ലാഭമുണ്ടാകുമെന്നതിനാൽ തൊഴിലുടമയ്ക്കും വേതനം നൽകുന്നതിനു പ്രയാസമുണ്ടാകില്ല.

 ∙ ജയിംസ് മാത്യു എംഎൽഎ (തോട്ടവിളകളിൽ ഫലവർഗക്കൃഷി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ 2019 നവംബർ 18ന് സബ്മിഷൻ ഉന്നയിച്ചു). 

∙ രോഗശയ്യയിലായ തോട്ടങ്ങളെയും തോട്ടവിളകൾ കൃഷി ചെയ്യുന്ന ചെറുകിട കർഷകരെയും രക്ഷിക്കാനും പുതിയ തൊഴിലവസരങ്ങളുണ്ടാക്കാനും സംസ്ഥാന സർക്കാർ മനസ്സുവച്ചാൽ മതി. തോട്ടവിളകളുടെ പട്ടികയിലേക്കു റമ്പുട്ടാൻ, പ്ലാവ്, മാവ്, മാങ്കോസ്റ്റിൻ, ആഞ്ഞിലി, തെങ്ങ്, എണ്ണപ്പന തുടങ്ങിയവകൂടി ഉൾപ്പെടുത്താം. തോട്ടങ്ങളുടെ വിസ്തൃതിയുടെ നിശ്ചിത ശതമാനമേ പുതിയ വിളകൾക്ക് അനുവദിക്കൂ എന്ന നിബന്ധന പാടില്ല. നിലവിലെ വിളകൾ ലാഭകരമല്ലെങ്കിൽ പട്ടികയിലുൾപ്പെടുത്തുന്ന പുതിയ വിളകൾ കൃഷി ചെയ്യാൻ അനുവദിക്കണം. വിസ്തീർണ നിയന്ത്രണം ആരെയും സഹായിക്കില്ല. 

വിസ്തീർണത്തിന്റെ നിശ്ചിത അളവ് കന്നുകാലി വളർത്തൽപോലുള്ള പദ്ധതികൾക്കുകൂടി അനുവദിച്ച് ആദായം ഉറപ്പാക്കാം. ചെറുകിട കർഷകരെ നിയമക്കുരുക്കുകളിൽ പെടുത്താതിരിക്കേണ്ടത് ഉത്തരവാദിത്ത ജനാധിപത്യത്തിൽ സർക്കാരിന്റെ ചുമതലയാകണം. വിലകൊടുത്തു വാങ്ങിയ ഭൂമി മൂന്നു തലമുറയ്ക്കുശേഷം തോട്ടമുടമകൾക്കു നഷ്ടമാകുന്നത് ഒഴിവാക്കാൻ നിയമനിർമാണമുണ്ടാകണം.

– പി.സി.സിറിയക് (റബർ ബോർഡ് മുൻ ചെയർമാൻ, തമിഴ്നാട് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com